അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുക എന്നതാണ് തൗഹീദ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായി. എന്നാൽ ഏതെല്ലാം കാര്യങ്ങളിലാണ് അല്ലാഹുവിനെ ഏകനാക്കേണ്ടത്? എന്തെല്ലാം കാര്യങ്ങളിൽ അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കണമെന്നാണ് വിശുദ്ധ ഖുർആനും നബി -ﷺ- യുടെ സുന്നത്തും നമ്മോട് അറിയിച്ചിട്ടുള്ളത്? തൗഹീദിനെ കുറിച്ചുള്ള പഠനത്തിൽ ഏറെ പ്രധാനപ്പെട്ട വിഷയമാണിത്.

തൗഹീദിനെ വിശദീകരിക്കവെ പണ്ഡിതന്മാർ പറഞ്ഞു: “അല്ലാഹുവിന് മാത്രം പ്രത്യേകമായ കാര്യങ്ങളിൽ അവനെ ഏകനാക്കലാണ് തൗഹീദ്.” [1] അതായത്, സൃഷ്ടികൾക്കാർക്കും ഇല്ലാത്ത, അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതും അർഹതപ്പെട്ടതുമായ, അവനല്ലാത്ത മറ്റൊരാൾക്കും അവകാശപ്പെടാൻ കഴിയാത്ത കാര്യങ്ങളിൽ അല്ലാഹു ഏകനാണെന്ന് അംഗീകരിക്കുക. ഇതാണ് തൗഹീദ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഉദാഹരണത്തിന്, അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിച്ചു നോക്കുക. ആകാശഭൂമികളെയും അവക്കിടയിലുള്ളതിനെയും അവൻ മാത്രമാണ് സൃഷ്ടിച്ചത്. അവ സൃഷ്ടിക്കുന്നതിൽ ഏതെങ്കിലുമൊരു പങ്കാളിയോ സഹായിയോ അവനുണ്ടായിട്ടില്ല. സർവ്വതിനെയും സൃഷ്ടിച്ചു എന്നത് അല്ലാഹുവിന് മാത്രം പ്രത്യേകമായ, മറ്റൊരാൾക്കും പങ്കില്ലാത്ത കാര്യമാണ്.

إِنَّ رَبَّكُمُ اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ

“തീര്‍ച്ചയായും നിങ്ങളുടെ റബ്ബ് (രക്ഷിതാവ്) ആറുദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു.” (അഅ്റാഫ്: 54)

قُلِ اللَّـهُ خَالِقُ كُلِّ شَيْءٍ وَهُوَ الْوَاحِدُ الْقَهَّارُ ﴿١٦﴾

“പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്‌. അവന്‍ ഏകനും (വാഹിദ്) സര്‍വ്വാധിപതിയും (ഖഹ്ഹാർ) ആകുന്നു.” (റഅ്ദ്: 16)

അല്ലാഹു മാത്രമാണ് സർവ്വതിനെയും സൃഷ്ടിച്ചത് എന്നും, പ്രപഞ്ചസൃഷ്ടിപ്പിൽ അല്ലാഹുവിന് ഒരു പങ്കാളിയുമില്ലെന്നും, അവൻ അക്കാര്യത്തിൽ ഏകനാണെന്നും ഒരാൾ വിശ്വസിച്ചാൽ അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ അവൻ അല്ലാഹുവിനെ ഏകനാക്കി. എന്നാൽ മലക്കുകളോ ജിന്നുകളോ നബിമാരോ സ്വാലിഹീങ്ങളോ അല്ലാഹുവിനോടൊപ്പം ആകാശഭൂമികളെ സൃഷ്ടിക്കുന്നതിൽ പങ്കാളികളായിരുന്നു എന്ന് ആരെങ്കിലും വിശ്വസിച്ചാൽ സൃഷ്ടിപ്പിൽ അല്ലാഹുവിന് അവൻ പങ്കുകാരെ നിശ്ചയിച്ചു. അല്ലാഹുവിന് മാത്രം പ്രത്യേകമായ കാര്യത്തിൽ അവനെ ഏകനാക്കിയില്ല എന്നതിനാൽ അവൻ തൗഹീദ് ഉപേക്ഷിച്ചവനാവുകയും ചെയ്തു.

മറ്റൊരു ഉദാഹരണം ശ്രദ്ധിക്കുക; എല്ലാം കേൾക്കുന്നവൻ അല്ലാഹു മാത്രമാകുന്നു എന്ന് നമുക്കറിയാം. അവൻ കേൾക്കാത്ത ഒരു ശബ്ദവുമില്ല; രഹസ്യവും പരസ്യവും അവന് ഒരു പോലെയാകുന്നു. ഒരാൾ മറ്റൊരാളോട് ചെവിയിൽ രഹസ്യം പറയുന്നതും, മറ്റാരും കേൾക്കാതെ സ്വയം ഉരുവിടുന്നതും, അവന്റെ ഹൃദയത്തിൽ മന്ത്രിക്കുന്നതുമെല്ലാം അല്ലാഹു കേൾക്കുന്നു. ഇപ്രകാരം എല്ലാം കേൾക്കുക എന്നത് അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്. മറ്റാർക്കും അതിനുള്ള കഴിവോ ശേഷിയോ ഇല്ല.

أَلَمْ يَعْلَمُوا أَنَّ اللَّـهَ يَعْلَمُ سِرَّهُمْ وَنَجْوَاهُمْ وَأَنَّ اللَّـهَ عَلَّامُ الْغُيُوبِ ﴿٧٨﴾

“അവരുടെ രഹസ്യവും അവരുടെ ഗൂഢമന്ത്രവും അല്ലാഹു അറിയുന്നുണ്ടെന്നും, അല്ലാഹു അദൃശ്യകാര്യങ്ങള്‍ നന്നായി അറിയുന്നവനാണെന്നും അവര്‍ മനസ്സിലാക്കിയിട്ടില്ലേ?” (തൗബ: 78)

അല്ലാഹു മാത്രമാണ് എല്ലാം കേൾക്കുന്നവനെന്നും, അല്ലാഹുവിനെ പോലെ കേൾക്കുന്നവർ ആരുമില്ലെന്നും ഒരാൾ വിശ്വസിച്ചാൽ അവൻ അക്കാര്യത്തിൽ തൗഹീദുള്ളവനായി. എന്നാൽ അല്ലാഹു കേൾക്കുന്നത് പോലെ ആരെങ്കിലും കേൾക്കുമെന്നോ, എവിടെ നിന്ന് എപ്പോൾ വിളിച്ചാലും കേൾക്കുന്ന ഏതെങ്കിലും മലക്കോ നബിയോ ഔലിയയോ ജിന്നോ ഉണ്ടെന്നും ഒരാൾ വിശ്വസിച്ചാൽ അവൻ തൗഹീദ് നഷ്ടപ്പെടുത്തിയവനായി. കാരണം അല്ലാഹുവിന് മാത്രം അർഹതപ്പെട്ട ഒരു വിശേഷണം അവൻ സൃഷ്ടികളിൽ ചിലർക്കും ഉണ്ടെന്ന് വിശ്വസിച്ചിരിക്കുന്നു.

കാര്യം വ്യക്തമാകുന്നതിന് മറ്റൊരു ഉദാഹരണം കൂടി ശ്രദ്ധിക്കുക. അല്ലാഹുവിന് മാത്രം അർഹതപ്പെട്ട അവന്റെ പേരുകളിലൊന്നാണ് ‘അൽ-റഹ്‌മാൻ’. സൃഷ്ടികളിൽ ഒരാൾക്കും ആ പേരോ, അതിലടങ്ങിയ വിശേഷണമോ അർഹമാവുകയില്ല. അവസാനമോ അറ്റമോ ഇല്ലാത്ത, അനശ്വരമായ കാരുണ്യത്തിന്റെ ഉടമയാണ് അല്ലാഹു എന്നാണല്ലോ ആ നാമം അറിയിക്കുന്നത്? അത് സൃഷ്ടികളിൽ ഒരാൾക്കുമില്ല എന്നതിൽ സംശയമില്ല.

قُلْ هُوَ الرَّحْمَـٰنُ آمَنَّا بِهِ وَعَلَيْهِ تَوَكَّلْنَا ۖ

“പറയുക: അവനാകുന്നു റഹ്മാൻ (സർവ്വ വിശാലമായ കാരുണ്യമുള്ളവൻ). അവനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവന്റെ മേല്‍ മാത്രം ഞങ്ങള്‍ ഭരമേല്‍പിക്കുകയും ചെയ്തിരിക്കുന്നു.” (മുൽക്: 29)

റഹ്‌മാൻ എന്ന നാമവും അതിലടങ്ങിയ വിശേഷണവും അല്ലാഹുവിന് മാത്രമേ ഉള്ളൂവെന്ന് ഒരാൾ വിശ്വസിച്ചാൽ അവൻ അക്കാര്യത്തിൽ അല്ലാഹുവിനെ ഏകനാക്കിയിരിക്കുന്നു. എന്നാൽ അല്ലാഹുവിനെ പോലെ കരുണ ചൊരിയുന്നവൻ മറ്റാരെങ്കിലും ഉണ്ടെന്നോ, ഈ പേരിന് അർഹതയുള്ള ഏതെങ്കിലും സൃഷ്ടികൾ ഉണ്ടെന്നോ ആരെങ്കിലും വിശ്വസിച്ചാൽ അവന്റെ തൗഹീദ് തകർന്നിരിക്കുന്നു. കാരണം അല്ലാഹുവിന്റെ റഹ്‌മാൻ എന്ന നാമത്തിൽ അവൻ ഏകനല്ലെന്നാണ് ഈ പിഴച്ച വിശ്വാസത്തിലൂടെ അവൻ വാദിച്ചിരിക്കുന്നത്. ഇതു പോലെ തന്നെയാണ് അല്ലാഹുവിന്റെ മറ്റു നാമങ്ങളുടെയും വിശേഷണങ്ങളുടെയുമെല്ലാം കാര്യം.

ഒരു ഉദാഹരണം കൂടി നൽകിക്കൊണ്ട് അവസാനിപ്പിക്കാം; ഇത്രയും പറഞ്ഞതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇനി പറയുന്നതാകുന്നു. അതായത്, ഇബാദത് ചെയ്യപ്പെടാൻ -ആരാധിക്കപ്പെടാൻ- അല്ലാഹുവിന് മാത്രമേ അർഹതയും അവകാശവുമുള്ളൂ എന്നതാണത്. അങ്ങേയറ്റം സ്നേഹത്തോടെയും താഴ്മയോടെയും ആരാധിക്കേണ്ടത് അല്ലാഹുവിനെ മാത്രമാണ്. അവനല്ലാതെ മറ്റാർക്കും ആരാധനയുടെ ഒരു പങ്കു പോലും നൽകപ്പെടാനുള്ള അർഹതയില്ല.

وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ

“മതം അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ മാത്രം ആരാധിക്കുവാനല്ലാതെ അവരോട് കൽപ്പിക്കപ്പെട്ടിട്ടില്ല.” (ബയ്യിനഃ: 5)

قُلْ إِنَّمَا أُمِرْتُ أَنْ أَعْبُدَ اللَّـهَ وَلَا أُشْرِكَ بِهِ ۚ

“(നബിയേ!) പറയുക: അല്ലാഹുവെ മാത്രം ആരാധിക്കണമെന്നും, അവനിൽ പങ്കുചേര്‍ക്കരുത് എന്നും മാത്രമാണ് എന്നോട് കല്‍പിക്കപ്പെട്ടിട്ടുള്ളത്‌.” (റഅ്ദ്: 36)

ഒരാൾ അല്ലാഹുവും റസൂലും -ﷺ- പഠിപ്പിച്ച എല്ലാ ഇബാദതുകളും അല്ലാഹുവിന് മാത്രം നൽകിയാൽ ആരാധനയിൽ അല്ലാഹുവിനെ അവൻ ഏകനാക്കിയിരിക്കുന്നു. എന്നാൽ അല്ലാഹുവിന് നൽകേണ്ട ഇബാദതുകളിൽ ഏതെങ്കിലുമൊന്ന് ഒരാൾ അല്ലാഹുവല്ലാത്തവർക്ക് നൽകിയാൽ ഈ സുപ്രധാനമായ തൗഹീദിന്റെ അടിസ്ഥാനം അവൻ തകർത്തു കളഞ്ഞിരിക്കുന്നു. കാരണം ഇബാദതുകൾ അല്ലാഹുവല്ലാത്തവർക്ക് നൽകുക എന്നത് അവന് ഏറ്റവും കോപമുള്ള കാര്യമാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള അവിടുത്തെ റസൂലിനോ -ﷺ-, അല്ലാഹുവിനോട് ഏറ്റവും സാമീപ്യമുള്ള മലക്കിനോ പോലും ഏതെങ്കിലും ഒരു ആരാധനയെങ്കിലും സമർപ്പിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല; മറിച്ച് അല്ലാഹുവിന്റെ കടുത്ത കോപവും ദേഷ്യവുമാണ് ആ പ്രവൃത്തി നേടിത്തരുക.

ആരാധ്യതയിലുള്ള ഈ ഏകത്വം; അതാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമതിന്റെ ഉദ്ദേശം. നബിമാരുടെയെല്ലാം ആദ്യത്തെ പ്രബോധന വിഷയവും ഇബാദതിലുള്ള അല്ലാഹുവിന്റെ ഈ ഏകത്വം ബോധ്യപ്പെടുത്തലായിരുന്നു. തൗഹീദ് എന്ന വാക്ക് കൊണ്ട് ഏറ്റവും പ്രധാനമായി ഉദ്ദേശിക്കുന്നതും അത് തന്നെ. അല്ല! അഹ്ലുസ്സുന്നതിന്റെ അടുക്കൽ തൗഹീദ് എന്ന പദം നിരുപാധികമായി പറയപ്പെട്ടാൽ അല്ലാഹുവിനെ ആരാധനയിൽ ഏകനാക്കുക എന്ന കാര്യമാണ് അത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

അല്ലാഹുവിന് മാത്രം പ്രത്യേകമായ കാര്യങ്ങളിൽ അവനെ ഏകനാക്കലാണ് തൗഹീദ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന ആമുഖം വിശദീകരിക്കാനാണ് ഇത്രയും ഉദാഹരണങ്ങൾ നൽകിയത്. അല്ലാഹുവിന് മാത്രം പ്രത്യേകമായ, അവനെ ഏകനാക്കേണ്ട വിഷയങ്ങൾ മൂന്ന് അടിസ്ഥാനങ്ങളിൽ ചുരുക്കി പറയാൻ കഴിയും. അവ അടുത്ത ലേഖനത്തിൽ വായിക്കാം. ഇൻശാ അല്ലാഹ്.

[1] അൽ-ഖൗലുൽ മുഫീദ് അലാ കിതാബിത്തൗഹീദ് / ഇബ്‌നു ഉഥൈമീൻ: 1/11.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: