അല്ലാഹുവിന്റെ ഏകത്വം സ്ഥിരപ്പെടുത്തേണ്ട, അവന് മാത്രം പ്രത്യേകമായുള്ള അനേകം വിഷയങ്ങളുണ്ടെങ്കിലും അവയെല്ലാം മൂന്ന് അടിസ്ഥാനങ്ങളിൽ ചുരുക്കുവാൻ കഴിയും. അതിൽ മൂന്നാമത്തെ അടിസ്ഥാനം അല്ലാഹുവിന്റെ നാമങ്ങളിലും ഗുണവിശേഷണങ്ങളിലുമുള്ള ഏകത്വമാണ്.

അല്ലാഹുവിന് ധാരാളം നാമങ്ങളും വിശേഷണങ്ങളും ഉണ്ട്; അവയിൽ അല്ലാഹു ഏകനാണെന്ന് ഒരാൾ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്താൽ അസ്മാഉകളിലും (ഇസ്മ് എന്നതിന്റെ ബഹുവചനമാണത്; നാമം എന്നർത്ഥം), സ്വിഫാതുകളിലും (സ്വിഫത് എന്നതിന്റെ ബഹുവചനം; വിശേഷണം എന്നർത്ഥം) അല്ലാഹുവിന്റെ ഏകത്വം അംഗീകരിച്ചു കഴിഞ്ഞു.

അല്ലാഹുവിന്റെ നാമങ്ങൾക്ക് ഉദാഹരണമാണ് റഹ്‌മാൻ, റഹീം, അസീസ്, സമീഅ്, ബസ്വീർ, ഹയ്യ്, ഖയ്യൂം പോലുള്ള, ഖുർആനിലോ ഹദീഥിലോ അല്ലാഹുവിന്റെ നാമമായി സ്ഥിരപ്പെട്ട പേരുകൾ. അല്ലാഹു തന്റെ നാമങ്ങളായി അവന്റെ ഗ്രന്ഥമായ ഖുർആനിലൂടെയും, നബി -ﷺ- അവിടുത്തെ ഹദീഥുകളിലൂടെയും അറിയിച്ചു തന്ന അനേകം നാമങ്ങൾ വേറെയുമുണ്ട്. ആ നാമങ്ങളിൽ അല്ലാഹു ഏകനാണെന്ന് വിശ്വസിക്കണം.

وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ ۚ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ ﴿١٨٠﴾

“അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും.” (അഅ്റാഫ്: 180)

അല്ലാഹുവിന്റെ നാമങ്ങളിൽ അവനെ മാത്രം വിശേഷിപ്പിക്കാൻ അർഹതപ്പെട്ട ചില നാമങ്ങളുണ്ട്. അല്ലാഹു, റഹ്മാൻ, റബ്ബ് പോലുള്ളവ ഉദാഹരണം. ഈ നാമങ്ങളിൽ അല്ലാഹുവിനെ മാത്രമേ വിളിക്കാവൂ; സൃഷ്ടികളിൽ ഒരാളെയും ഈ പേരുകളിൽ വിളിച്ചു കൂടാ. ഇക്കാര്യം ഒരാൾ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്താൽ പ്രസ്തുത നാമങ്ങളിൽ അവൻ അല്ലാഹുവിനെ ഏകനാക്കിയിരിക്കുന്നു. എന്നാൽ അല്ലാഹുവല്ലാത്തവരെയും ആ നാമങ്ങൾ കൊണ്ട് വിളിക്കാം എന്ന് വാദിച്ചാൽ അതോടെ അവൻ തന്റെ തൗഹീദിനെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.

അല്ലാഹുവിനെ മാത്രം വിളിക്കാവുന്ന നാമങ്ങളെ കുറിച്ചാണ് ഈ പറഞ്ഞത്. എന്നാൽ അല്ലാഹുവിനെയും അവന്റെ ചില സൃഷ്ടികളെയും വിളിക്കാൻ അനുവദിക്കപ്പെട്ട നാമങ്ങൾ ചിലതുണ്ട്; ഉദാഹരണത്തിന് റഹീം, സമീഅ്, ബസ്വീർ തുടങ്ങിയ നാമങ്ങൾ. റഹീം എന്ന് നബി -ﷺ- യെ വിശേഷിപ്പിച്ചിട്ടുണ്ട്. സമീഅ്, ബസ്വീർ എന്നീ പേരുകളിൽ മനുഷ്യരെ അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്. ഇത്തരം നാമങ്ങൾ സൃഷ്ടികളുടെ പേരുകളായി വിളിക്കാമെങ്കിലും അവയിൽ അടങ്ങിയിട്ടുള്ള അർത്ഥവും ഉദ്ദേശവും പൂർണ്ണമായും അല്ലാഹുവിന് മാത്രമേ ഉള്ളൂ എന്ന് വിശ്വസിക്കണം.

ഉദാഹരണത്തിന് അല്ലാഹു സ്വമീഅ് ആണ്. എല്ലാം കേൾക്കുന്നവൻ എന്നാണതിന്റെ അർത്ഥം. മനുഷ്യനെ കുറിച്ചും സമീഅ് എന്ന് അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്. (ഇൻസാൻ: 2) എന്നാൽ മനുഷ്യന് കേൾവിയുണ്ടെന്ന് മാത്രമേ അത് കൊണ്ട് അർത്ഥമാക്കുന്നുള്ളൂ; പരിപൂർണ്ണമായ കേൾവിയുള്ളവൻ അല്ലാഹു മാത്രമാണ്. അല്ലാഹുവിനെ കുറിച്ചും, അവന്റെ സൃഷ്ടികൾ ചിലതിനെ കുറിച്ചും ഈ പേര് പറയപ്പെട്ടിട്ടുണ്ടെങ്കിലും ആ നാമത്തിന്റെ പരിപൂർണ്ണമായ അർത്ഥം അല്ലാഹുവിന് മാത്രമേ സ്ഥിരീകരിക്കാവൂ എന്ന് ചുരുക്കം. ഇതു പോലെ തന്നെ മറ്റു നാമങ്ങളും.

അല്ലാഹുവിനുള്ളത് പോലെ അത്യുൽകൃഷ്ടവും ഏറ്റവും മഹത്തരവുമായ നാമങ്ങൾ മറ്റൊരാൾക്കുമില്ല. അവന്റെ നാമങ്ങളിൽ അല്ലാഹു ഏകനാണെന്ന തൗഹീദിന്റെ സുപ്രധാനഭാഗമാണ് ഈ വിശ്വാസത്തിലൂടെ ഒരു മുസ്‌ലിം മനസ്സിലുറപ്പിക്കുന്നത്.

هَلْ تَعْلَمُ لَهُ سَمِيًّا ﴿٦٥﴾

“അല്ലാഹുവിന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ?” (മർയം: 65)

അല്ലാഹുവിന്റെ നാമങ്ങളോടൊപ്പം അവന്റെ വിശേഷണങ്ങളെ കുറിച്ചും നാം പറയുകയുണ്ടായി. ധാരാളം വിശേഷണങ്ങൾ അല്ലാഹുവിനുണ്ട്. അസ്തിത്വപരമായ വിശേഷണങ്ങൾ (صِفَاتٌ ذَاتِيَّةٌ) അക്കൂട്ടത്തിലുണ്ട്; അല്ലാഹുവിന്റെ മുഖവും അവന്റെ കൈകളും അവന്റെ കണ്ണുകളും ഉദാഹരണം. അല്ലാഹുവിന്റെ സർവ്വവിശാലമായ കാരുണ്യവും അവന്റെ അറിവും ശക്തിയും മറ്റു ചില ഉദാഹരണങ്ങളാണ്. അല്ലാഹുവിൽ നിന്ന് ഒരിക്കലും വിട്ടുമാറാത്ത, തുടക്കമോ അവസാനമോ ഇല്ലാതെ അനന്തമായി അല്ലാഹുവിലുള്ള വിശേഷണങ്ങളാണിവ.

പ്രവൃത്തിപരമായ വിശേഷണങ്ങളും (صِفَاتٌ فِعْلِيَّةٌ) അല്ലാഹുവിനുണ്ട്. സൃഷ്ടിപ്പ്, നിയന്ത്രണം, സംസാരം, സിംഹാസനാരോഹണം പോലുള്ളവ ഉദാഹരണം. അല്ലാഹുവിന്റെ പ്രവർത്തനങ്ങളിൽ പെട്ടതാണ് ഈ പറയപ്പെട്ട വിശേഷണങ്ങൾ. ഇവയെല്ലാം അല്ലാഹുവിന് ഉണ്ടെന്ന് സ്ഥിരീകരിക്കുന്നതിന് ഒപ്പം ഇതിലെല്ലാം അല്ലാഹു ഏകനാണെന്ന് ഒരാൾ അംഗീകരിക്കുകയും ചെയ്താൽ അല്ലാഹുവിന്റെ വിശേഷണങ്ങളിൽ അവൻ അല്ലാഹുവിനെ ഏകനാക്കിയിരിക്കുന്നു.

വിശേഷണങ്ങളിൽ അല്ലാഹുവിനെ ഏകനാക്കേണ്ടത് എങ്ങനെയാണ്?

അല്ലാഹുവിനെ പോലെ ഒന്നുമില്ലെന്നും, അവന്റെ ഒരു വിശേഷണത്തിലും അവന് തുല്ല്യനോ, അവനോട് സമാനതയോ സാദൃശ്യമോ ഉള്ള ഒരാളുമില്ല എന്നും അവൻ വിശ്വസിക്കണം. അല്ലാഹുവിന്റെ എല്ലാ വിശേഷണങ്ങളും അവന്റെ പൂർണ്ണതക്കും മഹത്വത്തിനും ഭംഗിക്കും യോജിച്ച രൂപത്തിൽ സ്ഥിരീകരിക്കുന്നതിനൊപ്പം, സൃഷ്ടികളുടെ വിശേഷണങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തവും, അങ്ങേയറ്റം മഹത്തരവും ഔന്നത്യമുള്ളതുമാണ് അല്ലാഹുവിന്റെ വിശേഷണങ്ങൾ എന്ന് അവൻ മനസ്സിൽ ഉറപ്പിക്കുകയും വേണം.

لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ ﴿١١﴾

“അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു.” (ശൂറ: 11)

وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾

“അവന്ന് തുല്യനായി ആരും ഇല്ല തന്നെ.” (ഇഖ്‌ലാസ്: 4)

ഇത്രയും പറഞ്ഞതിന്റെ ചുരുക്കം ഓർമ്മപ്പെടുത്തി കൊണ്ട് അവസാനിപ്പിക്കാം. അല്ലാഹു മാത്രമാണ് എന്റെ റബ്ബ് (റുബൂബിയ്യഃ), അല്ലാഹു മാത്രമാണ് എന്റെ ഇലാഹ് (ഉലൂഹിയ്യഃ), അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങളിൽ അവൻ ഏകനാണ് (അസ്മാഉ വ സ്വിഫാത്) എന്നീ മൂന്ന് അടിസ്ഥാപരമായ വിശ്വാസങ്ങളാണ് തൗഹീദിന്റെ നട്ടെല്ലും, ഒഴിച്ചു നിർത്താനാകാത്ത അതിന്റെ സ്തംഭങ്ങളും.

ഈ മൂന്ന് അടിസ്ഥാനങ്ങളുടെ തെളിവുകൾ ഖുർആനിലും സുന്നത്തിലും എമ്പാടും പരന്നു കിടക്കുന്നതായി കാണാം. അവയെ കുറിച്ച് അടുത്ത കുറിപ്പിൽ വായിക്കാം. ഇൻശാ അല്ലാഹ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: