അല്ലാഹുവിന് മാത്രം പ്രത്യേകമായുള്ള കാര്യങ്ങളില്‍ അവനെ ഏകനാക്കലാണ് തൗഹീദ് എന്ന് പറയുകയുണ്ടായി. അല്ലാഹുവിന്റെ ഏകത്വം സ്ഥിരപ്പെടുത്തേണ്ട, അവന് മാത്രം പ്രത്യേകമായുള്ള അനേകം വിഷയങ്ങളുണ്ടെങ്കിലും അവയെല്ലാം മൂന്ന് അടിസ്ഥാനങ്ങളിൽ ചുരുക്കുവാൻ കഴിയും. അവ താഴെ പറയാം.

ഒന്ന്: റുബൂബിയ്യഃ.

അല്ലാഹു മാത്രമാണ് ഏകറബ്ബ് എന്ന് അംഗീകരിക്കലാണ് ‘റുബൂബിയ്യ’തിലെ തൗഹീദ് എന്നതു കൊണ്ടുള്ള ഉദ്ദേശം. ഖുർആനിൽ പറയപ്പെട്ട അല്ലാഹുവിന്റെ അതിമഹത്തരമായ നാമങ്ങളിൽ ധാരാളം പറയപ്പെട്ട നാമമാണ് റബ്ബ് എന്നത്; റുബൂബിയ്യഃ എന്ന പദം ബന്ധപ്പെട്ടിരിക്കുന്നത് ഈ നാമവുമായാണ്. അതിനാൽ ‘റബ്ബ്’ എന്ന നാമത്തിന് കീഴിൽ ഉദ്ദേശിക്കപ്പെടുന്ന കാര്യങ്ങളിലെല്ലാം അല്ലാഹു ഏകനാണെന്ന് ഒരാൾ വിശ്വസിച്ചാൽ അവന്റെ തൗഹീദിന്റെ ആദ്യഭാഗം ശരിയായി.

അല്ലാഹു മാത്രമാണ് റബ്ബ് എന്നത് കൊണ്ട് പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഉദ്ദേശിക്കപ്പെടുന്നത്.

ഒന്ന്: അല്ലാഹു മാത്രമാണ് സർവ്വതിന്റെയും സ്രഷ്ടാവ്. പ്രപഞ്ചസൃഷ്ടിപ്പിൽ ഒരു പങ്കാളിയോ സഹായിയോ അല്ലാഹുവിനില്ല. നമുക്ക് കാണാൻ കഴിയുന്നതും കഴിയാത്തതുമായ എന്തെല്ലാം വസ്തുക്കളുണ്ടോ; അവയുടെയെല്ലാം സ്രഷ്ടാവ് അല്ലാഹു മാത്രമാണ്. ശൂന്യതയിൽ നിന്ന് എല്ലാം സൃഷ്ടിക്കുകയും, നിർജ്ജീവമായ വസ്തുക്കളിൽ നിന്ന് ജീവനുള്ളതിനെ പടക്കുകയും ചെയ്ത അല്ലാഹുവിന് പുറമെ ഒരു സ്രഷ്ടാവുമില്ല.

يَا أَيُّهَا النَّاسُ اذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ ۚ هَلْ مِنْ خَالِقٍ غَيْرُ اللَّـهِ يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ ۚ 

“മനുഷ്യരേ! അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ?” (ഫാത്വിർ: 3)

രണ്ട്: അല്ലാഹു മാത്രമാണ് സർവ്വതിന്റെയും ഉടമസ്ഥൻ. ആകാശഭൂമികളെയും അവക്കിടയിലുള്ളതിനെയും സൃഷ്ടിച്ചവൻ അല്ലാഹു മാത്രമാണ്; അതിനാൽ അവയെല്ലാം അവന്റെ ഉടമസ്ഥതയിലാണ്. അല്ലാഹുവിന്റെ ഉടമസ്ഥതയിൽ പെടാത്ത ഒരു കണിക പോലും പ്രപഞ്ചത്തിൽ എവിടെയുമില്ല. അവന്റെ അധികാരം ഒരിക്കലും നശിക്കുകയോ അതിൽ കുറവ് സംഭവിക്കുകയോ ഇല്ല.

وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١٨٩﴾

“അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.” (ആലു ഇംറാന്‍: 189)

قُلِ اللَّـهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَن تَشَاءُ وَتَنزِعُ الْمُلْكَ مِمَّن تَشَاءُ وَتُعِزُّ مَن تَشَاءُ وَتُذِلُّ مَن تَشَاءُ ۖ

“പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു.” (ആലു ഇംറാൻ: 26)

മൂന്ന്: അല്ലാഹു മാത്രമാണ് സർവ്വതിനെയും നിയന്ത്രിക്കുന്നവൻ. പ്രപഞ്ചത്തിലെ സൂക്ഷ്മകണിക മുതൽ മനുഷ്യന്റെ ചിന്തയിൽ ഉൾക്കൊള്ളുക പോലും സാധ്യമല്ലാത്ത നക്ഷത്രഗോളാധികൾ വരെ അല്ലാഹുവിന്റെ പരിപൂർണ്ണമായ നിയന്ത്രണത്തിന് കീഴിലാണ്. അവന്റെ ഉദ്ദേശത്തിനോ തീരുമാനത്തിനോ വിരുദ്ധമായി ഒരാൾക്കും ഒന്നും ചെയ്യുക സാധ്യമല്ല. അവന്റെ നിയന്ത്രണം ഒരു നിമിഷത്തേക്ക് പോലും നഷ്ടമാവുകയോ, അവനെ അശ്രദ്ധയോ മയക്കമോ ഉറക്കമോ ബാധിക്കുകയോ ഇല്ല.

إِنَّ رَبَّكُمُ اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ يُدَبِّرُ الْأَمْرَ ۖ

“തീര്‍ച്ചയായും നിങ്ങളുടെ റബ്ബ് ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിക്കുകയും, ശേഷം സിംഹാസനാരോഹണം ചെയ്യുകയും, കാര്യങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നവനായ അല്ലാഹുവാകുന്നു.” (യൂനുസ്: 3)

مَّا مِن دَابَّةٍ إِلَّا هُوَ آخِذٌ بِنَاصِيَتِهَا ۚ

“അല്ലാഹു നെറുകയില്‍ പിടിച്ചു (നിയന്ത്രിക്കുന്ന) നിലയിലല്ലാതെ ഒരു ജീവിയുമില്ല.” (ഹൂദ്: 56)

മേൽ പറഞ്ഞ മൂന്ന് കാര്യങ്ങൾ ഒരാൾ വിശ്വസിച്ചാൽ അവൻ അല്ലാഹു മാത്രമാണ് റബ്ബ് എന്ന സത്യം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. ആകാശഭൂമികളെ പടച്ചതും, മഴ വർഷിക്കുന്നതും, ചെടികൾ മുളപ്പിക്കുന്നതും, ഉപജീവനം നൽകുന്നതും, സർവ്വതിനെയും ഉടമപ്പെടുത്തുന്നതും, അവയെ നിലനിർത്തുന്നവനും, എല്ലാത്തിനെയും നിയന്ത്രിക്കുന്നവനും അല്ലാഹുവാണ് എന്ന വിശ്വാസം മനുഷ്യരുടെ ഹൃദയത്തിൽ ആഴത്തിൽ ഊട്ടിയുറപ്പിക്കുന്ന അനേകം ആയത്തുകൾ ഖുർആനിലുണ്ട്. തൗഹീദിന്റെ ഒന്നാമത്തെ അടിത്തറയാണ് പ്രസ്തുത ആയത്തുകളിലൂടെ വിവരിക്കപ്പെടുന്നത്.

രണ്ട്: ഉലൂഹിയ്യഃ.

അല്ലാഹു മാത്രമാണ് ഏകഇലാഹ് എന്ന് അംഗീകരിക്കലാണ് ഉലൂഹിയ്യതിലെ തൗഹീദ് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹുവിന്റെ ഇലാഹ് എന്ന നാമവുമായാണ് ‘ഉലൂഹിയ്യഃ’ എന്ന പദം ബന്ധപ്പെട്ടിരിക്കുന്നത്. അല്ലാഹുവിന്റെ ഏകത്വം ഉദ്ഘോഷിക്കുന്ന ശഹാദത് കലിമയിൽ -ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്കിൽ- പരാമർശിക്കപ്പെട്ട നാമമാണത്. ആരാധിക്കപ്പെടുന്നവനാണ് ഇലാഹ് എന്ന് അറബിയിൽ പറയുക; അല്ലാഹു മാത്രമേ ആരാധിക്കപ്പെടാൻ അർഹതയുള്ളവനായി ഉള്ളൂ എന്ന വിശ്വാസമാണ് ‘എന്റെ ഇലാഹ് അല്ലാഹു മാത്രമാണ്’ എന്ന് പറയുന്നതിലൂടെ ഒരാൾ പ്രഖ്യാപിക്കുന്നത്. അത് തന്നെയാണ് ഉലൂഹിയ്യതിലെ തൗഹീദിന്റെ ഉദ്ദേശവും.

ഈ വിശ്വാസം ഹൃദയത്തിൽ ഉറക്കുന്നതോടെ അവന്റെ സർവ്വ ഇബാദതുകളും (ആരാധനകൾ) അല്ലാഹുവിന് മാത്രം സമർപ്പിക്കുന്നവനായി അവൻ പരിവർത്തിപ്പിക്കപ്പെടും. അല്ലാഹുവിന് പുറമെയുള്ളവർക്ക് ആരാധന നൽകുക എന്നതിനേക്കാൾ വെറുപ്പുള്ള മറ്റൊരു തിന്മയും അവന്റെ മുന്നിൽ ഉണ്ടായിരിക്കുകയില്ല.

അല്ലാഹുവിന് നൽകുന്ന ആരാധനകളാകട്ടെ, പല തരത്തിലുണ്ട്.

– ഹൃദയം കൊണ്ട് പ്രവർത്തിക്കേണ്ട ആരാധനകളുണ്ട്; അങ്ങേയറ്റത്തെ സ്നേഹവും പ്രതീക്ഷയും ഭയവും ഭരമേൽപ്പിക്കലും പശ്ചാത്താപവും മനസ്സിനുള്ളിലെ അങ്ങേയറ്റത്തെ വിനയവും താഴ്മയും, അതിൽ നിന്നുണ്ടാകുന്ന സഹായതേട്ടവുമെല്ലാം ഹൃദയത്തിന്റെ ആരാധനകളാണ്.

– നാവു കൊണ്ടുള്ള ആരാധനകളുമുണ്ട്; ഖുർആൻ പാരായണവും ദിക്റുകളും നന്മ കൽപ്പിക്കലും തിന്മവിരോധിക്കലും പ്രാർത്ഥനയും സഹായതേട്ടവുമെല്ലാം നാവിൽ നിറയുന്ന ഇബാദതുകളാണ്.

– ശരീരാവയവങ്ങൾ കൊണ്ടുള്ള ആരാധനകളുമുണ്ട്; നിസ്കാരവും നോമ്പും സകാത്തും ഹജ്ജും സ്വദഖയും നേർച്ചയും ബലിയർപ്പണവും ചില ഉദാഹരണങ്ങൾ.

ഇവയെല്ലാം ഒരാൾ അല്ലാഹുവിന് മാത്രം നൽകുകയും, സൃഷ്ടികളിൽ ഒരാൾക്കും അതിൽ നിന്നൊരു ചെറിയ പങ്കുപോലും അവൻ നൽകാതിരിക്കുകയും ചെയ്യുന്നെങ്കിൽ തൗഹീദിന്റെ രണ്ടാമത്തെ ഭാഗം -ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനവിശ്വാസം- അവൻ പൂർത്തീകരിച്ചു കഴിഞ്ഞു.

തൗഹീദ് എന്നത് കൊണ്ട് പൊതുവെ ഉദ്ദേശിക്കപ്പെടുന്നത് നാം ഈ വിശദീകരിച്ച ‘ഉലൂഹിയ്യതിലെ’ തൗഹീദാണ്. ഖുർആനിൽ ആദ്യം കൽപ്പിക്കപ്പെട്ടതും ഏറ്റവുമധികം വിശദീകരിക്കപ്പെട്ടതും, നബിമാർ തങ്ങളുടെ സമൂഹത്തെ പ്രഥമമായി ഉണർത്തിയതും അവരോട് കൽപ്പിച്ചതും, ഇസ്‌ലാമിൽ പ്രവേശിക്കാൻ ആദ്യം അംഗീകരിക്കേണ്ടതും ഉച്ചരിക്കേണ്ടതും ഈ തൗഹീദാണ്. ഈമാനിന്റെ ഏറ്റവുമുയർന്ന ശാഖയായ, ഇസ്‌ലാമിലെ ഒന്നാമത്തെ സാക്ഷ്യവചനമായ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്കിന്റെ ഉദ്ദേശവും ഇത് തന്നെ.

നിത്യവും ഓരോ മുസ്‌ലിമും അല്ലാഹുവുമായി കരാർ ചെയ്യുന്നത് ഈ തൗഹീദ് -ആരാധനകളിൽ അല്ലാഹുവിനെ ഏകനാക്കാം എന്ന കാര്യം- ഞാൻ പാലിച്ചു കൊള്ളാം എന്നാണ്. സൂറ. ഫാതിഹയിലെ മദ്ധ്യത്തിലുള്ള ആയത് നോക്കൂ!

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾

“നിന്നെ മാത്രം ഞങ്ങള്‍ ഞങ്ങള്‍ ഇബാദത് ചെയ്യുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.” (ഫാതിഹ: 5)

അല്ലാഹു മാത്രമാണ് ഇലാഹാകാൻ അർഹതയുള്ളവനുള്ളൂ എന്ന തൗഹീദിന്റെ പ്രഥമഭാഗം വിശദീകരിക്കുന്ന ആയത്തുകൾ ഖുർആനിൽ എമ്പാടുമുണ്ട്. ചിലത് വായിക്കുക.

إِنَّنِي أَنَا اللَّهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي ﴿١٤﴾

“തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ഇലാഹ് (ആരാധ്യന്‍) ഇല്ല. അതിനാല്‍ എന്നെ നീ ഇബാദത് ചെയ്യുകയും, എന്നെ ഓര്‍മിക്കുന്നതിനായി നിസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.” (ത്വാഹ: 14)

وَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ ۖ لَّا إِلَـٰهَ إِلَّا هُوَ الرَّحْمَـٰنُ الرَّحِيمُ ﴿١٦٣﴾

“നിങ്ങളുടെ ഇലാഹ് ഏക ഇലാഹ് മാത്രമാകുന്നു. അവനല്ലാതെ യാതൊരു ഇലാഹുമില്ല. അവന്‍ റഹ്മാനും (വിശാലമായ കാരുണ്യം ഉള്ളവന്‍) റഹീമും (അങ്ങേയറ്റം കാരുണ്യം ചെയ്യുന്നവന്‍) ആകുന്നു.” (ബഖറ: 163)

هُوَ الْحَيُّ لَا إِلَـٰهَ إِلَّا هُوَ فَادْعُوهُ مُخْلِصِينَ لَهُ الدِّينَ ۗ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ﴿٦٥﴾

“അവനാകുന്നു ഹയ്യ്‌ (എന്നെന്നും ജീവിച്ചിരിക്കുന്നവന്‍). അവനല്ലാതെ യാതൊരു ഇലാഹുമില്ല. അതിനാല്‍ കീഴ്‌വണക്കം അവന് നിഷ്കളങ്കമാക്കിക്കൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ത്ഥിക്കുക. റബ്ബുല്‍ ആലമീനായ (ലോകങ്ങളുടെ രക്ഷിതാവായ) അല്ലാഹുവിന്ന് സ്തുതി.” (ഗാഫിര്‍: 65)

മൂന്ന്: അസ്മാഉ വസ്സ്വിഫാത്.

അല്ലാഹുവിന് ധാരാളം നാമങ്ങളും വിശേഷണങ്ങളും ഉണ്ട്; അവയിൽ അല്ലാഹു ഏകനാണെന്ന് ഒരാൾ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്താൽ അസ്മാഉകളിലും (ഇസ്മ് എന്നതിന്റെ ബഹുവചനമാണത്; നാമം എന്നർത്ഥം), സ്വിഫാതുകളിലും (സ്വിഫത് എന്നതിന്റെ ബഹുവചനം; വിശേഷണം എന്നർത്ഥം) അല്ലാഹുവിന്റെ ഏകത്വം അംഗീകരിച്ചു കഴിഞ്ഞു.

അല്ലാഹുവിന്റെ നാമങ്ങൾക്ക് ഉദാഹരണമാണ് റഹ്‌മാൻ, റഹീം, അസീസ്, സമീഅ്, ബസ്വീർ, ഹയ്യ്, ഖയ്യൂം പോലുള്ള, ഖുർആനിലോ ഹദീഥിലോ അല്ലാഹുവിന്റെ നാമമായി സ്ഥിരപ്പെട്ട പേരുകൾ. അല്ലാഹു തന്റെ നാമങ്ങളായി അവന്റെ ഗ്രന്ഥമായ ഖുർആനിലൂടെയും, നബി -ﷺ- അവിടുത്തെ ഹദീഥുകളിലൂടെയും അറിയിച്ചു തന്ന അനേകം നാമങ്ങൾ വേറെയുമുണ്ട്. ആ നാമങ്ങളിൽ അല്ലാഹു ഏകനാണെന്ന് വിശ്വസിക്കണം.

وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ ۚ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ ﴿١٨٠﴾

“അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും.” (അഅ്റാഫ്: 180)

അല്ലാഹുവിന്റെ നാമങ്ങളിൽ അവനെ മാത്രം വിശേഷിപ്പിക്കാൻ അർഹതപ്പെട്ട ചില നാമങ്ങളുണ്ട്. അല്ലാഹു, റഹ്മാൻ, റബ്ബ് പോലുള്ളവ ഉദാഹരണം. ഈ നാമങ്ങളിൽ അല്ലാഹുവിനെ മാത്രമേ വിളിക്കാവൂ; സൃഷ്ടികളിൽ ഒരാളെയും ഈ പേരുകളിൽ വിളിച്ചു കൂടാ. ഇക്കാര്യം ഒരാൾ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്താൽ പ്രസ്തുത നാമങ്ങളിൽ അവൻ അല്ലാഹുവിനെ ഏകനാക്കിയിരിക്കുന്നു. എന്നാൽ അല്ലാഹുവല്ലാത്തവരെയും ആ നാമങ്ങൾ കൊണ്ട് വിളിക്കാം എന്ന് വാദിച്ചാൽ അതോടെ അവൻ തന്റെ തൗഹീദിനെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.

അല്ലാഹുവിനെ മാത്രം വിളിക്കാവുന്ന നാമങ്ങളെ കുറിച്ചാണ് ഈ പറഞ്ഞത്. എന്നാൽ അല്ലാഹുവിനെയും അവന്റെ ചില സൃഷ്ടികളെയും വിളിക്കാൻ അനുവദിക്കപ്പെട്ട നാമങ്ങൾ ചിലതുണ്ട്; ഉദാഹരണത്തിന് റഹീം, സമീഅ്, ബസ്വീർ തുടങ്ങിയ നാമങ്ങൾ. റഹീം എന്ന് നബി -ﷺ- യെ വിശേഷിപ്പിച്ചിട്ടുണ്ട്. സമീഅ്, ബസ്വീർ എന്നീ പേരുകളിൽ മനുഷ്യരെ അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്. ഇത്തരം നാമങ്ങൾ സൃഷ്ടികളുടെ പേരുകളായി വിളിക്കാമെങ്കിലും അവയിൽ അടങ്ങിയിട്ടുള്ള അർത്ഥവും ഉദ്ദേശവും പൂർണ്ണമായും അല്ലാഹുവിന് മാത്രമേ ഉള്ളൂ എന്ന് വിശ്വസിക്കണം.

ഉദാഹരണത്തിന് അല്ലാഹു സ്വമീഅ് ആണ്. എല്ലാം കേൾക്കുന്നവൻ എന്നാണതിന്റെ അർത്ഥം. മനുഷ്യനെ കുറിച്ചും സമീഅ് എന്ന് അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്. (ഇൻസാൻ: 2) എന്നാൽ മനുഷ്യന് കേൾവിയുണ്ടെന്ന് മാത്രമേ അത് കൊണ്ട് അർത്ഥമാക്കുന്നുള്ളൂ; പരിപൂർണ്ണമായ കേൾവിയുള്ളവൻ അല്ലാഹു മാത്രമാണ്. അല്ലാഹുവിനെ കുറിച്ചും, അവന്റെ സൃഷ്ടികൾ ചിലതിനെ കുറിച്ചും ഈ പേര് പറയപ്പെട്ടിട്ടുണ്ടെങ്കിലും ആ നാമത്തിന്റെ പരിപൂർണ്ണമായ അർത്ഥം അല്ലാഹുവിന് മാത്രമേ സ്ഥിരീകരിക്കാവൂ എന്ന് ചുരുക്കം. ഇതു പോലെ തന്നെ മറ്റു നാമങ്ങളും.

അല്ലാഹുവിനുള്ളത് പോലെ അത്യുൽകൃഷ്ടവും ഏറ്റവും മഹത്തരവുമായ നാമങ്ങൾ മറ്റൊരാൾക്കുമില്ല. അവന്റെ നാമങ്ങളിൽ അല്ലാഹു ഏകനാണെന്ന തൗഹീദിന്റെ സുപ്രധാനഭാഗമാണ് ഈ വിശ്വാസത്തിലൂടെ ഒരു മുസ്‌ലിം മനസ്സിലുറപ്പിക്കുന്നത്.

هَلْ تَعْلَمُ لَهُ سَمِيًّا ﴿٦٥﴾

“അല്ലാഹുവിന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ?” (മർയം: 65)

അല്ലാഹുവിന്റെ നാമങ്ങളോടൊപ്പം അവന്റെ വിശേഷണങ്ങളെ കുറിച്ചും നാം പറയുകയുണ്ടായി. ധാരാളം വിശേഷണങ്ങൾ അല്ലാഹുവിനുണ്ട്. അസ്തിത്വപരമായ വിശേഷണങ്ങൾ (صِفَاتٌ ذَاتِيَّةٌ) അക്കൂട്ടത്തിലുണ്ട്; അല്ലാഹുവിന്റെ മുഖവും അവന്റെ കൈകളും അവന്റെ കണ്ണുകളും ഉദാഹരണം. അല്ലാഹുവിന്റെ സർവ്വവിശാലമായ കാരുണ്യവും അവന്റെ അറിവും ശക്തിയും മറ്റു ചില ഉദാഹരണങ്ങളാണ്. അല്ലാഹുവിൽ നിന്ന് ഒരിക്കലും വിട്ടുമാറാത്ത, തുടക്കമോ അവസാനമോ ഇല്ലാതെ അനന്തമായി അല്ലാഹുവിലുള്ള വിശേഷണങ്ങളാണിവ.

പ്രവൃത്തിപരമായ വിശേഷണങ്ങളും (صِفَاتٌ فِعْلِيَّةٌ) അല്ലാഹുവിനുണ്ട്. സൃഷ്ടിപ്പ്, നിയന്ത്രണം, സംസാരം, സിംഹാസനാരോഹണം പോലുള്ളവ ഉദാഹരണം. അല്ലാഹുവിന്റെ പ്രവർത്തനങ്ങളിൽ പെട്ടതാണ് ഈ പറയപ്പെട്ട വിശേഷണങ്ങൾ. ഇവയെല്ലാം അല്ലാഹുവിന് ഉണ്ടെന്ന് സ്ഥിരീകരിക്കുന്നതിന് ഒപ്പം ഇതിലെല്ലാം അല്ലാഹു ഏകനാണെന്ന് ഒരാൾ അംഗീകരിക്കുകയും ചെയ്താൽ അല്ലാഹുവിന്റെ വിശേഷണങ്ങളിൽ അവൻ അല്ലാഹുവിനെ ഏകനാക്കിയിരിക്കുന്നു.

വിശേഷണങ്ങളിൽ അല്ലാഹുവിനെ ഏകനാക്കേണ്ടത് എങ്ങനെയാണ്?

അല്ലാഹുവിനെ പോലെ ഒന്നുമില്ലെന്നും, അവന്റെ ഒരു വിശേഷണത്തിലും അവന് തുല്ല്യനോ, അവനോട് സമാനതയോ സാദൃശ്യമോ ഉള്ള ഒരാളുമില്ല എന്നും അവൻ വിശ്വസിക്കണം. അല്ലാഹുവിന്റെ എല്ലാ വിശേഷണങ്ങളും അവന്റെ പൂർണ്ണതക്കും മഹത്വത്തിനും ഭംഗിക്കും യോജിച്ച രൂപത്തിൽ സ്ഥിരീകരിക്കുന്നതിനൊപ്പം, സൃഷ്ടികളുടെ വിശേഷണങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തവും, അങ്ങേയറ്റം മഹത്തരവും ഔന്നത്യമുള്ളതുമാണ് അല്ലാഹുവിന്റെ വിശേഷണങ്ങൾ എന്ന് അവൻ മനസ്സിൽ ഉറപ്പിക്കുകയും വേണം.

لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ ﴿١١﴾

“അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു.” (ശൂറ: 11)

وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾

“അവന്ന് തുല്യനായി ആരും ഇല്ല തന്നെ.” (ഇഖ്‌ലാസ്: 4)

ഇത്രയും പറഞ്ഞതിന്റെ ചുരുക്കം ഓർമ്മപ്പെടുത്തി കൊണ്ട് അവസാനിപ്പിക്കാം. അല്ലാഹു മാത്രമാണ് എന്റെ റബ്ബ് (റുബൂബിയ്യഃ), അല്ലാഹു മാത്രമാണ് എന്റെ ഇലാഹ് (ഉലൂഹിയ്യഃ), അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങളിൽ അവൻ ഏകനാണ് (അസ്മാഉ വ സ്വിഫാത്) എന്നീ മൂന്ന് അടിസ്ഥാപരമായ വിശ്വാസങ്ങളാണ് തൗഹീദിന്റെ നട്ടെല്ലും, ഒഴിച്ചു നിർത്താനാകാത്ത അതിന്റെ സ്തംഭങ്ങളും.

ഈ മൂന്ന് അടിസ്ഥാനങ്ങളുടെ തെളിവുകൾ ഖുർആനിലും സുന്നത്തിലും എമ്പാടും പരന്നു കിടക്കുന്നതായി കാണാം. അവയെ കുറിച്ച് അടുത്ത കുറിപ്പിൽ വായിക്കാം. ഇൻശാ അല്ലാഹ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment