SDPI ദേശീയ പ്രസിഡൻ്റായ എം. കെ. ഫൈസിയുടെ പ്രസ്താവന കേട്ടു. അദ്ദേഹം പറയുന്നു: “അല്ലാഹുവാണ സത്യം! ഇവിടെ കൂടിയ ആയിരക്കണക്കിന് സത്യവിശ്വാസികളാണ സത്യം! ഈ അറബിക്കടലാണ സത്യം! ഇൻശാ അല്ലാഹ്. ഒരു നാൾ വരും. ആ നാളിൽ അയോദ്ധ്യയിലെ ബാബരിമസ്ജിദ് അവിടെ തന്നെ സ്ഥാപിക്കുന്നതാണ്.”

ദേശീയ പ്രസിഡൻ്റിനെയും അനുയായികളെയും ഓർമ്മപ്പെടുത്തട്ടെ!

അല്ലാഹുവല്ലാത്ത സൃഷ്ടികളുടെ പേരിൽ സത്യം ചെയ്യുന്നത് ബഹുദൈവാരാധനയുടെ വഴികളിൽ പെട്ടതാണെന്ന പ്രാഥമിക പാഠം പഠിക്കാത്ത ഒരു കൂട്ടവും അതിന്റെ നേതാവും -ബാബരിയിലെ മസ്ജിദ് തകർത്ത ബഹുദൈവാരാധകരുടെ വിശ്വാസ വൈകല്യത്തിന് സദൃശ്യമായത് ഹൃദയത്തിൽ പേറി- ഏതു മസ്ജിദ് പുനർനിർമ്മിക്കുമെന്നാണ് മുസ്‌ലിമീങ്ങൾ പ്രതീക്ഷിക്കേണ്ടത്?! കാരണം പുനഃസ്ഥാപിക്കുന്ന മസ്ജിദ് അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിന് വേണ്ടിയാകുമ്പോഴാണ് അത് ഇസ്‌ലാമിലെ മസ്ജിദും, അല്ലാഹുവിന് പ്രിയങ്കരവും, മുസ്‌ലിംകളുടെ മനസ്സിന് കുളിർമ്മയുമാകുന്നത്.

സത്യം ചെയ്യേണ്ടത് അല്ലാഹുവിന്റെ പേരിൽ മാത്രമാണെന്ന് ഖുർആനിലൂടെയും ഹദീഥിലൂടെയും ആവർത്തിച്ചു പഠിപ്പിക്കപ്പെട്ട ഒരു സമൂഹം തങ്ങളുടെ ദീനിന്റെ അടിത്തറകൾ തന്നെ ഇത്ര പരസ്യമായി അവഗണിച്ച ശേഷം ഇക്കൂട്ടർ ഏതു ഇസ്‌ലാമിനെയും അതിന്റെ പ്രതാപത്തെയുമാണ് തിരിച്ചെത്തിക്കുമെന്ന് മുസ്‌ലിമീങ്ങൾ വിശ്വസിക്കേണ്ടത്! കാരണം ബഹുദൈവാരാധകരുടെ വിശ്വാസവും ആചാരവും അനുഷ്ഠാനവും ഹൃദയത്തിലും പ്രവർത്തിയിലും നിറച്ചു വെച്ച ശേഷം പേരിൽ മാത്രം ഇസ്‌ലാമും മുസ്‌ലിമും നിറഞ്ഞു നിൽക്കുന്നത് ഇഹലോകത്ത് പ്രതാപമോ പരലോകത്ത് വിജയമോ അല്ല. യഥാർത്ഥത്തിൽ ഏറ്റവും വലിയ പരാജയം അതിലാണുള്ളത്.

ബാബരി മസ്ജിദിന്റെ പുനഃസംസ്ഥാപനത്തിന്റെ സന്തോഷവാർത്തകൾ പ്രസ്തുത മസ്ജിദ് തകർത്തവരുടെ വിശ്വാസപരമായ വൈകല്യങ്ങൾ അതേ പടി പകർത്തിക്കൊണ്ട് തന്റെ അനുയായികൾക്ക് പകർന്നു നൽകുന്ന ഒരു നേതാവ് നയിക്കുന്നത് ഇഹലോകത്ത് നിന്ദ്യതയിലേക്കും പരലോകത്ത് നഷ്ടത്തിലേക്കുമല്ലാതെയല്ല! ഹുനൈൻ യുദ്ധത്തിലേക്ക് പുറപ്പെട്ട വേളയിൽ സൈന്യത്തിലുള്ള -അടുത്തിടെ ഇസ്‌ലാം സ്വീകരിച്ച ചിലർ- ‘ബഹുദൈവാരാധകർക്കുള്ളത് പോലെ, ബറകതെടുക്കാൻ ഞങ്ങൾക്കും ഒരു പുണ്യവൃക്ഷം നിശ്ചയിച്ചു തരൂ’ എന്നാവശ്യപ്പെട്ടപ്പോൾ, ‘സുബ്‌ഹാനല്ലാഹ്! അവർക്കുള്ളത് പോലെ ഞങ്ങൾക്കും മറ്റൊരു ദൈവത്തെ നിശ്ചയിച്ചു തരൂ എന്നതിന് സമാനമാണ് നിങ്ങളുടെ വാക്കുകൾ’ എന്ന് കോപത്തോടെ പ്രതികരിച്ച റസൂലുല്ലയെന്ന -ﷺ- നേതാവിന്റെ വഴിയല്ല ഇത്.

ബാബരിയിലെ മിനാരങ്ങളിൽ നിന്നൊഴുകിയിരുന്ന ബാങ്കൊലികളുടെ ശബ്ദസൗകുമാര്യം തങ്ങളുടെ മക്കളിലേക്ക് പകർന്നു നൽകണമെന്ന് ഫൈസി ഉപദേശിക്കുന്നുണ്ട്. ആ ബാങ്കൊലികളിൽ ആവർത്തിച്ചു പറയപ്പെട്ട ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന ശഹാദത് കലിമയുടെ ആശയം തകർത്തെറിഞ്ഞു കൊണ്ട് -അല്ലാഹുവിന് പുറമെയുള്ളവരുടെ മേൽ സത്യം ചെയ്തു കൊണ്ടാണ്- തന്റെ വാക്കുകൾ അദ്ദേഹം അവസാനിപ്പിച്ചതെന്ന് മാത്രം! ശഹാദത് കലിമ ഹൃദയത്തിൽ ആഴ്ന്നിറങ്ങുകയും, അല്ലാഹുവിലുള്ള വിശ്വാസം അചഞ്ചലമായി ഉറക്കുകയും ചെയ്യുമ്പോഴാണ് വിജയവും പ്രതാപവും നിങ്ങളെത്തേടിയെത്തുക എന്ന ഖുർആനിക അദ്ധ്യാപനം മുൻനിർത്തുമ്പോൾ ഫൈസിയും അദ്ദേഹത്തിന്റെ അനുയായിവൃന്ദവും വിജയത്തിൽ നിന്നും പ്രതാപത്തിൽ നിന്നും ഏറെകാതങ്ങൾ അകലെയാണെന്ന് വേദനയോടെ ഓർമ്മപ്പെടുത്തുകയല്ലാതെ നിവൃത്തിയില്ല.

നമ്മുടെ ചുറ്റുവട്ടങ്ങളിലുമുള്ള മസ്ജിദുകളിൽ നിന്ന് നിരന്തരം ഉയർന്നു കൊണ്ടേയിരിക്കുന്ന ‘അശ്‌ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്’ എന്ന സാക്ഷ്യവചനത്തിന്റെ നേർവിപരീതമാണ് തന്റെ വാക്കുകളിൽ അദ്ദേഹം കുത്തിനിറച്ചത്. ‘ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് സത്യം ചെയ്താൽ അവൻ ശിർക് (ബഹുദൈവാരാധന) ചെയ്തിരിക്കുന്നു’ എന്ന നബി -ﷺ- യുടെ വാക്കുകളെയാണ് അതിലൂടെ അദ്ദേഹം അവഗണിച്ചിരിക്കുന്നത്.

അല്ലാഹുവിനെ ആരാധിക്കുന്നതിന് വേണ്ടി ആദ്യമായി നിർമ്മിക്കപ്പെട്ട മസ്ജിദായ കഅ്ബയുടെ ചാരെ നിന്നുകൊണ്ട്, അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ നാടായ മക്കയിൽ ജീവിച്ചിരിക്കെ, പർവ്വതം പോലുള്ള വിശ്വാസമേന്തിയ അബൂബക്കറിനെയും ഉമറിനെയും പോലുള്ള വിശ്വാസികളെ സാക്ഷിയാക്കിയാണ് നബി -ﷺ- അല്ലാഹുവിന്റെ പേരിൽ മാത്രം സത്യം ചെയ്തു കൊണ്ട് ഹദീഥുകൾ മൊഴിഞ്ഞത്.  കഅ്ബയെ കൊണ്ട് സത്യം! എന്നവിടുന്ന് പറഞ്ഞില്ല. ഉഥ്മാനും അലിയുമടങ്ങുന്ന ഈ വിശ്വാസിസമൂഹത്തെയാണ! മക്കയിലേക്ക് നാം തിരികെ വരുമെന്ന് പറഞ്ഞില്ല.

അല്ലാഹുവാണ സത്യം! എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! എന്റെ റബ്ബിനെയാണെ സത്യം! കഅ്ബയുടെ റബ്ബിനെയാണ സത്യം! അവിടുത്തെ ശപഥങ്ങൾ ഇപ്രകാരമായിരുന്നു. അല്ല! ഇപ്രകാരം മാത്രമായിരുന്നു.

ശത്രുവിനെയും മിത്രത്തെയും സൃഷ്ടിച്ച, ഭരണാധികാരിയെയും ഭരണീയനെയും സൃഷ്ടിച്ച, ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയും ചൈനയും മാത്രമല്ല; പ്രപഞ്ചമൊന്നടങ്കം സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്ത, നാമേവരുടെയും സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം ജനങ്ങൾ ആരാധിക്കുകയും, അവനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുകയും സഹായം തേടുകയും, ബഹുദൈവാരാധനയുടെ സർവ്വ മാർഗങ്ങളും വിശ്വാസത്തിൽ നിന്നും പ്രവൃത്തികളിൽ നിന്നും തുടച്ചു നീക്കുകയും ചെയ്യുമ്പോഴാണ് വിജയവും സമാധാനവും പ്രതാപവും ശാന്തിയും മറ്റെല്ലാ നന്മകളും ഉടലെടുക്കുന്നത്.

ഫൈസിയുടെ ഈ ശപഥങ്ങളും, അത് കേട്ട് പുളകിതരായ മുന്നിലിരിക്കുന്ന ആയിരക്കണക്കിന് പേരുടെ ഹൃദയത്തിലെ വികാരവും ഇസ്‌ലാമിന്റെയും മുസ്‌ലിമീങ്ങളുടെയും വിജയത്തിന്റെ തിയ്യതി പിന്നോട്ട് മാത്രമാണ് നയിക്കുന്നതെന്നോർക്കുക. അവരെ നിന്ദ്യതയുടെ പടുകുഴിയിലേക്ക് കൂടുതൽ നയിക്കാനും, നിന്ദ്യതയുടെ കൈപ്പുനീർ കൂടുതൽ രുചിപ്പിക്കാനും മാത്രമാണ് ഇത്തരം വിശ്വാസങ്ങളും വാചകങ്ങളും സഹായിക്കുക!

വിജയത്തിനായി -പ്രതാപത്തിന്റെ ദിനങ്ങൾക്കായി- ദാഹാർത്ഥരായി കാത്തു നിൽക്കുന്ന എന്നോടും ഫൈസിയോടും സർവ്വ മുസ്‌ലിമീങ്ങളോടുമായി അല്ലാഹുവിന്റെ ഖുർആനിലെ ഒരു വാചകം മാത്രം ഓർമ്മപ്പെടുത്തട്ടെ!

وَعَدَ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّن بَعْدِ خَوْفِهِمْ أَمْنًا ۚ يَعْبُدُونَنِي لَا يُشْرِكُونَ بِي شَيْئًا ۚ

“നിങ്ങളില്‍ നിന്ന് (അല്ലാഹുവിലും അവന്റെ റസൂലിലും പരലോകത്തിലും) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് അധികാരം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് അധികാരം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ അധീശത്വം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്‌. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്‌. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല.” (നൂർ: 55)

വാഗ്ദാനങ്ങൾ മൂന്നുണ്ട്;

1- കഴിഞ്ഞു പോയ അധികാരത്തിന്റെ വിജയകാലം തിരിച്ചു നൽകാം.

2- ഇസ്‌ലാമിന് അധീശത്വവും പ്രതാപവും നൽകാം.

3- ഭയം നീക്കുകയും, നിർഭയത്വം നൽകുകയും ചെയ്യാം.

നിബന്ധനകൾ രണ്ടു കാര്യം മാത്രമാണ്.

1- എല്ലാ ആരാധനകളും അല്ലാഹുവിന് മാത്രം നൽകുക; നിസ്കാരവും നോമ്പും പ്രാർത്ഥനയും നേർച്ചയും ബലിയും ഭരമേൽപ്പിക്കലുമെല്ലാം അല്ലാഹുവിന് മാത്രം.

2- അല്ലാഹുവിനുള്ള ആരാധനയിൽ ഒന്നിനെയും പങ്കുചേർക്കരുത്; അവന് പുറമെയുള്ള നബിമാരോടോ ഔലിയാക്കളോടോ സ്വാലിഹീങ്ങളോടോ പ്രാർത്ഥിക്കുകയോ സഹായം തേടുകയോ, അവർക്ക് വേണ്ടി നേർച്ച നേരുകയോ ബലിയർപ്പിക്കുകയോ, അവരുടെ ഖബറുകൾക്ക് മുൻപിൽ റുകൂഓ സുജൂദോ ചെയ്യുകയോ, അവർക്ക് ആരാധനകൾ സമർപ്പിക്കുകയോ ചെയ്യരുത്.

ഈ രണ്ട് നിബന്ധനകൾ നാം പാലിക്കുക; ആകാശലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അവന്റെ വാഗ്ദാനം പൂർത്തീകരിക്കുക തന്നെ ചെയ്യും!

അല്ലാഹു മുസ്‌ലിമീങ്ങളെ അവന്റെ ദീനിന്റെ ശരിയായ വഴിയിൽ ഉറപ്പിച്ചു നിർത്തുകയും, അവരെ എല്ലാ വഴികേടുകളിൽ നിന്നും രക്ഷപ്പെടുത്തുകയും, വിജയവും പ്രതാപവും അവർക്ക് തിരിച്ചു നൽകുകയും ചെയ്യുമാറാകട്ടെ! (ആമീൻ)

✍🏽 അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Join alaswala.com/SOCIAL
Telegram t.me/ALASWALA

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: