ജമാഅതെ ഇസ്‌ലാമിയുടെയും, അതിന്റെ ഔദ്യോഗികവും അല്ലാത്തതുമായ ഉപവിഭാഗങ്ങളുടെയും അടുക്കൽ ഇസ്‌ലാമെന്നാൽ രാഷ്ട്രീയം മാത്രമാണ്. മൗദൂദി പഠിപ്പിച്ചു നൽകിയ ‘രാഷ്ട്രീയ ഇസ്‌ലാമിന്റെ’ പ്രയോഗവൽക്കരണം ഈ കക്ഷികളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും പ്രകടമാകുന്നത് ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാക്കാൻ കഴിയും.

തങ്ങൾ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തോട് യോജിക്കുക എന്ന ഒരേയൊരു ‘ക്വോളിറ്റി’ ഉണ്ടെങ്കിൽ -അദ്വൈതത്തിൽ വിശ്വസിക്കുന്ന സ്വൂഫിയോ, ഖബർ പൂജകനായ ബറേൽവിയോ, നബി -ﷺ- യുടെ സ്വഹാബത്തിന്റെ ചീത്ത പറയുന്ന ശീഇയോ, അല്ലാഹുവിന്റെ റസൂലിന്റെ ഭാര്യമാർക്കെതിരെ കേട്ടാലറക്കുന്ന വൃത്തികേടുകൾ പറയുന്ന റാഫിദ്വിയോ ആകട്ടെ- ആരായാലും ജമാഅതുകാരുടെ കണ്ണിൽ അയാൾ വലിയ്യായിരിക്കും.

‘വിപ്ലവ ചിന്താഗതികൾ’ വെച്ചു പുലർത്തുന്ന ഇസ്‌ലാമോ ഈമാനോ ഇല്ലാത്ത അവിശ്വാസികൾ വരെ അവരുടെ കണ്ണിൽ പ്രശംസനീയരും മാതൃകാപുരുഷന്മാരുമായി തീരും. തനിച്ച ബഹുദൈവാരാധനക്ക് താത്വിക വിശകലനം നൽകുന്ന സ്വാമിമാർ രാജ്യത്തെ നയിക്കുന്ന ‘ആത്മീയ നേതാക്കന്മാരും’ ‘നിസ്വാർത്ഥ നിഷ്കാമികളു’മാകും.

ഇതേ സമയം ഇസ്‌ലാമിക ഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്ന നബി -ﷺ- യുടെ കൽപ്പന നിറവേറ്റുന്ന പണ്ഡിതന്മാരും പ്രബോധകരും എത്രയെല്ലാം നിസ്കരിക്കുകയും നോമ്പെടുക്കുകയും, ജീവിതം മുഴുവൻ ഇസ്‌ലാമിനായി ത്യജിക്കുകയും ചെയ്താലും ജമാഅതുകാർക്ക് ‘ശൈത്വാൻ’ മാത്രമായി തുടരും. ഭരണാധികാരിയിലേക്ക് ചേർത്തി വൃത്തികെട്ട വിശേഷണങ്ങളും ഇരട്ടപ്പേരുകളും ചേർത്തിക്കൊടുക്കാൻ യാതൊരു പേടിയോ ഭയമോ ഇക്കൂട്ടർക്ക് ഉണ്ടാവുകയില്ല.

ഹറമിന്റെ പരിശുദ്ധ മിമ്പറുകളിൽ എഴുന്നേറ്റു നിൽക്കുന്ന ഇമാമുമാരുടെ ഖുർആൻ പാരായണം വരെ ജമാഅതുകാരന് തൃപ്തി നൽകാതിരിക്കുന്നതിന് കാരണം അവർ ദീനിലെ ഏതെങ്കിലുമൊരു കൽപ്പന മാറ്റിവെച്ചു എന്നതല്ല. ഭരണാധികാരിയെ അനുസരിക്കുന്നു എന്നതാണ്. അല്ലാഹുവിന്റെ ദീൻ എത്രയെല്ലാം പ്രചരിപ്പിച്ചാലും, അവന്റെ സംസാരമായ ഖുർആൻ എത്ര കോടി മനുഷ്യരുടെ ഹൃദയങ്ങളിൽ എത്തിച്ചു നൽകാൻ പരിശ്രമിച്ചാലും അവർ -ജമാഅതുകാരന്റെ ലിസ്റ്റിൽ- ‘വഞ്ചകരും കൊട്ടാരപണ്ഡിതന്മാരും’ തന്നെയായിരിക്കും.

ജമാഅതുകാരുടെയും അവരുടെ ആദർശം പേറുന്ന സോളിഡാരിറ്റിയെ പോലുള്ള ഔദ്യോഗിക കക്ഷികളുടെയും, എസ് ഡി പി ഐ പോലുള്ള അനൗദ്യോഗിക കക്ഷികളുടെയും അടുക്കൽ ഇസ്‌ലാമെന്നാൽ തനിച്ച രാഷ്ട്രീയം മാത്രമാണ്. ‘ഇസ്‌ലാമിൽ രാഷ്ട്രീയമുണ്ടെന്നാണ്’ അവർ പുറമേക്ക് പറയുന്നതെങ്കിലും ‘രാഷ്ട്രീയമാണ് ഇസ്‌ലാം’ എന്നാണ് അവർ മനസ്സിലാക്കി വെച്ചിരിക്കുന്നത്. ‘ഇസ്‌ലാം സങ്കുചിതമല്ല; അതിൽ രാഷ്ട്രീയവുമുണ്ട്’ എന്നാണ് അവർ നമ്മെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെങ്കിലും രാഷ്ട്രീയത്തിന്റെ ഇടുങ്ങിയ വേലിക്കുള്ളിൽ ആകാശഭൂമികളോളം വിശാലമായ ഇസ്‌ലാമിനെ വരിഞ്ഞു കെട്ടാനാണ് അവർ ശ്രമിക്കുന്നതെന്ന് നമുക്കറിയാം.

ജമാഅതുകാരന്റെ കണ്ണിലെ രാഷ്ട്രീയം മാത്രമായിരുന്നു നബി -ﷺ- ഏൽപ്പിച്ചു പോയ ഇസ്‌ലാമെങ്കിൽ അബൂ ത്വാലിബ് ഈ ദീനിലെ വലിയ്യുകളിൽ പെടുമായിരുന്നു. കാരണം മക്കയിലെ ക്രൂരനേതാക്കന്മാര്‍ക്കെതിരെ അതിശക്തമായാണ് അയാള്‍ നിലകൊണ്ടത്. ശഅബു അബീ ത്വാലിബില്‍ നബി -ﷺ- യോടൊപ്പം കഠിനപ്രയാസങ്ങള്‍ സഹിക്കാന്‍ വരെ അയാള്‍ തയ്യാറായിട്ടുണ്ട്.

എന്നാല്‍ അല്ലാഹു തൃപ്തിപ്പെട്ടു നല്‍കിയ ഇസ്‌ലാമില്‍ അയാള്‍ നരകവാസിയാണ്. ഏതൊരു അബൂ ജഹലിനെയും ഉത്ബയെയും ശൈബയെയുമാണോ അയാള്‍ തടുത്തു വെച്ചത്; അതേ നരകത്തില്‍. നബി -ﷺ- യുടെ ശഫാഅതില്ലായിരുന്നെങ്കില്‍ നരകത്തിന്റെ അഗാധമായ ആഴങ്ങളില്‍ അയാള്‍ എത്തിപ്പെടുമായിരുന്നു!

ജമാഅതുകാരന്റെ കണ്ണിലെ രാഷ്ടീയം മാത്രമായിരുന്നു നബി -ﷺ- ഏൽപ്പിച്ചു പോയ ഇസ്‌ലാമെങ്കിൽ ഹജ്ജാജിന്റെ കഠിനക്രൂരതകളിൽ ക്ഷമിക്കൂ എന്ന് ഉപദേശിച്ചു കൊണ്ടേയിരുന്ന ഇബ്‌നു ഉമറും അനസു ബ്നു മാലികും ഈ ദീനിന്റെ നേതാക്കന്മാരാകില്ലായിരുന്നു. തങ്ങള്‍ക്കെതിരെ ഹജ്ജാജ് അഴിച്ചു വിടുന്ന ക്രൂരതകള്‍ എണ്ണിപ്പറഞ്ഞവരോട് ‘ക്ഷമിക്കൂ! നിങ്ങള്‍ക്ക് ഇന്നിനേക്കാള്‍ മോശമായ നാളെകളല്ലാതെ വരാനിരിക്കുന്നില്ല’ എന്ന് ഉപദേശിച്ചു നല്‍കിയ അനസ് ബ്നു മാലികും, ഹജ്ജാജിനെതിരെ പടപ്പുറപ്പാടിനിറങ്ങിയ ഇബ്‌നുൽ അശ്അസിന്റെ സൈന്യത്തെ തടുത്തു വെച്ച ഹസനുൽ ബസ്വ് രിയും ഈ ഉമ്മതിന്റെ മുൻപന്തിയിലുണ്ടാകില്ലായിരുന്നു.

പറഞ്ഞും കേട്ടും മടുത്ത കാര്യമാണെങ്കിലും വീണ്ടും പറയട്ടെ; ജമാഅതെ ഇസ്‌ലാമിയിലെ ഇസ്‌ലാം നബി -ﷺ- പഠിപ്പിച്ച ഇസ്‌ലാമല്ല.

✍🏽 അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Join alaswala.com/SOCIAL
Telegram t.me/ALASWALA

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: