വനിതകളുടെ സമരപങ്കാളിത്തം എന്ന തലക്കെട്ടിൽ ഡോ. സി കെ അബ്ദുല്ല എഴുതിയ കുറിപ്പ് വായിക്കാനിടയായി. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സമര പരിപാടികളിലേക്ക് മുസ്‌ലിം സ്ത്രീകളെ വലിച്ചിറക്കാൻ വേണ്ടി നബി -ﷺ- യുടെ ചരിത്രത്തിൽ നിന്നുള്ള സംഭവങ്ങൾ അനേകം ഈ കുറിപ്പിൽ അദ്ദേഹം എടുത്തുദ്ധരിക്കുന്നുണ്ട്.

ഖുർആനിലും സുന്നത്തിലും സ്ത്രീകൾ വീടുകളിൽ അടങ്ങിയിരിക്കണമെന്ന വ്യക്തമായ കൽപ്പന പലയിടത്തും വന്നിരിക്കെ, അവരുടെ അഭിമാനവും ചാരിത്ര്യവും പതിവ്രതയും കാത്തു സൂക്ഷിക്കുക എന്നത് സുപ്രധാനമാണ് എന്ന് ബോധ്യപ്പെടുത്തുന്ന അനേകം തെളിവുകൾ ഉണ്ടായിരിക്കെ, അവയൊന്നും കാണാതെ തനിക്ക് വേണ്ടത് മാത്രം ഒരാൾ ചരിത്രത്തിൽ നിന്നും മറ്റും കണ്ടെത്തുന്നത് ശരിയല്ല.

ഒരു അവ്യക്തതക്കും ഇടയില്ലാത്ത വിധം അല്ലാഹു പറയുന്നത് നോക്കൂ:

وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ

“നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌.” (അഹ്സാബ്: 33)

യഹൂദന്മാരോട് അല്ലാഹു ചോദിച്ചതു പോലെ: ‘നിങ്ങളെന്തു കൊണ്ടാണ് തൗറാതിലെ ചിലത് വിശ്വസിക്കുകയും, മറ്റു ചിലത് നിഷേധിക്കുകയും ചെയ്യുന്നത്?’ എന്ന് ഇത്തരക്കാരോട് ചോദിച്ചു പോകേണ്ടി വരികയാണ്. അദ്ദേഹം എടുത്തുദ്ധരിച്ച തെളിവുകൾ ചെറിയ രൂപത്തിൽ ഒന്നിവിടെ വിലയിരുത്താം.

1- ഖദീജാ ബീവി ശഅ്ബു അബീ ത്വാലിബിൽ ഉപരോധിക്കപ്പെട്ടു എന്നത്.

നബി -ﷺ- യെയും അവിടുത്തെ ദീനിൽ വിശ്വസിച്ച സ്വഹാബികളെയും ഉപദ്രവിക്കണമെന്ന ഉദ്ദേശത്തിൽ ഒരു വർഷത്തോളം മക്കക്കാർ ബനൂ ഹാശിമിന് ഉപരോധം ഏർപ്പെടുത്തിയപ്പോൾ നബി -ﷺ- യോടൊപ്പം ഉപരോധം നേരിട്ടു കൊണ്ട് ഖദീജ -رَضِيَ اللَّهُ عَنْهَا- കഴിഞ്ഞു കൂടി എന്നത് എങ്ങനെയാണ് പ്രതിഷേധത്തിന് സ്ത്രീകൾ പങ്കെടുക്കുന്നതിനുള്ള തെളിവാവുക എന്ന് മനസ്സിലാവുന്നില്ല.

യഥാർത്ഥത്തിൽ ആ സംഭവം ഇത്തരം പ്രതിഷേധങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടരുതെന്നാണല്ലോ സൂചിപ്പിക്കുന്നത്?! ഖദീജ -رَضِيَ اللَّهُ عَنْهَا- അബൂലഹബിന്റെയും അബൂ ജഹ്ലിന്റെയും വീട്ടിന് മുൻപിൽ സമരമോ പ്രതിഷേധമോ നടത്തിയിരുന്നെങ്കിൽ ഈ പറഞ്ഞതിൽ എന്തെങ്കിലും തെളിവുണ്ടാകുമായിരുന്നു.എന്നാൽ അവർ തന്റെ ഭർത്താവായ നബി -ﷺ- യോടൊപ്പം ഉപരോധം അനുഭവിക്കുകയാണ് ചെയ്തത്. സമരത്തിന് ഇറങ്ങുകയോ മുശ്രിക്കുകൾക്കെതിരെ വാളെടുക്കുകയോ ചെയ്തില്ല.

‘ഖദീജ ആ കുടുമ്പത്തിൽ പെട്ടവരല്ല. അവർക്ക് ഉപരോധത്തിന് ഇരയാവാതെ മാറി നിൽക്കാമായിരുന്നു.’ എന്ന് സികെ അബ്ദുല്ല എഴുതിയത് വലിയ അത്ഭുതം തന്നെ. സ്വന്തം ഭർത്താവ് ഉപരോധത്തിന് ഇരയാകുമ്പോൾ ഞാൻ ബനൂ ഹാഷിമിൽ പെട്ടതല്ല എന്ന സാങ്കേതിക ന്യായം പറഞ്ഞ് വീട്ടിൽ തിന്നും കുടിച്ചും കഴിഞ്ഞു കൂടിയാൽ എന്തായിരിക്കും ദാമ്പത്യ ജീവിതത്തെ കുറിച്ച് അത് നൽകുന്ന സന്ദേശം?! എങ്ങനെയാണ് അത് മഹത്തരമായ ഒരു മാതൃകയാവുക?! അത്ഭുതം തന്നെ!

*2- അഖബാ ഉടമ്പടിയിൽ രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നു.*

മദീനയിൽ നിന്ന് ഹജ്ജിന് വന്ന സംഘത്തിൽ മുസ്‌ലിംകളായി ഉണ്ടായിരുന്നവർ നബി -ﷺ- യുമായി സന്ധിക്കുകയും, മദീനയിലേക്ക് വന്നാൽ ഞങ്ങൾ താങ്കളെ സംരക്ഷിക്കുന്നതാണെന്ന് കരാർ നൽകുകയും ചെയ്തു. ഇന്ന് നടക്കുന്ന പ്രതിഷേധവുമായി ഇതിനെല്ലാം എന്ത് ബന്ധമാണുള്ളത് എന്ന് മനസ്സിലാകുന്നില്ല. ഉടമ്പടിയെന്നാൽ വാളും പരിചയുമെല്ലാം എടുത്തുള്ള പോരാട്ടമാണെന്നാണോ ഇദ്ദേഹം കരുതിയിരിക്കുന്നത്?!

ഇസ്‌ലാമിക ചരിത്രത്തിൽ സ്ത്രീ എന്നു കാണുന്നിടമെല്ലാം എടുത്ത് പ്രതിഷേധത്തിന് തെളിവാക്കുകയാണോ സികെ അബ്ദുല്ല എന്ന് തോന്നിപ്പോകും അദ്ദേഹത്തിന്റെ തെളിവുകൾ കണ്ടാൽ! അഖബ ഉടമ്പടിയിലെ രണ്ട് സ്ത്രീകളുടെ സാന്നിധ്യമെടുത്ത് ഇന്ന് നടക്കുന്ന പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിൽ പറഞ്ഞാൽ ചിലരെങ്കിലും വിചാരിക്കുക ഈ രണ്ട് സ്ത്രീകളുമാണ് നബിയുടെ മദീനയിലേക്കുള്ള വരവും താമസവുമെല്ലാം തീരുമാനിച്ചത് എന്നാണ്.

നബി -ﷺ- ബയ്അത് വാങ്ങുമ്പോഴോ സലാം പറയുമ്പോഴോ ഒരു സ്ത്രീയുടെ കയ്യിൽ പോലും തൊട്ടിട്ടില്ല എന്നാണ് ഹദീഥുകളിൽ കാണാൻ കഴിയുക. ഇബ്‌നു ഹജർ അദ്ദേഹത്തിന്റെ അൽ ഇസ്വാബ എന്ന ഗ്രന്ഥത്തിൽ അഖബ ഉടമ്പടിയിലെ ഈ സംഭവം ഉദ്ധരിച്ചപ്പോൾ അക്കാര്യം വ്യക്തമാക്കുന്ന ഒരു ഹദീഥും ഉദ്ധരിച്ചിട്ടുണ്ട്. അഖബയിൽ പങ്കെടുത്ത ഈ രണ്ട് സ്ത്രീകൾക്ക് നബി -ﷺ- കൈ നൽകിയില്ലെന്നും, ‘നിങ്ങൾക്ക് ഞാൻ ബയ്അത് തന്നിരിക്കുന്നു; ഞാൻ സ്ത്രീകൾക്ക് കൈ കൊടുക്കില്ല’ എന്ന് പറയുകയും ചെയ്തുവെന്ന് ആ ഹദീഥിൽ കാണാം.

ഒന്നു കൈ പോലും കൊടുക്കാതെ മാറി നിന്ന നബി -ﷺ- യുടെ ചരിത്രത്തിൽ നിന്നെങ്ങനെയാണ് ശത്രുവിന്റെ കയ്യിൽ കിടന്ന് ഞെരിഞ്ഞമരേണ്ടി വരികയും, ഒപ്പമുള്ള പുരുഷന്മാരുമായി തൊട്ടുരുമ്മേണ്ടി വരികയും, രാത്രികളിലും മറ്റും അനിശ്ചിതത്വങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്ന സമരവേദികളിലെ സ്ത്രീ സാന്നിധ്യത്തിന് തെളിവ് കണ്ടെത്തുക?! വീണ്ടും അത്ഭുതം തന്നെ കാര്യം!

3- ഉമ്മു അമ്മാറയും ഉഹ്ദ് യുദ്ധവും.

സ്ത്രീകളെ സമരമുഖത്തേക്ക് ഇറക്കാൻ തിടുക്കപ്പെട്ടു നിൽക്കുന്നവർ കാര്യമായി എടുത്തു പറയുന്ന സംഭവമാണ് ഉമ്മു അമ്മാറയുടെ ഉഹ്ദ് യുദ്ധത്തിലെ പങ്കാളിത്തം. സ്ത്രീ പുരുഷന്മാർ ഇടകലരാമെന്നതിന് ഈ സംഭവം തെളിവേയല്ല. കാരണം:

(1) ഈ പറയപ്പെട്ട സംഭവം സ്വഹീഹായി -സ്ഥിരപ്പെട്ട രൂപത്തിൽ- ഹദീഥ് ഗ്രന്ഥങ്ങളിൽ വന്നിട്ടില്ല. കളവ് പറയുന്നയാളായി (കദ്ദാബ്) ഹദീഥ് പണ്ഡിതന്മാരാൽ മുദ്രകുത്തപ്പെട്ട വാഖിദി തന്റെ മഗാസിയിലാണ് ഈ സംഭവം ഉദ്ദരിച്ചിരിക്കുന്നത്. വാഖിദിയിൽ നിന്ന് ഇബ്‌നു സഅ്ദ് തന്റെ ത്വബക്വാത്തിലും ഉദ്ധരിച്ചിട്ടുണ്ട്.

ഇത്തരം ദുർബലമായ സംഭവങ്ങളാണോ സ്ത്രീകൾ വീട്ടിൽ അടങ്ങിയിരിക്കണമെന്നുള്ള വ്യക്തമായ ഖുർആൻ ആയത്തിനെതിരെ തെളിവായി കൊണ്ടുവരേണ്ടത്?! ഇതിനേക്കാൾ ശക്തമായ സനദുള്ള, സ്ത്രീകളെ ഇത്തരം യുദ്ധങ്ങളിലേക്കും പോരാട്ടങ്ങളിലേക്കും ഇറക്കരുതെന്ന് വ്യക്തമാക്കുന്ന നബി -ﷺ- യുടെ ഹദീഥുകൾക്കെതിരെ എങ്ങനെയാണ് ദീനിനോട് സത്യസന്ധതയും കൂറുമുള്ള ഒരാൾക്ക് ഇത്തരം ഹദീഥുകൾ തെളിവായി കൊണ്ടുവരാൻ സാധിക്കുക?!

(2) ഈ സംഭവം സ്ഥിരപ്പെട്ടുവെന്ന് വെച്ചാൽ തന്നെയും അതിൽ തെളിവില്ല. കാരണം ഉഹ്ദ് യുദ്ധം മദീനയിലെ ആദ്യ കാലഘട്ടത്തിലാണ് നടക്കുന്നത്. സ്ത്രീകൾ മറസ്വീകരിക്കുന്നത് നിർബന്ധമാണെന്ന് അറിയിക്കുന്ന ഹിജാബിന്റെ ആയത്തുകൾ പിൽക്കാലഘട്ടത്തിലാണ് അവതരിക്കുന്നത്. ഉമ്മു അമ്മാറയുടെ ഈ സംഭവം അത്തരം പ്രവർത്തനങ്ങൾ നിരോധിക്കപ്പെടുന്നതിന് മുൻപായിരുന്നു എന്ന് അതിൽ നിന്ന് മനസ്സിലാക്കാം.

4- സ്വഫിയ്യയും ഖന്ദഖും.

ഖന്ദഖ് യുദ്ധത്തിൽ മദീനയിൽ മുസ്‌ലിം സ്ത്രീകളെ പാർപ്പിട ഇടത്തേക്ക് പ്രവേശിക്കാൻ കഴിയുമോ എന്ന് അറിയുന്നതിന് വേണ്ടി യഹൂദന്മാർ ഒരു ചാരനെ പറഞ്ഞയച്ചു. അയാളെ കൊലപ്പെടുത്തിയത് സ്വഫിയ്യ -رَضِيَ اللَّهُ عَنْهَا- യാണ് എന്ന് ചരിത്രത്തിൽ കാണാം. ഈ സംഭവം പൂർണ്ണമായി വായിച്ചാൽ ഇദ്ദേഹം തെളിവ് പിടിച്ചതിന് നേരെ എതിരെയാണ് ഈ സംഭവം എന്നാണ് മനസ്സിലാവുക.

അഹ്സാബ് യുദ്ധത്തിൽ പതിനായിരം വരുന്ന സൈന്യത്തെ മുന്നിൽ കാണുന്ന, തീർത്തും സന്നിഗ്ദമായ ഒരു ഘട്ടത്തിൽ പോലും നബി -ﷺ- സ്ത്രീകളെ മദീനക്കുള്ളിൽ -അവരുടെ വീടുകളിൽ- നിർത്തി എന്നത് സ്ത്രീകൾ യുദ്ധം പോലുള്ള കാര്യങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നാണ് യഥാർത്ഥത്തിൽ അറിയിക്കുന്നത്. എവിടെയെങ്കിലും സ്ത്രീകളെ നബി -ﷺ- യുദ്ധത്തിൽ ഉപയോഗപ്പെടുത്തുമായിരുന്നെങ്കിൽ ഖന്ദഖിൽ ഉപയോഗപ്പെടുത്തണമായിരുന്നു. സ്വഹാബികളിൽ പലരുടെയും ജീവൻ തൊണ്ടക്കുഴിയിലെത്തി പോയ, അവരിൽ പലരെയും കടുത്ത ഭയം പിടികൂടിയ യുദ്ധമായിരുന്നു ഖന്ദഖ്. പക്ഷേ അവിടെ പോലും നബി -ﷺ- സ്ത്രീകളെ വീട്ടിലാക്കുകയാണ്.

അപ്പോൾ പിന്നെ സ്വഫിയ്യ -رَضِيَ اللَّهُ عَنْهَا- യുടെ സംഭവം എന്താണ്?! നബി -ﷺ- ഖന്ദഖിൽ മുശ്രിക്കുകളുടെ മുൻപിലായതിനാൽ ആ സന്ദർഭം മുതലെടുത്ത് മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടു പോകാൻ കഴിയുമോ എന്ന് പരിശോധിക്കാൻ വന്നതായിരുന്നു ഒരു യഹൂദൻ. അയാൾ അവിടെ റോന്ത് ചുറ്റുന്നത് കണ്ടപ്പോൾ നബി -ﷺ- സ്ത്രീകൾക്ക് കാവലായി നിർത്തിയ ഹസ്സാൻ -رَضِيَ اللَّهُ عَنْهُ- വിനോട് അയാളെ പിടികൂടി വധിച്ചു കളയാൻ സ്വഫിയ്യ -رَضِيَ اللَّهُ عَنْهَا – ആവശ്യപ്പെട്ടു.

ഹസ്സാൻ -رَضِيَ اللَّهُ عَنْهُ- വയോവൃദ്ധനായിരുന്നു. തനിക്ക് ഒരാളെ ആയുധം കൊണ്ട് നേരിടാനുള്ള ശേഷിയില്ലെന്ന് ഹസ്സാൻ -رَضِيَ اللَّهُ عَنْهُ- ഒഴിവുകഴിവ് ബോധിപ്പിച്ചപ്പോഴാണ് സ്വഫിയ്യ -رَضِيَ اللَّهُ عَنْهَا- ഈ യഹൂദനെ കൊന്നുകളയാൻ വേണ്ടി ഇറങ്ങുന്നത്. അയാളെ കൊലപ്പെടുത്തിയതിന് ശേഷം ഹസ്സാന്റെ അരികിലേക്ക് വന്ന് ‘ഞാനൊരു സ്ത്രീയാണ്! അവന്റെ ശരീരത്തിൽ തൊട്ട് അവനെ മാറ്റിയിടാൻ എനിക്ക് സാധിക്കുകയില്ല. അത് താങ്കൾ തന്നെ ചെയ്യൂ’ എന്ന് സ്വഫിയ്യ -رَضِيَ اللَّهُ عَنْهَا- പറഞ്ഞുവെന്നാണ് ചരിത്രത്തിന്റെ ബാക്കി.

നോക്കൂ! സ്ത്രീകളെ പുറത്തിറക്കരുതെന്നും, അവർ പുരുഷന്മാരുമായി ഇടകലരുന്നത് ഒഴിവാക്കണമെന്നും പഠിപ്പിക്കുന്ന ഒരു ചരിത്രത്തിൽ നിന്നാണ് ഇക്കൂട്ടർ സ്ത്രീകളെ പുറത്തിറക്കാൻ തെളിവുണ്ടാക്കുന്നത്. ഇസ്‌ലാമിനോടും മുസ്‌ലിം സ്ത്രീകളോടും ഇവർ ചെയ്യുന്ന അപരാധം എത്ര വലുതല്ല?!

5- ഹുദൈബിയ്യയും ഉമ്മുസലമയും.

ഹുദൈബിയ സന്ധിയിൽ മുസ്‌ലിംകൾക്ക് പ്രയാസകരമായ അനേകം കരാറുകളും നിബന്ധനകളും ഉണ്ടായിരുന്നു എന്നത് ഏവർക്കും അറിയാമല്ലോ?! മക്കയിൽ ഉംറ ചെയ്തു തിരിച്ചു വരാം എന്ന പ്രതീക്ഷയിൽ പുറപ്പെട്ട സ്വഹാബികളോട്, ഉംറ ചെയ്യാതെ തിരിച്ചു പോകാനും, ഇവിടെ വെച്ച് ഉംറയുടെ ചടങ്ങുകളിൽ നിന്ന് വിരമിക്കുമ്പോൾ ചെയ്യാറുള്ളത് പോലെ മുടി വടിക്കണമെന്നും നബി -ﷺ- കൽപ്പിച്ചു.

കടുത്ത വൈകാരികമായ ആ സന്ദർഭത്തിൽ സ്വഹാബികൾ തരിച്ചു നിന്നു. തന്റെ കൽപ്പന അനുസരിക്കാത്ത സ്വഹാബികളുടെ പ്രവൃത്തിയിൽ നബി -ﷺ-ക്ക് നീരസമുണ്ടായി. അവിടുന്ന് തന്റെ കൂടാരത്തിലേക്ക് തിരിച്ചു കയറി. അപ്പോൾ അവിടെയുണ്ടായിരുന്ന ഉമ്മു സലമ പറഞ്ഞു കൊടുത്തു: ‘നബിയേ! താങ്കൾ അവരോട് ഒന്നും കൽപ്പിക്കാതെ അവരുടെ മുന്നിൽ പോയി മുടി വടിച്ചു കളയുക.’ നബി -ﷺ- അപ്രകാരം ചെയ്തപ്പോൾ ഓരോ സ്വഹാബികളായി എഴുന്നേറ്റു പോയി മുടിയെടുത്തു.

കൂടാരത്തിൽ മറക്കുള്ളിൽ ഇരിക്കുന്ന നബി -ﷺ- യുടെ പത്നിയെവിടെ?! വീട്ടിൽ നിന്ന് പുറത്തിറങ്ങി ഒരു പരിചയവുമില്ലാത്ത പുരുഷന്മാരുടെ ഇടയിൽ ഞെരിഞ്ഞമരേണ്ടി വരുന്ന സ്ത്രീകളെവിടെ?! സുബ്‌ഹാനല്ലാഹ്! ഈ രൂപത്തിൽ ദീനിനെ വക്രീകരിക്കുന്നത് അല്ലാഹുവിന്റെ കൂടുതൽ പരീക്ഷണങ്ങൾ വന്നു ഭവിക്കാനേ കാരണമാകൂ എന്നോർക്കുക!

6- ഉമ്മു സുലൈമും ഹുനൈനും.

ഉമ്മു സുലൈം ഹുനൈൻ യുദ്ധത്തിന് പുറപ്പെടുമ്പോൾ തന്റെ കയ്യിൽ ഒരു കുന്തം കൂടി കരുതിയിരുന്നു. ഇത് കണ്ടപ്പോൾ -പൊതുവെ മുസ്‌ലിം സ്ത്രീകൾ കയ്യിൽ ആയുധം കരുതാറില്ല; കാരണം രോഗികളെ ശുശ്രൂഷിക്കുന്നതിനും അവർക്ക് വെള്ളം നൽകുന്നതിനുമാണ് സ്ത്രീകൾ വരാറുള്ളത് എന്നതിനാൽ- നബി -ﷺ- ചോദിച്ചു: ഉമ്മു സുലൈം! എന്തിനാണ് കയ്യിൽ ഈ ആയുധം?! അവർ പറഞ്ഞു: ഏതെങ്കിലും മുശ്‌രിക് എന്റെയരികിലേക്ക് വന്നാൽ അവന്റെ വയറ് കുത്തിക്കീറാനാണ് നബിയേ?!

നോക്കൂ! സ്വയം പ്രതിരോധത്തിനാണ് അവർ ആയുധം കരുതിയത്. അല്ലാതെ യുദ്ധത്തിറങ്ങണമെന്ന തീരുമാനവുമായല്ല അവർ പുറപ്പെട്ടത്. അതൊരിക്കലും സ്വഹാബീ വനിതകളുടെ രീതിയായിരുന്നുമില്ല എന്ന് നബി -ﷺ- യുടെ ചോദ്യത്തിൽ നിന്ന് മനസ്സിലാക്കാം. ഇത്രയെല്ലാം യുദ്ധങ്ങൾ നടന്നിട്ടും അതിൽ ആകെ ഒരു ഉമ്മു സുലൈമിന്റെ ചരിത്രം മാത്രമേ പറയാൻ കഴിയുന്നുള്ളൂ എന്നത് പോലും സ്ത്രീകൾ ഇത്തരം കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടരുത് എന്നറിയിക്കുന്നുണ്ട്.

എന്നാൽ -നേരത്തെ പറഞ്ഞതു പോലെ- ഇസ്‌ലാമിക ചരിത്രത്തിൽ സ്ത്രീയെന്നും ഒപ്പം ഒന്നോ രണ്ടോ പുരുഷനുമെന്ന് കണ്ടാൽ ഉടനടി അത് സമരത്തിനിറങ്ങാനുള്ള തെളിവാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പലരും. ഇതാണ് നിങ്ങളുടെ തെളിവിന്റെ അവസ്ഥയെങ്കിലും -ഇതിന്റെ പത്തിരട്ടി തെളിവുകൾ ഇതിനെക്കാൾ ബലവത്തായ രൂപത്തിൽ- സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിന് എടുത്തു നൽകിയാൽ ഇക്കൂട്ടരിൽ പലരും തങ്ങളുടെ ബുദ്ധിയും ന്യായങ്ങളും കൊണ്ട് അവ തള്ളിക്കളയും. വീണ്ടും നേരത്തെ പറഞ്ഞ ചോദ്യം ഉന്നയിക്കട്ടെ: ‘നിങ്ങളെന്തേ -യഹൂദരെ പോലെ- ചിലത് സ്വീകരിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയും ചെയ്യുന്നു?’.

7- ഖൈബർ കോട്ടയും സ്ത്രീകളും.

നബി -ﷺ- സൈന്യത്തിനോടൊപ്പം സ്ത്രീകളെ ഉൾപ്പെടുത്തിയിരുന്നു; പരുക്കേൽക്കുന്നവരെ പരിചരിക്കാനും, പടയാളികൾക്ക് വെള്ളവും മറ്റും എടുത്തു നൽകുന്നതിനും. അതായിരുന്നു അവരുടെ യുദ്ധത്തിലെ പങ്കാളിത്തം. കാരണം യുദ്ധത്തിൽ ഇറങ്ങി നിന്നു കൊണ്ടുള്ള പോരാട്ടം പുരുഷന്മാരുടെ മേലാണ് ബാധ്യതയുള്ളത്. ഇസ്‌ലാമിക ചരിത്രത്തിലെ യുദ്ധങ്ങളെല്ലാം അപ്രകാരമാണ്. സൈന്യത്തിനോടൊപ്പം വന്നിട്ടുള്ള അതു തന്നെയും അനിവാര്യ സാഹചര്യം വന്നാലേ അവർ പുരുഷന്മാരെ ചികിത്സിക്കാറുണ്ടായിരുന്നുള്ളൂ.

ഒരു യുദ്ധത്തിൽ പോലും സ്ത്രീകളെ നബി -ﷺ- നേതാവാക്കിയിട്ടില്ല. ഏതെങ്കിലും ഒരു ചെറുസംഘത്തെ പോലും അവരുടെ നേതൃത്വത്തിലാക്കിയിട്ടില്ല. സ്ത്രീകൾക്ക് ഗനീമത്തിൽ നിന്ന് നിശ്ചിത പങ്ക് നബി -ﷺ- നൽകാറില്ലായിരുന്നു; അവർക്ക് ചെറിയ എന്തെങ്കിലും നൽകാറായിരുന്നു ഉണ്ടായിരുന്നത് എന്ന ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- വും വിശദീകരിച്ചത് കാണാം. ആയിശ -رَضِيَ اللَّهُ عَنْهَا- നബി -ﷺ- യോട് ജിഹാദിന് പുറപ്പെടട്ടെ എന്ന് അനുവാദം ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: ‘ഇല്ല! നിങ്ങൾക്ക് ഏറ്റവും ശ്രേഷ്ഠമായ ജിഹാദുണ്ട്; പുണ്യാർഹമായ ഹജ്ജാകുന്നു അത്.” (ബുഖാരി: 1520)

എന്നാൽ ഖൈബറിൽ പോകുമ്പോൾ ഇബ്‌നു റവാഹ പാട്ടു പാടിയപ്പോൾ ‘സ്ത്രീകൾ ഒട്ടകപ്പുറത്ത് നിന്ന് വീണു പോകുമെന്ന്’ ഭയന്നതിനാൽ നബി -ﷺ- അദ്ദേഹത്തെ അതിൽ നിന്ന് തടഞ്ഞു എന്ന സംഭവത്തിൽ നിന്ന് സികെ അബ്ദുല്ലക്ക് മനസ്സിലായത് സ്ത്രീകൾ ഇന്ന് കാണുന്ന രൂപത്തിൽ പോരാട്ടത്തിന് ഇറങ്ങിയിരുന്നു എന്നാണ്. ‘വയ്ലുൻ ലിൽ മുസ്വല്ലീൻ’ എന്ന ആയത്തിൽ നിന്ന് നിസ്കരിക്കാനേ പാടില്ല എന്ന് തെളിവു പിടിക്കുന്ന മാതിരിയാണ് ഡോക്ടറായ സികെ അബ്ദുല്ലയുടെ തെളിവുകൾ എന്നത് തീർത്തും സങ്കടകരം തന്നെ.

എങ്ങനെയാണ് ഇബ്‌നു റവാഹയുടെ സംഭവം ഇദ്ദേഹം പറഞ്ഞതിനെല്ലാം തെളിവാവുക എന്ന് അബ്ദുല്ല തന്നെ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

8- മുഅ്തയും, പിന്നെ ഉമ്മു ഹറാമിന്റെ സംഭവവും.

മുഅ്ത യുദ്ധത്തിൽ ശത്രുക്കളിൽ നിന്ന് പിന്മാറാൻ -സികെ അബ്ദുല്ല പറഞ്ഞ പോലെ- സ്ത്രീകളെ പ്രത്യേകമായി ഉപയോഗിച്ചു എന്നല്ല വന്നിട്ടുള്ളത്. മറിച്ച് ഖാലിദ് ബ്നു വലീദ് -رَضِيَ اللَّهُ عَنْهُ- സൈന്യത്തിന്റെ ഘടന പൂർണ്ണമായി മാറ്റുകയും, ശേഷം യുദ്ധത്തിന്റെ രണാങ്കണത്തിൽ നിന്ന് പിന്മാറുകയും ചെയ്തു എന്നാണുള്ളത്. യുദ്ധത്തിൽ സ്ത്രീകൾ പങ്കെടുക്കാറുണ്ടായിരുന്നതിന്റെ ലക്ഷ്യം മുൻപ് പലതവണ നാം പറഞ്ഞു കഴിഞ്ഞു. അതു പോലെ ഈ യുദ്ധത്തിലും സ്ത്രീകൾ ഉണ്ടായിരുന്നു എന്നല്ലാതെ അവർ യുദ്ധത്തിൽ പോരാടി എന്ന് ആ സംഭവങ്ങളിൽ എവിടെയുമില്ല.

ഉമ്മു ഹറാമിന്റെ സംഭവത്തിലുള്ളത് അവർ യുദ്ധത്തിലെ സൈന്യത്തിനോടൊപ്പം പുറപ്പെട്ടു. ആ യുദ്ധത്തിൽ പോരാട്ടത്തിനിടയിലല്ല അവർ മരണപ്പെട്ടത്. മറിച്ച് വാഹനപ്പുറത്ത് നിന്നു വീണതിനാലാണ് അവരുടെ മരണം സംഭവിച്ചത്.

9- അബ്ദുൽ ഹലീം അബൂ ശുഖയുടെ തഹ്റീറുൽ മർഅ എന്ന ഗ്രന്ഥം.

സികെ അബ്ദുല്ല പറയുന്നു: ‘പ്രവാചക കാലത്ത് വനിതകൾ സാമൂഹിക ശാക്തീകരണത്തിൽ പങ്കുകൊണ്ടതിനെ സംബന്ധിച്ച് ഡോ അബ്ദുൽഹലീം അബൂ ശഖ്‌ഖ നാല് വാള്യങ്ങളുള്ള ഒരു ബ്രഹദ് ഗ്രന്ഥം രചിച്ചിട്ടുണ്ട് – “തഹ് റീറുൽ മർഅ ഫീ അസ്രിർരിസാല”.’

സികെ അബ്ദുല്ല സ്ത്രീകളെ പോരാട്ടത്തിന് ഇറക്കാൻ നൽകിയ തെളിവുകളുടെ അതേ നിലവാരത്തിൽ തന്നെ എഴുതപ്പെട്ട ഒരു ഗ്രന്ഥമാണ് ഈ പറയപ്പെട്ട തഹ്റീറുൽ മർഅഃ എന്ന ഗ്രന്ഥം. ഇസ്‌ലാമിൽ സ്ത്രീകളുമായി ബന്ധപ്പെട്ട് പാലിക്കാൻ കൽപ്പിച്ചിട്ടുള്ള അതിർവരമ്പുകളെ നിസ്സാരവൽക്കരിക്കാൻ തെളിവ് കണ്ടെത്തി നൽകുകയും, ഹദീഥുകളെ തന്റെ ഭാവനകൾക്കനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഈ ഗ്രന്ഥവും അതു പോലുള്ളതും തന്നെയായിരിക്കണം ഇത്തരം ‘തലതിരിഞ്ഞ’ ചിന്തകളുടെ മൂലസ്രോതസ്സ്.

എന്തായാലും ഈ പുസ്തകം എടുത്തു പറഞ്ഞ സ്ഥിതിക്ക് പറയാം: ഈ പുസ്തക പ്രകാരമാണ് മുസ്‌ലിം സ്ത്രീയെ നിങ്ങൾ വിമോചിപ്പിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ‘കാലമേറെ പരിചയമുള്ള സ്വാലിഹീങ്ങളായ അതിഥികളോടുള്ള മര്യാദയായി മുസ്‌ലിം സ്ത്രീകൾ അവരുടെ തലയിലെ പേൻ എടുത്തു കൊടുക്കുന്ന സ്ഥിതി വരെയുണ്ടാകുമെന്നും’ അതിൽ അബൂ ശുഖ പറഞ്ഞു വെച്ചിട്ടുണ്ട്. ഇനി വീട്ടിൽ വരുന്ന അതിഥികളുടെ പേനെടുത്തു കൊടുക്കാൻ ഇവർ തങ്ങളുടെ ഭാര്യമാരെയും പെൺമക്കളെയും ഒരുക്കി നിർത്തുമോ എന്ന് റബ്ബിനറിയാം!

ആ ഗ്രന്ഥം ഇതു പോലുള്ള വേറെയും കുറേ തമാശകളാൽ നിറഞ്ഞതാണ്. അതു മാത്രം പറയാൻ നിന്നാൽ ലേഖനം ഇനിയും നീണ്ടു പോകും എന്നതിനാൽ അതവിടെ നിർത്തട്ടെ.

10- പൗരോഹിത്യവും സികെ അബ്ദുല്ലയുടെ ഖുർആൻ ആയത്തിന്റെ തർജമയും.

സ്ത്രീകളെ വീട്ടിലിരുത്തണമെന്ന ഖുർആനിലെ കൽപ്പന പറയുന്നവർ പൗരോഹിത്യമാണെന്നും, അവരുടെ സ്ഥാനം നഷ്ടപ്പെടുമെന്ന പേടിയാണ് അതെന്നും, അക്കൂട്ടർ മുനാഫിഖുകളാണെന്നുമൊക്കെ അബ്ദുല്ല അവസാനം പറഞ്ഞു വെക്കുന്നു. എന്നിട്ട് തെളിവായി രണ്ട് ഖുർആൻ ആയത്തുകളും അദ്ദേഹം നൽകിയിട്ടുണ്ട്.

അതിന്റെ അർത്ഥം അറബി ഭാഷാനിയമ പ്രകാരവും തഫ്സീറുകൾ പ്രകാരവും അദ്ദേഹം നൽകിയതിൽ നിന്ന് ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. പലയിടത്തും ഖുർആൻ ആയത്തിന്റെ അർത്ഥം സികെ അബ്ദുല്ലക്ക് തോന്നിയത് പോലുള്ള രൂപത്തിലാണ് എഴുതി വിട്ടിരിക്കുന്നത്. അല്ലാഹുവിന്റെ വാക്കുകൾ തനിക്ക് തോന്നിയ രൂപത്തിൽ അർത്ഥം നൽകിയ അബ്ദുല്ല മറ്റുള്ളവർക്ക് മുനാഫിഖിന്റെ പേര് നൽകുന്നതൊക്കെ വളരെ അതിരു വിട്ട പരിപാടിയായി പോയി എന്നേ പറയാനുള്ളൂ.

അതങ്ങനെയാണ്! ദീനിൽ തനിക്കെതിരെ ഒരഭിപ്രായം പറഞ്ഞാൽ അവൻ മുനാഫിഖും കാഫിറുമെല്ലാമാകും. പക്ഷേ നാഴികക്ക് നാൽപ്പത് വട്ടം അഭിപ്രായസ്വാതന്ത്ര്യവും പരസ്പര സഹിഷ്ണുതയും വിളമ്പുകയും ചെയ്യും ഇത്തരക്കാർ. എന്തൊരു വൈരുദ്ധ്യമാണിതെല്ലാം സഹോദരാ എന്നേ നിരാശയോടെ പറയാനുള്ളൂ.

പ്രാമാണികമായി തെളിവുകൾ നൽകിയും, അവലംബ ഗ്രന്ഥങ്ങളിലേക്കുള്ള സൂചിക നൽകിയുമൊന്നും എഴുതാതിരുന്നത് സികെ അബ്ദുല്ലയുടെ ലേഖനത്തിന് അതിനുള്ള നിലവാരമില്ലാത്തതു കൊണ്ടും, ലേഖനം നീണ്ടു പോകുമെന്ന ഭയം കാരണത്താലുമാണ്.

അവസാനമായി പറയട്ടെ:

സഹോദരാ! ദീൻ മുറുകെ പിടിക്കുമ്പോഴാണ് അല്ലാഹു വിജയം നൽകുക. നമ്മുടെ എണ്ണക്കൂടുതലോ, ബുദ്ധിയിൽ വിരിയുന്ന സമരമുറകളോ ഒന്നുമല്ല അല്ലാഹുവിന്റെ സഹായത്തിന്റെ വഴി തുറക്കുക. നബി -ﷺ- യുടെയും സ്വഹാബികളുടെയും ദീനിലേക്ക് -പഴയ ഇസ്‌ലാമിലേക്ക്- തിരിച്ചു പോവുക. -പാശ്ചാത്യരുടെയും ഇംഗ്ലീഷുകാരുടെയും സംസ്കാരം കടമെടുത്തല്ല ഇസ്‌ലാമിനെ വായിക്കേണ്ടത്. അത്തരം ‘പുതിയ ഇസ്‌ലാമുകൾ’ അല്ലാഹുവിന്റെ ദീനല്ലേയല്ല. അല്ലാഹു അവതരിപ്പിച്ചു തന്ന ഇസ്‌ലാമിൽ ഇസ്സതും അഭിമാനവും പുലർത്താത്തവരുടെ അടയാളമാണ് പാശ്ചാത്യ സംസ്കാരങ്ങളിൽ കണ്ണുമഞ്ഞളിക്കുക എന്നത്.

അതോടൊപ്പം പറയട്ടെ, ഇസ്‌ലാം സ്ത്രീകൾക്ക് നൽകിയ വിമോചനവും സംരക്ഷണവും ആദരവുമൊന്നും പാശ്ചാത്യരുടെ ഒരു നിയമവും അവർക്ക് നൽകിയിട്ടില്ല എന്ന് ചരിത്രവും വർത്തമാനവും വായിക്കുന്ന ആർക്കും തിരിച്ചറിയാവുന്നതാണ്. എന്നാൽ പാശ്ചാത്യ സ്ത്രീകളുടെ അഴിഞ്ഞാട്ടം കണ്ട് അതാണ് സ്വാതന്ത്ര്യമെന്ന് ധരിച്ചവർ ഖുർആനിന്റെയും സുന്നത്തിന്റെയും കൽപ്പനകളിൽ -അവർ പോലും അറിയാതെ- അപകർഷയും അപമാനവും പുലർത്തുന്നു എന്ന് മാത്രം.

കാലം മാറും; ഇന്ന് സ്ത്രീകളെ തുറന്നു വിട്ടതിന്റെ അപകടം നാളെ സമൂഹം സ്വയം തിരിച്ചറിയും. പാശ്ചാത്യർ ഏതാണ്ട് ആ തിരിച്ചറിവിന്റെ പാതയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട് എന്ന് വർത്തമാനകാല വാർത്തകൾ വായിക്കുന്നവർ മനസ്സിലാക്കുന്നുമുണ്ട്. അവർ ചവച്ചു ചുപ്പിയ എച്ചിലും ചർദ്ദിച്ച വൃത്തികേടും ദയവായി മുസ്‌ലിംകളുടെ ദീനിലേക്ക് തിരുകാതിരിക്കുക. ഖുർആനിനും സുന്നത്തിനും എതിരുനിന്നവരുടെ പട്ടികയിൽ നാളെ തങ്ങളുടെ പേര് രേഖപ്പെടുത്തപ്പെടാതിരിക്കാൻ -അതിനെല്ലാമപ്പുറം അല്ലാഹുവിന്റെ കോപത്തിന് പാത്രമാകുന്നവരിൽ ഉൾപ്പെടാതിരിക്കാനുള്ള- പ്രവർത്തനത്തിൽ ഏർപ്പെടുക.

സികെ അബ്ദുല്ലയോട് സ്നേഹത്തോടെയും ഗുണകാംക്ഷയോടെയും ഓർമ്മപ്പെടുത്തട്ടെ. ദീൻ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും പഠിക്കുക. ഈമാൻ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും വിശദമായി മനസ്സിലാക്കുക. ദീനിലെ അടിസ്ഥാന നിയമങ്ങളും കർമ്മങ്ങളും സ്വഹാബികൾ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുക. അത് പിൻപറ്റാൻ ശ്രമിക്കുകയും അതിന് വേണ്ടി നിലകൊള്ളുകയും ചെയ്യുക.

ഇത്തരം സമരങ്ങളുടെ പേരിൽ മുസ്‌ലിം സ്ത്രീകളെ വീടുകൾക്ക് പുറത്തെത്തിച്ച് അവരുടെ ശ്രേഷ്ഠതകളെയും മഹത്വത്തെയും തകർക്കാനും, തങ്ങളുടെ തോന്നിവാസങ്ങളിലേക്ക് നയിക്കാനും ഉദ്ദേശിക്കുന്ന കപടന്മാരും സദാചാരവിരോധികളും നാട്ടിലുണ്ടെന്ന ബോധ്യവും, ദിനേന പത്തും ഇരുപതും സ്ത്രീകൾ ബലാത്സംഗത്തിനും മറ്റും വിധേയരാക്കപ്പെടുകയും, തങ്ങളുടെ കാമപൂർത്തിക്ക് ശേഷം തരിമ്പ് കരുണ പോലുമില്ലാതെ കത്തിച്ചു കളയുക വരെ ചെയ്യുകയും -രണ്ടോ മൂന്നോ കൊല്ലം ജയിലിൽ കിടന്ന ശേഷം- നാട്ടിലിറങ്ങി വിലസുകയും ചെയ്യുന്ന ഒരു രാജ്യത്താണ് ഇതെല്ലാം എഴുതി വിടുന്നതെന്ന് കൂടി എല്ലാവരും ഓർക്കുന്നത് നല്ലതാണ്.

അല്ലാഹു എന്നെയും താങ്കളെയും എല്ലാ മുസ്‌ലിംകളേയും ഏറ്റവും നേരായ മാർഗത്തിലേക്ക് നയിക്കട്ടെ! (ആമീൻ)

✍️ അബ്ദുൽ മുഹ്സിൻ ഐദീദ്

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment