പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുക എന്നത് ഇസ്‌ലാം ഏറ്റവും മഹത്തരമായ സൽകർമ്മങ്ങളിൽ എണ്ണിയിട്ടുള്ള കാര്യമാണ്. ഇസ്‌ലാമിലെ ഒന്നാമത്തെ കൽപ്പനയായ ഏകദൈവാരാധനയും, ഏറ്റവും മഹത്തരമായ കർമ്മമായ നിസ്കാരവും കഴിഞ്ഞാൽ ഖുർആനിൽ പലയിടത്തും മൂന്നാമത് കൽപ്പിക്കപ്പെട്ടത് ദാനധർമ്മമാണ്.

മുന്നോട്ടുള്ള ദിവസങ്ങൾ എങ്ങനെ തള്ളിനീക്കും എന്നത് വലിയ പ്രശ്നമായി കാണുന്ന അനേകം പേർ നമുക്ക് ചുറ്റുമുണ്ട്. സഹായവുമായി ഇറങ്ങാൻ കഴിയുന്ന നല്ല മനസ്സും ആഗ്രഹവുമുള്ളവരാകട്ടെ, തങ്ങളുടെയും മറ്റുള്ളവരുടെയും ആരോഗ്യം പരിഗണിച്ചു കൊണ്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെയും പ്രയാസപ്പെടുന്നു.

ഈ സന്ദർഭത്തിൽ നമ്മുടെ ചുറ്റുമുള്ളവർക്ക് ഭക്ഷണം എത്തിച്ചു നൽകാൻ പ്രായോഗികമായ ഒരു വഴിയുണ്ട്.

– നമ്മുടെ നാട്ടിലുള്ള, വിശ്വസ്തരായ, അല്ലാഹുവിനെ ഭയക്കുന്നവരെന്ന് നമുക്ക് മനസ്സിലാകുന്ന കച്ചവടക്കാരുടെ കയ്യിൽ നമുക്ക് സാധിക്കുന്ന തുക ഏൽപ്പിക്കുക. ഏറെക്കുറെ ഓരോ നാട്ടിലെയും കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പലചരക്കു കച്ചവടക്കാർക്ക് തെറ്റല്ലാത്ത ഒരു ധാരണയുണ്ടായിരിക്കും.

– വിശ്വസ്തരായ കച്ചവടക്കാരുടെ കയ്യിൽ മാത്രം പണം ഏൽപ്പിക്കാൻ പരമാവധി ശ്രമിക്കുക. നമുക്ക് കഴിയാവുന്ന രൂപത്തിൽ നമ്മൾ ശ്രദ്ധിക്കുകയും, എന്നിട്ടും ആരെങ്കിലും വിശ്വാസവഞ്ചന കാണിക്കുകയും ചെയ്യുന്നെങ്കിൽ നിരാശപ്പെടേണ്ട; അല്ലാഹുവിങ്കൽ നിന്റെ പ്രതിഫലം സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

– കച്ചവടക്കാർ അവർക്ക് ലഭിച്ച തുക കൊണ്ട് ഒരു കുടുംബത്തിന് ഒന്നോ രണ്ടോ ആഴ്ച്ച മുന്നോട്ടു പോകാൻ കഴിയുന്ന രൂപത്തിലുള്ള കിറ്റുകൾ നിർമ്മിക്കുകയും, അതിൽ അത്യാവശ്യം വേണ്ട കാര്യങ്ങൾ -ഭക്ഷണവും അല്ലാത്ത നിത്യോപയോഗ വസ്തുക്കളും- ഉൾപ്പെടുത്തുക.

– ഇത്തരം കിറ്റുകൾ ചോദിച്ചു വരുന്നവർക്കും, മാന്യത കാരണത്താൽ സഹായം ചോദിക്കാൻ മടി കാണിക്കുന്നവർക്കും നൽകാൻ പ്രത്യേകം ശ്രദ്ധ പുലർത്തുക. അവർക്ക് നൽകുന്ന സന്ദർഭത്തിൽ പുഞ്ചിരിയോടും സ്നേഹത്തോടും കൂടി മാത്രം അത് കൈമാറുക. സഹായങ്ങൾ ഏറ്റുവാങ്ങിയവരെ കുറിച്ചുള്ള വിവരം രഹസ്യമായി സൂക്ഷിക്കുക.

– ഇതൊരു പൊതു ഉത്തരവാദിത്തം ആയതിനാൽ കച്ചവടക്കാരന്റെ വ്യക്തിപരമായ അകൽച്ചയും ദേഷ്യവും അർഹതപ്പെട്ട ഒരാൾക്ക് സഹായം തടയുന്നതിന് കാരണമാകരുത്. ഓർക്കുക! അയാളുടെ ഹൃദയത്തിലെ ആഴത്തിലുള്ള ചിന്തകൾ പോലും അല്ലാഹു ഏറ്റവും സൂക്ഷ്മമായി അറിയുന്നവനാണ്.

– സഹായങ്ങൾ ഏറ്റുവാങ്ങുന്നവർ തനിക്ക് ആവശ്യമായത് മാത്രം വാങ്ങുകയും, അതിൽ മിതത്വം പുലർത്താൻ ശ്രമിക്കുകയും ചെയ്യുക. പ്രയാസപ്പെടുന്ന മറ്റനേകം പേർക്ക് ലഭിക്കേണ്ട പങ്കിൽ നിന്നാണ് നീ എടുത്തു കൊണ്ടു പോകുന്നത് എന്ന സൂക്ഷ്മത ഉണ്ടായിരിക്കുക.

– പണം നൽകുന്നവർ -സാധിക്കുമെങ്കിൽ- ഓൺലൈൻ ബാങ്ക് ട്രാൻസ്ഫറോ മറ്റോ ഉപയോഗപ്പെടുത്തിയാൽ ഈ സന്ദർഭത്തിൽ കാത്തു സൂക്ഷിക്കേണ്ട വ്യക്തിപരമായ അകലം പുലർത്താൻ കഴിയും.

– ഈ രൂപത്തിൽ ദാനധർമ്മങ്ങൾ ചെയ്യുന്നവർ അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമായി ചെയ്യുന്ന ഒരു പ്രവൃത്തിയായി ഇത് മാറുന്നതിന് വേണ്ടി ശ്രദ്ധിക്കണം. സഹായം നൽകുന്നതിന്റെയോ, ആരെങ്കിലും ഏറ്റുവാങ്ങുന്നതിന്റെയോ, സംഘടനകളുടെയോ കൂട്ടായ്മകളുടെയോ വ്യക്തികളുടെയോ പേരോ ആഡ്രസ്സോ ഒന്നും ഇത്തരം സംരംഭങ്ങളിൽ ഉൾപ്പെടുത്തരുത്. ‘തന്റെ വലതു കൈ നൽകുന്നത് ഇടത് കൈ പോലും അറിയാതെ ദാനം നൽകിയവൻ’ പരലോകത്ത് അല്ലാഹു തണൽ വിരിച്ചു നൽകുന്നവരിൽ ഉൾപ്പെടുന്നതാണ് എന്ന ഹദീഥ് ഓർക്കുക.

– അങ്ങാടികളിൽ അലഞ്ഞു തിരിയുകയോ, അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നു കൂടിയവരോ ആയ ആരെങ്കിലും ആവശ്യക്കാരായി ഉണ്ടെങ്കിൽ അവരെ വിവരം അറിയിക്കുക. ഈ സൗകര്യം അവർക്കും ഉപയോഗപ്പെടട്ടെ.

പണം നൽകുന്നവരെ ഓർമ്മപ്പെടുത്താനുള്ളത് അല്ലാഹുവിന്റെ ആയത്താണ്:

إِن تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ ۖ وَإِن تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَ فَهُوَ خَيْرٌ لَّكُمْ ۚ وَيُكَفِّرُ عَنكُم مِّن سَيِّئَاتِكُمْ ۗ وَاللَّـهُ بِمَا تَعْمَلُونَ خَبِيرٌ ﴿٢٧١﴾

“നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്മകളെയും അത് മായ്ച്ചുകളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാകുന്നു.” (ബഖറ: 271)

പണം ഏറ്റുവാങ്ങുന്ന കച്ചവടക്കാരനെ ഓർമ്മിപ്പിക്കാനുള്ളത് നബി -ﷺ- യുടെ പ്രാർത്ഥനയാണ്.

«اللهُمَّ، مَنْ وَلِيَ مِنْ أَمْرِ أُمَّتِي شَيْئًا فَشَقَّ عَلَيْهِمْ، فَاشْقُقْ عَلَيْهِ، وَمَنْ وَلِيَ مِنْ أَمْرِ أُمَّتِي شَيْئًا فَرَفَقَ بِهِمْ، فَارْفُقْ بِهِ»

“അല്ലാഹുവേ! എന്റെ ജനതയുടെ എന്തെങ്കിലും ഒരു കാര്യം ഒരാൾ ഏറ്റെടുക്കുകയും, അതിൽ അവൻ അവരെ പ്രയാസപ്പെടുത്തുകയും ചെയ്താൽ അവന് നീ പ്രയാസം സൃഷ്ടിക്കേണമേ! ആരെങ്കിലും എന്റെ ജനതയുടെ ഒരു കാര്യം ഏറ്റെടുക്കുകയും, അവരോട് നന്മയിൽ പെരുമാറുകയും ചെയ്താൽ അവരോട് നീയും അനുകമ്പ പുലർത്തേണമേ!” (മുസ്‌ലിം: 1828)

സഹായം ഏറ്റുവാങ്ങുന്നവരെ ഓർമ്മപ്പെടുത്താനുള്ളത് നബി -ﷺ- യുടെ വാക്കാണ്:

«إِنَّ هَذَا المَالَ خَضِرَةٌ حُلْوَةٌ، فَمَنْ أَخَذَهُ بِسَخَاوَةِ نَفْسٍ بُورِكَ لَهُ فِيهِ، وَمَنْ أَخَذَهُ بِإِشْرَافِ نَفْسٍ لَمْ يُبَارَكْ لَهُ فِيهِ، كَالَّذِي يَأْكُلُ وَلاَ يَشْبَعُ، اليَدُ العُلْيَا خَيْرٌ مِنَ اليَدِ السُّفْلَى»

“ഈ സമ്പാദ്യമെന്നത് പച്ചപ്പും മധുരവുമുള്ളതാണ്. ആരെങ്കിലും അതിനോട് വിരക്തിയുള്ള മനസ്സോടെ അത് സ്വീകരിച്ചാൽ അവന് അതിൽ അനുഗ്രഹം ചൊരിയപ്പെടും. ആരെങ്കിലും ആഗ്രഹത്തോടെയാണ് അത് എടുക്കുന്നതെങ്കിൽ അവന് അതിൽ അനുഗ്രഹം ചൊരിയപ്പെടുന്നതല്ല. അവന്റെ അവസ്ഥ എത്ര ഭക്ഷിച്ചിട്ടും വയറു നിറയാത്തവനെ പോലെയാണ്. (ദാനം നൽകുന്ന) മുകളിലുള്ള കയ്യാണ് (ദാനം സ്വീകരിക്കുന്ന) താഴെയുള്ള കയ്യിനേക്കാൾ ഉത്തമം.” (ബുഖാരി: 1472, മുസ്‌ലിം: 1035)

ആഗ്രഹമുള്ള മനസ്സോടെ ദാനം സ്വീകരിക്കുക എന്നത് കൊണ്ടുള്ള ഉദ്ദേശം ദാനം നൽകുന്നതിനായി ചോദിച്ചു കൊണ്ടേയിരിക്കുകയോ, സമ്പത്തിനായി അടങ്ങാത്ത ആഗ്രഹം വെച്ചു പുലർത്തുകയോ, ആർത്തി കാണിക്കുകയോ, തനിക്ക് നൽകുന്നതിന് വേണ്ടി നിർബന്ധിക്കുകയോ, നൽകുന്നവനെ പ്രയാസപ്പെടുത്തുകയോ ചെയ്യലാണ്. (ശർഹുന്നവവി)

ഈ സന്ദേശം പരമാവധി പേരിലേക്ക് എത്തിക്കുക. നമ്മൾ കാരണം സംഭവിക്കുന്ന ഓരോ നന്മയുടെയും ഒരു പങ്ക് നമുക്കുണ്ട്. ഏതെങ്കിലും നാട്ടിൽ ഏതെങ്കിലും ദരിദ്രനായ ഒരാൾക്ക് നമ്മൾ കാരണം കുറച്ച് ദിവസം വിശപ്പ് നീക്കാൻ കഴിയുന്നെങ്കിൽ അല്ലാഹു അതിന് ഒരുക്കി വെച്ചിരിക്കുന്ന പ്രതിഫലത്തെ കുറിച്ച് ഓർക്കുക!

അല്ലാഹു നാമേവരെയും എല്ലാ പ്രയാസങ്ങളിൽ നിന്നും കാത്തു രക്ഷിക്കട്ടെ. നമ്മുടെ തെറ്റുകൾ പൊറുത്തു നൽകുകയും, നമ്മെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment