അല്ലാഹു ഇസ്‌ലാമിനെയും അത് പിൻപറ്റിയവരെയും സഹായിക്കുമെന്ന് വാഗ്ദാനം നൽകിയ ആയത്തുകൾ ഖുർആനിൽ ധാരാളമുണ്ട്. അല്ലാഹു ഒരിക്കലും തങ്ങളെ കൈവെടിയില്ല എന്ന് ഉറപ്പു നൽകുന്ന അത്തരം ആയത്തുകൾ ഒരു മുഅ്മിനിന് നൽകുന്ന മനസമാധാനവും സ്വസ്ഥതയും ചെറുതല്ല. ഇന്നല്ലെങ്കിൽ നാളെ വിജയത്തിന്റെ മധുരം ആസ്വദിക്കുന്നത് തങ്ങൾ തന്നെയായിരിക്കും എന്ന പ്രതീക്ഷ നിറഞ്ഞ മനസ്സോടെ പ്രതിസന്ധികൾ താണ്ടിക്കടക്കുവാൻ കഴിയുന്നത് എത്ര മാത്രം ആശ്വാസകരമാണ്.

മക്കയിൽ പീഢനങ്ങളുടെ നടുവിൽ പ്രയാസങ്ങളേറെ സഹിച്ച് കഴിയുന്നതിനിടയിലും ഇസ്‌ലാമിന് വന്നെത്താനിരിക്കുന്ന പ്രതാപത്തിന്റെയും, ജനങ്ങൾക്ക് ലഭിക്കാനിരിക്കുന്ന നിർഭയത്വത്തിന്റെയും സമാധാനത്തിന്റെയും ദിവസങ്ങളെ കുറിച്ച് നബി -ﷺ- സ്വഹാബികളെ അറിയിക്കാറുണ്ടായിരുന്നു.

عَنْ خَبَّابِ بْنِ الأَرَتِّ قَالَ: شَكَوْنَا إِلَى رَسُولِ اللَّهِ -ﷺ- وَهُوَ مُتَوَسِّدٌ بُرْدَةً لَهُ فِي ظِلِّ الكَعْبَةِ فَقُلْنَا: أَلاَ تَسْتَنْصِرُ لَنَا أَلاَ تَدْعُو لَنَا؟ فَقَالَ: «قَدْ كَانَ مَنْ قَبْلَكُمْ، يُؤْخَذُ الرَّجُلُ فَيُحْفَرُ لَهُ فِي الأَرْضِ، فَيُجْعَلُ فِيهَا، فَيُجَاءُ بِالْمِنْشَارِ فَيُوضَعُ عَلَى رَأْسِهِ فَيُجْعَلُ نِصْفَيْنِ، وَيُمْشَطُ بِأَمْشَاطِ الحَدِيدِ، مَا دُونَ لَحْمِهِ وَعَظْمِهِ، فَمَا يَصُدُّهُ ذَلِكَ عَنْ دِينِهِ، وَاللَّهِ لَيَتِمَّنَّ هَذَا الأَمْرُ، حَتَّى يَسِيرَ الرَّاكِبُ مِنْ صَنْعَاءَ إِلَى حَضْرَمَوْتَ، لاَ يَخَافُ إِلَّا اللَّهَ، وَالذِّئْبَ عَلَى غَنَمِهِ، وَلَكِنَّكُمْ تَسْتَعْجِلُونَ»

ഖബ്ബാബ് ബ്നുൽ അറത് -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- കഅ്ബയുടെ തണലിൽ തന്റെ മേല്മുണ്ട് തലയണയായി വെച്ച് കിടക്കുന്ന ഒരു അവസരത്തിൽ അവിടുത്തോട് ഞങ്ങൾ (മുശ്രിക്കുകളിൽ നിന്ന് നേരിടേണ്ടി വരുന്ന പീഢനങ്ങളെ കുറിച്ച്) ആവലാതി പറഞ്ഞു. ഞങ്ങൾ ചോദിച്ചു: “(നബിയേ!) താങ്കൾ ഞങ്ങൾക്ക് വേണ്ടി സഹായം തേടുന്നില്ലേ?! ഞങ്ങൾക്ക് വേണ്ടി താങ്കൾ പ്രാർത്ഥിക്കുന്നില്ലേ?!”

അവിടുന്ന് പറഞ്ഞു: “നിങ്ങൾക്ക് മുൻപുള്ളവരുടെ കൂട്ടത്തിൽ നിന്ന് ചിലരെ പിടികൂടുകയും, അയാൾക്ക് വേണ്ടി ഭൂമിയിൽ ഒരു കുഴിയെടുക്കുകയും, ഈർച്ചവാൾ കൊണ്ട് അയാളുടെ തലയിൽ വെച്ച് ആ മനുഷ്യനെ രണ്ടായി പിളർക്കുകയും ചെയ്തിട്ടുണ്ട്. ഇരുമ്പിന്റെ ചീർപ്പുകൾ കൊണ്ട് അവരുടെ മാംസവും എല്ലും ചീന്തിയെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അതൊന്നും തന്റെ ദീനിൽ നിന്ന് അയാളെ പിന്നോട്ട് നീക്കിയില്ല.

അല്ലാഹു സത്യം! ഈ (ദീനിന്റെ) കാര്യം പൂർണമാവുക തന്നെ ചെയ്യും. അങ്ങനെ യാത്രികർക്ക് സ്വൻആഇൽ നിന്ന് ഹദ്റമൗത് വരെ അല്ലാഹുവിനെ മാത്രം ഭയന്ന് യാത്ര ചെയ്യാൻ സാധിക്കുന്ന (ഒരു കാലം വരും). അല്ലെങ്കിൽ തന്റെ ആടുമാടുകളെ (ഭക്ഷിച്ചേക്കാവുന്ന) ചെന്നായയെ (മാത്രം ഭയന്ന്). എന്നാൽ നിങ്ങൾ ധൃതി കൂട്ടുകയാണ്!” (ബുഖാരി: 6943)

മക്കയിൽ കടുത്ത പീഢനങ്ങൾക്ക് നടുവിൽ ഭയത്തോടെ കഴിഞ്ഞു കൂടുന്ന, എണ്ണത്തിൽ വളരെ കുറഞ്ഞ അനുചരന്മാർക്ക് നടുവിൽ നിന്നു കൊണ്ടാണ് നബി -ﷺ- കാതങ്ങൾ അകലെയുള്ള ഹദ്റുമൗതിലെ സമാധാനത്തിന്റെ വരാനിരിക്കുന്ന ദിനങ്ങളെ കുറിച്ച് അറിയിക്കുന്നത്. കടുത്ത പരീക്ഷണങ്ങളുടെ നടുവിൽ പോലും ഒരു മുഅ്മിൻ ക്ഷമയുടെ പടച്ചട്ട അണിയുകയും, അല്ലാഹുവിലുള്ള അണയാത്ത പ്രതീക്ഷയുടെ ഹൃദയം കാത്തു സൂക്ഷിക്കുകയും വേണമെന്ന് ഈ ഹദീഥ് അറിയിക്കുന്നുണ്ട്.

സമാനമായ മറ്റൊരു സംഭവം അഹ്സാബ് യുദ്ധത്തിലും ഉണ്ടായിട്ടുണ്ട്. മക്കയിലുള്ള മുശ്രിക്കുകളും, വ്യത്യസ്ത അറബ് ഗോത്രങ്ങളും ഒത്തൊരുമിച്ച് മദീനയിലുള്ള മുസ്‌ലിമീങ്ങളെ വേരോടെ പിഴുതെറിയുന്നതിന് വേണ്ടി പടയൊരുങ്ങി വന്ന സന്ദർഭമായിരുന്നല്ലോ അഹ്സാബ് യുദ്ധത്തിൻ്റേത്. നബി -ﷺ- യുടെ നേതൃത്വത്തിൽ സ്വഹാബികൾ മദീനയിലെ പ്രവേശന കവാടത്തിൽ കിടങ്ങ് കുഴിക്കുകയും, പതിനായിരം വരുന്ന സൈന്യത്തെ പ്രതിരോധിച്ചു നിർത്തുകയും ചെയ്തു. ഈ സന്നിഗ്ദ ഘട്ടത്തിൽ തന്നെയാണ് മദീനക്കുള്ളിലുള്ള യഹൂദർ കരാർ ലംഘിക്കുകയും, മുസ്‌ലിംകൾക്കെതിരെ ചതിയും വഞ്ചനയും നടത്തിയത്.

മുസ്‌ലിംകൾ ഒന്നടങ്കം നശിച്ചു പോകുമെന്ന് ശത്രുക്കൾ മനസ്സിൽ ഉറപ്പിച്ച ആ ദിവസങ്ങളിൽ സ്വഹാബികളിൽ ചിലരുടെ അവസ്ഥ എന്തായിരുന്നു എന്ന് ഖുർആൻ അറിയിക്കുന്നുണ്ട്.

إِذْ جَاءُوكُم مِّن فَوْقِكُمْ وَمِنْ أَسْفَلَ مِنكُمْ وَإِذْ زَاغَتِ الْأَبْصَارُ وَبَلَغَتِ الْقُلُوبُ الْحَنَاجِرَ وَتَظُنُّونَ بِاللَّـهِ الظُّنُونَا ﴿١٠﴾

“നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ (ശത്രുക്കൾ) നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം.” (അഹ്സാബ്: 10)

ഈ പരിക്ഷീണമായ ഘട്ടങ്ങളിൽ പോലും വരാനിരിക്കുന്ന പ്രതാപത്തിന്റെ ദിനങ്ങളെ കുറിച്ച് നബി -ﷺ- സ്വഹാബികളെ ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു.

عَنِ الْبَرَاءَ بْنِ عَازِبٍ -رَضِيَ اللَّهُ عَنْهُ- قَالَ: لَمَّا أَمَرَنَا رَسُولُ اللَّهِ -ﷺ- أَنْ نَحْفِرَ الْخَنْدَقَ، عَرَضَ لَنَا فِيهِ حَجَرٌ لَا يَأْخُذُ فِيهِ الْمِعْوَلَ، فَاشْتَكَيْنَا ذَلِكَ إِلَى رَسُولِ اللَّهِ -ﷺ-، فَجَاءَ رَسُولُ اللَّهِ -ﷺ-، فَأَلْقى ثَوْبَهُ، وَأَخَذَ الْمِعْوَلَ، وَقَالَ: «بِسْمِ اللَّهِ» فَضَرَبَ ضَرْبَةً فكَسَرَ ثُلُثَ الصَّخْرَةِ، قَالَ: «اللَّهُ أَكْبَرُ، أُعْطِيتُ مَفَاتِيحَ الشَّامِ، وَاللَّهِ إِنِّي لَأُبْصِرُ قُصُورَهَا الْحُمْرَ الْآنَ مِنْ مَكَانِي هَذَا»، ثُمَّ ضَرَبَ أُخْرَى، وَقَالَ: «بِسْمِ اللَّهِ» وَكَسَرَ ثُلُثًا آخَرَ، وَقَالَ: «اللَّهُ أَكْبَرُ، أُعْطِيتُ مَفَاتِيحَ فَارِسَ، وَاللَّهِ إِنِّي لَأُبْصِرُ قَصْرَ الْمَدَائِنِ الْأَبْيَضَ الْآنَ»، ثُمَّ ضَرَبَ الثَّالِثَةَ، وَقَالَ: «بِسْمِ اللَّهِ» فَقَطَعَ الْحَجَرَ، وَقَالَ: «اللَّهُ أَكْبَرُ أُعْطِيتُ مَفَاتِيحَ الْيَمَنِ، وَاللَّهِ إِنِّي لَأُبْصِرُ بَابَ صَنْعَاءَ»

ബറാഅ് ബ്നു ആസിബ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: “(അഹ്സാബ് യുദ്ധദിവസം) ഞങ്ങളോട് കിടങ്ങ് കുഴിക്കാൻ നബി -ﷺ- കൽപ്പിച്ചു. (കിടങ്ങ് കുഴിക്കുന്നതിനിടയിൽ) ഞങ്ങൾക്ക് മുൻപിൽ ഒരു പാറ വന്നുപെട്ടു. മഴു (കൊണ്ട് വെട്ടുന്നത് അതിൽ) യാതൊരു മാറ്റവുമുണ്ടാക്കുന്നില്ല.

നബി -ﷺ- യോട് ഞങ്ങൾ കാര്യം പറഞ്ഞപ്പോൾ അവിടുന്ന് അങ്ങോട്ടു വന്നു. തന്റെ വസ്ത്രം ഊരിവെച്ചതിന് ശേഷം അവിടുന്ന് മഴു എടുത്തു. ‘ബിസ്മില്ലാഹ്’ എന്നുച്ചരിച്ചു കൊണ്ട് അവിടുന്ന് മഴു കൊണ്ട് ആ പാറയിൽ ആഞ്ഞു വെട്ടി. പാറയുടെ മൂന്നിലൊരു ഭാഗം പൊളിഞ്ഞു വീണു.

അപ്പോൾ അവിടുന്ന് പറഞ്ഞു: “അല്ലാഹു അക്ബർ! (അല്ലാഹുവാകുന്നു ഏറ്റവും വലിയവൻ) എനിക്ക് ശാമിന്റെ താക്കോലുകൾ നൽകപ്പെട്ടിരിക്കുന്നു. അല്ലാഹു സത്യം! അവിടെയുള്ള ചുവന്ന കൊട്ടാരങ്ങൾ ഞാനിതാ ഇവിടെ നിന്ന് കാണുന്നുണ്ട്.”

ശേഷം നബി -ﷺ- വീണ്ടും മഴു കൊണ്ട് ആഞ്ഞുവെട്ടി. അവിടുന്ന് പറഞ്ഞു: ‘ബിസ്മില്ലാഹ്.’ പാറയുടെ മൂന്നിലൊരു ഭാഗം പൊളിഞ്ഞു വീണു. നബി -ﷺ- പറഞ്ഞു: “അല്ലാഹു അക്ബർ! എനിക്ക് പേർഷ്യയുടെ താക്കോലുകൾ നൽകപ്പെട്ടിരിക്കുന്നു. അവിടെയുള്ള പട്ടണങ്ങളിലെ വെളുത്ത കൊട്ടാരങ്ങൾ ഞാനിതാ കാണുന്നുണ്ട്.”

ശേഷം ‘ബിസ്മില്ലാഹ്’ എന്ന് പറഞ്ഞു കൊണ്ട് നബി -ﷺ- മൂന്നാമതും ആഞ്ഞുവെട്ടി. ആ പാറ പൊളിഞ്ഞു വീണു. അവിടുന്ന് പറഞ്ഞു: “അല്ലാഹു അക്ബർ! എനിക്ക് യമനിന്റെ താക്കോലുകൾ നൽകപ്പെട്ടിരിക്കുന്നു. അല്ലാഹു സത്യം! ഞാനിതാ സ്വൻആഇന്റെ വാതിലുകൾ കാണുന്നുണ്ട്.” (അഹ്മദ്: 18694)

അഹ്സാബ് യുദ്ധത്തിൽ കിടങ്ങ് കുഴിക്കുമ്പോൾ പട്ടിണിയും വിശപ്പും കാരണത്താൽ നബി -ﷺ- യും സ്വഹാബികളും വയറ്റിൽ കല്ലു കെട്ടിവെച്ചിരുന്നു എന്ന് ചരിത്രത്തിൽ കാണാം. ദിവസങ്ങളോളം ഇരുന്ന് പഴകിയ, ദുർഗന്ധമുണ്ടായിരുന്ന ഭക്ഷണമായിരുന്നു തങ്ങൾക്ക് ലഭിച്ചിരുന്നത് എന്ന് അനസു ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- പറഞ്ഞിട്ടുണ്ട്. ഇങ്ങനെയെല്ലാം പ്രയാസങ്ങളിൽ കഴിയവെയും, മുന്നിൽ ശത്രുക്കളുടെ വലിയൊരു കൂട്ടം തന്നെ ആർത്തലച്ച് വന്നു നിൽക്കുമ്പോഴും അല്ലാഹുവിലുള്ള പ്രതീക്ഷയുടെ വാക്കുകൾ അവിടുത്തെ നാവിൽ നിന്നൊഴിയുന്നില്ല. സ്വഹാബികൾക്കാർക്കും അവിടുത്തെ വാക്കുകളിൽ സംശയമോ സന്ദേഹമോ ഉണ്ടാകുന്നില്ല.

എന്നാൽ അല്ലാഹുവിലുള്ള വിശ്വാസം ദൃഢമായിട്ടില്ലാത്ത, ഉള്ളിൽ കപടത ഒളിപ്പിച്ചു വെച്ച മുനാഫിഖുകൾ നബി -ﷺ- യുടെ പ്രവചനങ്ങൾ കേട്ടപ്പോൾ പറഞ്ഞു: “നിങ്ങൾക്ക് അത്ഭുതം തോന്നുന്നില്ലേ?! മുഹമ്മദ് നിങ്ങളെ പകൽക്കിനാവ് കാണിക്കുകയും, കള്ളത്തരങ്ങൾ വാഗ്ദാനം നൽകുകയുമാണ്. യഥ്‌രിബിൽ നിന്നു കൊണ്ട് (മദീനയുടെ പഴയ പേരാണ് യഥ്രിബ്) ഹീറയിലെ കൊട്ടാരങ്ങളും കിസ്റയുടെ പട്ടണങ്ങളും കാണുന്നുണ്ടെന്നും അവയെല്ലാം നിങ്ങൾ വിജയിച്ചടക്കുമെന്നുമാണ് അവൻ പറയുന്നത്. നിങ്ങളാകട്ടെ, ഇവിടെ കിടങ്ങ് കുഴിച്ചു കൊണ്ടിരിക്കുന്നു. (ശത്രുക്കളെ ഭയന്ന്) മലമൂത്ര വിസർജ്ജനത്തിന് പുറത്തിറങ്ങാൻ പോലും നിങ്ങൾക്ക് കഴിയുന്നില്ല.” (ദലാഇലുന്നുബുവ്വ/ബയ്ഹഖി: 3/420)

പരീക്ഷണങ്ങൾ മുന്നിൽ വന്നു നിൽക്കുമ്പോൾ അല്ലാഹുവിന്റെ സഹായത്തിൽ സംശയിക്കുകയും, നാളെയെ കുറിച്ച് വെപ്രാളപ്പെടുകയും, പ്രതീക്ഷകളെല്ലാം തകർന്ന മനസ്സോടെ നിൽക്കുകയും ചെയ്യുന്നത് യഥാർഥ മുസ്‌ലിമിന്റെ ലക്ഷണമല്ല. വിശ്വാസത്തിലെ ഉറപ്പും ദൃഢതയും പരീക്ഷിക്കപ്പെടുന്ന ഘട്ടത്തിൽ അല്ലാഹുവിലേക്ക് കൂടുതലായി മടങ്ങുകയും, അവനിൽ അഭയമർപ്പിക്കുകയും ചെയ്യുന്നവനായിരിക്കും യഥാർത്ഥ മുസ്‌ലിം. അഹ്സാബ് യുദ്ധവേളയിൽ ആർത്തിരമ്പുന്ന സൈന്യത്തെ കണ്ടപ്പോൾ സ്വഹാബികൾ പറഞ്ഞ വാക്കുകളാണ് അവന്റെ മാതൃക.

“മുസ്‌ലിംകൾ സംഘടിച്ചു വന്ന (മുശ്രിക്കുകളുടെ) സൈന്യത്തെ കണ്ടപ്പോള്‍ പറഞ്ഞു: ഇത് അല്ലാഹുവും അവന്റെ റസൂലും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്റെ റസൂലും സത്യമാണ് പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക് (അല്ലാഹുവിലുള്ള) വിശ്വാസവും (അവന്റെ കൽപ്പനകളോടുള്ള) സമ്പൂർണ്ണമായ അനുസരണയും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.” (അഹ്സാബ്: 22)

അഹ്സാബ് യുദ്ധവേളയിലെ മുനാഫിഖുകളുടെ സംസാരമാകട്ടെ നിരാശയടഞ്ഞതും പ്രതീക്ഷകളെല്ലാം അവസാനിച്ച മട്ടിലുള്ളതുമായിരുന്നു. അല്ലാഹു പറയുന്നു:

وَإِذْ يَقُولُ الْمُنَافِقُونَ وَالَّذِينَ فِي قُلُوبِهِم مَّرَضٌ مَّا وَعَدَنَا اللَّـهُ وَرَسُولُهُ إِلَّا غُرُورًا ﴿١٢﴾ وَإِذْ قَالَت طَّائِفَةٌ مِّنْهُمْ يَا أَهْلَ يَثْرِبَ لَا مُقَامَ لَكُمْ فَارْجِعُوا ۚ وَيَسْتَأْذِنُ فَرِيقٌ مِّنْهُمُ النَّبِيَّ يَقُولُونَ إِنَّ بُيُوتَنَا عَوْرَةٌ وَمَا هِيَ بِعَوْرَةٍ ۖ إِن يُرِيدُونَ إِلَّا فِرَارًا ﴿١٣﴾

“നമ്മോട് അല്ലാഹുവും അവന്റെ റസൂലും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം. ‘യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിപ്പോവുക’ എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞു കൊണ്ട് അവരില്‍ ഒരു വിഭാഗം (യുദ്ധരംഗം വിട്ടുപോകാന്‍) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം.” (അഹ്സാബ്: 12-13)

പരീക്ഷണങ്ങൾക്ക് മുൻപിൽ അല്ലാഹുവിൽ യഥാർത്ഥ രൂപത്തിൽ വിശ്വസിച്ചവരും അല്ലാത്തവരും എപ്രകാരമായിരിക്കും എന്ന് അഹ്സാബ് യുദ്ധവേളയിൽ ഈ രണ്ട് സംസാരങ്ങളും വ്യക്തമാക്കുന്നുണ്ട്. പരീക്ഷണങ്ങൾ മുൻപിൽ വന്നു നിൽക്കുമ്പോൾ ഓരോ മുസ്‌ലിമും തന്റെ ഹൃദയം എന്താണ് തന്നോട് മന്ത്രിച്ചു കൊണ്ടിരിക്കുന്നതെന്ന് പരിശോധിക്കുകയും, മേൽ പറഞ്ഞ രണ്ട് കൂട്ടങ്ങളിൽ -ഇസ്‌ലാമിന്റെയും ഈമാനിന്റെയും കൂട്ടവും, കുഫ്റിന്റെയും നിഫാഖിന്റെയും മറ്റൊരു കൂട്ടവും-; അവയിൽ ഏതിലാണ് താനെന്ന് ഉറപ്പു വരുത്തുകയും ചെയ്യട്ടെ.

അഹ്സാബിലെ കിടങ്ങ് കുഴിക്കവെ നബി -ﷺ- നടത്തിയ പ്രവചനങ്ങൾ പിന്നീട് സത്യമായി പുലരുന്നതാണ് ചരിത്രത്തിൽ നാം വായിക്കുന്നത്. പത്ത് വർഷങ്ങൾക്കപ്പുറം റോമയും പേർഷ്യയും കീഴടക്കപ്പെട്ടു. ഖാദിസിയ്യയിലും യർമൂക്കിലും മുസ്‌ലിമീങ്ങൾ തങ്ങളുടെ പതിന്മടങ്ങ് ഇരട്ടിയുള്ള സൈന്യങ്ങളെ തകർത്തെറിഞ്ഞു കൊണ്ട് മുന്നേറി. യമനിൽ നിന്ന് ധാരാളക്കണക്കിന് പേർ ഇസ്‌ലാം സ്വീകരിച്ചു കൊണ്ട് -തക്ബീറും തഹ്ലീലുമുച്ചരിച്ച്- നബി -ﷺ- യുടെ അരികിലേക്ക് വന്നണഞ്ഞു.

ഇത്രയും പറഞ്ഞതിന്റെ പിന്നിലെ കാരണം ഒന്നു കൂടെ ഓർമ്മപ്പെടുത്തട്ടെ: നമ്മെ ബാധിച്ചേക്കുമെന്ന് നാം കരുതുന്ന പരീക്ഷണങ്ങൾ ഇസ്‌ലാമും ഈമാനുമുള്ള ഒരു ഹൃദയത്തെയും തളർത്തേണ്ടതില്ല. പരീക്ഷണങ്ങളുടെ കഠിനതകൾ മുസ്‌ലിമിനെ തളർത്തുകയല്ല; അവന്റെ വിശ്വാസവും പ്രതീക്ഷയും വർദ്ധിപ്പിക്കുകയാണ് ചെയ്യുക.

الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّـهُ وَنِعْمَ الْوَكِيلُ ﴿١٧٣﴾

“ആ ജനങ്ങള്‍ (മുശ്രിക്കുകളുടെ സൈന്യം) നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ഒരുമിച്ചു കൂടിയിരിക്കുന്നു; അതിനാൽ നിങ്ങൾ അവരെ പേടിച്ചു കൊള്ളുക എന്നു ആളുകള്‍ അവരോട് (മുസ്‌ലിംകളോട്) പറഞ്ഞപ്പോള്‍ അത് (അല്ലാഹുവിലുള്ള) അവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്‌. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ.” (ആലു ഇംറാൻ: 173)

ഇബ്രാഹീം -عَلَيْهِ السَّلَامُ- തീയിലേക്ക് വലിച്ചെറിയപ്പെട്ടപ്പോഴും, നബി -ﷺ- അവിടുത്തെ കൊലപ്പെടുത്താൻ തുനിഞ്ഞിറങ്ങിയ മുശ്രിക്കുകളുടെ തൊട്ടുമുൻപിൽ അകപ്പെട്ടപ്പോഴും പറഞ്ഞ അതേ വാക്ക് തന്നെയാണ് സ്വഹാബികളും ഉച്ചരിച്ചത്. പരീക്ഷണങ്ങളുടെ ദിനങ്ങൾ മുന്നിൽ വന്നു നിൽക്കുന്ന ഈ ദിവസങ്ങളിൽ ഓരോ മുസ്‌ലിമും ഹൃദയം കൊണ്ടും നാവു കൊണ്ടും ഉച്ചരിച്ചു കൊണ്ടേയിരിക്കേണ്ട വാക്കുകൾ തന്നെയാണത്.

حَسْبُنَا اللَّهُ وَنِعْمَ الوَكِيلُ

“ഞങ്ങൾക്ക് അല്ലാഹു മതി. ഭരമേൽപ്പിക്കുവാൻ ഏറ്റവും നല്ലത് അവനത്രെ!”

كَتَبَهُ: الأَخُ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Comment