സർവ്വ ലോകങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്നവനായ, യഥാർത്ഥ ആരാധ്യനായ അല്ലാഹു -تَعَالَى- യെ കുറിച്ചറിയിക്കുന്ന തെളിവുകൾ അനേകമുണ്ട്. നേരെ ചിന്തിക്കുകയും ശരിയായ ബുദ്ധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ഏതൊരാളും അത് അംഗീകരിക്കാത്തവരായില്ല.

ഏതൊരു കര്‍മത്തിന് പിന്നിലും ഒരു കര്‍ത്താവുണ്ടാകുമെന്നത് സാമാന്യബുദ്ധി അംഗീകരിക്കുന്ന കേവലയുക്തിയാണ്. ഒരു ഭക്ഷണം നമ്മുടെ മുന്നില്‍ വിളമ്പി വെച്ചതു കണ്ടാല്‍ അതുണ്ടാക്കിയ ഒരു പാചകക്കാരന്‍ അതിന്റെ പിന്നിലുണ്ടെന്ന് ആരും പറയും. ഒരു പേപ്പറില്‍ ചില കുറിപ്പുകള്‍ കണ്ടാല്‍ ഒരു എഴുത്തുകാരന്‍ അതിന്റെ പിന്നിലുണ്ടെന്ന് മനസ്സിലാക്കാം. ഒരു വീട് പണിതുയര്‍ത്തപ്പെട്ടതായി കണ്ടാല്‍ അതുണ്ടാക്കിയ ഒരു പണിക്കാരനൈ ഓര്‍മ്മ വരും.

പിഞ്ചുകുഞ്ഞുങ്ങൾ വരെ ജനിക്കുന്നത് ഈ അറിവുമായാണ്. അനേകം ശബ്ദങ്ങൾക്കിടയിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒരു ശബ്ദം കേട്ടാൽ കുഞ്ഞ് തിരിഞ്ഞു നോക്കുന്നത് ഒരു ശബ്ദവും വെറുതെ ഉണ്ടാകില്ല എന്ന ബോധ്യത്തിൽ നിന്നല്ലാതെ മറ്റെന്തിൽ നിന്നാണ്? ഈ കാണുന്ന ആകാശഭൂമികൾ മുഴുവൻ വെറുതെയുണ്ടായി എന്ന് വാദിക്കുന്ന നിരീശ്വരവാദികളിൽ ആരെങ്കിലും എപ്പോഴെങ്കിലും പിന്നിൽ നിന്നൊരു ശബ്ദം കേട്ടാൽ ‘ഇക്കണ്ട പ്രപഞ്ചം മുഴുവൻ വെറുതെയുണ്ടായെങ്കിൽ ഒരു ശബ്ദമങ്ങ് വെറുതെയുണ്ടായതാണെങ്കിലോ?’ എന്ന് കരുതി തിരിഞ്ഞു നോക്കാതിരിക്കാറുണ്ടോ?!

കേവലമൊരു മൊട്ടുസൂചി പോലും യാദൃശ്ചികമായി, വെറുതെ പൊട്ടിമുളച്ചുവെന്ന് ബുദ്ധിയുള്ള മനുഷ്യരാരും വിശ്വസിക്കില്ല. ഏതൊരു പ്രവൃത്തിക്ക് പിന്നിലും അതിന്റെ കാരണം അന്വേഷിക്കുന്നവരാണ് മനുഷ്യര്‍. ഒരാളുടെ കരങ്ങള്‍ പിന്നില്‍ പ്രവര്‍ത്തിക്കാതെ ഒരു പ്രവൃത്തിയുമുണ്ടാകില്ലെന്ന് അവന്റെ സാമാന്യബുദ്ധി അവനെ അറിയിക്കുന്നുണ്ട്.

എങ്കില്‍ ഈ കാണുന്ന പ്രപഞ്ചം മുഴുവന്‍ -ആകാശങ്ങളും ഭൂമിയും സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും സമുദ്രങ്ങളും അരുവികളും പുഴകളും മരങ്ങളും ചെടികളും മൃഗങ്ങളും നാനാജാതി മനുഷ്യരുമെല്ലാം അടങ്ങുന്ന വിശാലമായ ഈ ലോകം- വെറുതെ ഉണ്ടായി എന്നെങ്ങനെ പറയാന്‍ കഴിയും? എന്തിനധികം? സങ്കീര്‍ണമായ ഘടനകള്‍ അനേകം ഉള്‍ക്കൊള്ളുന്ന അവന്റെ തന്നെ ശരീരം, തീര്‍ത്തും അത്ഭുതകരമായ പക്രിയകള്‍ക്ക് ശേഷം മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിന്ന് വെറുതെ പൊട്ടിമുളച്ചതാണെന്ന് എങ്ങനെ അവന്‍ പറയും?

അല്ലാഹു -تعالى- ചോദിച്ചത് നോക്കൂ:

(( أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ (35) أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ بَلْ لَا يُوقِنُونَ ))

“അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല.” (ത്വൂര്‍: 35-36)

നിരീശ്വരവാദികളെ സംബന്ധിച്ചിടത്തോളം ഊഹങ്ങളും അനുമാനങ്ങളുമല്ലാതെ -അർത്ഥമുള്ള ഒരു മറുപടിയും നൽകാൻ കഴിയാത്ത- മൂന്ന് സുപ്രധാന ചോദ്യങ്ങളാണിവ. ഒന്നാമത്തെ ചോദ്യം: അവർ വെറുതെയങ്ങ് സൃഷ്ടിക്കപ്പെട്ടതാണോ? രണ്ട്: അവരെ സൃഷ്ടിച്ചത് അവർ തന്നെയാണോ? മൂന്ന്: അവരാണോ ആകാശഭൂമികളെ സൃഷ്ടിച്ചത്?! ഈ മൂന്ന് ചോദ്യങ്ങൾക്ക് മുൻപിൽ അർത്ഥമുള്ള ഒരു ഉത്തരവും നിരീശ്വരവാദികൾക്ക് പറയുക സാധ്യമല്ല; അവരുടെ കേവലം ഊഹങ്ങളല്ലാതെ. അതു കൊണ്ട് ഈ ചോദ്യങ്ങളുടെ അവസാനം നിഷേധികളുടെ അവസ്ഥയെ കുറിച്ച് അല്ലാഹു അറിയിക്കുന്നു; അവർക്ക് യാതൊരു ദൃഢതയുമില്ല.

ഈ പറഞ്ഞ ചോദ്യങ്ങളെ കുറിച്ച് ചിന്തിക്കാൻ സഹായിക്കുന്ന പ്രസിദ്ധമായ സംഭവങ്ങളിലൊന്ന് അബൂ ഹനീഫയുടെ ചരിത്രത്തിൽ കാണാം. ഒരിക്കല്‍ ഇന്ത്യയില്‍ നിന്നുള്ള ചില നിരീശ്വരവാദികള്‍ അബൂഹനീഫ-رحمه الله-യെ വാദപ്രതിവാദത്തിനായി വെല്ലുവിളിച്ചു. അബൂഹനീഫ ആ വെല്ലുവിളി സ്വീകരിക്കുകയും, വാദപ്രതിവാദത്തിന് ദിവസം നിശ്ചയിച്ചു നല്‍കുകയും ചെയ്തു. അങ്ങനെ നിശ്ചയിക്കപ്പെട്ട ദിവസം വന്നെത്തി. സമയമായിട്ടും അബൂഹനീഫയെ കാണാനില്ല. അദ്ദേഹം തോറ്റോടിയതാണെന്നും, വാക്ക് പാലിച്ചില്ലെന്നുമൊക്കെ പ്രചരണങ്ങള്‍ തുടങ്ങി.

കുറച്ചു വൈകിയാണെങ്കിലും അബൂഹനീഫ അവസാനം വരിക തന്നെ ചെയ്തു. വന്നയുടനെ അദ്ദേഹം തന്നെ കാത്തുനിന്നവരോട് പറഞ്ഞു: ‘ഇങ്ങോട്ട് വരുന്ന വഴിക്ക് എനിക്കൊരു പുഴ കടക്കേണ്ടതുണ്ടായിരുന്നു. കുറേ നേരം കാത്തുനിന്നിട്ടും പുഴ കടക്കാന്‍ ഒരു തോണിയോ, തുഴയാന്‍ ഒരു തോണിക്കാരനെയോ എനിക്ക് കാണാന്‍ കഴിഞ്ഞില്ല. പെട്ടെന്ന് -എവിടെ നിന്നെന്നറിയില്ല- കുറേ മരക്കഷ്ണങ്ങള്‍ ഒഴുകി വരികയും, അവ ഒരുമിച്ചു നില്‍ക്കുകയും ചെയ്തു. അതെല്ലാം ചേര്‍ന്നു നിന്നു കഴിഞ്ഞപ്പോള്‍ എവിടെ നിന്നോ ഒരു കയര്‍ വന്ന് അവയെല്ലാം വരിഞ്ഞു കെട്ടി. ഞാനതില്‍ കയറിനില്‍ക്കേണ്ട താമസം തോണി ഒഴുക്കിനെതിരെ നീന്തി എന്നെ മറുകരയെത്തിച്ചു.’

സംഭവം പറഞ്ഞു തീര്‍ക്കേണ്ട താമസം, വാദപ്രതിവാദത്തിനെത്തിയ നിരീശ്വരവാദികള്‍ അദ്ദേഹത്തെ പരിഹസിക്കാന്‍ തുടങ്ങി. അവര്‍ പറഞ്ഞു: ‘നിങ്ങളുടെ ഇത്തരം കഥകള്‍ വിശ്വസിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തവരാണ് ഞങ്ങളെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത്? എങ്ങനെയാണ് ഒരു തോണി ഒരാളുമില്ലാതെ തുഴയുക? എങ്ങനെയാണ് ഒരു കയര്‍ സ്വയം ചലിക്കുക? എങ്ങനെ കുറേ തടികള്‍ സ്വയം തന്നെ കൂടിച്ചേര്‍ന്ന് ഒരു തോണിയാകും?’

അബൂഹനീഫ പറഞ്ഞു: ‘ഒരു ചെറിയ തോണി സ്വയമുണ്ടായെന്നും, ആരും തുഴയാതെ അത് ചലിച്ചെന്നും ഞാന്‍ പറഞ്ഞപ്പോഴേക്ക് നിങ്ങള്‍ എന്നെ പരിഹസിക്കുന്നു. എന്നാല്‍ ഇതേ നിങ്ങള്‍ തന്നെ, ഈ കാണുന്ന ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മരങ്ങളും പുഴകളും സമുദ്രങ്ങളും മനുഷ്യനും മൃഗങ്ങളുമെല്ലാം ആരുമുണ്ടാക്കാതെ വെറുതെ ഉണ്ടായതാണെന്ന് പറയുന്നു. അപ്പോള്‍ ആരാണ് പരിഹസിക്കപ്പെടാന്‍ കൂടുതല്‍ അര്‍ഹര്‍?’ വാദപ്രതിവാദം അതോടെ അവസാനിച്ചു!

✍️ അബ്ദുല്‍ മുഹ്സിന്‍ ഐദീദ്, പൊന്നാനി.

Join t.me/ALASWALA
WhatsApp bit.ly/alaswala7

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment