ചെറുകുറിപ്പുകള്‍

ആശൂറാഅ് നോമ്പ്; ചില ഓർമ്മപ്പെടുത്തലുകൾ…

പരിശുദ്ധമായ മുഹറം മാസത്തിലെ പത്താമത്തെ ദിവസമാണല്ലോ ആശൂറാഅ് ദിനം. റമദാനിലെ നോമ്പ് നിർബന്ധമാക്കപ്പെടുന്നതിന് മുൻപ് മുഹറം പത്തിന് -അതായത് ആശൂറാഇന്- നോമ്പ് നോൽക്കുക എന്നത് നിർബന്ധമായിരുന്നു. പിന്നീട് റമദാൻ നോമ്പ് ആരംഭിച്ചതോടെ ആശൂറാഅ് നോമ്പ് സുന്നത്തായി മാറുകയാണുണ്ടായത്. ആശൂറാഇൻ്റെ നോമ്പ് രണ്ട് രൂപത്തിൽ അനുഷ്ഠിക്കാവുന്നതാണ്.

ഒന്ന്: മുഹറം പത്ത് മാത്രമായി നോമ്പ് നോൽക്കുക.

മുൻപ് പറഞ്ഞതു പോലെ, ആശൂറാഅ് നിർബന്ധമായിരുന്ന കാലഘട്ടത്തിലും, ശേഷം സുന്നത്തായി മാറിയപ്പോഴും നബി -ﷺ- മുഹറം പത്തിന് മാത്രമാണ് നോമ്പെടുത്തിരുന്നത്. അവിടുത്തെ അവസാന കാലഘട്ടത്തിൽ മുഹറം പത്തിനൊപ്പം ഒമ്പതും അടുത്ത വർഷം അനുഷ്ഠിക്കും എന്ന് നബി -ﷺ- ഉറച്ച തീരുമാനമെടുത്തിരുന്നു.

عَنْ عَبْدِ اللهِ بْنِ عَبَّاسٍ قَالَ: حِينَ صَامَ رَسُولُ اللهِ -ﷺ- يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا: يَا رَسُولَ اللهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى فَقَالَ رَسُولُ اللهِ -ﷺ-: «فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللهُ صُمْنَا الْيَوْمَ التَّاسِعَ» قَالَ: فَلَمْ يَأْتِ الْعَامُ الْمُقْبِلُ، حَتَّى تُوُفِّيَ رَسُولُ اللهِ -ﷺ-.

ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- ആശൂറാഅ് ദിവസം നോമ്പെടുക്കുകയും, അന്നേ ദിവസം നോമ്പെടുക്കാൻ കൽപ്പിക്കുകയും ചെയ്തപ്പോൾ സ്വഹാബികൾ പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! ഈ ദിവസം യഹൂദരും നസ്വാറാക്കളും ആദരവോടെ കാണുന്ന ദിവസമാണല്ലോ?! അപ്പോൾ നബി -ﷺ- പറഞ്ഞു: അടുത്ത വർഷമായാൽ -ഇൻഷാ അല്ലാഹ്- നാം (മുഹറം പത്തിനോടൊപ്പം) മുഹറം ഒമ്പതും നോമ്പ് നോൽക്കും.” എന്നാൽ അടുത്ത വർഷം (മുഹറം എത്തുന്നതിന് മുൻപ്) നബി -ﷺ- വഫാത്തായി. (മുസ്ലിം)

യഹൂദ നസ്വാറാക്കൾക്ക് എതിരാവുക എന്ന ഉദ്ദേശത്തിലായിരുന്നു നബി -ﷺ- അടുത്ത വർഷം ഒമ്പതും നോമ്പ് നോൽക്കാം എന്ന് തീരുമാനിച്ചത്. വേദക്കാരോട് എതിരാവുക എന്നത് ചില സന്ദർഭങ്ങളിൽ നിർബന്ധമായും മറ്റു ചില വേളകളിൽ സുന്നത്തായും കൽപ്പിക്കപ്പെട്ട കാര്യമാണ്.

മുഹറം പത്ത് സുന്നത്തും, അതിനോടൊപ്പം ഒമ്പത് നോൽക്കുന്നത് പ്രബലമായ സുന്നത്തുമാണ് (സുന്നതുൻ മുഅക്കദഃ) എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. എന്നാൽ മുഹറം പത്ത് മാത്രമായി നോൽക്കുന്നത് മക്റൂഹാണെന്ന ഹനഫീ മദ്‌ഹബിലെ അഭിപ്രായം ശരിയല്ല. കാരണം യഹൂദ നസ്വാറാക്കളോടുള്ള സാദൃശ്യം യാദൃശ്ചികമായി സംഭവിച്ചതാണ്. അല്ലാതെ ഉദ്ദേശപൂർവ്വം ഉണ്ടായതല്ല.

രണ്ട്: മുഹറം പത്തും അതോടൊപ്പം മുഹറം മാസത്തിലെ മറ്റു ദിവസങ്ങളും നോമ്പ് നോൽക്കൽ. ഇത് നാല് രൂപത്തിൽ ഉണ്ടാകാവുന്നതാണ്.

1- മുഹറം പത്തും അതിനു മുൻപുള്ള ദിവസമായ ഒമ്പതും (ആശൂറാഉം താസൂആഉം) നോമ്പ് നോൽക്കുക. ഇതിൻ്റെ തെളിവ് മുൻപ് പറഞ്ഞു കഴിഞ്ഞു. ഇപ്രകാരം നോമ്പ് നോൽക്കുന്നത് പ്രബലമായ സുന്നത്തുകളിൽ പെട്ടതാണ്.

2- മുഹറം പത്തും ശേഷമുള്ള ദിവസമായ പതിനൊന്നും നോമ്പ് നോൽക്കുക. ഇതിലേക്ക് സൂചന നൽകുന്ന ഇബ്നു അബ്ബാസിൽ നിന്ന് വന്നിട്ടുള്ള ഹദീഥ് അഹ്മദ് നിവേദനം ചെയ്തിട്ടുണ്ടെങ്കിലും അതിൻ്റെ സനദ് (നിവേദകപരമ്പര) ദുർബലമാണ്.

യഹൂദ നസ്വാറാക്കളോട് എതിരാവുക എന്ന ഉദ്ദേശമാണ് മുഹറം പത്തിനോടൊപ്പം ഒമ്പതും നോൽക്കാനുള്ള കാരണം എന്ന് നാം മുൻപ് മനസ്സിലാക്കിയല്ലോ? അതിൻ്റെ അടിസ്ഥാനത്തിൽ -ഹദീഥിൽ സ്ഥിരപ്പെട്ടിട്ടില്ലെങ്കിലും- ഒരാൾ പത്തും പതിനൊന്നും നോമ്പെടുത്താലും ഈ ഉദ്ദേശം നടപ്പിലാകേണ്ടതാണ്.

3- മുഹറം ഒമ്പതും പത്തും പതിനൊന്നും -മൂന്ന് ദിവസം- നോമ്പ് നോൽക്കുക എന്നത്. ആശൂറാഅ് നോമ്പിൻ്റെ രൂപം ഇപ്രകാരം മൂന്ന് ദിവസമായിട്ടാണെന്ന രൂപത്തിൽ വന്നിട്ടുള്ള ഹദീഥ് സ്ഥിരപ്പെട്ടിട്ടില്ല.

എന്നാൽ എല്ലാ മാസത്തിലെയും മൂന്ന് ദിവസം നോമ്പ് നോൽക്കൽ സുന്നത്താണ് എന്ന നിലക്ക് ആ ഉദ്ദേശത്തിൽ മുഹറം ഒമ്പതും പത്തും പതിനൊന്നും നോറ്റാൽ മാസത്തിൽ മൂന്ന് നോമ്പ് എന്ന സുന്നത്ത് ആശൂറാഅ് നോമ്പിനോടൊപ്പം തന്നെ അവന് നേടിയെടുക്കാം. മാസം പ്രവേശിച്ചതിൻ്റെ കാര്യത്തിൽ -മാസപ്പിറവി ദർശിക്കുന്നതിലോ മറ്റോ ഉണ്ടായ ആശയക്കുഴപ്പം കാരണത്താൽ- സംശയമുണ്ടെങ്കിൽ ആ സംശയം പൂർണ്ണമായി നികത്താനും ഇത് വഴി സാധിക്കും. എന്നാൽ മാസം പ്രവേശിച്ചതിൽ സംശയമില്ലെങ്കിൽ ഈ പറഞ്ഞ കാരണം ഉദ്ദേശിക്കാവുന്നതല്ല.

4- മുഹറം പത്തും മുഹറത്തിലെ ഒമ്പതോ പത്തോ അല്ലാത്ത മറ്റേതെങ്കിലും ദിവസങ്ങളിൽ നിന്നും രണ്ട് നോമ്പെടുക്കുക. ഇങ്ങനെ നോമ്പെടുക്കുമ്പോൾ മുഹറം പത്തിൻ്റെ നിയ്യത്ത് ആശൂറാഅ് നോമ്പിൻ്റെ നിയ്യത്തും, മാസത്തിലെ മൂന്ന് നോമ്പുകളിൽ ഒന്നിൻ്റെ നിയ്യത്തുമായി കണക്കാക്കാവുന്നതാണ്.

ഈ പറഞ്ഞതിൽ ഏറ്റവും പരിപൂർണ്ണമായ രൂപം മുഹറം ഒമ്പതും പത്തും നോമ്പെടുക്കലാണ്. പൂർണ്ണമായ രൂപം തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുകയും, എല്ലാ വർഷവും ഒഴിവാക്കാതെ മുഹറത്തിലെ ശ്രേഷ്ഠകരമായ ഈ രണ്ട് ദിവസങ്ങളിലെ നോമ്പുകൾ നോൽക്കുകയും ചെയ്യുന്നവർക്ക് ആശംസകൾ.

عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: «مَا رَأَيْتُ النَّبِيَّ -ﷺ- يَتَحَرَّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ إِلَّا هَذَا اليَوْمَ، يَوْمَ عَاشُورَاءَ، وَهَذَا الشَّهْرَ يَعْنِي شَهْرَ رَمَضَانَ»

ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: “ഈ ദിവസത്തിലെ -അതായത് ആശൂറാഅ് ദിവസത്തിലെ- നോമ്പിനെക്കാളും, ഈ മാസത്തിലെ -അതായത് റമദാൻ മാസത്തിലെ- നോമ്പിനെക്കാളും മറ്റൊരു ദിവസത്തിലെ നോമ്പിനും ശ്രേഷ്ഠത കൽപ്പിച്ചു കൊണ്ട് നബി -ﷺ- ഇപ്രകാരം ശ്രദ്ധിക്കുന്നത് ഞാൻ കണ്ടിട്ടില്ല.” (ബുഖാരി: 2006, മുസ്ലിം: 1132)

അസ്വദ് ബ്നു യസീദ് -رَحِمَهُ اللَّهُ- പറയുന്നു: അലിയ്യു ബ്നു അബീ താലിബിനെക്കാളും, അബൂ മൂസൽ അശ്അരിയെക്കാളും ആശൂറാഅ് ദിവസത്തിലെ നോമ്പ് നോൽക്കാൻ ശക്തമായി കൽപ്പിച്ചിരുന്ന മറ്റാരെയും ഞാൻ കണ്ടിട്ടില്ല. ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- യാത്രയിൽ പോലും ആശൂറാഅ് നോമ്പ് ഉപേക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹത്തിൽ നിന്നുള്ള അഥറുകളിൽ വന്നതായി കാണാം.

ഇമാം സുഹ്രി ഇപ്രകാരം യാത്രയിൽ ആശൂറാഅ് നോമ്പ് നോൽക്കുന്നത് കണ്ടപ്പോൾ അബൂ ജബ്ല എന്നയാൾ അദ്ദേഹത്തോട് ചോദിച്ചു: റമദാനിൽ യാത്രയിലായിരിക്കെ നിങ്ങൾ നോമ്പ് ഉപേക്ഷിക്കുന്നു. എന്നാൽ ആശൂറാഇലെ നോമ്പ് നിങ്ങൾ യാത്രയിലും നോൽക്കുകയും ചെയ്യുന്നു?! അദ്ദേഹം പറഞ്ഞു: റമദാനിലെ ദിവസങ്ങൾ നഷ്ടപ്പെട്ടാൽ അവക്ക് പകരം ദിവസമുണ്ട്. എന്നാൽ ആശൂറാഅ് നോമ്പ് നഷ്ടപ്പെട്ടു പോകുന്ന നോമ്പാകുന്നു (അവക്ക് പകരം നോമ്പില്ല)

كَتَبَهُ الأَخُ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ

المَصْدَرُ: مَجْلِسُ عَاشُورَاءَ فِي المَسْجِدِ النَّبَوِيِّ الشَّرِيفِ

لِلشَّيْخِ صَالِحِ بْنِ عَبْدِ اللَّهِ العُصَيْمِيِّ حَفِظَهُ اللَّهُ تَعَالَى 

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: