ലൈലതുല്‍ ഖദറിന്റെ രാത്രി നിസ്കാരം കൊണ്ടാണ് ജീവസ്സുറ്റതാക്കേണ്ടത്. അതിന് നാല് പദവികളുണ്ട്.

ഒന്ന്: രാത്രി മുഴുവനായി നിസ്കരിക്കല്‍.

നബി -ﷺ- യുടെ രീതി ഇപ്രകാരമായിരുന്നു. രാത്രിയുടെ ബഹുഭൂരിപക്ഷവും അവിടുന്ന് നിസ്കരിക്കുമായിരുന്നു. അത്താഴം നഷ്ടപ്പെട്ടു പോകുമോ എന്ന് സ്വഹാബികളില്‍ ചിലര്‍ ഭയക്കുന്നത്ര വരെ അത് ചിലപ്പോള്‍ ദീര്‍ഘിച്ചു.

അതിനാല്‍ സാധിക്കുമെങ്കില്‍ ലൈലതുല്‍ ഖദറിന്റെ രാത്രി മുഴുവന്‍ നിസ്കരിക്കാം. പക്ഷേ അപ്രകാരം ചെയ്യാന്‍ കഴിയുന്നവര്‍ വളരെ വിരളമാണ്.

രണ്ട്: രാത്രിയുടെ ആദ്യഭാഗവും അവസാന ഭാഗവും നിസ്കരിക്കല്‍.

പൊതുവെ ജനങ്ങള്‍ ഈ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. പണ്ഡിതന്മാരില്‍ വലിയൊരു വിഭാഗത്തിന്റെ ഫത്വയും ഇപ്രകാരം തന്നെയാണ്. തറാവീഹും അതിന് ശേഷം ഖിയാമുല്ലൈലും നിസ്കരിക്കുക എന്ന രൂപമാണ് ഇത്. ഈ രണ്ട് നിസ്കാരങ്ങളും ഒരേ നിസ്കാരം തന്നെയാണ്. ജനങ്ങള്‍ക്ക് പൊതുവെ രാത്രി മുഴുവനായി നിസ്കരിക്കാന്‍ കഴിയില്ല എന്നത് കൊണ്ട് അവക്കിടയില്‍ ചെറിയ വിടവ് നിശ്ചയിച്ചു എന്നു മാത്രം.

അപ്പോള്‍ രാത്രിയുടെ ആദ്യ ഭാഗത്തില്‍ തറാവീഹും, കുറച്ച് വിശ്രമിച്ചതിന് ശേഷം രാത്രിയുടെ അവസാന ഭാഗത്തില്‍ ഖിയാമുല്ലൈലും നിര്‍വ്വഹിക്കാം. ഇത് ആദ്യം പറഞ്ഞ രൂപത്തെക്കാള്‍ താഴെയാണ്.

മൂന്ന്: രാത്രിയുടെ അവസാന ഭാഗം മാത്രം നിസ്കരിക്കല്‍.

അതായത് ഖിയാമുല്ലൈല്‍ മാത്രം നിസ്കരിക്കുക എന്ന രൂപം. മേല്‍ പറഞ്ഞ രണ്ട് രൂപങ്ങളെക്കാള്‍ താഴെയാണ് ഈ രൂപം. എന്നാല്‍ രാത്രിയുടെ ആദ്യഭാഗത്തില്‍ മാത്രം നിസ്കരിക്കുക എന്ന രൂപത്തെക്കാള്‍ ശ്രേഷ്ഠവുമാണ് ഇത്. ജനങ്ങള്‍ തറാവീഹ് നിസ്കരിക്കുമ്പോള്‍ അവരെ നോക്കി കൊണ്ട് ഉമര്‍ -رَضِيَ اللَّهُ عَنْهُ- “ഈ നിസ്കാരത്തില്‍ പങ്കെടുക്കാതെ ഉറങ്ങുന്നവരാണ് നിങ്ങളുടെ ഈ നിസ്കാരത്തെക്കാള്‍ നന്മയിലുള്ളത്” എന്ന് പറഞ്ഞത് ഈ അര്‍ത്ഥത്തിലാണ്.

നാല്: രാത്രിയുടെ ആദ്യ ഭാഗം മാത്രം നിസ്കരിക്കല്‍.

അതായത് തറാവീഹ് മാത്രം നിസ്കരിക്കല്‍. മേല്‍ പറഞ്ഞ രൂപങ്ങളില്‍ ഏറ്റവും താഴെയുള്ള രൂപമാണ് ഇത്.

എന്നാല്‍ രാത്രിയുടെ ആദ്യഭാഗത്തിലോ അവസാന ഭാഗത്തിലോ നിസ്കരിക്കാത്തവന് മേലെ പറഞ്ഞ പ്രവര്‍ത്തനത്തില്‍ നിന്ന് ഒരു പങ്കും ലഭിക്കാതെ പോയിരിക്കുന്നു. നബി -ﷺ- അറിയിച്ച പോലെ “ആരെങ്കിലും ലൈലതുല്‍ ഖദറില്‍ -ഈമാനോടെയും പ്രതിഫലേഛയോടെയും- നിന്ന് നിസ്കരിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുത്തു നല്‍കപ്പെടും.” എന്നതില്‍ നിന്ന് ഒന്നും തന്നെ അവന് നേടിയെടുക്കാന്‍ കഴിയില്ല.

അവലംബം: ഫവാഇദുശ്ശൈഖ് സ്വാലിഹ് അല്‍-ഉസ്വൈമി -حَفِظَهُ اللَّهُ-

വിവര്‍ത്തനം: അബ്ദുല്‍ മുഹ്സിന്‍ ഐദീദ് -وَفَّقَهُ اللَّهُ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment