الحَمْدُ لِلَّهِ وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِ اللَّهِ وَعَلَى آلِهِ وَصَحْبِهِ اَجْمَعِينَ، أَمَّا بَعْدُ:

ഇഅ്തികാഫ് നിശ്ചയിക്കപ്പെട്ടതിന് പിന്നിലുള്ള ലക്ഷ്യം: ഹൃദയം പൂർണ്ണമായി അല്ലാഹുവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കപ്പെടലും, മറ്റെല്ലാ ബന്ധങ്ങളിൽ നിന്നും അത് ശൂന്യമാകലുമാണ്.

അല്ലാഹുവിനെ സ്മരിക്കുന്നതിലും അവന് ഇബാദത് ചെയ്യുന്നതിലും അല്ലാഹുവിലേക്ക് മാത്രം മുന്നിടുന്നതിലും ഹൃദയത്തെ അവൻ കെട്ടിയിടട്ടെ. ഇപ്രകാരം ഇഅ്തികാഫ് ഇരിക്കുക എന്നത് കുറച്ചു പ്രയാസമുള്ള കാര്യം തന്നെയാണ്. കാരണം, ഈ ലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ അവൻ ഏകനായി ഇഅ്തികാഫ് ഇരിക്കുകയും, ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു നിലകൊള്ളുകയും വേണ്ടതുണ്ട്.

എന്നാൽ ഈ രീതി ഇന്ന് ഒഴിവാക്കപ്പെട്ട സുന്നതുകളിൽ ഒന്നായിരിക്കുന്നു. ഇന്ന് ധാരാളം പേർ ഇഅ്തികാഫ് ഇരിക്കുന്നുണ്ടെങ്കിലും അവയെല്ലാം ‘സംഘടിത’ ഇഅ്തികാഫുകൾ ആയിരിക്കുന്നു. ജനങ്ങൾ കൂടിയിരുന്ന് അതുമിതും പറഞ്ഞു കൊണ്ടിരിക്കുകയെന്നതാണ് ഇത്തരം ഇഅ്തികാഫുകളിൽ കൂടുതലും ഉള്ളത്.

ഇത്തരം ഇഅ്തികാഫുകളെയാണ് ഇമാം ഇബ്‌നുൽ ഖയ്യിം -റഹിമഹുല്ലാഹ്- പടുവിഡ്ഢികളുടെ ഇഅ്തികാഫ് എന്ന് വിശേഷിപ്പിച്ചത്. അദ്ദേഹം പറഞ്ഞത് വളരെ സത്യം തന്നെ!

എന്നാൽ ഇതിന്റെ അർഥം ഇഅ്തികാഫ് പൂർണ്ണമായി ഒഴിവാക്കണമെന്നല്ല. ഒന്നുമില്ലെങ്കിലും അഞ്ചു നേരത്തെ നിസ്കാരം ജമാഅതായി നിസ്കരിക്കാനും, ആദ്യത്തെ തക്ബീർ തന്നെ നേടിയെടുക്കാനും, സുന്നത്ത് നിസ്കാരങ്ങൾ അധികരിപ്പിക്കാനും, മറ്റു ദുനിയാവിന്റെ കെട്ടുപാടുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനും അത് അവനെ സഹായിക്കും.

എന്നാൽ -ഹൃദയം അല്ലാഹുവിന് മാത്രമായി ഒഴിച്ചിടുക എന്ന- ഇഅ്തികാഫിന്റെ ലക്ഷ്യം അതിലൂടെ നേടിയെടുക്കുക സാധ്യമല്ല. അതിനാൽ ഇഅ്തികാഫിന്റെ പൂർണ്ണ പ്രതിഫലം നേടിയെടുക്കാൻ ആഗ്രഹിക്കുന്നവർ ശരിയായ -ശർഇയ്യായ- ഇഅ്തികാഫ് പ്രാവർത്തികമാക്കാൻ ശ്രമിക്കുക.

ജനങ്ങളിൽ നിന്ന് മാറിയിരുന്ന്, അല്ലാഹുവിന് വേണ്ടി മാത്രമായി ഹൃദയം ഒഴിച്ചിട്ട്, ‘സംഘടിത’ ഇഅ്തികാഫുകൾ ഒഴിവാക്കി അതിന് പരിശ്രമിക്കുക.

ഇമാം മാലിക് ഇഅ്തികാഫിന്റെ കാര്യത്തിൽ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹം പറയുമായിരുന്നു:

“സ്വഹാബികളുടെ അവസ്ഥയെ കുറിച്ച് ഞാൻ ചിന്തിച്ചു. ഇഅ്തികാഫ് (ശരിയാംവിധം) പ്രാവർത്തികമാക്കാനുള്ള പ്രയാസം കാരണത്താൽ അവർ ഇഅ്തികാഫ് ഇരിക്കാറില്ലായിരുന്നു. നമ്മുടെ നാട്ടിൽ അബൂബക്ർ ബ്നു അബ്ദി റഹ്മാനല്ലാതെ മറ്റാരും ഇഅ്തികാഫ് ഇരിക്കാറില്ല.”

ഇതിൽ നിന്നെല്ലാം ശരിയായ ഇഅ്തികാഫ് എത്ര മാത്രം പ്രയാസമുള്ളതാണെന്ന് മനസ്സിലാക്കാം. ഇമാം മാലികിന്റെ മേൽ പറഞ്ഞ നിലപാട് കാരണത്താൽ ചിലർ അദ്ദേഹം ഇഅ്തികാഫ് സുന്നത്തല്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് വരെ ധരിച്ചിട്ടുണ്ട്. പ്രസ്തുത ധാരണ തെറ്റാണെന്ന് മാലികി പണ്ഡിതൻ തന്നെയായ ഇബ്‌നുൽ അറബിയും മറ്റും പറഞ്ഞിട്ടുണ്ട്.

ഇമാം മാലിക് ഈ വിഷയത്തിൽ വളരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു എന്ന് മാത്രം. എന്തിനധികം?! ഇഅ്തികാഫിന്റെ വേളയിൽ നബിയുടെ ഹദീഥ് വായിക്കുന്നത് പോലും അദ്ദേഹം വിലക്കിയിരുന്നു. ഇന്ന് ഇഅ്തികാഫിലായിരിക്കെ പത്രം വായിക്കുകയും, സോഷ്യൽ മീഡിയ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവരെ വരെ കാണാം!

എന്തിനധികം?!

ഇഅ്തികാഫിലിരുന്ന് മറ്റുള്ളവരുടെ പരദൂഷണം പറഞ്ഞു രസിക്കുന്നവരെയും, സംഘടനാ ഫിത്നകളെ കുറിച്ചും മറ്റും ചർച്ച ചെയ്യുന്നവരെയും, ഭക്ഷണ-പാനീയങ്ങൾ കഴിച്ചും രുചിച്ചും രസിക്കുന്നവരെയും കാണാം!

അല്ലാഹുവിൽ ശരണം.

(അവലംബം: ഫവാഇദുശ്ശൈഖ് റയ്യിസ്)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment