പണ്ഡിതന്മാരുടെ മരണത്തിലൂടെയാണ് ഇസ്‌ലാമിക വിജ്ഞാനം ഉയർത്തപ്പെടുക എന്ന് പറയാറുണ്ടല്ലോ; എന്നാൽ വിജ്ഞാനമാകട്ടെ ഗ്രന്ഥങ്ങളിലും ആധുനിക വിവരശേഖരണ മാർഗങ്ങളിലുമായി ശേഖരിക്കപ്പെട്ടിട്ടുണ്ടല്ലോ. ഖുർആൻ മുസ്‌ഹഫുകളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു; ഹദീഥ് വാള്യക്കണക്കിനായി ഗ്രന്ഥങ്ങളിൽ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു; വിശുദ്ധ ഖുർആൻ വ്യാഖ്യാനവും ഹദീഥിന്റെ വിശദീകരണങ്ങളും വ്യത്യസ്ത മതവിഷയങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന എണ്ണമില്ലാത്ത ഗ്രന്ഥങ്ങൾ വേറെയും നിലനിൽക്കുന്നു.

എന്നിരിക്കെ എങ്ങനെയാണ് പണ്ഡിതന്മാരുടെ മരണത്തിലൂടെ വിജ്ഞാനം ഇല്ലാതെയാകും എന്ന് പറയുക?!

ഉത്തരം:

ഒന്ന്: ഓരോരുത്തരുടെയും ഗ്രാഹ്യശേഷി വ്യത്യസ്തമാണ്. ചെറിയ കുട്ടികളും പ്രായമുള്ളവരും ഒരു കാര്യം ഗ്രഹിച്ചെടുക്കുക പല നിലവാരത്തിലായിരിക്കും. വ്യത്യസ്ത വിജ്ഞാന ശാഖകളിൽ വിവരമുള്ളവരും ഇല്ലാത്തവരും തമ്മിൽ വിഷയങ്ങൾ മനസ്സിലാക്കുന്നതിൽ അന്തരമുണ്ടായിരിക്കും. ഓരോരുത്തരുടെയും ബുദ്ധിയുടെയും സംസാരിക്കുന്ന ഭാഷയുടെയും താമസിക്കുന്ന നാടിന്റെയും വ്യത്യാസം അവർ കാര്യങ്ങൾ മനസ്സിലാക്കുന്നതിലും വ്യത്യാസമുണ്ടാക്കുന്നതാണ്.

എന്നാൽ ഈ വ്യത്യാസം പരിഗണിച്ചു കൊണ്ട് വിജ്ഞാനം പകർന്നു നൽകാൻ -വിശാലമായ അറിവും അനുഭവജ്ഞാനവുമുള്ള- ഒരു പണ്ഡിതനെ കൊണ്ടാണ് സാധിക്കുക. ഖുർആാനിലെ ആയത്തുകളും, നബി -ﷺ- യുടെ ഹദീഥുകളും ഓരോരുത്തരുടെയും വൈജ്ഞാനിക നിലവാരമനുസരിച്ച് വിശദീകരിച്ചും വ്യാഖ്യാനിച്ചും നൽകാൻ പണ്ഡിതന്മാരുടെ സഹായം കൂടിയേ തീരൂ. ഓരോരുത്തരും പുസ്തകങ്ങൾ തുറന്നു വെച്ച് വായിച്ചാൽ ഇക്കാര്യം സാധ്യമല്ല. ഒരേ പുസ്തകത്തിൽ നിന്ന് രണ്ട് പേർ തീർത്തും വിപരീതമായ അർത്ഥങ്ങൾ വരെ വായിച്ചു മനസ്സിലാക്കിയേക്കാം.

രണ്ട്: പഠനത്തിനിടയിൽ സംശയങ്ങൾ ഉടലെടുക്കുക എന്നത് സ്വാഭാവികമാണ്. അവ ദൂരീകരിക്കാതെയും, അവയുടെ ഉത്തരം മനസ്സിലാക്കാതെയും മുന്നോട്ടു പോകുന്നത് ചിലപ്പോൾ പഠനം പ്രയാസകരമാകാനും, മറ്റു ചിലപ്പോൾ പഠനത്തിന്റെ വഴി തന്നെ തെറ്റിപ്പോകാനും കാരണമായേക്കാം. ഇത്തരം സംശയങ്ങളിൽ ഉടനടി വ്യക്തത വരുത്താൻ ഒരു പണ്ഡിതന്റെ സഹായം അനിവാര്യമായും ആവശ്യമാണ്.

ഒരു പണ്ഡിതന്റെ സഹായമില്ലാതെ ഗ്രന്ഥങ്ങളിൽ നിന്ന് മാത്രം വിജ്ഞാനം തേടാൻ ശ്രമിക്കുന്നവർക്ക് ഇത്തരം സംശയങ്ങളെ മറികടക്കാൻ മണിക്കൂറുകളും ദിവസങ്ങളും നീണ്ടു നിൽക്കുന്ന ഗവേഷണങ്ങൾ വേണ്ടിവന്നേക്കാം. ചിലപ്പോൾ അവന്റെ സംശയം ദൂരീകരിക്കാൻ തന്നെ അവന് സാധിച്ചു കൊള്ളണമെന്നില്ല. മറ്റു ചിലപ്പോൾ ഇതു വരെ പഠിച്ച കാര്യങ്ങളിൽ തന്നെ സംശയം ഉടലെടുക്കാനും, ക്രമേണ പഠനം തന്നെ അവൻ ഉപേക്ഷിച്ചു പോകാനും ഇത്തരം സംശയങ്ങൾ കാരണമായേക്കാം.

മൂന്ന്: പഠിതാക്കളെ മുന്നിൽ കാണുകയും, അവന്റെ അവസ്ഥകൾ നിരീക്ഷിക്കുകയും ചെയ്യുന്ന അദ്ധ്യാപകരാണ് പണ്ഡിതന്മാർ. ശിഷ്യരെ കൂടുതൽ ശരികളിലേക്ക് നയിച്ചു കൊണ്ടും, അവർക്ക് സംഭവിക്കുന്ന അബദ്ധങ്ങൾ തിരുത്തി നൽകിക്കൊണ്ടും അവരോടൊപ്പം അദ്ദേഹം ജീവിക്കുന്നുണ്ട്. ഇത് പഠനത്തിന്റെ വഴി എളുപ്പമാക്കി നൽകുകയും, വിജ്ഞാനം പകർന്നു നൽകേണ്ട രീതി മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ പുസ്തകം ഒരാളുടെയും അബദ്ധങ്ങളെ തിരുത്തുകയോ, അയാളെ കൂടുതൽ നല്ലതിലേക്ക് നയിക്കുകയോ ഇല്ല.

നാല്: വിജ്ഞാനത്തിന്റെ ജീവിക്കുന്ന രൂപമാണ് പണ്ഡിതന്മാർ. അയാൾ പഠിപ്പിക്കുന്നത് അയാളുടെ ജീവിതത്തിൽ പുലർന്നു കാണുന്നതിനാൽ അത് പകർത്തിയെടുക്കാനും, മാതൃകയാക്കാനും പഠിതാക്കൾക്ക് സാധിക്കും. ഇതു കൊണ്ടാണ് പണ്ഡിതന്മാരും അദ്ധ്യാപകരും പഠിതാക്കളുടെ മാതൃകകളായിരിക്കണം എന്ന് പറയുന്നത്.

നബി -ﷺ- അവിടുത്തെ അനുചരന്മാരായ സ്വഹാബികൾക്ക് മാതൃക കാണിച്ചു നൽകിയത് പോലെ, പണ്ഡിതന്മാർ അവരിൽ നിന്ന് പഠിക്കുന്നവർക്കും തങ്ങളുടെ ജീവിതത്തിലൂടെ മാതൃക കാണിച്ചു നൽകേണ്ടതുണ്ട്. പുസ്തകങ്ങളിൽ നിന്ന് മാത്രം പഠിക്കുന്നവർക്ക് ഈ പറയുന്ന മേന്മകൾ നേടിയെടുക്കാൻ സാധിക്കില്ല.

അഞ്ച്: പുതിയ സാഹചര്യങ്ങളും, മുൻപ് ഉടലെടുത്തിട്ടില്ലാത്ത ആധുനിക വിഷയങ്ങളും ഉണ്ടാകുമ്പോൾ അവയിൽ സ്വീകരിക്കേണ്ട ഇസ്‌ലാമിക സമീപനം എന്താണെന്ന് വിശദീകരിക്കാൻ പണ്ഡിതന്മാർക്കല്ലാതെ സാധിക്കുകയില്ല. ഇത്തരം വിഷയങ്ങൾ ഗ്രന്ഥങ്ങളിൽ പലപ്പോഴും വ്യക്തമായി വിവരിക്കപ്പെട്ടതായി കാണാൻ സാധിക്കുകയുമില്ല. പണ്ഡിതന്മാരുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രധാനപ്പെട്ട പാഠങ്ങളിലൊന്നാണത്.

മേൽ പറഞ്ഞതും, അതല്ലാത്തതുമായ അനേകം കാര്യങ്ങൾ പണ്ഡിതന്മാരുടെ അനിവാര്യത ബോധ്യപ്പെടുത്തുന്നു. കേവലം ഗ്രന്ഥവായനകളിലൂടെ വിജ്ഞാനം കണ്ടെത്താൻ ശ്രമിക്കുകയും, പണ്ഡിതന്മാരുടെ മാർഗദർശനം സ്വീകരിക്കാതിരിക്കുകയും, അവരുടെ പക്കൽ നിന്ന് വിജ്ഞാനം നേടുന്നത് ഉപേക്ഷിക്കുകയും ചെയ്യുന്നത് ഇസ്‌ലാമിനും മുസ്‌ലിമീങ്ങൾക്കും ഉപകാരത്തേക്കാൾ ഉപദ്രവമാണ് പലപ്പോഴും വരുത്തി വെക്കുക.

വല്ലാഹു അഅ്ലം.

(അവലംബം: ശൈഖ് മുഹമ്മദ് ബാസ്മൂൽ)വി

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: