പകർച്ചവ്യാധി നാട്ടിൽ പടർന്നു പിടിക്കുന്നു. സാമ്പത്തികമായ പരീക്ഷണങ്ങൾ മുന്നിലെത്തി നിൽക്കുന്നു. പ്രവാസജീവിതം എന്താകുമെന്ന ആശങ്കകൾ ഒരു ഭാഗത്ത്. ഈ സന്ദർഭത്തിൽ പലരുടെയും നാവിലൂടെ കടന്നു പോകുന്ന വാക്കുകൾ ഹൃദയത്തിൽ ഈമാൻ അടിയുറച്ച ഒരു വ്യക്തിയിൽ നിന്ന് ഒരിക്കലും വരാൻ പാടില്ലാത്തവയാകുന്നു എന്നത് വളരെ ഖേദകരം തന്നെ.

താഴെ ചില വാക്കുകൾ നൽകാം; തെറ്റായതും, ശേഷം അതിന് പകരം പറയാവുന്ന നല്ല വാക്കും വായിച്ചു നോക്കൂ!

✘ നമുക്ക് നമ്മൾ മാത്രമേയുള്ളൂ
✓ നമുക്ക് അല്ലാഹുവുണ്ട്.

✘ എല്ലാവരും നമ്മെ കൈവിട്ടു.
✓ അല്ലാഹു നമ്മെ ഒരിക്കലും കൈവിടില്ല.

✘ ഇനി ഒരു പ്രതീക്ഷയും വേണ്ടതില്ല.
✓ ഉറപ്പായും അല്ലാഹു ഒരു വഴിതുറക്കും.

✘ നാട്ടിലുള്ളവർക്ക് നമ്മുടെ പണം മാത്രം മതി.
✓ അല്ലാഹു നമ്മുടെ നന്മകൾ സ്വീകരിക്കട്ടെ. എല്ലാവർക്കും പൊറുത്തു തരട്ടെ.

✘ നമ്മൾ ഈ രോഗത്തെയും തോൽപ്പിക്കും.
✓ അല്ലാഹുവിന്റെ സഹായമുണ്ടെങ്കിൽ നമ്മെ ഒന്നും ബാധിക്കുകയില്ല.

✘ നമ്മളൊരു സംഭവമല്ലേ?! ആർക്ക് പറ്റും ഇതു പോലെ?!
✓ അല്ലാഹു നമ്മെ സഹായിച്ചു. അവന്റെ ഔദാര്യമില്ലായിരുന്നെങ്കിൽ നമുക്ക് യാതൊന്നും നേടാൻ കഴിയില്ലായിരുന്നു.

✘ ജനങ്ങളെല്ലാം കണക്കാണ്. ആരും നല്ലവരില്ല.
✓ ജനങ്ങളിൽ ധാരാളം നന്മയുണ്ട്. തെറ്റുകളില്ലാത്ത മനുഷ്യന്മാരില്ലല്ലോ?

✘ അല്ലാഹു നമ്മെ പള്ളികളിൽ നിന്ന് ആട്ടിപ്പുറത്താക്കി.
✓ രോഗം വ്യാപിക്കുന്ന ഈ സന്ദർഭത്തിൽ മസ്ജിദുകളിൽ ഒരുമിച്ചു കൂടേണ്ടതില്ല എന്നത് ഇസ്‌ലാമിലെ ഇളവാണ്. ദീനിൽ എളുപ്പം നിശ്ചയിച്ച അല്ലാഹുവിന് സർവ്വ സ്തുതിയും.

✘ എല്ലാവരും സ്വന്തം കാര്യം വേഗം സെയ്ഫാക്കുക!
✓ ഈ പരീക്ഷണത്തിന്റെ ഘട്ടത്തിൽ ചുറ്റുപാടുമുള്ളവരെ മറക്കാൻ പാടില്ല. അവരെ നമുക്ക് സഹായിക്കാൻ കഴിയുക എന്നത് അല്ലാഹുവിന്റെ അനുഗ്രഹം തന്നെ.

✘ സൗജന്യങ്ങളും സഹായങ്ങളും കിട്ടാവുന്നിടത്തോളം വാരിക്കൂട്ടുക; നാളെ പിന്നെ ഇതൊന്നും കിട്ടിയെന്ന് വരില്ല.
✓ നമ്മേക്കാൾ ആവശ്യമുള്ളവരും നാട്ടിലുണ്ട്. അതിനാൽ വേണ്ടത് മാത്രം എടുക്കാം. അല്ലാഹുവാണ് ഉപജീവനം നൽകുന്നവൻ. അവൻ നമ്മെ കൈവെടിയില്ല.

✘ ജനങ്ങൾക്ക് ഇങ്ങനെ തന്നെ വേണം. എല്ലാവരും ഒരു പാഠം പഠിക്കട്ടെ.
✓ അല്ലാഹു നമ്മുടെയെല്ലാം തെറ്റുകൾ പൊറുത്തു നൽകട്ടെ. അവനിലേക്ക് മടങ്ങാൻ ഇതൊരു അവസരമാകട്ടെ. എല്ലാവരുടെയും പ്രയാസങ്ങൾ അവൻ നീക്കിക്കൊടുക്കട്ടെ.

✘ നന്നായതു കൊണ്ടൊന്നും ഒരു കാര്യവുമില്ല. ഇക്കാലത്ത് കുറച്ച് ദുഷ്ടത്തരമില്ലാതെ ജീവിക്കാനൊക്കില്ല.
✓ അല്ലാഹുവിന്റെ ഉദ്ദേശപ്രകാരമല്ലാതെ ഒന്നും നടക്കുകയില്ല. അവനെ സൂക്ഷിച്ചവർക്കാണ് അന്തിമവിജയം. കുതന്ത്രം കാണിക്കുന്നവർ ഒരിക്കലും വിജയിക്കുകയില്ല.

✘ നമ്മളെന്തു ചെയ്തിട്ടാണ് ഇങ്ങനെ അല്ലാഹു പരീക്ഷിക്കുന്നത്?
✓ എന്റെ തെറ്റുകളും കുറവുകളും ധാരാളമുണ്ട്; എന്നാൽ എണ്ണമില്ലാത്ത അനുഗ്രഹങ്ങളാണ് അല്ലാഹു എനിക്ക് നൽകിയത്. ഇതൊരു ചെറിയ പരീക്ഷണം മാത്രമാണ്. അതിൽ ക്ഷമിച്ചാൽ മഹത്തായ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുമുണ്ട്. അൽഹംദുലില്ലാഹ്.

ഇത് ചില ഉദാഹരണങ്ങൾ മാത്രമാണ്. നമ്മുടെ നാവുകളിലൂടെ കടന്നു പോകുന്ന വാക്കുകൾ സൂക്ഷ്മമായി അരിച്ചെടുക്കുക. പറഞ്ഞ ഓരോ വാക്കുകളെയും, അതിന്റെ അനന്തരഫലങ്ങളെയും സൂക്ഷ്മമായി ചോദ്യം ചെയ്യുന്ന ഒരു ദിനം വരാനുണ്ട്. അല്ലാഹുവിന്റെ മുന്നിൽ നിൽക്കുന്ന ആ ദിവസത്തെ കുറിച്ച് മറക്കാതിരിക്കുക.

നമ്മുടെ വാക്കുകൾ സ്വർഗത്തിന്റെ ഉന്നതപദവികളിലേക്കും, നരകത്തിന്റെ അഗാതഗർത്തങ്ങളിലേക്കും നമ്മെ തള്ളിവിട്ടേക്കാം എന്ന ബോധ്യത്തോടെ നാവിനെ ശരിപ്പെടുത്താൻ ആരംഭിക്കാം.

അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. (ആമീൻ)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment