عَنْ مِقْدَامِ بْنِ مَعْدِي كَرِبَ، قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «مَا مَلأَ آدَمِيٌّ وِعَاءً شَرًّا مِنْ بَطْنٍ. بِحَسْبِ ابْنِ آدَمَ أُكُلاَتٌ يُقِمْنَ صُلْبَهُ، فَإِنْ كَانَ لاَ مَحَالَةَ فَثُلُثٌ لِطَعَامِهِ وَثُلُثٌ لِشَرَابِهِ وَثُلُثٌ لِنَفَسِهِ»

മിഖ്ദാമു ബ്നു മഅ്ദീകരിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “വയറിനെക്കാൾ മോശപ്പെട്ട ഒരു പാത്രവും മനുഷ്യൻ നിറച്ചിട്ടില്ല. തന്റെ മുതുക് നേരെനിർത്തുവാൻ മതിയായ കുറച്ചുരുളകൾ മതി മനുഷ്യന്. ഇനി അവന് ഒഴിച്ചു കൂടാൻ വയ്യെങ്കിൽ മൂന്നിലൊന്ന് ഭക്ഷണത്തിനും, മൂന്നിലൊന്ന് പാനീയത്തിനും, മൂന്നിലൊന്ന് ശ്വാസം വിടുവാനും വേണ്ടിയാക്കട്ടെ.” (തിർമിദി: 2380, അൽബാനി: 2265)

ശൈഖ് സ്വാലിഹ് അൽ-ഉസ്വൈമി -حَفِظَهُ اللَّهُ- പറഞ്ഞു: “ഭക്ഷണം കഴിക്കുന്ന അവസ്ഥകളെ മൂന്നായി തിരിക്കാം.

ഒന്ന്: അവന്റെ ജീവൻ നിലനിർത്താനോ, ആരോഗ്യം (ശക്തി) സംരക്ഷിക്കാനോ പോലും മതിയാകാത്തത്ര കുറച്ച് ഭക്ഷണം കഴിക്കുക. ഇത് വിലക്കപ്പെട്ടതാണ്. അല്ലാഹുവിന്റെ കൽപ്പനകൾ നിറവേറ്റുന്നതിൽ ക്ഷീണം വരുത്തുന്ന രൂപത്തിലാണെങ്കിൽ അത് കറാഹതും (വെറുക്കപ്പെട്ടത്), അവന്റെ കൽപ്പനകൾ നിറവേറ്റുന്നത് അസാധ്യമാക്കുന്ന തരത്തിലാണെങ്കിൽ അത് ഹറാമും (നിഷിദ്ധം) ആണ്.

ഭക്ഷണം തീർത്തും ഒഴിവാക്കി കൊണ്ടുള്ള നിരാഹാരസമരങ്ങൾ നിഷിദ്ധമാണ് എന്ന് ഈ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം. കാരണം അല്ലാഹുവിന്റെ കൽപ്പനകൾ നിറവേറ്റാൻ കഴിയാത്ത അവസ്ഥയിലേക്ക് അത് മനുഷ്യനെ എത്തിക്കുന്നതാണ്.

രണ്ട്: അവന്റെ ജീവൻ നിലനിർത്തുവാനും, ആരോഗ്യം സംരക്ഷിക്കുവാനും ആവശ്യമായ ഭക്ഷണം കഴിക്കുകയും, അതിൽ കൂടുതൽ വർദ്ധിപ്പിക്കാതിരിക്കുകയും ചെയ്യൽ. ഇത് സുന്നത്താണ്.

മൂന്ന്: അവന്റെ ജീവൻ നിലനിർത്താനും ആരോഗ്യം സംരക്ഷിക്കാനും ആവശ്യമായതിൽ കൂടുതൽ കഴിക്കുക. ഇത് രണ്ട് ഘട്ടങ്ങളായി തിരിക്കാം.

1- ശരീരത്തിന് ആലസ്യം ബാധിക്കാത്ത രൂപത്തിൽ വയറു നിറക്കുക എന്നത്. അങ്ങനെ മൂന്നിലൊന്ന് ഭക്ഷണത്തിനും, മൂന്നിലൊന്ന് വെള്ളത്തിനും, മൂന്നിലൊന്ന് ശ്വാസമെടുക്കാൻ ശൂന്യമായും വിടുക. ഇങ്ങനെ ചെയ്യുന്നത് അനുവദനീയമാണ്.

2- ശരീരത്തിന് ആലസ്യം ബാധിക്കുന്ന രൂപത്തിൽ വയറു നിറക്കുക. ഇത് വിലക്കപ്പെട്ടതാണ്. അല്ലാഹുവിന്റെ കൽപ്പനകൾ നിറവേറ്റുന്നതിൽ ക്ഷീണം വരുത്തുന്ന രൂപത്തിലാണെങ്കിൽ അത് കറാഹതും, അവ നിറവേറ്റുന്നത് അസാധ്യമാക്കുന്ന രൂപത്തിലാണെങ്കിൽ ഹറാമുമാണ്.”

كَتَبَهُ الأَخُ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ

مِنْ فَوَائِدِ الشَّيْخِ صَالِحٍ العُصَيْمِيِّ حَفِظَهُ اللَّهُ

تاريخ 4 شوال 1440

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment