പരലോകത്ത് വിചാരണ കഴിഞ്ഞ ശേഷം, നരകത്തിന് മുകളിലൂടെ നാട്ടപ്പെട്ടിരിക്കുന്ന സ്വിറാത്വ് പാലത്തിലൂടെ നീ എങ്ങനെയായിരിക്കും നടക്കുക എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?! താഴെ കഠിനശിക്ഷകൾ കാത്തിരിക്കുന്ന കത്തിജ്വലിക്കുന്ന നരകവും, മുൻപിൽ സർവ്വ സുഖാനുഗ്രഹങ്ങളുടെയും സ്വർഗവുമുണ്ടായിരിക്കുമ്പോൾ എങ്ങനെയാണ് സ്വിറാത്വ് പാലത്തിലൂടെ നീ നടക്കുക എന്ന കാര്യം?! നരകത്തിന്റെ മുകളിൽ നിലകൊള്ളുന്ന ആ പാലം മുടിയെക്കാൾ നേരിയതാണ്. വാളിനെക്കാൾ മൂർച്ചയുണ്ടതിന്. തിന്മകളിൽ മുഴുകിയവരെ നരകത്തിലേക്ക് വലിച്ചിടുവാനായി ഇരുവശങ്ങളിലും കൊളുത്തുകളുമുണ്ടതിന്. അപ്പോൾ എങ്ങനെയായിരിക്കും നിന്റെ നടത്തം?!

നിന്റെ നടത്തം എങ്ങനെയാണെന്ന് ഇപ്പോൾ തന്നെ നിനക്കറിയണോ?! എങ്കിൽ അല്ലാഹു നിനക്ക് അവതരിപ്പിച്ചു തന്ന ഈ ദീനിൽ നീ എങ്ങനെയാണ് സഞ്ചരിക്കുന്നതെന്ന് സ്വയം പരിശോധിക്കുക; പരലോകത്ത് നിന്റെ നടത്തം എങ്ങനെയായിരിക്കും എന്ന് നിനക്ക് മനസ്സിലാക്കാൻ കഴിയും. ഇവിടെ -ഈ ദുനിയാവിൽ- എത്രമാത്രം ഉറപ്പോടെയാണോ നീ അല്ലാഹുവിന്റെ ദീനിൽ -സ്വിറാത്വുൽ മുസ്തഖീമിൽ ഉറച്ചു നിന്നത്, അത്രത്തോളം ഉറപ്പ് നാളെ ആ സ്വിറാത്വിലൂടെ സഞ്ചരിക്കുമ്പോഴും നിനക്ക് ഉണ്ടായിരിക്കും. എത്ര വേഗതയിലാണോ നീ ഈ ദീനിന്റെ പാതയിൽ സഞ്ചരിക്കാൻ പരിശ്രമിക്കുന്നത് അത്ര വേഗത അവിടെയും നിനക്ക് ഉണ്ടായിരിക്കും.

സ്വിറാത്വ് പാലത്തിന് മുകളിലൂടെ മിന്നൽ വേഗതയിൽ സഞ്ചരിക്കുന്നവരുണ്ട്. വാജിബും സുന്നത്തുമെല്ലാം നിർവ്വഹിക്കുകയും, അല്ലാഹു നിഷിദ്ധമാക്കിയ ഹറാമുകളിൽ നിന്നും, ദീനിൽ വെറുക്കപ്പെട്ട മക്റൂഹുകളിൽ നിന്നുമെല്ലാം അകന്നു നിന്നവർ. എല്ലാ നന്മയുമുള്ളവർ; സർവ്വ തിന്മയിൽ നിന്നും അകന്നു നിന്നവർ. കണ്ണിമവെട്ടുന്ന വേഗതയിൽ സഞ്ചരിക്കുന്നവരുണ്ട്. ദീനിന്റെ കൽപ്പനകൾ കേട്ടാൽ താമസമില്ലാതെ അത് നടപ്പിലാക്കുന്നവർ. അല്ലാഹുവിന്റെ കാര്യത്തിൽ അമാന്തിച്ചു നിൽക്കാത്തവർ. കാറ്റിന്റെ വേഗതയിൽ പോകുന്നവരുണ്ട്. കുതിരപ്പുറത്ത് സഞ്ചരിക്കുന്നവന്റെ വേഗതയുള്ളവരും, വേഗതയിൽ ഓടുന്നവരും, നടക്കുന്നവരുമുണ്ട്. ദീൻ പിൻപറ്റുന്നതിലെ ഓരോരുത്തരുടെയും വേഗതയും ഇതു പോലെ തന്നെ.

എന്നാൽ സ്വിറാത്വിന്റെ വശങ്ങളിലുള്ള കൊളുത്തുകളിൽ തട്ടി, മുറിവേറ്റ് ചോരയൊലിക്കുന്ന ചിലരുമുണ്ട്. ചില തിന്മകൾ രുചിച്ചവർ; നന്മകളും സൽകർമ്മങ്ങളും കൂടെ പ്രവർത്തിച്ചവർ. അല്ലാഹുവിന്റെ മഹത്തരമായ പാപമോചനത്താൽ സ്വർഗത്തിലേക്ക് എത്തുന്നവർ. നരകത്തിലേക്ക് വീണുപോകുന്നവരും അക്കൂട്ടത്തിലുണ്ട്. തിന്മകളിൽ വീണുപോയവർ. അതിൽ മുങ്ങിക്കുളിച്ചവർ. നന്മകൾ വളരെ കുറച്ച് ചെയ്തവർ. സൽകർമ്മങ്ങളിൽ മടി പുലർത്തിയവർ.

അതിനാൽ ഓരോരുത്തരും അവനവന്റെ ദീനിന്റെ കാര്യത്തിലുള്ള സഞ്ചാരത്തെ കുറിച്ച് നന്നായി ചിന്തിക്കട്ടെ. നീയെങ്ങനെയാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന് സ്വയം പരിശോധിക്കുക. വേഗതയെ കുറിച്ച് വിലയിരുത്തുക. ആരെങ്കിലും നല്ലതാണ് കാണുന്നതെങ്കിൽ അവൻ അല്ലാഹുവിനെ സ്തുതിക്കട്ടെ. അതല്ലാത്തതെന്തെങ്കിലുമാണ് അവൻ കാണുന്നതെങ്കിൽ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും, ഇനിയുള്ളത് നന്നാക്കുകയും ചെയ്യട്ടെ. (അവലംബം: മദാരിജുസ്സാലികീൻ/ഇബ്‌നുൽ ഖയ്യിം: 1/10)

كَتَبَهُ أَخُوكُمْ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ

غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ

تاريخ ليلة 27 رمضان 1440

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment