“അറിയുക! ഗീബത് പറയുക എന്നതു കൊണ്ടല്ലാതെ ശര്‍ഇയ്യായ (മതത്തില്‍ അനുവദനീയമായ) ഒരു ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെങ്കില്‍ ഗീബത് അനുവദനീയമാണ്. അത് ആറോളം കാരണങ്ങളാണ്.

1- അതിക്രമിക്കപ്പെട്ട വ്യക്തിക്ക് തന്നോട് അതിക്രമം ചെയ്തവനെ കുറിച്ച് രാജാവിനോടോ ഖാദിയോടോ ആവലാതി ബോധിപ്പിക്കുമ്പോള്‍ ഗീബത് പറയാം.

2- തിന്മ ചെയ്യുന്ന ഒരു വ്യക്തിയെ തടുക്കാന്‍ കഴിവുള്ള -അദ്ധ്യാപകന്‍, മാതാപിതാക്കള്‍ പോലുള്ളവരോട്- അവന്റെ തിന്മ നിര്‍ത്തലാക്കുന്നതിന് വേണ്ടി ഗീബത് പറയാം. ‘ഇന്ന വ്യക്തി തിന്മ ചെയ്യുന്നുണ്ട്; അവനെ ഉപദേശിക്കണം’ എന്നിങ്ങനെ പറയാം.

3- ഫത് വ ചോദിക്കുന്ന സന്ദര്‍ഭത്തില്‍ ‘ഇന്ന വ്യക്തി എന്നോട് അതിക്രമം ചെയ്തു; അയാള്‍ ചെയ്യുന്നത് ശരിയാണോ? എങ്ങനെ അയാളുടെ തിന്മയില്‍ നിന്ന് രക്ഷപ്പെടാം?’ എന്നിങ്ങനെ ചോദിക്കുമ്പോള്‍ പേര് വ്യക്തമാക്കി പറയല്‍ അനുവദനീയമാണ്. പക്ഷേ, കൂടുതല്‍ സൂക്ഷ്മമായത് പേര് പറയാതിരിക്കലാണ്.

4- ഒരാളുടെ ഉപദ്രവത്തില്‍ നിന്ന് മുസ്‌ലിംകളെ രക്ഷിക്കാനും, അവരെ ഗുണദോഷിക്കുവാനും വേണ്ടിയുള്ള ഗീബത്. ആക്ഷേപാര്‍ഹരായ ഹദീഥ് നിവേദകന്മാര്‍, സാക്ഷികള്‍, ബിദ്അതുകാര്‍, ഭരണാധികാരി ഉത്തരവാദിത്തം ഏല്‍പ്പിച്ചവര്‍, കല്ല്യാണം കഴിക്കുന്നതിനോ, ജോലി നല്‍കുന്നതിനോ വേണ്ടി ഒരാളെ കുറിച്ച് അന്വേഷിക്കപ്പെട്ടാല്‍ അയാളെ കുറിച്ച്; സംസാരിക്കുന്നത് ഉദാഹരണം. ഇത് ചിലപ്പോള്‍ വാജിബ് (നിര്‍ബന്ധം) ആയേക്കാം. ഈ ഗീബതിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കാരണം അസൂയയും മറ്റും ഇത്തരം സംസാരങ്ങള്‍ക്ക് ചിലരെ പ്രേരിപ്പിക്കാറുണ്ട്. അപ്പോള്‍ അത് നിഷിദ്ധമാകുമെന്നതില്‍ സംശയമില്ല.

5- തന്റെ തിന്മകള്‍ സ്വയം തന്നെ പരസ്യമാക്കുന്നവനെ കുറിച്ച് പറയല്‍. ഉദാഹരണത്തിന് മദ്യപിക്കുക, നികുതി പിരിക്കുക, അതിക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നവന്‍. ഇത്തരം വ്യക്തികള്‍ പരസ്യമാക്കിയ തിന്മകള്‍ എന്താണോ അവ പുറത്തു പറയാം. എന്നാല്‍ അവര്‍ മറച്ചു വെക്കാന്‍ ശ്രമിക്കുന്ന തിന്മകളെ കുറിച്ച് പറയരുത്; മുന്‍പ് പറഞ്ഞ വല്ല കാരണങ്ങളും ഉണ്ടെങ്കിലല്ലാതെ.

6- ഒരാളെ മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടി. ചിലയാളുകള്‍ മോശമായ വിളിപ്പേരുകളിലോ വിശേഷണങ്ങളിലോ മറ്റോ അറിയപ്പെടുകയും, ആ പേരില്‍ പറയപ്പെട്ടാലല്ലാതെ അയാളെ തിരിച്ചറിയാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടെങ്കില്‍ ആളെ മസ്സിലാകുന്നതിന് വേണ്ടി അയാളിലുള്ള ന്യൂനത പറയാം. (ഉദാഹരണത്തിന് ശാരീരിക വൈകല്യങ്ങളോ മറ്റോ ഉള്ളവർ) എന്നാല്‍ അയാളെ കൊച്ചാക്കുന്നതിന് വേണ്ടിയാണ് ചെയ്യുന്നതെങ്കില്‍ അത് ഹറാം തന്നെ.”

(ഇമാം നവവി അദ്ദേഹത്തിന്റെ ‘രിയാദുസ്സ്വാലിഹീന്‍’ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞതിന്റെ ആശയ വിവര്‍ത്തനം.)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment