(റജബ് 13 1439 ന് കോഴിക്കോട് മസ്ജിദുല്‍ ഇമാം ഇബ്നില്‍ ഖയ്യിമില്‍ നടത്തിയ ഖുതുബയുടെ ലിഖിതരൂപം. എഴുത്തിന്റെ ശൈലിയോട് യോജിക്കുന്നതിനായി ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഖുതുബ പകര്‍ത്തി നല്‍കിയ സഹോദരന്‍ അബൂ ഹുദൈഫ ശബീബ് ബ്നു മുഹമ്മദിന് അല്ലാഹു മഹത്തായ പ്രതിഫലം നല്‍കട്ടെ. അല്ലാഹു നാമേവരെയും ഈമാനില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യട്ടെ. ആമീന്‍)

ബഹുമാനപ്പെട്ട മുഅ്മിനുകളെ! മുഅ്മിനാത്തുകളെ!

അല്ലാഹു -تَعَالَى- ഈ ജീവിതത്തെ നിശ്ചയിച്ചിരിക്കുന്നത് നമുക്ക് ഒരു പരീക്ഷണമായിക്കൊണ്ടാണ്. ഇവിടെ അനുഗ്രഹങ്ങളും സന്തോഷങ്ങളും ഉണ്ടാകുന്ന പോലെ തന്നെ പ്രയാസങ്ങളും ദുരിതങ്ങളും വന്നുകൊണ്ടിരിക്കും. മനുഷ്യർക്ക് ബാധിക്കുന്ന രോഗങ്ങൾ അതിലൊന്നാണ്. രോഗങ്ങളും അസുഖങ്ങളും പ്രയാസങ്ങളുമെല്ലാം ഒരു മനുഷ്യന്റെ ജീവിതത്തിൽ മാറി മറിഞ്ഞ് വന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ പെട്ടതാണ് .

ഒരു രോഗിയുടെ ഭാഗത്തു നിന്നു നോക്കുകയാണെങ്കിൽ രോഗമുണ്ടാവുക എന്നതില്‍ അവന് ചില ബുദ്ധിമുട്ടുകളുണ്ട്. എന്നാൽ അല്ലാഹു -تَعَالَى- യുടെ ഏതൊരു പ്രവർത്തനത്തിലും ധാരാളകണക്കിന് നന്മകൾ നമുക്ക് കണ്ടെത്താൻ കഴിയും. രോഗവും അതിലൊന്നാണ്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം രോഗം അവന് അനേകം നന്മകൾ നല്‍കുന്നുണ്ട്.

അല്ലാഹു -تَعَالَى- പറഞ്ഞു:

وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ ﴿١٥٥﴾

“കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.” (ബഖറ: 155)

പരീക്ഷണങ്ങൾ മനുഷ്യ ജീവിതത്തിന്റെ ഭാഗമാണ്; എന്നാൽ ആ പരീക്ഷണങ്ങളെ മുതലെടുക്കാൻ കഴിയുന്നവർ -അതിനെ തനിക്ക് ഉപകാരമുള്ള വഴിയിലൂടെ മാറ്റാൻ കഴിയുന്നവർ- അവരാണ് യഥാർത്ഥ വിജയികൾ. അതു കൊണ്ടാണ് മേലെ നല്‍കിയ ആയത്തിന്റെ അവസാനത്തിൽ അല്ലാഹു -تَعَالَى- ഇപ്രകാരം പറഞ്ഞത്:

وَبَشِّرِ الصَّابِرِينَ

“എന്നാൽ ക്ഷമിക്കുന്ന ആളുകൾ അവർക്ക് നീ സന്തോഷവാർത്ത അറിയിക്കുക.”

നോക്കൂ! ഈ പ്രയാസങ്ങളെല്ലാം പറഞ്ഞതിനു ശേഷം അല്ലാഹു ഉപയോഗിച്ച പദം -وَبَشِّرْ- നീ അവർക്ക് സന്തോഷ വാർത്ത അറിയിക്കുക എന്നാണ്. എങ്ങിനെയുള്ളവർക്ക് ? -الصَّابِرِينَ- ക്ഷമിക്കുന്നയാളുകൾക്ക്.

തൊട്ടു ശേഷം അല്ലാഹു പറഞ്ഞു:

الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

“തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും.”

أُولَٰئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُولَٰئِكَ هُمُ الْمُهْتَدُونَ

“അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍.”

നബി -ﷺ- പറഞ്ഞ ഹദീസ് നമ്മളിൽ പലരും കേട്ടിട്ടുണ്ടായിരിക്കും. അവിടുന്ന് പറഞ്ഞു:

وَقَالَ النَّبِيُّ -ﷺ-: «عَجَباً لِأَمْرِ المُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لِأَحَدٍ إِلَّا لِلْمُؤْمِنِ، إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْراً لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْراً لَهُ»

“ഒരു മുഅമിനിന്റെ കാര്യം അത്ഭുതം തന്നെ. അവന്റെ കാര്യങ്ങളെല്ലാം അവനു ഗുണകരമാണ്. ഇതു മുഅമിനിനല്ലാതെ മറ്റാര്‍ക്കും ഇല്ലതന്നെ. അവന്നൊരു സന്തോഷകരമായ സംഭവം ബാധിച്ചാല്‍ അവന്‍ നന്ദി കാണിക്കും. അങ്ങനെ അതവനു ഗുണകരമായിത്തീരുന്നു. അവന്നൊരു വിഷമം ബാധിച്ചാല്‍ അവന്‍ ക്ഷമിക്കും. അങ്ങനെ അതും അവനു ഗുണമായിത്തീരുന്നു.”

ഇതു പോലെ തന്നെയാണ് രോഗങ്ങൾ. അല്ല, രോഗങ്ങൾ ഈ വിഷയത്തിൽ പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. കാരണം നമ്മുടെ ജീവിതത്തിൽ പലപ്പോഴായി കടന്നുവരുന്ന പല പല രോഗങ്ങളുണ്ട്. ആ സന്ദർഭങ്ങൾ ഒരു മുഅ്മിനിനെ സംബന്ധിച്ചിടത്തോളം അവന്റെ വിളവെടുപ്പിന്റെ കാലമാണ്. അവന്റെ ദുനിയാവിലേക്കും പരലോകത്തിലേക്കും ഉപകാരപ്രദമായ ധാരാളകണക്കിന് കാര്യങ്ങൾ അതിലൂടെ അവനു നേടിയെടുക്കാൻ സാധിക്കും.

ഇമാം ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللَّهُ- അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ ദുനിയാവിലും ആഖിറത്തിലും രോഗം കൊണ്ടുണ്ടാകുന്ന 100-ൽ പരം ഉപകാരങ്ങൾ എടുത്തു കൊടുത്തതായി കാണാം. അതിലെ ചില കാര്യങ്ങൾ ഇവിടെ ഓര്‍മ്മപ്പെടുത്താം.

1 – രോഗം ഒരു മനുഷ്യന് നൽകുന്ന ഉപകാരങ്ങളിൽ പ്രധാനപ്പെട്ടതാണ് അവന്റെ തിന്മകൾ പൊറുക്കപ്പെടുന്നതിന് അത് കാരണമാകും എന്നുള്ളത്.

രോഗങ്ങൾ കാരണം അല്ലാഹു -تَعَالَى- തിന്മകൾ പൊറുത്തുകൊടുക്കുമെന്ന് നബി-ﷺ-യുടെ ധാരാളം ഹദീസുകളിൽ വന്നതായി കാണാം.

നബി -ﷺ- പറഞ്ഞു:

وَقَالَ النَّبِيُّ -ﷺ-: «مَا يُصِيبُ المُسْلِمَ، مِنْ نَصَبٍ وَلاَ وَصَبٍ، وَلاَ هَمٍّ وَلاَ حُزْنٍ وَلاَ أَذًى وَلاَ غَمٍّ، حَتَّى الشَّوْكَةِ يُشَاكُهَا، إِلَّا كَفَّرَ اللَّهُ بِهَا مِنْ خَطَايَاهُ»

“ഒരു മുസ്‌ലിമിനെ ബാധിക്കുന്ന ക്ഷീണമോ, രോഗമോ, (കഴിഞ്ഞു പോയതോ വരാനിരിക്കുന്നതോ ആയ കാര്യങ്ങളിലുള്ള) വിഷമമോ സങ്കടമോ, (മറ്റുള്ളവരില്‍ നിന്ന് നേരിടേണ്ടി വരുന്ന) അതിക്രമമോ, ഹൃദയത്തിന്റെ ഇടുക്കമോ ആകട്ടെ; അവന്റെ മേല്‍ തറക്കുന്ന ഒരു മുള്ള് പോലുമാകട്ടെ; അതു കൊണ്ടെല്ലാം അല്ലാഹു അവന്റെ തിന്മകള്‍ പൊറുത്തു കൊടുക്കാതിരിക്കുകയില്ല.”

മുസ്‌ലിമിന് വല്ല വിപത്തും ബാധിക്കുകയാണെങ്കിൽ; -ക്ഷീണമോ രോഗമോ ക്ലേശമോ ദുഃഖമോ ബുദ്ധിമുട്ടോ മനോവ്യഥയോ എന്നു വേണ്ട- ഒരു മുള്ളു തറക്കുകയാണെങ്കിൽ പോലും അത് കാരണമായി അല്ലാഹു അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കുന്നതാണ്.

നോക്കൂ! നബി -ﷺ- യുടെ ഈ ഹദീസിൽ മനസ്സിനെ ബാധിക്കുന്ന പ്രയാസങ്ങൾ വരെ അവിടുന്ന് എണ്ണി പറഞ്ഞിട്ടുണ്ട്. മനുഷ്യന് നഷ്ടപ്പെട്ടുപോയ കാര്യങ്ങളെ കുറിച്ച് സങ്കടമുണ്ടായേക്കാം. അതല്ലെങ്കിൽ വരാനിരിക്കുന്ന അവന്റെ ജീവിതത്തെ ബാധിക്കാനിരിക്കുന്ന പ്രയാസങ്ങളെ കുറിച്ചോർത്തുള്ള ടെൻഷനുകളുണ്ടായേക്കാം. ഈ നിലക്ക് എന്തൊരു പ്രയാസം അവനുണ്ടാകുന്നോ അതെല്ലാം അവന്റെ തിന്മകൾ പൊറുക്കാനുള്ള കാരണമാകും.

وَعَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّ رَسُولَ اللَّهِ -ﷺ- دَخَلَ عَلَى أُمِّ السَّائِبِ أَوْ أُمِّ الْمُسَيِّبِ فَقَالَ: «مَا لَكِ؟ يَا أُمَّ السَّائِبِ أَوْ يَا أُمَّ الْمُسَيِّبِ تُزَفْزِفِينَ [تَتَحَرَّكِينَ حَرَكَةً شَدِيدَةًقَالَتْ: الْحُمَّى، لَا بَارَكَ اللهُ فِيهَا، فَقَالَ: «لَا تَسُبِّي الْحُمَّى، فَإِنَّهَا تُذْهِبُ خَطَايَا بَنِي آدَمَ، كَمَا يُذْهِبُ الْكِيرُ خَبَثَ الْحَدِيدِ»

ഒരിക്കൽ റസൂൽ -ﷺ- രോഗബാധിതയായ ഒരു സ്വഹാബി വനിതയെ സന്ദർശിക്കാൻ വേണ്ടി പോയി. അങ്ങിനെ അവിടുന്ന് അവരുടെ അടുക്കൽ ചെന്നപ്പോൾ അവർ പ്രയാസം കൊണ്ട് ബുദ്ധിമുട്ടുകയാണ്. അപ്പോൾ നബി -ﷺ- ചോദിച്ചു: ഉമ്മു സായിബ് -അല്ലെങ്കിൽ ഉമ്മു മുസയ്യിബ്-; നിനക്ക് എന്ത് പറ്റി?” അവർ പറഞ്ഞു: പനിയാണ്. അതിൽ അല്ലാഹു അനുഗ്രഹിക്കാതിരിക്കട്ടെ. അപ്പോൾ നബി -ﷺ- പറഞ്ഞു: “നീ പനിയെ ചീത്ത പറയരുത്. കാരണം അത് ആദമിന്റെ സന്തതിയുടെ പാപങ്ങൾ ഇല്ലാതാക്കും; ഉല ഇരുമ്പിലെ മാലിന്യങ്ങൾ ഇല്ലാതാക്കുന്നത് പോലെ “

وَهَذِهِ الحُمَى إِذَا نَزَلَتْ تُرْفَعُ الدَّرَجَاتُ وَتُكْتَبُ الحَسَنَاتُ ، حَتَّى قَالَ أَبُو هُرَيْرَةَ رَضِيَ اللَّهُ عَنْهُ: مَا مِنْ مَرَضٍ يُصِيبُنِي أَحَبُّ إِلَيَّ مِنَ الحُمَى؛ لِأَنَّهَا تَدْخُلُ فِي كُلِّ عَضْوٍ مِنِّي، وَإِنَّ اللَّهَ لَيُعْطِي كُلَّ عَضْوٍ قِسْطَهُ مِنَ الأَجْرِ.

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “എനിക്ക് ബാധിക്കുന്ന രോഗങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട രോഗം പനിയാണ്. കാരണം പനി വന്നു കഴിഞ്ഞാൽ അത് ശരീരത്തിന്റെ എല്ലാ ഭാഗത്തും ഒരു പോലെ ബാധിക്കും. അപ്പോൾ അല്ലാഹു എന്റെ ശരീരത്തിലെ എല്ലാം ഭാഗങ്ങൾക്കും അതിൽ നിന്നൊരു പങ്ക് നാളെ പരലോകത്ത് വെക്കാതിരിക്കുകയില്ല.”

2- രോഗങ്ങൾ നന്മകൾ രേഖപ്പെടുത്തപ്പെടാനും പദവികൾ ഉയർത്തപ്പെടാനും കാരണമാകും.

രോഗം വരുമ്പോൾ ഒരാൾ ക്ഷമിച്ചാൽ അവന്റെ ഏടുകളിൽ ധാരാളം നന്മകൾ രേഖപ്പെടുത്തപ്പെടുകയും സ്വർഗ്ഗത്തിൽ അവന്റെ പദവികൾ ഉയർത്തികൊണ്ടിരിക്കുകയും ചെയ്യും.

وَهَذَا إِذَا صَبَرَ العَبْدُ يُثَابُ عَلَى ذَلِكَ بِالأَجْرِ العَظِيمِ، وَلِذَلِكَ قَالَ النَّبِيُّ -ﷺ-: «مَا مِنْ مُسْلِمٍ يُشَاكُ شَوْكَةً، فَمَا فَوْقَهَا إِلَّا كُتِبَتْ لَهُ بِهَا دَرَجَةٌ، وَمُحِيَتْ عَنْهُ بِهَا خَطِيئَةٌ»

നബി -ﷺ- പറഞ്ഞു: “ഒരു മുസ്‌ലിമിന് ഒരു മുള്ളോ അതിലപ്പുറമോ ബാധിക്കുന്നില്ല; അതുകൊണ്ട് അവന് ഒരു പദവി എഴുതപ്പെട്ടിട്ടല്ലാതെ, അവനിൽ നിന്ന് ഒരു കുറ്റം മായ്ക്കപ്പെട്ടിട്ടുമല്ലാതെ.”

അല്ലാഹുവിന്റെ കാരുണ്യം എത്ര വലുതാണ്! അല്ലാഹു നമുക്ക് നിശ്ചയിച്ചിട്ടുള്ള പ്രതിഫലത്തിന്റെ വഴികൾ എത്ര അധികമാണ്!

ഒരിക്കൽ നബി-ﷺ- അവിടത്തേക്ക് രോഗമുണ്ടായ സന്ദർഭത്തിൽ പറഞ്ഞതായി കാണാം;

«إِنَّ الصَّالِحِينَ يُشَدَّدُ عَلَيْهِمْ، وَإِنَّهُ لَا يُصِيبُ مُؤْمِنًا نَكْبَةٌ مِنْ شَوْكَةٍ، فَمَا فَوْقَ ذَلِكَ، إِلَّا حُطَّتْ بِهِ عَنْهُ خَطِيئَةٌ، وَرُفِعَ بِهَا دَرَجَةً»

“സ്വാലിഹീങ്ങള്‍ക്ക് പ്രയാസം കൂടുതൽ കഠിനമാകും. തീര്‍ച്ചയായും ഒരു മുഅമിനിന് ഒരു മുള്ളോ അതില്‍ വലുതോ ആയ എന്തോന്ന് ബാധിക്കട്ടെ; അത് കാരണത്താല്‍ അവന്റെ തിന്മകള്‍ കൊഴിക്കപ്പെടുകയും, അതിനാല്‍ അവന്റെ (സ്വര്‍ഗത്തിലെ സ്ഥാനം) ഉയര്‍ത്തപ്പെടുകയും ചെയ്യാതിരിക്കില്ല.”

സാർഗ്ഗത്തിലെ പദവികൾ എന്നു പറഞ്ഞാൽ എത്ര മാത്രം വലിയ കാര്യമാണ്! നീ അനുഭവിക്കുന്ന ഒരോ നിമിഷത്തിലെയും വേദനകൾക്ക് അല്ലാഹു -تَعَالَى- നൽകുന്ന പ്രതിഫലത്തിന്റെ അളവാണിത്. അത് കൊണ്ട് ക്ഷമിക്കുക. രോഗമുണ്ടായാൽ ആ പ്രയാസത്തിൽ നീ അല്ലാഹുവിനു വേണ്ടി ക്ഷമിക്കുക.

وَاصْبِرْ وَمَا صَبْرُكَ إِلَّا بِاللَّـهِ ۚ

“നീ ക്ഷമിക്കുക! നിന്റെ ക്ഷമ അല്ലാഹുവിനു വേണ്ടി മാത്രമാണു.”

وَقَالَ النَّبِيُّ -ﷺ-: «إِنَّ العَبْدَ إِذَا سَبَقَتْ لَهُ مِنَ اللَّهِ مَنْزِلَةً لَمْ يَبْلُغْهَا بِعَمَلِهِ ابْتَلَاهُ اللَّهُ فِي جَسَدِهِ أَوْ فِي مَالِهِ أَوْ فِي وَلَدِهِ ثُمَّ صَبَرَهُ عَلَى ذَلِكَ حَتَّى يُبلِغَهُ المَنْزِلَةَ التِّي سَبَقَتْ لَهُ مِنَ اللَّهِ تَعَالَى»

റസൂൽ -ﷺ- പറഞ്ഞു: “ഒരു മനുഷ്യൻ -അയാൾക്ക് അല്ലാഹു -تَعَالَى- ഒരു പദവി ഉദ്ദേശിച്ചു കഴിഞ്ഞാൽ- ആ പദവിയിലേക്ക് അയാളുടെ പ്രവർത്തനങ്ങൾ കൊണ്ട് എത്തില്ലെങ്കില്‍ അല്ലാഹു അവന്റെ ശരീരത്തിൽ പരീക്ഷണങ്ങൾ വെക്കും. അവന്റെ സമ്പാദ്യത്തിലും അവന്റെ മക്കളുടെ കാര്യത്തിലും പരീക്ഷണങ്ങൾ ഉണ്ടാകും. അപ്പോൾ അവൻ ആ മാർഗ്ഗത്തിൽ ക്ഷമിക്കും. അങ്ങനെ അല്ലാഹു -تَعَالَى- അവന് ഉദ്ദേശിച്ച ആ പദവിയിൽ അവനെ എത്തിക്കും.”

സുബ്ഹാനല്ലാഹ്! അല്ലാഹുവിന്റെ കാരുണ്യമാണിത്! അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവും അവന്‍ നമ്മുടെ മേൽ ചൊരിയട്ടെ. എത്ര വലിയ ഔദാര്യമാണിത്.

അതുകൊണ്ട് സഹോദരാ പരീക്ഷണങ്ങൾ ബാധിക്കുമ്പോൾ നീ അക്ഷമനാകേണ്ടതില്ല. അല്ലാഹു നിനക്കുള്ള വഴി ഒരുക്കി നല്‍കുകയാണ് എന്ന് നീ ആശ്വസിക്കുക. അല്ലാഹുവിന്റെ തീരുമാനങ്ങളിൽ നീ തൃപതിയടയുക.

റസൂൽ-ﷺ-ക്ക് ദോഷമുണ്ടായാൽ അവിടുന്ന് പറയും: അല്‍ഹംദുലില്ലാഹ്. അവിടുത്തേക്ക് പ്രയാസമുണ്ടായാൽ അവിടുന്ന് പറയും: അല്‍ഹംദുലില്ലാഹി അലാ കുല്ലി ഹാല്‍. ഇതായിരുന്നു നമ്മുടെ റസൂലിന്റെ -ﷺ- മാതൃക.

3- രോഗങ്ങൾ സ്വർഗ്ഗ പ്രവേശനത്തിന് കാരണമാകും.

നബി -ﷺ- ആ വിഷയത്തിൽ മനോഹരമായ ഒരു ഹദീസ് പറഞ്ഞിട്ടുണ്ട്. ഖുദ്സിയായ ഒരു ഹദീസ് ആണത്. അല്ലാഹു -تَعَالَى- പറയുന്നു എന്ന് പറഞ്ഞുകൊണ്ട് റസൂൽ -ﷺ- അറിയിക്കുന്നു:

عَنْ أَبِي هُرَيْرَةَ، رَفَعَهُ إِلَى النَّبِيِّ -ﷺ- قَالَ: «يَقُولُ اللَّهُ عَزَّ وَجَلَّ: مَنْ أَذْهَبْتُ حَبِيبَتَيْهِ فَصَبَرَ وَاحْتَسَبَ لَمْ أَرْضَ لَهُ ثَوَابًا دُونَ الجَنَّةِ»

“അല്ലാഹു പറയുന്നു: ഞാൻ എന്റെ അടിമകളുടെ ആരുടെയെങ്കിലും പ്രിയ്യപ്പെട്ട രണ്ട് കാര്യങ്ങൾ -അഥവാ രണ്ട് നയനങ്ങൾ- ഇല്ലാതാക്കി കൊണ്ട് അവനെ പരീക്ഷിക്കുകയും, അവൻ ക്ഷമിക്കുകയും ചെയ്താൽ, അവനു സ്വർഗ്ഗമല്ലാതെ മറ്റൊന്നും പ്രതിഫലമായി ഞാൻ തൃപ്തിയടയുകയില്ല.”

ചുരുക്കത്തിൽ നീ അനുഭവിക്കുന്ന പ്രയാസങ്ങളിലെല്ലാം തന്നെ നിനക്ക് വലിയ പ്രതിഫലമുണ്ട്. ഒരു സ്വഹാബി വനിതയുടെ സംഭവം നമ്മൾ ധാരാളമായി കേട്ടതാണ്. അവർക്ക് ജിന്ന് ബാധ ഉണ്ടായിരുന്നു. അവർക്ക് ബാധ നിമിത്തം വഴിയിൽ വെച്ച് ഇളക്കം ഉണ്ടാകുകയും അതു മൂലം വസ്ത്രം ഊരിപ്പോവുകയും ചെയ്യാറുണ്ടായിരുന്നു. നബി -ﷺ- യുടെ അടുക്കൽ വന്ന് അവർക്ക് വേണ്ടി റബ്ബിനോട് പ്രാർത്ഥിക്കാൻ അവർ ആവശ്യപ്പെട്ടു.

«إِنْ شِئْتِ صَبَرْتِ وَلَكِ الجَنَّةُ، وَإِنْ شِئْتِ دَعَوْتُ اللَّهَ أَنْ يُعَافِيَكِ»

റസൂല്‍ -ﷺ- പറഞ്ഞു: “നീ ഉദ്ദേശിക്കുന്നുവെങ്കിൽ ക്ഷമിച്ചാൽ നിനക്ക് സ്വർഗമുണ്ട്. അതല്ല നീ ആഗ്രഹിക്കുന്നുവെങ്കിൽ നിന്റെ സൗഖ്യത്തിനു വേണ്ടി ഞാന്‍ അല്ലാഹുവിനോട് പ്രാർത്ഥിക്കാം.” അവർ പറഞ്ഞു: “ഞാൻ ക്ഷമിക്കാം.”

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറയാറുണ്ടായിരുന്നു: “സ്വർഗസ്ത്രീകളിൽ പെട്ട ഒരു സ്ത്രീയെ ഞാൻ നിനക്ക് കാണിച്ചു തരട്ടെയോ.” അപ്പോൾ മുന്നിലിരിക്കുന്നവർ പറയും: അതെ. ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറയും: “ഇതാ ഈ കറുത്ത സ്ത്രീ. അവർക്ക് അല്ലാഹുവിന്റെ റസൂൽ -ﷺ- സ്വർഗം വാഗ്ദാനം ചെയ്തിട്ടുണ്ട്.”

4- രോഗം നരകത്തിൽ നിന്നും രക്ഷപ്പെടാൻ കാരണമാകും.

ഒരിക്കൽ നബി -ﷺ- അവിടുത്തെ സ്വഹാബികളിൽ ഒരാളെ പനിബാധിച്ചതായി കണ്ടു. നബി -ﷺ- അവരോട് പറഞ്ഞു:

«أَبْشِرْ، إِنَّ اللَّهَ عَزَّ وَجَلَّ يَقُولُ: نَارِي أُسَلِّطُهَا عَلَى عَبْدِي الْمُؤْمِنِ فِي الدُّنْيَا، لِتَكُونَ حَظَّهُ مِنَ النَّارِ فِي الْآخِرَةِ»

“നീ സന്തോഷിക്കുക! തീര്‍ച്ചയായും അല്ലാഹു പറയുന്നു: ഈ അഗ്നി; ദുനിയാവില്‍ എന്റെ അടിമയുടെ മേല്‍ ഞാന്‍ അതിന് അധികാരം നല്‍കുന്നു; ആഖിറത്തില്‍ അത് അവന്റെ പങ്കായി മാറുന്നതിന് വേണ്ടി.”

നോക്കൂ! ഈ ഹദീസില്‍ രോഗിയെ സന്ദർശിക്കുമ്പോൾ നബി -ﷺ- പറയുന്ന വാക്ക്. أَبْشِرْ. ‘നീ സന്തോഷിക്കുക!”  രോഗിയുടെ അടുക്കൽ പോയി ‘കഷ്ടമാണ് നിന്റെ കാര്യം’, ‘എന്താണ് നിനക്ക് മാത്രം ഇങ്ങിനെ?’, ‘എന്താണ് രോഗം നിന്നെ വിട്ടൊഴിയാത്തത്?’ എന്നൊന്നുമല്ല പറയേണ്ടത്. രോഗിയെ സമാധാനിപ്പിക്കുന്നതിന് വേണ്ടി നബി -ﷺ- പറഞ്ഞത്  ‘സന്തോഷിക്കുക’ എന്നാണ്.

പനിയുടെ വിഷയത്തിൽ ഇതുപാലെ ഹദീസുകൾ വേറെയും കാണാൻ സാധിക്കും.

നബി -ﷺ- പറഞ്ഞു:

وَقَالَ -ﷺ-: «الحُمَى حَظُّ كُلِّ مُؤْمِنٍ مِنَ النَّارِ»

“പനി എന്നത് ഒരു മുഅ്മിനിന്റെ നരകത്തിൽ നിന്നുള്ള പങ്കാണ്.”

وَعَنْ أَبِي هُرَيْرَةَ، قَالَ: دَخَلَ أَعْرَابِيٌّ عَلَى رَسُولِ اللَّهِ -ﷺ-، فَقَالَ لَهُ رَسُولُ اللَّهِ -ﷺ-: «أَخَذَتْكَ أُمُّ مِلْدَمٍ قَطُّ؟» قَالَ: وَمَا أُمُّ مِلْدَمٍ؟ قَالَ: «حَرٌّ يَكُونُ بَيْنَ الْجِلْدِ وَاللَّحْمِ»، قَالَ: مَا وَجَدْتُ هَذَا قَطُّ، قَالَ: «فَهَلْ أَخَذَكَ الصُّدَاعُ قَطُّ؟» قَالَ: وَمَا الصُّدَاعُ؟ قَالَ: «عُرُوقٌ تَضْرِبُ عَلَى الْإِنْسَانِ فِي رَأْسِهِ»، قَالَ: مَا وَجَدْتُ هَذَا قَطُّ، قَالَ: فَلَمَّا وَلَّى، قَالَ: «مَنْ أَحَبَّ أَنْ يَنْظُرَ إِلَى رَجُلٍ مِنْ أَهْلِ النَّارِ»

ഒരിക്കൽ ഒരു അഅ്റാബി നബി -ﷺ- യുടെ അടുക്കൽ വന്നു. അവിടുന്ന് അയാളോടു ചോദിച്ചു: നിനക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും പനി ബാധിച്ചിട്ടുണ്ടോ? അയാൾ പറഞ്ഞു: എന്താണു ഈ പനി എന്നു പറയുന്നത്?. അപ്പോൾ നബി -ﷺ- പറഞ്ഞു: തൊലിയുടെയും ഇറച്ചിയുടെയും ഇടയിൽ അനുഭവപ്പെടുന്ന ചൂടാണ് അത്. അയാൾ പറഞ്ഞു; ഇന്നുവരെ ഇങ്ങിനെയൊരു രോഗം എനിക്കുണ്ടായിട്ടില്ല. നബി -ﷺ- അയാളോട് വീണ്ടും ചോദിച്ചു: നിനക്ക് എപ്പോഴെങ്കിലും തലവേദന ഉണ്ടായിട്ടുണ്ടോ? അയാൾ പറഞ്ഞു: എന്താണ് ഈ തലവേദന എന്നു പറഞ്ഞാൽ? നബി -ﷺ- പറഞ്ഞു: തലയുടെ ഭാഗത്തായി ഞരമ്പുകൊണ്ടുണ്ടാകുന്ന വേദനയാണ്. അയാൾ പറഞ്ഞു: എനിക്ക് ഇത് വരെ അങ്ങിനെയൊന്നുണ്ടിയിട്ടില്ല. അയാൾ തിരിഞ്ഞ് നടന്നപ്പോൾ നബി -ﷺ- ആ മനുഷ്യനെ ചൂണ്ടികൊണ്ടു പറഞ്ഞു: നരകത്തിൽ പെട്ട ഒരാളെ കാണണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ ഇതാ ഇയാളിലേക്ക് നോക്കിയാൽ മതി.

പലരും ധരിക്കുന്നത് ഒരു പ്രയാസവും അനുഭവിക്കാതിരിക്കുക എന്നത് വലിയ നിഅ്മത്തായാണ്. യഥാര്‍ത്ഥത്തില്‍ അതൊരു പരീക്ഷണമാണ്. ഒരു വേള അയാളുടെ നാശത്തിനു അത് കാരണമായേക്കാം. എന്നാല്‍ ഈ  പറഞ്ഞതിന്റെ അർത്ഥം അല്ലാഹു നൽകിയ ആരോഗ്യത്തെ പുഛിക്കണമെന്നോ അതിനെ ചെറുതായികാണണമെന്നോ അല്ല. രോഗബാധിതരായ ആളുകൾ രോഗം ബാധിക്കുമ്പോൾ അതിൽ അക്ഷമരായിക്കൊണ്ട് അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന വാക്കുകൾ പറയാതെ, തങ്ങൾക്ക് ബാധിച്ച രോഗങ്ങളിൽ ധാരാളം നന്മകൾ ഉണ്ട് എന്നു മനസ്സിലാക്കുകയാണ് വേണ്ടത്.

അല്ലാഹു -تَعَالَى- അവന്റെ അടുക്കൽ നിന്ന് നന്മ ലഭിച്ചാൽ നന്ദി കാണിക്കുകയും പ്രയാസമുണ്ടായാൽ ക്ഷമിക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ ഇഷ്ടദാസൻമാരിൽ നമ്മെ ഉൾപ്പെടുത്തുമാറാകട്ടെ. ആമീൻ.

രണ്ടാം ഖുതുബ

ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം രോഗം അവന് നൽകുന്ന ചില നന്മകളെകുറിച്ചാണ് നാം മനസ്സിലാക്കിയത്. രോഗം എന്നത് അല്ലാഹു -تَعَالَى-യുടെ അടുക്കൽ നിന്നുള്ള ഒരു ഓർമ്മപ്പെടുത്തലാണ്. അല്ലാഹു -تَعَالَى- പറഞ്ഞു:

«وَلَقَدْ أَرْسَلنَآ إِلَى أُمَمٍ مِّن قَبْلِكَ فَأَخَذْنَاهُمْ بِالْبَأْسَاء وَالضَّرَّاء لَعَلَّهُمْ يَتَضَرَّعُونَ» [الأنعام: 42]

“നിനക്ക് മുമ്പ് നാം പല സമൂഹങ്ങളിലേക്കും (ദൂതന്‍മാരെ) അയച്ചിട്ടുണ്ട്‌. അനന്തരം അവരെ (ആ സമൂഹങ്ങളെ) കഷ്ടപ്പാടും ദുരിതവും കൊണ്ട് നാം പിടികൂടി; അവര്‍ വിനയശീലരായിത്തീരുവാന്‍ വേണ്ടി.”

അല്ലാഹു -تَعَالَى- പറഞ്ഞു:

«وَبَلَوْنَاهُمْ بِالْحَسَنَاتِ وَالسَّيِّئَاتِ لَعَلَّهُمْ يَرْجِعُونَ»

“അവര്‍ മടങ്ങേണ്ടതിനായി നാം അവരെ നന്‍മകള്‍കൊണ്ടും തിന്‍മകള്‍ കൊണ്ടും പരീക്ഷിക്കുകയുണ്ടായി”.

ഒരു മുസ്‌ലിമിനെ സാബന്ധിച്ചിടത്തോളം രോഗം പല ഓർമ്മപ്പെടുത്തലുകളും നൽകുന്നുണ്ട്. അവനെ അത് മരണത്തെകുറിച്ച് ഓർമ്മിപ്പിക്കുന്നു. അല്ലാഹു ചെയ്തു കൊടുത്ത അനുഗ്രഹങ്ങളെക്കുറിച്ചും പരലോകത്തെ കുറിച്ചും ഓർമ്മിപ്പിക്കുന്നു.

عَنْ سَلْمَانَ الفَارِسِيِّ أَنَّهُ عَادَ مَرِيضًا فَلَمَّا دَخَلَ عَلَيْهِ قَالَ : أَبْشِرْ ، فَإِنَّ مَرَضَ الْمُؤْمِنِ يَجْعَلُهُ اللَّهُ لَهُ كَفَّارَةً وَمُسْتَعْتَبًا، وَإِنَّ مَرَضَ الْفَاجِرِ كَالْبَعِيرِ عَقَلَهُ أَهْلُهُ ثُمَّ أَرْسَلُوهُ ، فَلاَ يَدْرِي لِمَ عُقِلَ وَلِمَ أُرْسِلَ.

ഒരിക്കൽ സൽമാനുൽ ഫാരിസി -رَضِيَ اللَّهُ عَنْهُ- ഒരു രോഗിയെ സന്ദർശിക്കാൻ വേണ്ടി പോയി. എന്നിട്ടദ്ദേഹം പറഞ്ഞു: “നീ സന്തോഷിക്കുക. ഒരു മുഅ്മിനായ അടിമയെ സംബന്ധിച്ചിടത്തോളം അല്ലാഹു -تَعَالَى- അവന് രോഗം നൽകുന്നത് അവന്റെ പാപങ്ങൾ പൊറുത്ത് കൊടുക്കുന്നതിനും അവൻ സ്വന്തത്തെ കുറ്റപ്പെടുത്തുന്നതിനും വേണ്ടിയാണ്.” സ്വന്തം ജീവിതത്തിലേക്കും അവന്റെ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞുനോക്കുന്നതിന് വേണ്ടിയാണ്. “എന്നാൽ ഒരു കാഫിറിനെ അല്ലെങ്കിൽ ഒരു തെമ്മാടിയെ സംബന്ധിച്ചിടത്തോളം രോഗമെന്നാല്‍ ഒരു ഒട്ടകത്തെപ്പോലെയാണ്. ആ ഒട്ടകത്തെ അതിന്റെ ഉടമസ്ഥർ കുറച്ചു നേരം കെട്ടിയിട്ടു. പിന്നെ അതിനെ അഴിച്ചുവിട്ടു. ആ ഒട്ടകത്തിനു മനസ്സിലായിട്ടില്ല എന്തിനാണ് എന്നെ കെട്ടിയിട്ടത് എന്ന്. അതിനു മനസ്സിലായിട്ടില്ല എന്തിനാണ് എന്നെ അഴിച്ചുവിട്ടത് എന്നും.”

രോഗത്തിന്റെ അവസ്ഥ ഒരാളെ കെട്ടിയിട്ടതുപ്പോലെയാണ്. എന്നാല്‍ ഒരു ഫാജിറിന് (അധര്‍മ്മി) മനസ്സിലായിട്ടില്ല എന്തിനാണ് റബ്ബ് എനിക്ക് രോഗം തന്നിരിക്കുന്നത് എന്ന്. രോഗം ഉണ്ടായാൽ അല്ലാഹു അവന് നൽകിയ അനുഗ്രഹങ്ങളെകുറിച്ച് അവൻ ആലോചിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ല. യഥാർത്ഥത്തിൽ കുഫ്ഫാറുകളുടെ സ്വഭാവമാണിത്. എന്നാൽ ഇന്ന് മുസ്‌ലിങ്ങളിൽ പോലും ഈ സ്വഭാവം കടന്നു വന്നിരിക്കുന്നു. മുസ്‌ലിമിങ്ങളിലെ രോഗികൾക്ക് അല്ലാഹു തആല ശിഫാ നൽകട്ടെ.

രോഗം വന്നുകഴിഞ്ഞാൽ അതിൽ അക്ഷമരായി സംസാരിക്കുന്ന ആളുകൾ രോഗം മൂലമുള്ള നന്മകളെകുറിച്ച് വളരെയധികം ചിന്തിക്കേണ്ടതുണ്ട്.

وَقَالَ يَزِيدُ بْنُ مَيْسَرَةَ رَحِمَهُ اللَّهُ: «إِنَّ العَبْدَ لَيَمْرِضُ وَمَا لَهُ عِنْدَ اللَّهِ مِنْ عَمَلِ خَيْرٍ، فَيُذَكِّرُهُ اللَّهُ سُبْحَانَهُ بَعْضَ مَا سَلَفَ مِنْ الخَطَايَا، فَيَخْرُجُ مِنْ عَيْنِهِ مِثْلُ رَأْسِ الذُّبَابِ مِنَ الدَّمْعِ مِنْ خَشْيَةِ اللَّهِ، فَيَبْعَثُهُ اللَّهُ إِنْ يَبْعَثُهُ مُطَهَّراً، أَوْ يَقْبِضُهُ إِنْ قَبَضَهُ مُطَهَّراً»

യസീദ് ബിനു മൈസറ -رَحِمَهُ اللَّهُ- പറഞ്ഞു: “ഒരു അടിമക്ക് രോഗം ബാധിക്കും. അല്ലാഹുവിന്റെ അടുക്കൽ അയാളിൽ നിന്ന് ഒരു നന്മയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എന്നാൽ ഈ രോഗത്തിന്റെ വേളയിൽ അല്ലാഹു -تَعَالَى- അവൻ ചെയ്ത തിന്മകളെ കുറിച്ച് അവനെ ഓർമ്മിപ്പിക്കും. അങ്ങനെ ഈച്ചയുടെ തലകൾ പോലെ അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകും. അല്ലാഹു -تَعَالَى- അവനു രോഗത്തിൽ നിന്നും ശമനം നൽകി അവൻ എഴുന്നേൽക്കുകയാണെങ്കിൽ തിന്മകളിൽ നിന്നും പരിശുദ്ധമായ അവസ്ഥയിലായിരിക്കും അവന്‍ എഴുന്നേൽക്കുന്നത്. ആ രോഗത്തിൽ അവൻ മരിക്കുകയാണെങ്കിൽ തിന്മകളിൽ നിന്ന് പരിശുദ്ധമായ അവസ്ഥയിലായിരിക്കും അല്ലാഹു -تَعَالَى- അവനെ പിടികൂടുന്നത്.” രണ്ടാണെങ്കിലും അവന് നന്മ തന്നെ.

എന്നാൽ സഹോദരാ! എത്ര എത്ര രോഗികളാണ് അവരുടെ മരണകിടക്കകളിൽ അല്ലാഹുവിനെ ചീത്ത വിളിക്കുന്നത്! അവനു ബാധിച്ച പരീക്ഷണത്തെ അങ്ങേയറ്റം അക്ഷമയോടെ കാണുന്നത്! ചുറ്റുമുള്ളവരോട് ദേഷ്യത്തോടെ പെരുമാറുകയും അവരെ ബുദ്ധിമുട്ടിപ്പിക്കുകയും ചെയ്യുന്നത്! അവന്റെ രോഗത്തിന്റെ പേരിൽ മറ്റുള്ളവർ പ്രയാസമനുഭവിക്കുകയാണ്. അല്ലാഹു -تَعَالَى- അവനു നാളെ സ്വർഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കികൊടുക്കുകയാണ് ചെയ്തിരിക്കുന്നത് എന്ന് അവൻ മനസ്സിലാക്കുന്നില്ല.

وَقَالَ -ﷺ-: «مَنْ يُرِدِ اللَّهُ بِهِ خَيْرًا يُصِبْ مِنْهُ»

“ആര്‍ക്കെങ്കിലും അല്ലാഹു -تَعَالَى- നന്മ ഉദ്ദേശിക്കുകയാണെങ്കിൽ അവനെ രോഗങ്ങൾകൊണ്ട് പരീക്ഷിക്കും.”

എന്നാൽ ഈ കാര്യം തിരിച്ചറിയാത്തവരായി എത്രയെത്ര ആളുകളാണ്. ഒരു തലവേദന വന്നാൽ അവനു ചുറ്റുമുള്ളവർ അനുഭവിക്കുകയാണ്. ഒരു ചെറിയ പ്രയാസമുണ്ടായാൽ അവൻ അക്ഷമനാണ്. അവൻ ആശുപത്രിയിൽ ഡോക്ടർമാരോട് ചൂടാകുന്നു. ചികിത്സിക്കാൻ വരുന്ന നഴ്സുമാരോട് ചൂടാവുന്നു. അവൻ ദേഷ്യത്തിലാണ്. യഥാർത്ഥത്തിൽ ഒരു മുസ്‌ലിമിന്റെ സ്വഭാവങ്ങളിൽ പെട്ടതല്ല ഇത്. മറിച്ച് അവനെ ബാധിച്ച ആ രോഗത്തിൽ അവൻ ക്ഷമിക്കുകയാണ് വേണ്ടത്.

സലഫുകളിൽ ചില ആളുകൾക്ക് അവരുടെ കണ്ണുകളിൽ ഒരു കണ്ണിന് കാഴ്ചക്കുറവ് ബാധിക്കുമായിരുന്നു. അങ്ങിനെ ആ കണ്ണുകൊണ്ട് അദ്ദേഹത്തിന്  കാണാൻ കഴിയില്ല. 15 വർഷമോ 20 വർഷമോ അപ്രകാരം കഴിഞ്ഞുപോകും. അവരുടെ കുടുംബത്തിലെ ആളുകൾക്ക് മനസ്സിലായിട്ടില്ല അദ്ദേഹത്തിന് കണ്ണിന് പ്രശ്നമുണ്ട് എന്ന്. അവർ തങ്ങളുടെ രോഗത്തിന്റെ പ്രയാസങ്ങൾ മറ്റുള്ളവരോട് പറയുന്നത് മാറ്റിവെച്ചിരുന്നു. പിന്നീട് അത് മനസ്സിലാകുന്നത് അദ്ദേഹത്തിന്റെ ചെറിയകുട്ടി കാഴ്ചയില്ലാത്ത കണ്ണിന്റെ ഭാഗത്തു കൂടി നടന്നു വരുന്നത് അദ്ദേഹം കാണുന്നില്ല. അപ്പോഴാണ് ആളുകൾക്ക് മനസ്സിലാകുന്നത് ഒരു കണ്ണിന് കാഴ്ചയില്ല എന്നുള്ളത്.

നമ്മളിൽ പലരും ചെറിയ എന്തെങ്കിലും തോന്നലുകൾ ഉണ്ടായാൽ, പനി ഒന്നു കൂടുന്നു എന്നു തോന്നിയാൽ പിന്നെ ആവലാതികളുടെ കെട്ടഴിക്കലായി. അവൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അവൻ ആളുകൾക്ക് മുൻപിൽ അവതരിപ്പിക്കലാണ്. സ്ത്രീകളിൽ ഇത് പൊതുവെ കാണപ്പെടാറുണ്ട്. ഈ അവസ്ഥ നമുക്ക് നല്ലതല്ല.

നാം ക്ഷമിക്കുക. അല്ലാഹു -تَعَالَى- നാളെ പരലോകത്ത് നമ്മുടെ പ്രയാസങ്ങൾക്ക് പരിഹാരം നൽകാതിരിക്കില്ല.

നബി-ﷺ- പറഞ്ഞു:

قَالَ -ﷺ-: «مَثَلُ الْمُؤْمِنِ كَمَثَلِ الزَّرْعِ لَا تَزَالُ الرِّيحُ تُمِيلُهُ، وَلَا يَزَالُ الْمُؤْمِنُ يُصِيبُهُ الْبَلَاءُ، وَمَثَلُ الْمُنَافِقِ كَمَثَلِ شَجَرَةِ الْأَرْزِ، لَا تَهْتَزُّ حَتَّى تَسْتَحْصِدَ»

“വിശ്വാസിയുടെ ഉപമ വിളയുടെ ഉപമ പോലെയാണ്. കാറ്റ് അതിനെ ചായ്ച്ചു കൊണ്ടിരിക്കുന്നു. ഒരു വിശ്വാസിക്ക് പരീക്ഷണങ്ങൾ ബാധിച്ചു കൊണ്ടിരിക്കും. കപട വിശ്വാസിയുടെ ഉപമ ദേവധാരു വൃക്ഷത്തെ പോലെയാണ്. അത് മറിഞ്ഞു വീഴുന്നത് വരെ അത് ഉലയുകയില്ല.’

വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവനു പ്രയാസങ്ങളും ദുരിതങ്ങളും ഉണ്ടാകും. അതെപ്പോഴും വന്നു കൊണ്ടിരിക്കും. എന്നാൽ മുനാഫിഖ്, അവനെപ്പോഴും പ്രയാസങ്ങളില്ലാതെ കഴിച്ചുകൂട്ടും. അവനു എപ്പോഴും സന്തോഷം മാത്രം. അവനു മനസ്സിലാകുന്നില്ല അല്ലാഹു -تَعَالَى- അവനെ പിടികൂടുന്നതിനു വേണ്ടി ഒരുക്കുന്ന കെണിയാണിത് എന്ന്.

റബ്ബ് നമ്മെ എല്ലാവരെയും ക്ഷമിക്കുന്ന ആളുകളിൽ ഉൾപ്പെടുത്തട്ടെ. ആമീൻ.

خُطْبَةٌ أَلْقَاهَا الأَخُ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ

قَامَ بِتَفْرِيغِهَا الأَخُ أَبُو حُذَيْفَةَ شَبِيبُ بْنُ مُحَمَّدٍ

غَفَرَ اللَّهُ لَهُمَا وَلِوَالِدَيْهِمَا وَلِجَمِيعِ المُسْلِمِينَ

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment