അല്ലാഹുവിന്റെ ദീനിന്റെ വിഷയങ്ങളിൽ സംസാരിക്കുമ്പോൾ അങ്ങേയറ്റത്തെ സൂക്ഷ്മത പാലിക്കുക എന്നത് ഏറെ നിർബന്ധമായ കാര്യമാണ്. എന്നാൽ ഇന്ന് ജനങ്ങൾക്കിടയിൽ സംസാരിക്കാൻ ഏറ്റവും എളുപ്പമുള്ള വിഷയം മതം തന്നെയാണ്. ഒരു തവണ പോലും ഖുർആൻ മുഴുവനായും അർഥമറിഞ്ഞു കൊണ്ട് ഒന്ന് പാരായണം ചെയ്യുകയോ, ഹദീഥുകൾ വായിച്ചു മനസ്സിലാക്കുകയോ ചെയ്തിട്ടില്ലെങ്കിൽ പോലും എല്ലാവരും ദീനിന്റെ കാര്യം വന്നാൽ വലിയ പണ്ഡിതന്മാരാണ്. എന്തിനധികം?! പലപ്പോഴും ഖുർആൻ മര്യാദക്ക് പാരായണം ചെയ്യാൻ പോലും സാധിക്കാത്തവർ വരെ ദീനിലെ വലിയവലിയ വിഷയങ്ങൾ അങ്ങേയറ്റം ധൈര്യത്തോടെ സംസാരിക്കുന്നത് കാണാം.

അല്ലാഹു പറയുന്നു:

قُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالْإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَن تُشْرِكُوا بِاللَّـهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَن تَقُولُوا عَلَى اللَّـهِ مَا لَا تَعْلَمُونَ ﴿٣٣﴾

“പറയുക: എന്റെ റബ്ബ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധര്‍മ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്‌.” (അഅ്രാഫ്: 33)

ഈ ആയത്തിൽ തിന്മകൾ ഏറ്റവും ചെറുതിൽ നിന്ന് വലുതിലേക്ക് എന്ന ക്രമത്തിലാണ് നൽകിയിട്ടുള്ളത് എന്ന് ഇമാം ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞതായി കാണാം. സ്വന്തത്തോട് ചെയ്യുന്ന തെറ്റുകൾ ആദ്യവും, പരസ്പരം മനുഷ്യർ ചെയ്യുന്ന അതിക്രമങ്ങൾ രണ്ടാമതും, അല്ലാഹുവിൽ പങ്കുചേർക്കുക എന്നത് മൂന്നാമതും പറഞ്ഞ ശേഷം നാലാമതാണ് അല്ലാഹു വിവരമില്ലാതെ ദീനിന്റെ കാര്യങ്ങൾ സംസാരിക്കുക എന്നത് എടുത്തു പറഞ്ഞത്. (ഇഅ്ലാമുൽ മുവഖ്ഖിഈൻ: 1/38) ശിർക് അല്ലാഹുവിൽ സൃഷ്ടികളെ പങ്കുചേർക്കലാണെങ്കിൽ, ദീനിൽ തോന്നിയത് ഹലാലും ഹറാമുമാക്കൽ അല്ലാഹുവിന്റെ സ്ഥാനത്തേക്ക് സ്വയം തന്നെ എടുത്തുയർത്തലായത് കൊണ്ടായിരിക്കാം അത് ശിർകിനെക്കാൾ ഗുരുതരമായി എണ്ണിയത്. വല്ലാഹു അഅ്ലം.

അല്ലാഹുവിന്റെ ദീനിന്റെ കാര്യത്തിൽ അറിവില്ലാത്തത് സംസാരിക്കുക എന്നതിനെക്കാൾ വലിയ അതിക്രമം ചെയ്തവൻ മറ്റാരുണ്ടെന്നാണ് അല്ലാഹു ചോദിക്കുന്നത്. അല്ലാഹു പറയുന്നു:

وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّـهِ كَذِبًا ۚ أُولَـٰئِكَ يُعْرَضُونَ عَلَىٰ رَبِّهِمْ وَيَقُولُ الْأَشْهَادُ هَـٰؤُلَاءِ الَّذِينَ كَذَبُوا عَلَىٰ رَبِّهِمْ ۚ أَلَا لَعْنَةُ اللَّـهِ عَلَى الظَّالِمِينَ ﴿١٨﴾

അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനേക്കാള്‍ അക്രമിയായി ആരുണ്ട്‌? അവര്‍ അവരുടെ റബ്ബിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുന്നതാണ്‌. സാക്ഷികള്‍ പറയും: ഇവരാകുന്നു തങ്ങളുടെ റബ്ബിന്റെ പേരില്‍ കള്ളം പറഞ്ഞവര്‍, ശ്രദ്ധിക്കുക: അല്ലാഹുവിന്റെ ശാപം ആ അക്രമികളുടെ മേലുണ്ടായിരിക്കും.” (ഹൂദ്: 18)

ദീനിന്റെ വിഷയത്തിൽ ഇന്നത് ഹലാലാണെന്നും, ഇന്നത് ഹറാമാണെന്നും പറയൽ ഏറെ ഗുരുതരമായ കാര്യം തന്നെയാണ്. കാരണം അല്ലാഹു ഇന്നത് നിനക്ക് അനുവദിച്ചു തന്നിരിക്കുന്നുവെന്നും, അല്ലാഹു ഇന്നതെല്ലാം നിന്റെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നെന്നുമാണ് ആ വാക്കിലൂടെ നീ ഉദ്ദേശിക്കുന്നത്. ഊഹാപോഹങ്ങളുടെയും തനിച്ച അജ്ഞതയുടെയും മാത്രം അടിസ്ഥാനത്തിൽ അല്ലാഹുവിന്റെ ദീനിനെ കുറിച്ച് സംസാരിക്കുന്നവർ ഇക്കാര്യം ഓർക്കട്ടെ. അല്ലാഹു പറയുന്നു:

وَلَا تَقُولُوا لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَـٰذَا حَلَالٌ وَهَـٰذَا حَرَامٌ لِّتَفْتَرُوا عَلَى اللَّـهِ الْكَذِبَ ۚ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّـهِ الْكَذِبَ لَا يُفْلِحُونَ ﴿١١٦﴾

നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് ഹലാലാണ്, ഇത് ഹറാമാണ്, എന്നിങ്ങനെ കള്ളം പറയരുത്‌. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ (അതിന്റെ ഫലം) അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല; തീര്‍ച്ച.” (നഹ്‌ൽ: 116)

ഇങ്ങനെ ദീനിന്റെ കാര്യത്തിൽ അറിവില്ലാതെ സംസാരിക്കുന്ന ഒരു വിഭാഗം ഉടലെടുക്കുമ്പോഴാണ് ഈ സമൂഹം നശിക്കുകയെന്ന് നബി -ﷺ- പ്രവചിച്ചിട്ടുണ്ട്. ഫെയ്സുബുക്ക്-ഗൂഗിൽ മുഫ്തിമാരുടെ ഈ കാലഘട്ടം അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ദീനിൽ എന്തെങ്കിലും സംശയം തോന്നിയാൽ നെറ്റിൽ സെർച്ച് ചെയ്ത്, ആദ്യം ലഭിക്കുന്ന വെബ്സൈറ്റ് തുറന്ന് അതിൽ കാണുന്ന വിശദീകരണം പറഞ്ഞു കൊടുക്കുന്നവരിൽ പലർക്കും എങ്ങനെയാണ് തെളിവുകൾ കൈകാര്യം ചെയ്യേണ്ടതെന്നോ, ഖുർആനിൽ നിന്നും ഹദീഥിൽ നിന്നും മതനിയമങ്ങൾ മനസ്സിലാക്കേണ്ടതെന്നോ അറിയുന്നുണ്ടാവില്ല.

عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ العَاصِ قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «إِنَّ اللَّهَ لاَ يَقْبِضُ العِلْمَ انْتِزَاعًا يَنْتَزِعُهُ مِنَ العِبَادِ، وَلَكِنْ يَقْبِضُ العِلْمَ بِقَبْضِ العُلَمَاءِ، حَتَّى إِذَا لَمْ يُبْقِ عَالِمًا اتَّخَذَ النَّاسُ رُءُوسًا جُهَّالًا، فَسُئِلُوا فَأَفْتَوْا بِغَيْرِ عِلْمٍ، فَضَلُّوا وَأَضَلُّوا»

നബി -ﷺ- പറയുന്നു: “അല്ലാഹു അറിവിനെ ഒറ്റത്തവണയായി അടിമകളിൽ  നിന്ന് ഊരിയെടുക്കുകയല്ല ചെയ്യുക. മറിച്ച് അവൻ പണ്ഡിതന്മാരുടെ മരണത്തിലൂടെയാണ് അറിവിനെ ഉയർത്തുക. അങ്ങനെ ഒരു പണ്ഡിതനും ബാക്കിയില്ലാതെ വന്നാൽ ജനങ്ങൾ വിവരമില്ലാത്തവരെ നേതാക്കളായി തിരഞ്ഞെടുക്കും. അങ്ങനെ അവരോട് (ചോദ്യങ്ങൾ) ചോദിക്കപ്പെടും; അവർ അറിവില്ലാതെ ഫത്‌വ നൽകുകയും, അവർ സ്വയം വഴിപിഴക്കുകയും, മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും.” (ബുഖാരി: 100, മുസ്‌ലിം: 2673)

ദീനിന്റെ വിഷയങ്ങളിൽ അറിവില്ലാതെ സംസാരിക്കുന്നവരെ കൊണ്ട് എത്രയെത്ര ഉപദ്രവങ്ങളും പ്രയാസങ്ങളുമാണ് ജനങ്ങൾ നേരിടേണ്ടി വരുന്നത്?! തങ്ങളുടെ തോന്നലുകൾക്കും നാട്ടുനടപ്പുകൾക്കും അനുസരിച്ച് ചോദിക്കുന്നതിനെല്ലാം മറുപടി നൽകാൻ ധൃതി കൂട്ടുന്നവർ എത്ര വലിയ അപരാധമാണ് അല്ലാഹുവിന്റെ ദീനിനോടും മുസ്‌ലിംകളോടും ചെയ്യുന്നത്?! നബി -ﷺ- യുടെ കാലഘട്ടത്തിൽ നടന്ന ഒരു സംഭവം നോക്കൂ.

عَنْ جَابِرٍ قَالَ: خَرَجْنَا فِى سَفَرٍ فَأَصَابَ رَجُلاً مِنَّا حَجَرٌ فَشَجَّهُ فِى رَأْسِهِ، ثُمَّ احْتَلَمَ، فَسَأَلَ أَصْحَابَهُ، فَقَالَ: هَلْ تَجِدُونَ لِى رُخْصَةً فِى التَّيَمُّمِ؟ فَقَالُوا: مَا نَجِدُ لَكَ رُخْصَةً وَأَنْتَ تَقْدِرُ عَلَى الْمَاءِ، فَاغْتَسَلَ فَمَاتَ، فَلَمَّا قَدِمْنَا عَلَى النَّبِىِّ -ﷺ- أُخْبِرَ بِذَلِكَ فَقَالَ: «قَتَلُوهُ قَتَلَهُمُ اللَّهُ أَلاَّ سَأَلُوا إِذْ لَمْ يَعْلَمُوا فَإِنَّمَا شِفَاءُ الْعِىِّ السُّؤَالُ»

ജാബിർ -رَضِيَ اللَّهُ عَنْهُ- പറയുന്നു: “ഞങ്ങൾ ഒരിക്കൽ ഒരു യാത്ര പുറപ്പെട്ടു. അങ്ങനെ (യാത്രാമദ്ധ്യേ) ഞങ്ങളുടെ കൂട്ടത്തിലെ ഒരാൾക്ക് ഒരു കല്ല് കൊണ്ടു അയാളുടെ തല പൊട്ടി. ശേഷം അദ്ദേഹത്തിന് സ്വപ്നസ്ഖലനം ഉണ്ടാവുകയും ചെയ്തു. അങ്ങനെ തന്റെ ഒപ്പമുള്ളവരോട് അദ്ദേഹം ചോദിച്ചു: ‘എനിക്ക് തയമ്മും ചെയ്യാൻ (വെള്ളം കൊണ്ടല്ലാതെ, മണ്ണ് കൊണ്ട് കയ്യും മുഖവും തടവി) വല്ല ഇളവും ഉള്ളതായി നിങ്ങൾ കാണുന്നുണ്ടോ?!” അവർ പറഞ്ഞു: “നിനക്ക് (ജനാബത് കുളികാൻ) വെള്ളം ലഭിക്കുമെന്ന ഈ അവസ്ഥയിൽ നിനക്ക് എന്തെങ്കിലും ഇളവ് ഞങ്ങൾ കാണുന്നില്ല.” അങ്ങനെ അയാൾ കുളിക്കുകയും, (മുറിവിൽ വെള്ളം തട്ടിയതിനാൽ) അയാൾ മരിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങൾ നബി -ﷺ- യുടെ അടുത്ത് എത്തിയപ്പോൾ ഈ സംഭവം അദ്ദേഹം അറിഞ്ഞു. അവിടുന്ന് പറഞ്ഞു: “അവർ അയാളെ കൊന്നിരിക്കുന്നു. അല്ലാഹു അവരെ നശിപ്പിക്കട്ടെ! അവർക്ക് അറിയില്ലെങ്കിൽ ചോദിച്ചു കൂടായിരുന്നോ?! അറില്ലായ്മക്കുള്ള ശമനം ചോദിച്ചറിയലാണ്.” (അബൂ ദാവൂദ്: 336, അൽബാനി ഹസൻ എന്ന് വിലയിരുത്തി.)

ഈ സംഭവത്തിന് സമാനമായതും ഇതിനെക്കാൾ ഗുരുതരമായതുമായ എത്രയെത്ര വിഷയങ്ങൾ നമ്മുടെ നാട്ടിൽ സംഭവിക്കുന്നു. ഇതൊരു തയമ്മുമിന്റെ വിഷയമാണെങ്കിൽ മുസ്‌ലിംകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതും, പൊതുപ്രശ്നങ്ങളായി മാറാവുന്നതും, ചിലപ്പോൾ മനുഷ്യന്മാർ പരസ്പരം കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യാവുന്നതുമായ വിഷയങ്ങളിൽ വരെ എത്ര നിസ്സാരമായാണ് ആളുകൾ സംസാരിക്കുന്നത്!! ആയുധമെടുക്കാനും അടിക്കാനും ഇടിക്കാനും അക്രമിക്കാനും സോഷ്യൽ മീഡിയകളിലിരുന്ന് ആഹ്വാനം ചെയ്യുകയും, ജിഹാദിന്റെ ആയത്തുകളോതി തെരുവിൽ ഇറങ്ങാനും കൽപ്പിക്കുന്നവർ മേൽ പറഞ്ഞതിനെക്കാൾ എന്തു മാത്രം ഗുരുതരമായ തെറ്റാണ് ചെയ്യുന്നുണ്ടായിരിക്കുക?!

അല്ലാഹു മുസ്‌ലിം ഉമ്മത്തിനെ കാത്തു രക്ഷിക്കുമാറാകട്ടെ!

ദീനീ വിഷയങ്ങൾ സംസാരിക്കുമ്പോൾ വളരെ സൂക്ഷ്മത പുലർത്തുക എന്നത് അല്ലാഹുവിന്റെ റസൂൽ -ﷺ- യുടെ ചര്യ കൂടിയാണ്. ദീനിന്റെ വിഷയത്തിൽ സംസാരിക്കാൻ ഏറ്റവും അർഹതയുള്ളവർ അവിടുന്നാണ് എന്നിരിക്കെ നബി -ﷺ- അറിയാത്ത വിഷയങ്ങൾ അറിയില്ല എന്നു പറയുന്നുണ്ടെങ്കിൽ നാമെന്തിന് അറിവില്ലാത്ത കാര്യങ്ങളിൽ നിശബ്ദത പാലിക്കാൻ മടിക്കണം?! നമ്മുടെ റസൂൽ അറിയില്ല എന്ന് പറഞ്ഞതു പോലെ, നാമും പറഞ്ഞിരുന്നെങ്കിൽ അതെത്ര മനോഹരമാകുമായിരുന്നു. ദീൻ എത്ര സുരക്ഷിതമായി നിലകൊള്ളുമായിരുന്നു.

عَنْ جُبَيْرِ بْنِ مُطْعِمٍ أَنَّ رَجُلًا أَتَى النَّبِيَّ -ﷺ-، فَقَالَ: يَا رَسُولَ اللَّهِ، أَيُّ الْبُلْدَانِ شَرٌّ؟ قَالَ: فَقَالَ: «لَا أَدْرِي» فَلَمَّا أَتَاهُ جِبْرِيلُ عَلَيْهِ السَّلَامُ قَالَ: «يَا جِبْرِيلُ، أَيُّ الْبُلْدَانِ شَرٌّ؟» قَالَ: لَا أَدْرِي حَتَّى أَسْأَلَ رَبِّي عَزَّ وَجَلَّ، فَانْطَلَقَ جِبْرِيلُ عَلَيْهِ السَّلَامُ، ثُمَّ مَكَثَ مَا شَاءَ اللَّهُ أَنْ يَمْكُثَ، ثُمَّ جَاءَ، فَقَالَ: يَا مُحَمَّدُ، إِنَّكَ سَأَلْتَنِي أَيُّ الْبُلْدَانِ شَرٌّ، فَقُلْتُ: لَا أَدْرِي، وَإِنِّي سَأَلْتُ رَبِّي عَزَّ وَجَلَّ: أَيُّ الْبُلْدَانِ شَرٌّ؟ فَقَالَ: أَسْوَاقُهَا.

ജുബൈർ ബിൻ മുത്ഇം -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഒരാൾ നബി -ﷺ- യുടെ അരികിൽ വന്നു കൊണ്ട് അദ്ദേഹത്തോട് ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! നാടുകളിൽ ഏതാണ് ഏറ്റവും മോശം നാട്?!” നബി -ﷺ- പറഞ്ഞു: “എനിക്കറിയില്ല!” അങ്ങനെ ജിബ്രീൽ വന്നപ്പോൾ അദ്ദേഹത്തോട് നബി -ﷺ- ഇക്കാര്യം ചോദിച്ചു… അദ്ദേഹവും പറഞ്ഞു: “എനിക്കറിയില്ല. ഞാൻ എന്റെ രക്ഷിതാവിനോട് ചോദിക്കട്ടെ.”  … (അങ്ങനെ ജിബ്രീൽ അല്ലാഹുവിനോട് ചോദിച്ചതിന് ശേഷം നബി -ﷺ- യുടെ അടുക്കൽ വന്നുകൊണ്ട് പറഞ്ഞു:) “നാടുകളിൽ ഏറ്റവും മോശം അങ്ങാടികളാണ്.” (അഹ്മദ്: 16744)

നോക്കൂ! മനുഷ്യരിൽ ഏറ്റവും ഉത്തമനായ റസൂൽ -ﷺ- യും മലക്കുകളിൽ ഏറ്റവും ശ്രേഷ്ഠനായ ജിബ്രീൽ -عَلَيْهِ السَّلَامُ- യും അറിയാത്ത ഒരു കാര്യം ഒരു മടിയുമില്ലാതെ അറിയില്ലെന്ന് പറഞ്ഞതു നോക്കൂ. അപ്പോൾ എന്താണ് നമ്മെ ഈ മഹത്തരമായ മാർഗത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്?! അറിവില്ലെങ്കിൽ അറിയില്ലെന്ന് പറയുന്നതിൽ ഒരു നാണക്കേടുമില്ലെന്ന് മാത്രമല്ല, എല്ലാത്തിനും മറുപടി പറയുന്നതും, അറിയാത്ത വിഷയത്തെ കുറിച്ച് സംസാരിക്കുന്നതുമാണ് യഥാർത്ഥത്തിൽ തനിച്ച വിഡ്ഢിത്തവും ബുദ്ധിശൂന്യതയും.

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: “അല്ലാഹു സത്യം! ജനങ്ങൾ ചോദിക്കുന്നതിനെല്ലാം ഉത്തരം പറയുന്നവൻ തന്നെയാകുന്നു തനിച്ച ഭ്രാന്തൻ!” (ഇബ്ത്വാലുൽ ഹിയൽ/ഇബ്‌നു ബത്ത്വ: 85)

ഇബ്‌നു മസ്ഊദ് വിശേഷിപ്പിച്ച ഈ ഭ്രാന്തിൽ നിന്ന് അല്ലാഹു നാമേവരെയും കാത്തുരക്ഷിക്കട്ടെ. ദീനിന് ഉപകാരം ചെയ്യുന്നവരായി അല്ലാഹു നമ്മെ മാറ്റട്ടെ. വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ദീനിന് ഉപദ്രവമുണ്ടാക്കുന്നവരായി അല്ലാഹു നമ്മെ മാറ്റാതിരിക്കട്ടെ. (ആമീൻ)

كَتَبَهُ أَخُوكُمْ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ

غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ

تاريخ ليلة التاسع والعشرين من رمضان 1440 

Download PDF

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment