‘നാട്ടിൽ വ്യാപകമായി കൊണ്ടിരിക്കുന്ന പകർച്ചവ്യാധിയിൽ നിന്ന് രക്ഷതേടുന്നതിനായി ലോക രാജ്യങ്ങൾ പ്രാർത്ഥിക്കുന്നു; അതിൽ പങ്കാളിയാകൂ’ എന്ന പേരിൽ വ്യാപകമായി ഒരു കുറിപ്പ് പ്രചരിപ്പിക്കപ്പെടുന്നത് കാണുന്നു. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ ഒരേ സമയം നിശ്ചിത ദിക്റുകൾ നിശ്ചിത എണ്ണം ചൊല്ലണം എന്നും, അതിന് വേണ്ട ദിക്റുകൾ ഇന്നയിന്നതാണെന്നും ഈ കുറിപ്പിൽ നിർദേശമുണ്ട്.

ആ കുറിപ്പിൽ അല്ലാഹുവിനുള്ള ദിക്റുകൾ മലയാളീകരിച്ച് എഴുതിയത് ബഹുഭൂരിപക്ഷവും തെറ്റും അബദ്ധങ്ങളുമാണ് എന്നത് അവിടെ നിൽക്കട്ടെ; അതിനപ്പുറം ഇസ്‌ലാമിൽ ഈ പറഞ്ഞ പ്രവൃത്തിക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നതാണ് ഏറ്റവും ഗൗരവമുള്ള വിഷയം.

പകർച്ചവ്യാധികൾ പ്രചരിച്ചാലും രോഗങ്ങൾ ബാധിച്ചാലും എന്തു ചെയ്യണമെന്ന് നബി -ﷺ- വ്യക്തമായി നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു നാട്ടിൽ പകർച്ചവ്യാധി പ്രചരിച്ചു എന്നറിഞ്ഞാൽ അവിടേക്ക് പോകരുതെന്നും, ആ നാട്ടിൽ നിന്ന് ഒരാളും പുറത്തു പോകരുതെന്നും അവിടുന്ന് അറിയിച്ചിട്ടുണ്ട്. രോഗത്തിൽ നിന്ന് രക്ഷതേടാനുള്ള പ്രാർത്ഥനകളും മറ്റുമെല്ലാം പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ റസൂൽ -ﷺ- ഇത്രയും കൃത്യമായി പഠിപ്പിച്ച മതവിധികൾ നിലനിൽക്കെ ദീനിൽ ഇത്തരം കർമ്മങ്ങൾ പുതുതായി നിർമ്മിക്കാൻ ആരാണ് ഇവർക്ക് അനുവാദം നൽകിയത്?

ഇത്തരം കുറിപ്പുകൾ പുറത്തു വിട്ടത് ആരാണെന്ന് പോലും അറിയില്ലെന്നിരിക്കെ -അതിന് പിന്നിൽ ഒരു യഹൂദനോ മുശ്രികോ വരോ ആയിരിക്കാമെന്നിരിക്കെ- ഒരു അടിസ്ഥാനവുമില്ലാത്ത ഇത്തരം പ്രവൃത്തികൾ എങ്ങനെയാണ് ദീനിനെ സ്നേഹിക്കുന്ന ഒരു മുസ്‌ലിം പ്രവർത്തിക്കുക?! ഈ രൂപത്തിൽ ഒരു ആധികാരികതയുമില്ലാതെ ദീനിൽ നിയമങ്ങൾ നിശ്ചയിക്കാമെങ്കിൽ പിന്നെ ഖുർആനിനും ഹദീഥിനും എന്ത് പ്രാധാന്യമാണുള്ളത്?!

നബി -ﷺ- പഠിപ്പിച്ചു തന്നിട്ടില്ലാത്ത രൂപവും എണ്ണവും രീതിയും സമയവും നിശ്ചയിച്ചു കൊണ്ട് ഇത്തരം പുത്തനാചാരങ്ങൾ നിർമ്മിക്കുന്നവർ ഓരോ മുസ്‌ലിമിന്റെയും തൗബയുടെ വാതിലുകൾ കൊട്ടിയടക്കുന്ന പണിയാണ് എടുക്കുന്നത് എന്നതിൽ സംശയമില്ല.

عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ -ﷺ- «إِنَّ اللَّهَ حَجَبَ التَّوْبَةَ عَنْ كُلِّ صَاحِبِ بِدْعَةٍ حَتَّى يَدَعَ بِدْعَتَهُ»

അനസുബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “എല്ലാ ബിദ്അത്തിന്റെ ആളുകളുടെയും പശ്ചാത്താപം (തൗബ) അല്ലാഹു തടഞ്ഞു വെച്ചിരിക്കുന്നു; അവന്‍ തന്റെ ബിദ്അത്ത് ഒഴിവാക്കുന്നതു വരെ.” (ത്വബ്റാനി)

عَنْ عَائِشَةَ أَنَّ رَسُولَ اللَّهِ -ﷺ- قَالَ « مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ » وَفِي رِوَايَةِ مُسْلِمٍ « مَنْ أَحْدَثَ فِى أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ »

ആയിശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു : “ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്.” (ബുഖാരി)

മുസ്‌ലിമിന്റെ നിവേദനത്തില്‍ ഇപ്രകാരം വന്നിട്ടുണ്ട്: “ആരെങ്കില്‍ നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) പുതുതായ കാര്യം നിര്‍മ്മിച്ചാല്‍ അത് മതത്തില്‍ പെട്ടതല്ല; തള്ളപ്പെടേണ്ടതാണ്.” (മുസ്‌ലിം)

അല്ലാഹുവിനോടുള്ള പ്രാർത്ഥനയും മാത്രമല്ലേ ചെയ്യാൻ പറയുന്നുള്ളൂ എന്ന് ചോദിക്കുന്നവരോടായി ഓർമ്മപ്പെടുത്തട്ടെ: പകർച്ച വ്യാധി ശമിക്കുന്നതിന് വേണ്ടി ലോകത്തുള്ള മുസ്‌ലിംകളെല്ലാം അവരുടെ നിസ്കാരത്തിലെ റക്അതുകൾ വർദ്ധിപ്പിക്കണം എന്ന് ഇതു പോലെ നാളെ മറ്റാരെങ്കിലും പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ മറുപടി. ഉദാഹരണത്തിന് ഈ രോഗം മാറുന്നതിന് വേണ്ടി സുബ്‌ഹി മൂന്ന് റക്അത്തും ഇശാ അഞ്ച് റക്അതും ആക്കാം എന്ന് പറഞ്ഞാൽ… ഈ റക്അതുകളിൽ ഫാതിഹയും ദിക്റും ഖുർആനും തന്നെയല്ലേ വർദ്ധിപ്പിക്കുന്നുള്ളൂ എന്ന് ചോദിച്ചാൽ… എന്തായിരിക്കും അത് പറയുന്നവർക്ക് നിങ്ങൾ മറുപടി നൽകുക?! അതേ മറുപടി തന്നെയാണ് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്കും നൽകാനുള്ളത്.

വീണ്ടും ഓർമ്മിപ്പിക്കട്ടെ! ഈ പ്രവൃത്തി ചെയ്യുന്നവർ അല്ലാഹുവിന്റെ കോപം വരുത്തി വെക്കുക എന്നതല്ലാതെ മറ്റൊന്നും ഇതിലൂടെ മുസ്‌ലിമീങ്ങൾക്ക് വരുത്തി വെക്കുന്നില്ല. മരണം എപ്പോൾ വേണമെങ്കിലും വന്നെത്താമെന്ന സ്ഥിതിയിൽ വീട്ടിൽ കഴിയുന്ന പ്രിയ്യപ്പെട്ട മുസ്‌ലിം സഹോദരങ്ങളേ! ഈ സന്നിഗ്ദ വേളയിൽ ഉറപ്പില്ലാത്ത കാര്യങ്ങൾ ദീനിന്റെ പേരിൽ ചെയ്തു കൊണ്ട് അല്ലാഹുവിൽ നിന്ന് അകലാതിരിക്കുക! നബി -ﷺ- പഠിപ്പിച്ച സുന്നത്തുകളും വാജിബുകളും തന്നെ ചെയ്യാൻ വേണ്ടത്രയുണ്ട് എന്നിരിക്കെ -അവയിൽ പലതും നാം പ്രവർത്തിച്ചിട്ടില്ല എന്നിരിക്കെ- എങ്ങനെയാണ് ഇത്തരം അർത്ഥമില്ലാത്ത -അഡ്രസ് പോലുമില്ലാത്ത- പ്രവൃത്തികൾ നാം ചെയ്തു കൂട്ടുക?!

അല്ലാഹു നമ്മെ എല്ലാ പിഴച്ച ചിന്തകളിൽ നിന്നും കാത്തു രക്ഷിക്കട്ടെ!

വായിക്കുക: https://alaswala.com/bida-hadr/

✍️ അബ്ദുല്‍ മുഹ്സിന്‍ ഐദീദ് -وَفَّقَهُ اللَّهُ-

Join alaswala.com/SOCIAL

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment