ഇസ്‌ലാമിലെ ഏറ്റവും ഗുരുതരമായ തിന്മ ശിർകാണ്. ശിർക് ചെയ്തവൻ ഇസ്‌ലാമിൽ നിന്ന് പുറത്തു പോകും. എന്തെല്ലാം നന്മകൾ ചെയ്താലും ശിർക് അതിനെയെല്ലാം നിഷ്ഫലമാക്കുന്നു. മുശ്‌രിക് ശാശ്വതമായ നരകവാസത്തിന് അർഹനാണ്. മറ്റേതു തിന്മയും അല്ലാഹു അവൻ ഉദ്ദേശിച്ചവർക്ക് പൊറുത്തു നൽകുമെന്നാണെങ്കിൽ ശിർക് മാത്രം അല്ലാഹു മരിച്ചതിന് ശേഷം പൊറുത്തു നൽകില്ല.

എന്താണ് ശിർക്?

അല്ലാഹുവിന് മാത്രം അർഹമായ കാര്യങ്ങൾ അവനല്ലാത്തവർക്ക് നൽകലാണ് ശിർക്. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വിസ്മരിക്കുകയും, അവന് അർഹമായ ആരാധന മറ്റുള്ളവർക്ക് നൽകുകയും ചെയ്യലാണ്. അല്ലാഹു നൽകിയ ആരോഗ്യവും സന്തോഷങ്ങളും എണ്ണമില്ലാത്ത മറ്റനുഗ്രഹങ്ങളും അവനല്ലാത്ത മറ്റാരെല്ലാമോ നൽകിയതാണെന്ന് ജൽപ്പിക്കുകയും, അല്ലാഹുവിനെ മറന്നു കളയുകയും ചെയ്യലാണ്.

ചിലരെങ്കിലും ചോദിക്കാറുണ്ട്. എന്തു കൊണ്ടാണ് ശിർക് ഏറ്റവും ഗുരുതരമായത്?! ഇതിനേക്കാൾ വലിയൊരു തിന്മയുമില്ല എന്ന് പറയുന്നത് എന്തു കൊണ്ടാണ്? അതിനുള്ള ഉത്തരം ചിന്തിക്കുന്ന ഏതൊരാൾക്കും പകൽ പോലെ വ്യക്തമാവുമെങ്കിലും ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്ന രോഗവ്യാപനത്തോടൊപ്പം നടക്കുന്ന സംഭവവികാസങ്ങൾ പരിശോധിച്ചാൽ ഈ ചോദ്യത്തിനുള്ള ഉത്തരം ചിലപ്പോൾ കൂടുതൽ ബോധ്യപ്പെട്ടേക്കാം.

നാട്ടിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ രോഗത്തെ നിയന്ത്രിക്കുന്നതിൽ ശ്രദ്ധേയമായ നിലപാട് സ്വീകരിക്കുന്ന ഭരണാധികാരികളോട് ജനങ്ങൾ സ്വീകരിക്കുന്ന സമീപനം നോക്കൂ!

എത്ര വലിയ പ്രശംസകൾ കൊണ്ടാണ് അവർ തങ്ങളുടെ നേതാക്കന്മാരെ മൂടുന്നത്! അവരെ കുറിച്ച് ഒരു കുറ്റമോ കുറവോ പറയുന്നവരെയെല്ലാം എത്ര ശക്തമായാണ് അക്കൂട്ടർ എതിർക്കുന്നത്?! ഈ പ്രതിസന്ധിയുടെ സാഹചര്യത്തിൽ രാഷ്ട്രീയം പറയരുതെന്നും, ഭരണാധികാരിയുടെ നന്മകൾ മാത്രം ഓർക്കണമെന്നും താക്കീത് ചെയ്തു കൊണ്ടിരിക്കുന്നത്?! സമൂഹത്തിൽ എത്രയെല്ലാം സ്ഥാനവും രാഷ്ട്രീയ സ്വാധീനവും ഉള്ളവരായിട്ടും കാര്യമില്ല, ഇപ്പോൾ തങ്ങളുടെ നേതാവിനെ എതിർക്കുന്നത് ആരാണെങ്കിലും അത് കുറ്റകരവും നന്ദികേടുമാണ് എന്ന് എത്ര പെട്ടെന്നാണ് ഇക്കൂട്ടർ തീരുമാനിക്കുന്നത്?!

ഒന്നാലോചിച്ച് നോക്കിയാൽ ഈ നേതാക്കന്മാർ തങ്ങളുടെ സ്വന്തം കീശയിലെ പണമല്ല ചിലവഴിക്കുന്നത്. ജനങ്ങളുടെ തന്നെ പണമാണത്; അവർ നൽകിയ നികുതിപ്പണവും, അവരുടെ കൈകളിൽ നിന്ന് പിടിച്ചെടുത്ത പിഴത്തുകയും മറ്റുമെല്ലാം. ആരും സ്വന്തം കയ്യിൽ നിന്നെടുത്ത് ചിലവഴിച്ചതല്ല. എന്തിനധികം?! ജനങ്ങൾ നൽകിയ പണത്തിൽ നിന്ന് അന്യായമായി പലതും കൈപ്പറ്റിയെന്ന ആക്ഷേപങ്ങൾ പോലും എത്രയോ നേതാക്കന്മാർക്കെതിരെ ഉന്നയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ചുരുക്കി പറഞ്ഞാൽ ജനങ്ങളുടെ പണമെടുത്ത് അതിൽ നിന്നൊരു പങ്ക് അവർക്ക് തന്നെ തിരിച്ചു നൽകിയതാണ് ഇത്രയും വലിയ നന്മയായി കൊട്ടിഘോഷിക്കപ്പെടുന്നത്! ഇതിന്റെയെല്ലാം പിന്നിൽ അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിക്കുകയും, അതു വഴി അധികാരവും ഭരണവും തിരിച്ചു പിടിക്കുകയും ചെയ്യണമെന്ന അത്ര നിഷ്കളങ്കമൊന്നുമല്ലാത്ത ലക്ഷ്യവുമുണ്ട്. എന്നിട്ടും തങ്ങളുടെ നേതാവിനെതിരെ സംസാരിക്കുന്നതിനെ ജനങ്ങൾ എത്ര കടുത്ത പാപമായാണ് കാണുന്നത് എന്ന് നോക്കൂ!!

എങ്കിൽ, നന്നായി ചിന്തിക്കുക!

അല്ലാഹു നിനക്ക് നൽകിയ അനുഗ്രഹങ്ങളുടെ കണക്കെത്രയാണ്?! അതിൽ ഒന്നു പോലും നിൻ്റേതെന്ന് പറയാൻ കഴിയില്ല; എല്ലാം അവൻ നൽകിയത്. ഇത്രയും ദിവസം ലോകത്തുള്ള മനുഷ്യർ ആസ്വദിച്ച ആരോഗ്യവും, അവരുടെ കയ്യിലുണ്ടായിരുന്ന സമ്പത്തും, അവരനുഭവിച്ചിരുന്ന നിർഭയത്വവും… എല്ലാമെല്ലാം അല്ലാഹുവിൽ നിന്നായിരുന്നു. അവനിൽ നിന്ന് മാത്രമായിരുന്നു. അവന്റെ അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുക എന്നതൊരിക്കലും സാധ്യമേയല്ല.

തിരിച്ചൊന്നും അവൻ നിന്നോട് ആവശ്യപ്പെടുന്നില്ല; നീ അവന് നന്ദി കാണിക്കണമെന്നല്ലാതെ. അവന് മാത്രം നിന്റെ ആരാധനകൾ നൽകണമെന്നല്ലാതെ. അവനുള്ള ആരാധനയിൽ മറ്റൊരാളെയും പങ്കുചേർക്കരുത് എന്നതല്ലാതെ.

അവനിലേക്ക് നീ കൈകളുയർത്തിയാൽ നിന്റെ പ്രാർത്ഥനകൾ കേൾക്കാൻ അവൻ തയ്യാറാണ്. എത്രയെല്ലാം നീ അവനെ ധിക്കരിച്ചാലും നിന്റെ ആത്മാർത്ഥമായ പശ്ചാത്താപം വീണ്ടുംവീണ്ടും കേൾക്കാനും സ്വീകരിക്കാനും അവൻ ഇഷ്ടപ്പെടുന്നു. നിന്റെ മാതാവിനേക്കാൾ അവൻ നിന്നോട് കാരുണ്യമുള്ളവനും, അനുകമ്പയുള്ളവനുമാണ്.

എന്നാൽ മനുഷ്യർ അവനെ വിസ്മരിച്ചു കളയുന്നു; എന്നിട്ടും അവരെ അവൻ ഉപേക്ഷിച്ചില്ല. നശിപ്പിച്ചു കളഞ്ഞില്ല. മറിച്ച് അവനെ കുറിച്ച് ഓർമ്മപ്പെടുത്തുന്നതിന് ദൂതന്മാരെ അയച്ചു. വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചു. അവനെ അനുസരിച്ചവർക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്ന സ്വർഗത്തെ കുറിച്ച് സന്തോഷവാർത്ത നൽകുകയും, തനിച്ച ദൗർഭാഗ്യവാന്മാരെ കാത്തിരിക്കുന്ന നരകത്തെ കുറിച്ച് താക്കീത് നൽകുകയും ചെയ്തു. നന്മകൾ പഠിപ്പിക്കുകയും അതിലേക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു. തിന്മകൾ ഏതെല്ലാമെന്ന് ബോധ്യപ്പെടുത്തി നൽകുകയും അതിൽ നിന്ന് താക്കീത് നൽകുകയും ചെയ്തു.

എന്നിട്ടും മനുഷ്യർ, അവർ പ്രവർത്തിച്ചതെന്താണ്?

ഈ അനുഗ്രഹങ്ങളെല്ലാം തനിക്ക് നൽകിയത് കാണുകയോ കേൾക്കുകയോ ചെയ്യാത്ത, തങ്ങൾ തന്നെ നിർമ്മിച്ച വിഗ്രഹങ്ങളാണെന്ന് അവരില്‍ ചിലര്‍ ജൽപ്പിച്ചു. പ്രയാസങ്ങളിൽ നിന്ന് അവനെ രക്ഷിച്ചത് മരിച്ചു മണ്ണടിഞ്ഞു പോയ ഏതോ മൃതദേഹങ്ങളാണെന്ന് വിശ്വസിച്ചു. അവൻ നൽകിയ അനുഗ്രഹങ്ങളുടെ അവകാശവും അധികാരവും യാതൊരു കഴിവുമില്ലാത്ത, ദുർബലരായ സൃഷ്ടികൾക്ക് ചാർത്തി നൽകി.

ദുർബലനായ ഒരു മനുഷ്യൻ, ജനങ്ങളിൽ നിന്ന് ലഭിച്ച പണത്തിന്റെ ഒരു പങ്ക് അവർക്ക് തന്നെ തിരിച്ചു നൽകുമ്പോൾ അത് മനുഷ്യർ ഏറ്റവും വലിയ നന്മയെന്ന പോലെ ആഘോഷിക്കുന്നു. തങ്ങളുടെ രക്ഷകനാണിയാൾ എന്ന് വാഴ്ത്തുന്നു. അയാൾ ചെയ്യുന്ന പ്രവർത്തികളിൽ സംശയം പ്രകടിപ്പിക്കുന്നത് പോലും ഈ സാഹചര്യത്തിലെ ഏറ്റവും വലിയ പാതകമായി കാണുന്നു. എത്ര നന്മകൾ ചെയ്തവനാണെങ്കിലും ഈ സന്ദർഭത്തിൽ ‘രാഷ്ട്രീയം പറയുന്നത്’ സഹിക്കുകയോ പൊറുക്കുകയോ ചെയ്യാൻ അവർ തയ്യാറല്ല.

അപ്പോൾ സർവ്വ ശക്തനും അറ്റമില്ലാത്ത കാരുണ്യത്തിന്റെ ഉടമയുമായ അല്ലാഹുവിനുള്ള നന്ദിയോ?! അവന്റെ അനുഗ്രഹങ്ങൾ നിഷേധിക്കുന്നതോ?! അത് മറ്റുള്ളവരിലേക്ക് ചേർത്തു പറയുന്നതോ?! അവൻ സൃഷ്ടിച്ച ദുർബലരായ സൃഷ്ടികൾ അവനെ പോലെ കേൾക്കുകയും കാണുകയും സഹായിക്കുകയും അഭയം നൽകുകയും ചെയ്യുമെന്ന് പറയുന്നതോ?! അല്ലാഹുവിനോട് ചോദിക്കുന്നതിനേക്കാൾ നല്ലത് സൃഷ്ടികളോട് ചോദിക്കുന്നതാണെന്ന് പറയുന്നതോ?! എത്രയെത്ര വലിയ പാതകമായിരിക്കുമത്?!

ഏതെല്ലാം നന്മകൾ ചെയ്താലും ഈ തിന്മയുടെ ഗൗരവം അതിനെ തകർത്തു കളയുകയില്ലേ?! എത്രയെല്ലാം ശിക്ഷിക്കപ്പെട്ടാലും ഈ വലിയ നന്ദികേടിന്റെ പാപഭാരം തീർന്നൊഴിയുമോ?! അതെ! ഏറ്റവും വലിയ തിന്മ ശിർക് തന്നെയാണ്!

عَنْ عَبْدِ اللَّهِ قَالَ: سَأَلْتُ النَّبِيَّ -ﷺ-: «أَيُّ الذَّنْبِ أَعْظَمُ عِنْدَ اللَّهِ؟ قَالَ: «أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ»

അബ്ദുല്ലാഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാന്‍ നബി-ﷺ-യോട് ചോദിച്ചു: “ഏത് തിന്മയാണ് ഏറ്റവും ഗൗരവമുള്ളത്?” നബി -ﷺ- പറഞ്ഞു: “നിന്നെ സൃഷ്ടിച്ചവന്‍ അല്ലാഹുവാണെന്നിരിക്കെ, നീ അവന് പങ്കാളിയെ നിശ്ചയിക്കലാണ്.” (ബുഖാരി: 4477, മുസ്‌ലിം: 86)

عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ -ﷺ- قَالَ: «يَقُولُ اللَّهُ تَعَالَى لِأَهْوَنِ أَهْلِ النَّارِ عَذَابًا يَوْمَ القِيَامَةِ: لَوْ أَنَّ لَكَ مَا فِي الأَرْضِ مِنْ شَيْءٍ أَكُنْتَ تَفْتَدِي بِهِ؟ فَيَقُولُ: نَعَمْ، فَيَقُولُ: أَرَدْتُ مِنْكَ أَهْوَنَ مِنْ هَذَا، وَأَنْتَ فِي صُلْبِ آدَمَ: أَنْ لاَ تُشْرِكَ بِي شَيْئًا، فَأَبَيْتَ إِلَّا أَنْ تُشْرِكَ بِي»

അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “അന്ത്യനാളില്‍ നരകക്കാരില്‍ ഏറ്റവും ചെറിയ ശിക്ഷ അനുഭവിക്കുന്ന വ്യക്തിയോട് അല്ലാഹു ചോദിക്കും: ‘ഭൂമിയില്‍ എന്തെങ്കിലും ഒരു കാര്യം നീ ഉടമപ്പെടുത്തിയിട്ടുണ്ടെങ്കില്‍ (നരകത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി) അത് പ്രായശ്ചിത്തമായി നല്‍കാന്‍ നീ തയ്യാറാകുമോ?” അപ്പോള്‍ അയാള്‍ പറയും: “അതെ.” അല്ലാഹു പറയും: “നീ ആദമിന്റെ മുതുകിലായിരിക്കെ -എന്നില്‍ ഒന്നിനെയും നീ പങ്കു ചേര്‍ക്കരുത് എന്ന- അതിനെക്കാള്‍ നിസ്സാരമായ കാര്യമാണ് ഞാന്‍ നിന്നോട് ആവശ്യപ്പെട്ടത്. പക്ഷേ നീ എന്നിൽ പങ്കുചേർക്കുകയല്ലാതെ ചെയ്തില്ല.” (ബുഖാരി: 2856, മുസ്‌ലിം: 30)

Link alaswala.com/corona-5

✍️ അബ്ദുല്‍ മുഹ്സിന്‍ ഐദീദ് -وَفَّقَهُ اللَّهُ-

WhatsApp alaswala.com/SOCIAL
Telegram t.me/ALASWALA

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment