മനുഷ്യരെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന ഈ വൈറസിനെ കുറിച്ച് ചിന്തിച്ചു നോക്കൂ! എത്ര ചെറുതാണത്! നഗ്നനേത്രങ്ങൾ കൊണ്ട് അത് കാണുക സാധ്യമല്ല. ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടോ എന്നറിയാൻ പോലും മണിക്കൂറുകളുടെ പരിശോധന ആവശ്യമാണ്. അതിന്റെ ലക്ഷണങ്ങൾ പലരിലും ദിവസങ്ങളോളം പ്രകടമാകില്ലത്രെ.

എന്നാൽ ഇത്രയെല്ലാം പുരോഗമിക്കുകയും വിവരസാങ്കേതിക വിദ്യകളിൽ മുന്നേറുകയും ചെയ്തുവെന്ന് അഹങ്കരിച്ച മനുഷ്യരെ എത്ര വലിയ ഭയത്തിലേക്കും പരിഭ്രാന്തിയിലേക്കുമാണ് അത് തള്ളിവിട്ടത്?! രാജ്യങ്ങളുടെ അതിർത്തികൾ കൊട്ടിയടക്കുകയും, മനുഷ്യർ വീടുകളിൽ നിന്ന് പുറത്തിറങ്ങാതിരിക്കുകയും, പരസ്പരം സംസാരിക്കാൻ പോലും ഭയക്കുകയും ചെയ്യുന്നത് എന്തിന്റെ പേരിലാണ്?!

ആകാശത്തോളം ഉയർന്നു നിൽക്കുന്ന ഏതെങ്കിലും ജീവിയോ, ഭൂമിയെ പൊടിയാക്കി കളയുന്ന ഏതെങ്കിലും ഗ്രഹമോ, ആർത്തിരമ്പി വരുന്ന തിരമാലകളോ, ആഞ്ഞടിക്കുന്ന കാറ്റോ ഒന്നുമല്ല അവനെ ഭയപ്പെടുത്തുന്നത്!

കണ്ണു കൊണ്ട് കാണാൻ പോലും കഴിയാത്ത ഒരു ചെറുവൈറസ്!

മനുഷ്യന്റെ ദുർബലതയാണിത്. അവൻ എത്ര അശക്തനാണ് എന്ന ഓർമ്മപ്പെടുത്തലാണിത്.

എന്നാൽ ചിന്തിച്ചു നോക്കൂ! ഒരു ചെറിയ വൈറസിനെ പോലും തലയുയർത്തി നേരിടാൻ ശേഷിയില്ലാത്തവനാണ് ആകാശത്തേക്ക് നോക്കി സ്രഷ്ടാവായ അല്ലാഹുവിനെ വെല്ലുവിളിച്ചത്! അവനെ ഞങ്ങൾ പരാജയപ്പെടുത്തിയിരിക്കുന്നു എന്ന് അട്ടഹസിച്ചത്!

അല്ലാഹു മനുഷ്യനെ കുറിച്ച് പറഞ്ഞു:

وَخُلِقَ الْإِنسَانُ ضَعِيفًا ﴿٢٨﴾

“മനുഷ്യൻ ദുർബലനായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.” (നിസാഅ്: 28)

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “മനുഷ്യനേക്കാൾ ദുർബലനായ മറ്റെന്തുണ്ട്?! അനുഗ്രഹം അവനെ അഹങ്കാരിയാക്കും. ഒരുരുള ഭക്ഷണം അവനെ തൃപ്തനാക്കും. ദുരിതങ്ങളാകട്ടെ, അവനെ തകർത്തു കളയുകയും ചെയ്യും.” (മുഅ്ജമുൽ ഉദബാഅ്: 3/1336)

✍️ അബ്ദുല്‍ മുഹ്സിന്‍ ഐദീദ് -وَفَّقَهُ اللَّهُ-

Join alaswala.com/SOCIAL

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment