ഫിത്ന..!

ഇബ്‌നു സുബൈറിന്റെ ഫിത് നയുടെ അവസരത്തിൽ അബ്ദുല്ലാഹ് ഇബ്‌നു ഉമർ رضي الله عنهما വിന്റെ അടുക്കൽ രണ്ടാളുകൾ വന്നു പറഞ്ഞു:

“ജനങ്ങൾ (ഭരണാധികാരിക്കെതിരെ) ഇറങ്ങി പുറപ്പെട്ടിരിക്കുന്ന. നിങ്ങൾ ഉമറിന്റെ മകനാണ്. റസൂലുല്ലയുടെ സ്വഹാബിയാണ്. എന്നിട്ടും എന്താണ് യുദ്ധത്തിന് പുറപ്പെടാൻ നിങ്ങളെ തടഞ്ഞത്..!?”

അദ്ദേഹം പറഞ്ഞു:

“തീർച്ചയായും അല്ലാഹു എന്റെ സഹോദരന്റെ രക്തം ഹറാമാക്കിയിട്ടുണ്ട്.”

അപ്പോൾ അവർ പറഞ്ഞു:

“അല്ലാഹു ഇപ്രകാരം പറഞ്ഞിട്ടില്ലേ.?

(وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ ۚ)

“ഫിത് ന (ശിർക്ക് ) ഇല്ലാതാവുകയും ദീൻ മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക.”(അൻഫാൽ: 39)

അപ്പോൾ ഇബ്‌നു ഉമർ പറഞ്ഞു:

“അതെ..! ഫിത് ന ഇല്ലാതാവുകയും ദീൻ മുഴുവൻ അല്ലാഹുവിനു വേണ്ടിയാവുന്നത് വരെയും
ഞങ്ങൾ യുദ്ധം ചെയ്തിട്ടുണ്ട്.

എന്നാൽ നിങ്ങൾ ഉദ്ദേശിക്കുന്നത് യുദ്ധം ചെയ്യാനും അതിലൂടെ ഫിത് ന ഉണ്ടാവാനും ദീൻ അല്ലാഹു അല്ലാത്തവർക്കായിത്തീരാനുമാണ്.” (ബുഖാരി:4513)

സുബ്ഹാനല്ലാഹ്..!

അല്ലാഹുവിന്റെ ദീൻ വിജയിപ്പിക്കാൻ വേണ്ടിയുള്ള യുദ്ധവും മുസ്‌ലിമീങ്ങൾക്കിടയിൽ പ്രശ്നങ്ങളും ഫിത് നകളും ഉണ്ടാക്കാൻ വേണ്ടിയുള്ള യുദ്ധവും തമ്മിൽ എന്തു മാത്രം വിദൂരമുണ്ട്..!?

മുസ്‌ലിമീങ്ങളെക്കൊണ്ട് വാളെടുപ്പിക്കുകയും പരസ്പരം കഴുത്തറപ്പിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായാൽ അവരുടെ പ്രതാപവും പ്രൗഢിയും ദുർബലപ്പെടും. അവരുടെ സുഗന്ധം ഇല്ലാതെയാവും.

മാത്രമല്ല. അവർക്ക് മേൽ ശത്രുക്കൾ അധികാരമേൽക്കുകയും, അങ്ങനെ ദീൻ അല്ലാഹു അല്ലാത്തവർക്കായി തീരുകയും ചെയ്യും..!

അല്ലാഹു നമ്മെയും മുസ്‌ലിമീങ്ങളെയും എല്ലാ ഫിത് നകളിൽ നിന്നും സംരക്ഷിക്കട്ടെ. കാരണം ഫിത് ന എന്നത് അന്ധതയാണ്. ബധിരതയാണ്. മൂകതയാണ്.”

ഖേദകരം എന്ന് പറയട്ടെ..!

ഇന്ന് മുസ്‌ലിം ഉമ്മത്തിലേക്ക് ചേർത്തി പറയുന്ന ചില ആളുകൾ യാതൊരു വിവരവുമില്ലാതെ ജിഹാദ് എന്ന പേരിൽ ഇറങ്ങിപ്പുറപ്പെട്ടതിന്റെ അനന്തര ഫലം ഇന്നും പല നാടുകളിലും കാണാൻ സാധിക്കും.

കേവലം ആവേശവും എടുത്തു ചാട്ടവും കൊണ്ട് സംഭവിക്കുന്നത് മുസ്‌ലിമീങ്ങളുടെ പ്രതാപം നഷ്ടപ്പെടുന്നു എന്നത് മാത്രമല്ല.
മറിച്ച് ഇസ്‌ലാമിന്റെ ശത്രുക്കൾ എന്താണോ ആഗ്രഹിക്കുന്നത് അത് അവർക്ക് എളുപ്പമാക്കികൊടുക്കലാണ്.

അവർ ആഗ്രഹിക്കുന്നത് ശാന്തമായ അന്തരീക്ഷമല്ല. മറിച്ച് പ്രശനങ്ങളും കോലാഹലങ്ങളുമാണ്.

അപ്രകാരം സംഭവിച്ചാൽ മാത്രമേ ബുദ്ധിപരമായോ പ്രാമാണികമായോ യാതൊരു അടിസ്ഥാനവുമില്ലാത്ത കുഫ്ഫാറുകളുടെ ആദർശങ്ങളിലെ അർത്ഥ ശൂന്യതയെ കുറിച്ച് ജനങ്ങൾ ചിന്തിക്കാതിരിക്കുകയുള്ളൂ.

അതിനു അവസരം നൽകാതിരിക്കുക എന്നതാണ് ബുദ്ധിയുള്ള ഒരു മുസ്‌ലിം ചെയ്യേണ്ടത്.

അതു കൊണ്ട് പഴമക്കാർ പറയാറുള്ളത് പോലെ ‘കാള പ്രസവിച്ചു എന്ന് കേട്ടാൽ’ ചിന്തിക്കാതെ കയറെടുത്ത് ഇറങ്ങിപ്പുറപ്പെട്ടാൽ അതിനു വലിയ വില നൽകേണ്ടി വരും എന്നത് ഈ ആളുകൾ ചിന്തിക്കട്ടെ.

അതോടൊപ്പം മഹാനായ സ്വാഹാബി അബ്ദുല്ലാഹ് ബ്നു ഉമറിന്റെ വാക്കുകൾ മനസ്സിൽ കൊത്തി വെക്കുകയും ചെയ്യട്ടെ.

അല്ലാഹു റബ്ബുൽ ആലമീൻ മുസ്‌ലിം ഉമ്മത്തിന്റെ പ്രതാപം നിലനിർത്തി നൽകുമാറാകട്ടെ.

അവലംബം:

അൽ ഫവാഇദുൽ മുഖ്തസ്വറ/ശൈഖ് അബ്ദു റസാഖ് അൽ ബദർ.

മഹത്തായ ചോദ്യം, ലളിതമായ ഉത്തരം!!

ചോദ്യ കർത്താവ്: “മനസ്സ് ശുദ്ധീകരിക്കാൻ ഏറ്റവും സഹായകരമായ കിതാബ് ഏതാണ്?

ഉത്തരം: “അല്ലാഹുവിന്റെ കിതാബ്! -ഖുർആൻ-.”

(ശൈഖ് അബ്ദു റസ്സാഖ് അൽ ബദർ -حَفِظَهُ اللَّه- യുടെ ദർസിൽ നിന്നും.. )

തഖ്‌വയുടെ അന്തരഫലങ്ങള്‍!

ശൈഖ് അബ്ദു റസ്സാഖ് അല്‍ ബദര്‍ -حَفِظَهُ الله- പറയുന്നു:

“ഒരു അടിമ എത്ര മാത്രം അല്ലാഹുവിലുള്ള തഖ്‌വ സാക്ഷാത്കരിക്കാന്‍ തന്റെ സ്വന്തത്തോട്‌ പരിശ്രമിക്കുന്നുവോ അപ്പോഴൊക്കെയും അവന്റെ കാര്യങ്ങള്‍ എളുപ്പമായിത്തീരും. അത് പോലെ വിശിഷ്ടമായ ഉപജീവനവും, അവന്റെ നേര്‍ക്ക് വരുന്നതായ പ്രശ്നങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും അവന് സന്ദര്‍ഭോചിതമായ പോംവഴി കാണിച്ച് നല്‍കപ്പെടുകയും, അതോടൊപ്പം തിന്മകള്‍ മായ്ക്കപ്പെടുകയും, പാപങ്ങള്‍ പൊറുക്കപ്പെടുകയും, പദവികള്‍ ഉയര്‍ത്തപ്പെടുകയും, ഈ ലോകത്തും പരലോകത്തും ഏറ്റവും നല്ല സ്തുത്യര്‍ഹമായ പര്യവസാനവും, തുടങ്ങി എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കാത്ത രൂപത്തിലുള്ള ഉപകാരങ്ങളും, അനന്തരഫലങ്ങളും അവന് കാണാന്‍ സാധിക്കും.”

തഖ്‌വ എന്ന് പറഞ്ഞാൽ നമ്മുടെ നല്ലവരായ മുൻഗാമികൾ വിശദീകരിച്ചതായി കാണാം: ” അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ആഗ്രഹിച്ചു കൊണ്ടും, അല്ലാഹു അവതരിപ്പിച്ച പ്രകാശത്തിന്റെ – വഹ്‌യിന്റെ- അടിസ്ഥാനത്തിൽ അല്ലാഹുവിന് വേണ്ടി പ്രവർത്തിക്കലാകുന്നു. അത് പോലെ അല്ലാഹുവിന്റെ ശിക്ഷ ഭയന്ന് കൊണ്ടും അല്ലാഹു അവതരിപ്പിച്ച പ്രകാശത്തിന്റെ – വഹ്‌യിന്റെ- അടിസ്ഥാനത്തിൽ പാപങ്ങളിൽ നിന്നും വിട്ട് നിൽക്കലുമാകുന്നു.”

[അവലംബം: ഫവാഇദ മുഖ്തസറ: ശൈഖ് അബ്ദു റസ്സാഖ് അല്‍ ബദര്‍ حَفِظَهُ الله].

നാവ്; എത്ര വലിയ അനുഗ്രഹം!

ശൈഖ് അബ്ദു റസാഖ് അൽ ബദർ -حفظه الله- പറയുന്നു: “അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ള ഒരു മുഅ്മിൻ അവന്റെ നാവ് കൊണ്ട് അല്ലാഹു അവന് നൽകിയ അനുഗ്രഹങ്ങളെക്കുറിച്ച് നിർബന്ധമായും സംസാരിച്ച് കൊണ്ടിരിക്കണം. നാവ് എന്നത് അല്ലാഹു അവന് നൽകിയ മഹത്തായ അനുഗ്രഹമാണ്. അല്ലാഹുവിന്റെ ഈ അനുഗ്രഹമെങ്ങാനും അവന് ലഭിച്ചില്ലായിരുന്നുവെങ്കിൽ ഒരക്ഷരം, അതല്ലെങ്കിൽ ഒരു വാക്ക് പോലും ഉച്ഛരിക്കാൻ അവന് സാധിക്കുകയില്ലായിരുന്നു.

അത് കൊണ്ട് അവൻ ഈ ‘നാവ്’ മുഖേന അല്ലാഹു അവന് നൽകിയ അനുഗ്രഹത്തെപ്പറ്റി സ്മരിച്ചു കൊള്ളട്ടെ. അതോടൊപ്പം ഈ ലോകത്തും പരലോകത്തും നഷ്ടം വരുത്തിവെക്കുന്നതും, തീരാവേദനയിലും, ഒരിക്കലും അവസാനിക്കാത്ത ഖേദത്തിലും എത്തിക്കുന്ന രൂപത്തിലുള്ള അപകടങ്ങളിൽ നിന്നും അവൻ തന്റെ ‘നാവിനെ’ സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്ത് കൊള്ളട്ടെ..!”

തൗഹീദാണ് അടിത്തറ!

قال العلامة ابن باديس -رحمه الله-: «ولـقد كان همنا الأول تطـهير عقيدة التـوحيد من أوضار الشـرك القـولي والفـعلي والإعتقادي، فإن التوحـيد هو أساس السّلوك ولذلك ابتدأت بــ «إِيَّاكَ نَعْبُدُ» قـبل «اهْـدِنَا» في فاتحة القرآن»

അല്ലാമാ ഇബ്‌നു ബാദീസ് -رحمه الله- പറഞ്ഞു:
“തീർച്ചയായും നമ്മുടെ ഒന്നാമത്തെ ദൗത്യം വാക്കിലും പ്രവർത്തിയിലും വിശ്വാസത്തിലും സംഭവിക്കുന്ന ശിർക്കിന്റെ കറയിൽ നിന്ന് തൗഹീദീ വിശ്വാസത്തെ ശുദ്ധീകരിക്കുക എന്നതായിരുന്നു. കാരണം തൗഹീദാണ് (ഇസ്‌ലാമിക) മര്യാദകളുടെ അടിത്തറ. അത് കൊണ്ടാണ് ഖുർആനിൽ സൂറത്തുൽ ഫാതിഹയിൽ اهْدِنَا الصِّرَاطَ الْمُسْتَقِيم (ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ) എന്നതിന് മുമ്പ് إِيَّاكَ نَعْبُدُ ( നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു) എന്ന് തുടങ്ങിയത്.”

(ആസാറു ബ്നു ബാദീസ്: 5/170)

നാവിന്റെ ഉപയോഗം സൂക്ഷിച്ചില്ലെങ്കിൽ!

قَالَ الْإِمَامُ ابْنُ الْقَيِّمِ رَحِمَهُ اللهُ تَعَالَى: «وَمِنَ الْعَجَبِ أَنَّ الْإِنْسَانَ يَهُونُ عَلَيْهِ التَّحَفُّظُ وَالِاحْتِرَازُ مِنْ أَكْلِ الْحَرَامِ وَالظُّلْمِ وَالزِّنَى وَالسَّرِقَةِ وَشُرْبِ الْخَمْرِ، وَمِنَ النَّظَرِ الْمُحَرَّمِ وَغَيْرِ ذَلِكَ، وَيَصْعُبُ عَلَيْهِ التَّحَفُّظُ مِنْ حَرَكَةِ لِسَانِهِ، حَتَّى تَرَى الرَّجُلَ يُشَارُ إِلَيْهِ بِالدِّينِ وَالزُّهْدِ وَالْعِبَادَةِ، وَهُوَ يَتَكَلَّمُ بِالْكَلِمَاتِ مِنْ سَخَطِ اللَّهِ لَا يُلْقِي لَهَا بَالًا، يَنْزِلُ بِالْكَلِمَةِ الْوَاحِدَةِ مِنْهَا أَبْعَدَ مِمَّا بَيْنَ الْمَشْرِقِ وَالْمَغْرِبِ، وَكَمْ تَرَى مِنْ رَجُلٍ مُتَوَرِّعٍ عَنِ الْفَوَاحِشِ وَالظُّلْمِ، وَلِسَانُهُ يَفْرِي فِي أَعْرَاضِ الْأَحْيَاءِ وَالْأَمْوَاتِ، وَلَا يُبَالِي مَا يَقُولُ، وَإِذَا أَرَدْتَ أَنْ تَعْرِفَ ذَلِكَ فَانْظُرْ فِيمَا رَوَاهُ مُسْلِمٌ فِي صَحِيحِهِ مِنْ حَدِيثِ جُنْدُبِ بْنِ عَبْدِ اللَّهِ قَالَ: قَالَ رَسُولُ اللَّهِ ﷺ: «قَالَ رَجُلٌ: وَاللَّهِ لَا يَغْفِرُ اللَّهُ لِفُلَانٍ، فَقَالَ اللَّهُ عَزَّ وَجَلَّ: مَنْ ذَا الَّذِي يَتَأَلَّى عَلَيَّ أَنِّي لَا أَغْفِرُ لِفُلَانٍ؟ قَدْ غَفَرْتُ لَهُ وَأَحْبَطْتُ عَمَلَكَ» فَهَذَا الْعَابِدُ الَّذِي قَدْ عَبَدَ اللَّهَ مَا شَاءَ أَنْ يَعْبُدَهُ، أَحْبَطَتْ هَذِهِ الْكَلِمَةُ الْوَاحِدَةُ عَمَلَهُ كُلَّهُ» [الجواب الكافي:159]

ഇമാം ഇബ്‌നുല്‍ ഖയ്യിം- رَحِمَهُ اللهُ- പറഞ്ഞു: “ഹറാമുകള്‍ ഭക്ഷിക്കുന്നതില്‍ നിന്നും, അക്രമങ്ങളില്‍ നിന്നും, വ്യഭിചാരത്തില്‍ നിന്നും, മോഷണത്തില്‍ നിന്നും, മദ്യപാനത്തില്‍ നിന്നും, ഹറാമായ നോട്ടത്തില്‍ നിന്നും, അത് പോലെയുള്ളതില്‍ നിന്നെല്ലാം അകലം പാലിക്കാനും, സൂക്ഷ്മത കൈക്കൊള്ളാനും വളരെ എളുപ്പമായിത്തീരുന്ന ചിലർക്ക് തന്റെ നാവിന്റെ ചലനം നിയന്ത്രിക്കുക എന്നത് വളരെ പ്രയാസകരമാവുന്നു എന്നത് വളരെ അത്ഭുതകരമായ കാര്യം തന്നെ! ദീന്‍ കൊണ്ടും ദുന്യവിനോടുള്ള വിരക്തി കൊണ്ടും ഇബാദത്ത് കൊണ്ടും (മാതൃകയായി) ചൂണ്ടിക്കാണിക്കപ്പെടുന്ന ചിലർ പോലും അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന വാക്കുകൾ സംസാരിക്കുന്നത് നിനക്ക് കാണാൻ സാധിക്കും. അയാൾ അതിന് യാതൊരു ഗൗരവവും കൽപ്പിച്ചിട്ടില്ലെങ്കിലും, ആ ഒരു വാക്ക് അയാളെ കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള ദൂരം അകലേക്ക് നരകത്തിൽ വീഴ്ത്തും.

എത്രയെത്ര ആളുകളാണ് വൃത്തികേടുകളില്‍ നിന്നും അക്രമങ്ങളില്‍ നിന്നുമൊക്കെ വളരെ ജാഗ്രത പാലിക്കുന്നത്! എന്നാല്‍ അയാളുടെ നാവാകട്ടെ ജീവിച്ചിരിക്കുന്നവരുടെയും മരണപ്പെട്ടവരുടെയും അഭിമാനത്തെ പിച്ചിച്ചീന്തുന്നതായിരിക്കും. താൻ എന്താണ് പറഞ്ഞു കൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ചിന്തയുമുണ്ടാവില്ല.,!

ഇക്കാര്യം മനസ്സിലാക്കണമെങ്കിൽ ഇമാം മുസ്‌ലിം അദേഹത്തിന്റെ സ്വഹീഹില്‍ ഉദ്ധരിച്ച ജുന്ദുബ് ബ്നു അബ്ദില്ലാഹ് رضي الله عنه ന്റെ ഹദീഥ് നീ നോക്കുക:

നബി -ﷺ- അറിയിച്ചു: ഒരാള്‍ പറഞ്ഞു: “ഇന്നയാള്‍ക്ക് അല്ലാഹു പൊറുത്തു കൊടുക്കുകയില്ല. അപ്പോള്‍ അല്ലാഹു പറഞ്ഞു: ഞാന്‍ അയാള്‍ക്ക് പൊറുത്തു കൊടുക്കുകയില്ല എന്ന് എന്റെ കാര്യത്തില്‍ സത്യം ചെയ്യുന്നവന്‍ ആരാണ്? തീര്‍ച്ചയായും അയാള്‍ക്ക് ഞാന്‍ പൊറുത്തു കൊടുക്കുകയും, നിന്റെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ പൊളിച്ചു കളയുകയും ചെയ്തിരിക്കുന്നു.” അല്ലാഹുവിനെ അവന്‍ കല്‍പിച്ചത്‌ പോലെ ഇബാദത്ത് ചെയ്തിരുന്ന ഈ മനുഷ്യന്‍; ഒരു വാക്ക് അയാളുടെ അമലുകള്‍ മുഴുവനും പൊളിച്ചു കളഞ്ഞു.” [അല്‍-ജവാബുല്‍ കാഫീ :159]

എത്ര മോശം ആവശ്യക്കാർ!

ഒരിക്കൽ ഉമർ ഇബ്‌നു അബ്ദിൽ അസീസ് -رَحِمَهُ اللَّهُ- ഒരാളുടെ അടുക്കൽ കൂടി നടന്നു പോവുകയായിരുന്നു. അയാളുടെ കയ്യിൽ ചെറിയ കല്ലുകളുണ്ടായിരുന്നു. അത് കൊണ്ട് അയാൾ കളിച്ചു കൊണ്ടിരിക്കുന്നു. അതോടൊപ്പം അയാൾ ഇപ്രകാരം പറയുന്നുണ്ടായിരുന്നു: “അല്ലാഹുവേ! എനിക്ക് സ്വർഗീയ സ്ത്രീകളെ വിവാഹം ചെയ്തു തരണേ!.”

അപ്പോൾ ഉമർ ഇബ്‌നു അബ്ദിൽ അസീസ് -رَحِمَهُ اللَّهُ- അയാളുടെ അടുക്കലേക്ക് വന്ന് കൊണ്ട് പറഞ്ഞു: “എത്ര മോശം ആവശ്യക്കാരനാണ് നീ! നിനക്ക് ആ കല്ലുകൾ വലിച്ചെറിയുകയും അല്ലാഹുവിനോടുള്ള ദുആയിൽ നിഷ്കളങ്കത കാണിക്കുകയും ചെയ്തു കൂടായിരുന്നോ?!” (ഹിൽയ/അബൂ നഈം: 5/278)

ശൈഖ് അബ്ദു റസാഖ് അൽ ബദർ -حَفِظَهُ اللَّهُ- പറയുന്നു: “ഈ കാലത്ത് ജനങ്ങളുടെ കൈകളിൽ ഈ കല്ലുകൾ വേറെ നിറത്തിലാണ് കണ്ടു കൊണ്ടിരിക്കുന്നത്. ബഹുഭൂരിപക്ഷം സമയത്തും കൈകളേക്കാൾ മനസ്സും ചിന്തയും വിനോദവും കളികളും കൊണ്ട് തിരക്കിലാക്കി കളഞ്ഞിരിക്കുന്നു.

അല്ലാഹുവിനോടുള്ള ദുആയിലോ ഇബാദത്തിലോ അത് ഏറ്റവും നല്ല രൂപത്തിലായിരിക്കണം എന്ന ചിന്ത പോലുമില്ല.

അവരോട് ചോദിക്കാനുള്ള ഏറ്റവും നല്ല ചോദ്യം : “നിങ്ങൾക്ക് ആ മൊബൈൽ ഓഫ് ചെയ്ത് കൊണ്ട് അല്ലാഹുവിനുള്ള ദുആയിൽ നിഷ്കളങ്കത കാണിച്ച് കൂടേ..?! എന്നാണ്.”

(അസർ വ തഅ്ലീഖ്/ശൈഖ് അബ്ദു റസാഖ് അൽ ബദർ)

അല്ലാഹുവിന് സ്തുതി!

അബുൽ ആലിയ അർറിയാഹീ-റഹിമഹുല്ലാഹ്- പറഞ്ഞു:

“തീർച്ചയായും എന്റെ മേൽ രണ്ട് അനുഗ്രഹങ്ങളുണ്ട്. ആ രണ്ടിൽ വെച്ച് ഏതാണ് ഏറ്റവും വലുത്; അല്ലാഹു എനിക്ക് ഇസ്‌ലാമിലേക്ക് വഴി കാണിച്ചു എന്നതാണോ,അതല്ല എന്നെ ഹറൂറികളുടെ (ഖവാരിജുകൾ) കൂട്ടത്തിൽ ഉൾപ്പെടുത്തിയില്ല എന്നതാണോ എനിക്കറിയില്ല!”.

(മുസന്നഫ് അബ്ദിറസാഖ്:18667)

ശൈഖ് അബ്ദു റസാഖ് അൽ ബദർ-ഹഫിദഹുല്ലാഹ്- പറഞ്ഞു:

“ഖവാരിജുകളുടെ ചിന്തകളിൽ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ഓരോരുത്തരുടെയും മേൽ ബാധ്യതയാണ് ഈ മഹത്തായ അനുഗ്രഹത്തിന് അല്ലാഹുവിന് സ്തുതി പറയുക എന്നത്.

പ്രത്യേകിച്ച് ഈ കാലഘട്ടത്തിലാവട്ടെ മുൻ കാലഘട്ടങ്ങളിലാവട്ടെ അവരിൽ കാണപ്പെടുന്ന ഏറ്റവും ഗുരുതരമായ കാര്യമാണ് മുസ്‌ലിമീങ്ങളെ കാഫിറാക്കലും, അവരുടെ രക്തം ചിന്തലും”.

മുസ്‌ലിം ഉമ്മത്തിലെ ചെറുപ്പക്കാരുടെ രക്തം തിളപ്പിച്ച്‌ കൊണ്ട് ജിഹാദ് എന്ന ഓമനപ്പേരിട്ട് കൊണ്ട് കാട്ടികൂട്ടുന്ന പേക്കൂത്തുകളും, മുസ്‌ലിമീങ്ങളെയും മുസ്‌ലിം ഭരണാധികാരികളെയും പണ്ഡിതന്മാരെപ്പോലും കാഫിറുകൾ എന്ന് മുദ്രകുത്താൻ മനസ്സിൽ യാതൊരു പ്രയാസവുമില്ലാത്ത ഖവാരിജുകൾ!

അതെ! ഓരോ കാലഘട്ടങ്ങളിലും ഈ കക്ഷികൾ വ്യത്യസ്ത നാമങ്ങളിൽ പ്രത്യക്ഷപ്പെട്ടാലും അവർക്കുള്ള പേര് റസൂലുല്ലാഹി ﷺ പറഞ്ഞത് പോലെ ‘ഖവാരിജുകൾ, നരകത്തിലെ നായ്ക്കൾ’ എന്നാണ്. അതവർ അംഗീകരിച്ചാലും ഇല്ലെങ്കിലും ശരി!

ഈ പിഴച്ച കക്ഷികളിൽ നിന്ന് രക്ഷപ്പെടുത്തി യഥാർത്ഥ അഹ്ലുസ്സുന്നയുടെ വക്താക്കളാക്കിയതിൽ ആകാശ ഭൂമികളുടെ റബ്ബേ! അല്ലാഹുവേ; നിനക്കാണ് സർവ്വ സ്തുതിയും!

അടിമക്ക് അല്ലാഹു പോരേ?!

ആരെങ്കിലും ജനങ്ങളുടെ കൈകളിലുള്ളതിൽ നിന്ന് ധന്യത കാണിച്ചാൽ (ജനങ്ങളിലേക്ക് തന്റെ ആവശ്യങ്ങളുമായി ചെല്ലാതിരുന്നാൽ) അവൻ തന്റെ ജീവിതം പ്രൌഡിയും പ്രതാപമുള്ളതുമാക്കി.

ആരെങ്കിലും അവന്റെ ഹൃദയത്തെ ജനങ്ങളുടെ കൈകളിലുള്ളതുമായി ബന്ധിപ്പിച്ചാൽ (തന്റെ ആവശ്യങ്ങളുമായി ജനങ്ങളിലേക്ക് ചെന്നാൽ) അവൻ തന്റെ ജീവിതം അപമാനവും നിന്ദ്യതയുമുള്ളതാക്കി.

ഇനി ഒരുവൻ തന്റെ ഹൃദയം അല്ലാഹുവിൽ ബന്ധിപ്പിച്ചാൽ അവൻ അല്ലാഹുവിലല്ലാതെ പിന്നെ പ്രതീക്ഷ അർപ്പിക്കുകയില്ല!

അല്ലാഹുവിനോടല്ലാതെ അവന്റെ ആവശ്യങ്ങൾ ചോദിക്കുകയില്ല!

അല്ലാഹുവിലല്ലാതെ അവന്റെ കാര്യങ്ങൾ ഭരമേല്പിക്കുകയില്ല!

എങ്കിൽ അവന് ഇഹലോകത്തും പരലോകത്തും അല്ലാഹു മതിയായവനാണ്!

അല്ലാഹു പറഞ്ഞു:

أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ

“തന്റെ അടിമക്ക് അല്ലാഹു മതിയായവനല്ലയോ?” (സുമർ:36)

ۚ وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ

“വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്‌.” (ത്വലാഖ്:3)

(അൽ ഫവാഇദുൽ മുഖ്തസ്വറ/ശൈഖ് അബ്ദു റസാഖ് അൽ ബദർ)

മുസ്‌ലിമേ നാം എത്ര ഭാഗ്യമുള്ളവരാണെന്ന് നീ ആലോചിച്ചു നോക്കിയിട്ടുണ്ടോ?!

നമുക്ക് പ്രാർത്ഥിക്കാനും പ്രതീക്ഷയർപ്പിക്കാനും ഭരമേല്പിക്കാനും ആകാശ ഭൂമികളെ സൃഷ്ടിച്ച് പരിപാലിക്കുന്ന റബ്ബല്ലേ ഉള്ളത്?!

പിന്നെ നാമെന്തിന് മറ്റുള്ളവരിൽ പ്രതീക്ഷയർപ്പിക്കണം?!

നമുക്ക് നമ്മുടെ റബ്ബ് ‘അല്ലാഹു റബ്ബുൽ ആലമീൻ’ മതിയായവനല്ലയോ; ഏതു പ്രയാസങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും?!

അവൻ നൽകിയത് തടയാനും അവൻ തടഞ്ഞത് നൽകാനും ഏതു പടപ്പാണുള്ളത്?!

അത് കൊണ്ട് മുസ്‌ലിമേ നിന്റെ കാര്യങ്ങൾ മറ്റാരിൽ ഏല്പിക്കുന്നതിനേക്കാളും നിനക്ക് ഉത്തമം നിന്റെ റബ്ബിൽ ഏല്പിക്കലാണ്.

നിന്റെ കാര്യങ്ങൾ അവനെ ഏൽപ്പിച്ചാൽ പിന്നെ നീ ദുഃഖിക്കേണ്ടതില്ല. പ്രയാസപ്പെടേണ്ടതില്ല.

ഇൻഷാ അല്ലാഹ്..

ആ റബ്ബിനെ ശരിയായി മനസ്സിലാക്കാത്ത, അവന്റെ അനുഗ്രഹങ്ങൾ തിരിച്ചറിയാത്ത, അവന്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് ആലോചിക്കാത്തവർ എത്ര ദൗർഭാഗ്യവാന്മാരാണ്?!

അല്ലാഹുവിൽ അഭയം!

ആർക്കാണോ അറഫയിൽ നിൽക്കാൻ സാധിക്കാതെ പോയത്?

ഇബ്‌നു റജബ് അൽ ഹമ്പലി – رَحِمَهُ اللَّهُ- പറഞ്ഞു :

“ആർക്കാണോ അറഫയിൽ നിൽക്കാൻ സാധിക്കാതെ പോയത് ?

അവൻ അല്ലാഹുവിന്റെ അതിർവരമ്പുകൾക്കുള്ളിൽ നിന്ന് കൊള്ളട്ടെ !

ആർക്കാണോ മുസ്‌ദലിഫയിൽ രാപ്പാർക്കാൻ സാധിക്കാതെ പോയത് ?

അവൻ അല്ലാഹുവിലേക്ക് അടുപ്പിക്കാനും സാമീപ്യം ലഭിക്കാനും വേണ്ടി അല്ലാഹുവിനുള്ള അനുസരണയിൽ കഴിഞ്ഞു കൊള്ളട്ടെ !

ആർക്കാണോ മിനായിൽ വെച്ച് ബലി നടത്താൻ കഴിയാതെ പോയത് ?

അവന്റെ ആഗ്രഹം സഫലീകരിക്കാൻ തന്റെ ദേഹേച്ഛയെ ബലിയറുത്തു കൊള്ളട്ടെ !

ആർക്കാണോ ദൂരം കാരണത്താൽ ക’അബയിലേക്ക് എത്താൻ സാധിക്കാതെ പോയത് ?

അവൻ തന്റെ റബ്ബിന്റെ ഭവനത്തെ മനസ്സിൽ കരുതിക്കൊള്ളട്ടെ ; കാരണം അതവന്റെ ചെരുപ്പിന്റെ വാറിനേക്കാൾ അടുത്താണ്٠”

[لطائف المعارف:633]
എനിക്ക് അല്ലാഹു മതി..!

حَسْبِيَ اللهُ وَنِعْمَ الْوَكِيل

എനിക്ക് അല്ലാഹു മതി, ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ!

ഈ വാചകം രണ്ടു സന്ദർഭങ്ങളിൽ പറയപ്പെടാറുണ്ട്.

1. ഉപകാരങ്ങൾ ലഭിക്കാൻ ആവശ്യപ്പെടുമ്പോൾ.

2. ഉപദ്രവങ്ങൾ തടയാൻ ആവശ്യപ്പെടുമ്പോൾ.

അതിൽ ഒന്നാമത്തേതിന് ഉദാഹരണം അല്ലാഹുവിന്റെ ഈ ആയതാണ്.

{وَلَوْ أَنَّهُمْ رَضُوا مَا آتَاهُمُ اللَّهُ وَرَسُولُهُ وَقَالُوا حَسْبُنَا اللَّهُ سَيُؤْتِينَا اللَّهُ مِنْ فَضْلِهِ وَرَسُولُهُ إِنَّا إِلَى اللَّهِ رَاغِبُونَ}

“അല്ലാഹുവും അവന്റെ റസൂലും കൊടുത്തതില്‍ അവര്‍ തൃപ്തിയടയുകയും, “(ഹസ്ബുനല്ലാഹു വ നിഅ്മൽ വകീൽ) ‘ഞങ്ങള്‍ക്ക് അല്ലാഹു മതി’, അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് അവനും അവന്റെ റസൂലും ഞങ്ങള്‍ക്ക് തന്നുകൊള്ളും. തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിങ്കലേക്കാണ് ആഗ്രഹങ്ങള്‍ തിരിക്കുന്നത്‌” എന്ന് അവര്‍ പറയുകയും ചെയ്തിരുന്നെങ്കില്‍ (എത്ര നന്നായിരുന്നേനെ!) (തൗബ:59)

രണ്ടാമത്തേത് അല്ലാഹുവിന്റെ ഈ ആയത്തിൽ ഉണ്ട്:

{الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ َ}

“ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ ഈമാൻ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്‌. അവര്‍ പറഞ്ഞു: ‘(ഹസ്ബുനല്ലാഹു വ നിഅ്മൽ വകീൽ) ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ.’

{فَانْقَلَبُوا بِنِعْمَةٍ مِنَ اللَّهِ وَفَضْلٍ لَمْ يَمْسَسْهُمْ سُوءٌ وَاتَّبَعُوا رِضْوَانَ اللَّهِ وَاللَّهُ ذُو فَضْلٍ عَظِيمٍ}

“അങ്ങനെ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും ഔദാര്യവും കൊണ്ട് യാതൊരു ദോഷവും ബാധിക്കാതെ അവര്‍ മടങ്ങി. അല്ലാഹുവിന്റെ പ്രീതിയെ അവര്‍ പിന്തുടരുകയും ചെയ്തു. മഹത്തായ ഔദാര്യമുള്ളവനത്രെ അല്ലാഹു.” (ആലു ഇമ്രാൻ: 173, 174)

മറ്റൊരു ആയത്തിൽ ഈ രണ്ടു സന്ദർഭങ്ങളും ഒരുമിച്ച് പറയപ്പെട്ടതായി കാണാം.

അല്ലാഹു പറഞ്ഞു:

{قُلْ أَفَرَأَيْتُمْ مَا تَدْعُونَ مِنْ دُونِ اللَّهِ إِنْ أَرَادَنِيَ اللَّهُ بِضُرٍّ هَلْ هُنَّ كَاشِفَاتُ ضُرِّهِ أَوْ أَرَادَنِي بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ قُلْ حَسْبِيَ اللَّهُ عَلَيْهِ يَتَوَكَّلُ الْمُتَوَكِّلُونَ}

“(നബിയേ) പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: (ഹസ്ബിയല്ലാഹു വ നിഅ്മൽ വകീൽ) എനിക്ക് അല്ലാഹു മതി. അവന്റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്‌.” (സുമർ:38)

ചുരുക്കം: അനുഗ്രഹങ്ങൾ ലഭിക്കാൻ വേണ്ടി ആയാലും ശരി പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തടയപ്പെടാൻ വേണ്ടിയായാലും ശരി നീ പറയുക:

ഹസ്ബിയല്ലാഹു വ നിഅ്മൽ വകീൽ!

സുബ്ഹാനല്ലാഹ്..!

ഒന്നു ചിന്തിച്ചു നോക്കിയാൽ എത്ര മഹത്തരമായ വാക്കാണിത്.!?

ഏത് അവസ്ഥയിലാണെങ്കിലും ഒരു മുസ്‌ലിമിന്റെ മനസ്സിൽ പ്രതീക്ഷ നൽകുന്ന അതി മഹത്തായ വാക്യം..!

എന്നാൽ അല്ലാഹുവിന്റെ കാര്യത്തിൽ വഞ്ചിക്കപ്പെട്ട ആളുകളുടെ കാര്യം എത്ര ദൗർഭാഗ്യകാരമാണ്..!?

സംസാരിക്കാത്ത കേൾക്കാത്ത കാണാത്ത വിളിച്ചാൽ ഉത്തരം നൽകാത്ത വസ്തുക്കളോടും വ്യക്തികളോടും അവർ തന്റെ ആവലാതികൾ പറയുന്നു. പ്രാർത്ഥിക്കുന്നു; പ്രതീക്ഷയർപ്പിക്കുന്നു;

എന്നാൽ എന്ത് പ്രയോജനമാണ് അതു കൊണ്ട് അവന് ലഭിക്കാൻ പോവുന്നത്..?

ഒന്നുമില്ല…!

അവന്റെ ആ പ്രാർത്ഥന ഇപ്രകാരമാണ്.

അല്ലാഹു പറഞ്ഞു:

(لَهُ دَعْوَةُ الْحَقِّ ۖ وَالَّذِينَ يَدْعُونَ مِنْ دُونِهِ لَا يَسْتَجِيبُونَ لَهُمْ بِشَيْءٍ إِلَّا كَبَاسِطِ كَفَّيْهِ إِلَى الْمَاءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَالِغِهِ ۚ وَمَا دُعَاءُ الْكَافِرِينَ إِلَّا فِي ضَلَالٍ)

“അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാര്‍ത്ഥന. അല്ലാഹുവിന് പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. കാഫിറുകളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.” (റഅ്ദ്:14)

അല്ലാഹുവിൽ അഭയം..!!

പണ്ഡിതന്മാർ..!!

ശൈഖ് അബ്ദു റസാഖ് അൽ ബദർ حَفِظَهُ الله പറഞ്ഞു:

“അറിവ് (വിജ്ഞാനം) അതിന്റെ വക്താക്കൾക്ക് വെളിച്ചവും പ്രകാശവുമാണ്.

ഒരു സമൂഹത്തിൽ പണ്ഡിതന്റെ ഉദാഹരണം ഇരുട്ടിൽ അകപ്പെട്ട ഒരു സമൂഹത്തെ പോലെയാണ്.

അവർക്കിടയിൽ ഒരാളുണ്ട്. അയാളുടെ കയ്യിൽ വിളക്കുമുണ്ട്. ആ വ്യക്തി തന്റെ കയ്യിലുള്ള വിളക്ക് കൊണ്ട് ആ ജനങ്ങൾക്ക്‌ വഴി കാണിച്ചു കൊടുക്കും.

അപ്പോൾ ആ ഇരുട്ടിൽ നിന്ന് മുളളുകളും പ്രയാസങ്ങളും ശ്രദ്ധിച്ചും സൂക്ഷിച്ചും അവർ നടക്കുകയും, അങ്ങനെ യഥാർത്ഥ നേരായ വഴി പിന്തുടരുകയും ചെയ്യും.”

സുബ്ഹാനള്ളാഹ് … !

എത്ര സത്യമാണ്..?!

ഇന്ന് സമൂഹത്തിൽ പണ്ഡിതന്മാരുടെ കുറവ് കാരണം എന്തു മാത്രം പ്രയാസമാണ് മുസ്‌ലിം ഉമ്മത്ത് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.!?

മുൻഗാമികൾ പറഞ്ഞത് പോലെ

“പണ്ഡിതന്മാരുടെ മരണം ലോകത്തിന്റെ മരണമാണ്.”

അല്ലാഹുവിൽ അഭയം..!!

ശവ്വാൽ അവസാനിക്കുന്നതിന് മുമ്പ് ഒരു ഓർമ്മപ്പെടുത്തൽ...

ശൈഖ് അബ്ദുൽ മുഹ്സിൻ അൽ-അബ്ബാദ് അൽ -ബദർ – حَفِظَهُ اللهُ – പറഞ്ഞു: “ഒരു മനുഷ്യന് കൊല്ലം മുഴുവനും നോമ്പെടുക്കുക എന്നത് (വർഷത്തിൽ) രണ്ട് തവണ സാധിക്കും.

ഒന്ന്: ഹദീസിൽ വന്നിരിക്കുന്നു: “എല്ലാ മാസത്തിലും മൂന്ന് ദിവസത്തെ നോമ്പ് വർഷം മുഴുവൻ നോമ്പനുഷ്ഠിച്ചത് പോലെയാണ്.”

രണ്ട്: “ആരെങ്കിലും റമദാനിൽ നോമ്പെടുക്കുകയും പിന്നീട് അതിനെ തുടർന്ന് ശവ്വാലിൽ ആറ് നോമ്പെടുക്കുകയും ചെയ്താൽ അവൻ വർഷം മുഴുവനും നോമ്പെടുത്തതുപോലെയാണ്.”

അങ്ങനെ അവന് രണ്ട് തവണ വർഷം മുഴുവനും നോമ്പനുഷ്ഠിച്ച പ്രതിഫലം കരസ്ഥമാക്കാൻ സാധിക്കും.”

[ശൈഖിന്റെ സ്വഹീഹുൽ ബുഖാരിയുടെ ദർസിൽ നിന്നും]

വിവർത്തനം: സഈദ് ബിൻ അബ്ദിസ്സലാം

രക്ഷ തേടാം ഈ വിഭാഗങ്ങളിൽ നിന്നും!

قال سماحة الشيخ العلامة صالح بن فوزان بن عبد الله الفوزان حفظه الله تعالى: ” لا يقع في أعراض العلماء المستقيمين على الحق إلا أحد ثلاثة: إما منافق معلوم النفاق، وإما فاسق يبغض العلماء؛ لأنَّهم يمنعونه من الفسق. وإما حزبي ضال يبغض العلماء، لأنَّهم لا يوافقونه على حزبيته وأفكاره المنحرفة “

അല്ലാമാ ശൈഖ് സ്വാലിഹ് അൽ ഫൗസാൻ പറഞ്ഞു: “സത്യത്തിൽ അടിയുറച്ച പണ്ഡിതന്മാരിൽ നിന്നും തിരിഞ്ഞു കളയുക എന്നത് മൂന്നാലൊരുവനിലല്ലാതെ സംഭവിക്കുകയില്ല.

ഒന്നല്ലെങ്കിൽ നിഫാഖ് അറിയപ്പെട്ട മുനാഫിഖ്.

അതല്ലെങ്കിൽ ഫാസിഖ് (തെമ്മാടി); അവന് പണ്ഡിതന്മാരോട് വെറുപ്പ് ഉണ്ടാകും. കാരണം അവർ (പണ്ഡിതന്മാർ) അവനെ തിന്മകളിൽ നിന്നും വിലക്കുന്നു.

അതല്ലെങ്കിൽ വഴിപിഴച്ചു പോയ (ഹിസ്ബി) കക്ഷിത്വത്തിന്റെ ആൾ; പണ്ഡിതന്മാർ അവന്റെ ഹിസ്ബിയ്യത്തിനോടും, പിഴച്ച ചിന്തകളോടും യോചിക്കുന്നില്ല എന്നത് കൊണ്ട് അവനും പണ്ഡിതന്മാരോട് വെറുപ്പ് കാണിക്കും (അവരിൽ നിന്ന് തിരിഞ്ഞു കളയും).”

الأجوبة المفيدة عن أسئلة المناهج الجديدة (صـ٨٠ )

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment