ഇബ്നു തൈമിയ്യ -റഹിമഹുല്ലാഹ്- പറഞ്ഞു:
“കൂടെയിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി ഗീബത് പറയുന്ന ചിലരുണ്ട്. താന്‍ ആരോപിക്കുന്ന കാര്യങ്ങള്‍ മുഴുവനും അയാളില്‍ ഇല്ലെന്നു അറിയാമെങ്കിലും ഒപ്പമുള്ളവര്‍ക്ക് അനിഷ്ടമുണ്ടാകാതിരിക്കുന്നതിന് വേണ്ടി അവരോടൊപ്പം കൂടുന്നവര്‍.
ഒപ്പമിരിക്കുന്നവര്‍ ഒരാളെ ആക്ഷേപിക്കുന്നത് കേട്ടാല്‍ അതിനെ എതിര്‍ക്കാതെ മിണ്ടാതിരിക്കുന്ന ചിലരുണ്ട്. താന്‍ എതിര്‍ത്താല്‍ ഈ കൂടിയിരുത്തം അവസാനിക്കുകയും, വര്‍ത്തമാനം അവസാനിക്കുകയും ചെയ്യുമല്ലോ എന്നതാണ് അവരുടെ സങ്കടം!
പല രൂപങ്ങളില്‍ ഗീബത്ത് പുറത്തെടുക്കുന്ന വേറെ ചില വിരുതന്മാരുണ്ട്!
“ആരെയെങ്കിലും കുറ്റം പറയുക എന്നത് എന്റെ ശീലമല്ല!”, / “പരദൂഷണം പറയുന്നതും, കളവു പറയുന്നതുമൊന്നും എനിക്ക് ഇഷ്ടമല്ല, പക്ഷെ ഞാന്‍ അയാളുടെ കാര്യം നിങ്ങളെ അറിയിക്കുക മാത്രമാണ് എന്നൊക്കെ പറഞ്ഞു കൊണ്ടായിരിക്കും അവര്‍ ഗീബത്ത് തുടങ്ങുക!
വേറെ ചിലര്‍ പറയുക ഇങ്ങനെയാണ്: “അല്ലാഹുവാണ! അവന് ആള് വളരെ നല്ലവനാണ്! പാവമാണ്! പക്ഷേ ഇന്നയിന്ന സ്വഭാവങ്ങള്‍ അവന്റെ അടുക്കലുണ്ട്.”
ചിലര്‍ പറയും: “അവനെ കുറിച്ച് ഒന്നും സംസാരിക്കണ്ട. അല്ലാഹു അവനും നമുക്കും പൊറുത്തു തരട്ടെ!” പൊറുത്തു കൊടുക്കപ്പെടാന്‍ മാത്രം എന്തൊക്കെയോ അവന്റെ അടുക്കലുണ്ടെന്നു സൂചിപ്പിക്കാനും, അവനെ താഴ്ത്തിക്കെട്ടാനും മാത്രമായിരിക്കും ചിലപ്പോള്‍ ഈ പ്രാര്‍ത്ഥന!
ദീനിന്റെയും, സുക്ഷ്മതയുടെയും മറ പിടിച്ചു ഗീബത്ത് പുറത്തെടുക്കുന്ന പല രീതികള്‍ വേറെയുമുണ്ട്. സൃഷ്ടികളെ പറ്റിക്കുന്നത് പോലെ അല്ലാഹുവിനെയും പറ്റിക്കാം എന്നാണു അവര്‍ ധരിക്കുന്നത്!
മറ്റുള്ളവരെ പുകഴ്ത്തി പറയുന്നതിലൂടെ സ്വന്തത്തെ പുകഴ്ത്തുന്ന ചിലരുമുണ്ട്. ഉദാഹരണത്തിന് ചിലര്‍ പറയും: ” ഒരാള്‍ക്ക് വേണ്ടി ഇന്നത്തെ തഹജ്ജുദ് നിസ്കാരത്തില്‍ ഞാന്‍ പ്രാര്‍ഥിച്ചാല്‍ മതിയായിരുന്നു; അയാള്‍ എന്തൊരു നല്ല മനുഷ്യനാണ്!” തന്റെ നിസ്കാരം അതിലൂടെ മറ്റുള്ളവരെ അറിയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം അവന് ലഭിച്ചു കഴിഞ്ഞു!
തമാശക്ക് വേണ്ടിയും, കളിയായും ഗീബത്ത് പറയുന്ന ചിലരുമുണ്ട്: ഒരാളെ അനുകരിച്ചു കാണിച്ചും, കൊച്ചാക്കി കാണിച്ചും മറ്റുള്ളവരെ ചിരിപ്പിക്കലാണ് ഇവരുടെ ഉദ്ദേശം.
ഇനി ചിലരുണ്ട്: “അവനൊക്കെ എങ്ങനെയാണ് ഇത്തരം മോശത്തരങ്ങള്‍ ചെയ്യാന്‍ കഴിയുക?! അവനെ പോലുള്ള ഒരാളൊക്കെ എങ്ങനെയാണ് ഇത്തരം അബദ്ധത്തില്‍ വീഴുക?!” യഥാര്‍ത്ഥത്തില്‍ ‘അവന്റെ‘ പക്കലുള്ള തിന്മകള് പുറത്തു പറയാനുള്ള ഒരു തന്ത്രം മാത്രമാണിത്!
ചിലരുണ്ട്: “അവന് ഇങ്ങനെ സംഭവിച്ചു പോയല്ലോ എന്നാലോചിക്കുമ്പോള്‍ എനിക്ക് വളരെ ദുഖമാണ്; വിഷമമാണ്” എന്നൊക്കെ സങ്കടം പറയും; അവന്റെ ഹൃദയമാകട്ടെ ഒരാളുടെ ഇറച്ചി തിന്നതിലുള്ള സന്തോഷത്തിലുമായിരിക്കും!
തിന്മയെ എതിര്‍ക്കുന്നു എന്ന രൂപത്തില്‍, തിന്മക്കെതിരെ കോപിക്കുന്നു എന്നു തോന്നിപ്പിച്ച് മറ്റുള്ളവരെ ഗീബത്ത് പറയുന്നവരുമുണ്ട്. അവന് പുറത്തേക്ക് കാണിച്ചതായിരിക്കില്ല അവന്റെ മനസ്സില്‍ ഉണ്ടായിരിക്കുക.”
(മജ്മൂഉല്‍ ഫതാവ: 28/237-238, ആശയ വിവര്‍ത്തനം)