ഓരോ വര്‍ഷവും നഷ്ടപ്പെട്ട നോമ്പുകള്‍ അടുത്ത റമദാന്‍ വരുന്നതിന് മുന്‍പ് നോറ്റു വീട്ടല്‍ നിര്‍ബന്ധമാണ്‌ എന്നതാണ് അടിസ്ഥാനം. കാരണമില്ലാതെ ഒരു വര്‍ഷം മുഴുവന്‍ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റു വീട്ടാതെ പിന്തിക്കുക എന്നത് തെറ്റാണ്. എന്നാല്‍ ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട കാര്യം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ഇവിടെ നഷ്ടപ്പെട്ട നോമ്പുകള്‍ കടം വീട്ടാന്‍ കഴിയാതെ പോയത് മതപരമായി പരിഗണിക്കാവുന്ന ഒരു ഒഴിവുകഴിവ് ഉള്ളതിനാലാണ്.

കാരണം ഗര്‍ഭിണിക്കും മുലയൂട്ടുന്ന സ്ത്രീക്കും തങ്ങള്‍ക്കോ തങ്ങളുടെ കുട്ടികള്‍ക്കോ നോമ്പ് കൊണ്ട് പ്രയാസമുണ്ടാകും എന്ന് ഭയമുണ്ടെങ്കില്‍ നോമ്പ് ഒഴിവാക്കാന്‍ അനുവാദമുണ്ട്. ഈ ഇളവ് ഇസ്‌ലാം നല്‍കിയ ഇളവാണ് എന്നതിനാല്‍ അവര്‍ നോമ്പ് അന്യായമായി നഷ്ടപ്പെടുത്തി എന്നു പറയാന്‍ കഴിയില്ല. അത് കൊണ്ട് അവര്‍ക്ക് മേല്‍ യാതൊരു തെറ്റുമില്ല. സാധ്യമാകുമ്പോള്‍ അവര്‍ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റു വീട്ടട്ടെ. മറ്റൊന്നും അവര്‍ ചെയ്യേണ്ടതായില്ല.

എന്നാല്‍ കാരണമില്ലാതെ നോമ്പ് കടം വീട്ടുന്നത് പിന്തിപ്പിച്ചവരാണ് അവര്‍ എങ്കില്‍ ഉടന്‍ തന്നെ തങ്ങളുടെ മേല്‍ ബാധ്യതയുള്ള നോമ്പുകള്‍ അവര്‍ നോറ്റു വീട്ടുകയും, അകാരണമായി പിന്തിച്ചു എന്ന തെറ്റ് സംഭവിച്ചതില്‍ അല്ലാഹുവിനോട് പശ്ചാത്താപം തേടുകയും വേണം.

വല്ലാഹു അഅലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment