അല്ലാഹുവിന്റെ മതമായ ഇസ്‌ലാം ആര്‍ക്കും അസാധ്യമായ കാര്യങ്ങള്‍ കല്‍പ്പിക്കുകയോ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല. മറിച്ച് ഇസ്‌ലാമിലെ എല്ലാ നിയമങ്ങളും ഓരോ വ്യക്തികളുടെയും അവസ്ഥകളും സാഹചര്യങ്ങളും പരിഗണിച്ചു കൊണ്ടുള്ളതാണ്. നോമ്പിന്റെ കാര്യത്തിലും അതങ്ങനെ തന്നെ.

മൂന്ന് കാര്യങ്ങള്‍ ഒത്തുവന്നവരുടെ മേല്‍ മാത്രമേ നോമ്പ് നിര്‍ബന്ധമാവുകയുള്ളൂ. അവ താഴെ പറയാം.

ഒന്ന്: കഴിവ് / ശാരീരിക ശേഷി (القُدْرَةُ عَلَى الصَّوْمِ).

നോമ്പ് നോല്‍ക്കുക എന്നത് ആരോഗ്യമുള്ളവര്‍ക്ക് കഴിയുന്ന കാര്യമാണ്. രോഗം കാരണത്താലോ വാര്‍ദ്ധക്യം ബാധിച്ചതിനാലോ നോമ്പ് നോല്‍ക്കുന്നത് പ്രയാസമുണ്ടാക്കുമെങ്കില്‍ അവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. അത്തരക്കാര്‍ -കഴിയുമെങ്കില്‍- പിന്നീട് നോമ്പ് നോറ്റ് വീട്ടുകയോ, -കഴിയില്ലെങ്കില്‍- അതിന് പകരം ‘ഫിദ്യ’ (നിശ്ചിത അളവ് ഭക്ഷണം ദരിദ്രര്‍ക്ക്) നല്‍കുകയോ ചെയ്‌താല്‍ മതി. ചുരുക്കത്തില്‍ ആരോഗ്യമുള്ളവരുടെ മേല്‍ മാത്രമേ നോമ്പ് നിര്‍ബന്ധമാവുകയുള്ളൂ.

രണ്ട്: നാട്ടുകാരന്‍ ആയിരിക്കല്‍.

ധാരാളം ശാരീരിക ക്ലേശവും പ്രയാസങ്ങളും കൊണ്ടു വരുന്ന, വലിയ പ്രയത്നം ആവശ്യപ്പെടുന്ന കാര്യമാണ് ചില യാത്രകള്‍. അതു കൊണ്ട് യാത്രക്കാര്‍ക്ക് മേല്‍ നോമ്പ് നിര്‍ബന്ധമില്ല. അവര്‍ തങ്ങളുടെ യാത്ര അവസാനിച്ചതിന് ശേഷം പിന്നീട് നോമ്പ് നോറ്റ് വീട്ടിയാല്‍ മതിയാകും. ചുരുക്കത്തില്‍, സ്വന്തം നാട്ടില്‍ നില്‍ക്കുന്ന -യാത്രക്കാരനല്ലാത്തവരുടെ- മേല്‍ മാത്രമേ നോമ്പ് നിര്‍ബന്ധമാവുകയുള്ളൂ.

അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿١٨٣﴾ أَيَّامًا مَّعْدُودَاتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ

“മുഅ്മിനീങ്ങളേ! നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നതിന് വേണ്ടിയത്രെ അത്‌. എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.)” (ബഖറ: 184-185)

മൂന്ന്: പ്രായപൂര്‍ത്തിയാകല്‍.

ചെറിയ കുട്ടികള്‍ക്ക് മേല്‍ അല്ലാഹു ഒരു നിയമവും നിര്‍ബന്ധമാക്കിയിട്ടില്ല. നോമ്പും അവരുടെ മേല്‍ നിര്‍ബന്ധമില്ല. പ്രായപൂര്‍ത്തിയായതിനു ശേഷം അവര്‍ നോമ്പ് നോറ്റ് വീട്ടേണ്ടതുമില്ല.

عَنْ عَائِشَةَ رضى الله عنها أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «رُفِعَ الْقَلَمُ عَنْ ثَلاَثَةٍ عَنِ النَّائِمِ حَتَّى يَسْتَيْقِظَ وَعَنِ الْمُبْتَلَى حَتَّى يَبْرَأَ وَعَنِ الصَّبِىِّ حَتَّى يَكْبَرَ»

ആയിശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: “മൂന്ന് പേരിൽ നിന്ന് (പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന) പേന ഉയർത്തപ്പെട്ടിരിക്കുന്നു. ഉറക്കത്തിൽ പെട്ട ഒരുവൻ എഴുന്നേൽക്കുന്നത് വരെയും, ബുദ്ധിഭ്രമം ബാധിച്ചവന് (രോഗം) മാറുന്നത് വരെയും, കുട്ടി വലിയവനാകുന്നത് (പ്രായപൂർത്തി) വരെയും.” (അബൂദാവൂദ്: 4400)

എന്നാല്‍ കുട്ടികള്‍ക്ക് നോമ്പ് ശീലമാക്കുന്നതിനും, അവര്‍ക്കതില്‍ താല്‍പര്യം ഉണ്ടാകുന്നതിന് വേണ്ടിയും മാതാപിതാക്കള്‍ക്ക്‌ കുട്ടികളെ നോമ്പ് എടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും മറ്റും ചെയ്യാം. അതിന്റെ പ്രതിഫലം രക്ഷിതാക്കള്‍ക്ക് ഉണ്ടായിരിക്കുകയും ചെയ്യും.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

  • നോമ്പും ഇളവുകളും alaswala.com/nompum_ilavukalum

Leave a Comment