റമദാനില്‍ നോമ്പ് നോല്‍ക്കാന്‍ കഴിയാത്ത വാര്‍ദ്ധക്യം ബാധിച്ചവര്‍ക്കും, സുഖപ്പെടുമെന്ന പ്രതീക്ഷയില്ലാത്ത രോഗം ബാധിച്ചവര്‍ക്കും നോമ്പ് നിര്‍ബന്ധമാകില്ല. കാരണം അവര്‍ക്ക് നോമ്പ് നോല്‍ക്കാന്‍ കഴിയില്ല എന്നത് തന്നെ. എന്നാല്‍ അവര്‍ നഷ്ടപ്പെടുന്ന ഓരോ ദിവസത്തെയും നോമ്പിന് പകരമായി ഫിദ്-യ നല്‍കേണ്ടതുണ്ട്.

അല്ലാഹു പറഞ്ഞു:

 فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ

“നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌.” (ബഖറ: 183)

ഫിദ്യ നല്‍കേണ്ട രൂപം:

രണ്ടാലൊരു രൂപം ഫിദ്യ നല്‍കുന്നയാള്‍ക്ക് തിരഞ്ഞെടുക്കാം.

ഒന്ന്: നഷ്ടപ്പെട്ട ഓരോ നോമ്പിനും പകരമായി അത്രയും എണ്ണം ദരിദ്രര്‍ക്ക് അര സ്വാഅ നാട്ടില്‍ പൊതുവെ ഭക്ഷിക്കുന്ന ധാന്യം -അരിയോ ഗോതമ്പോ- നല്‍കുക. ഉദാഹരണത്തിന് മുപ്പത് നോമ്പ് നഷ്ടപ്പെട്ടാല്‍ മുപ്പത് ദരിദ്രര്‍ക്ക് അര സ്വാഅ ഭക്ഷണം നല്‍കുക. അര സ്വാഅ എന്നാല്‍ ഏതാണ്ട് ഒന്നരക്കിലോ വരുന്ന ഭക്ഷണമാണ്.

രണ്ട്: നഷ്ടപ്പെട്ട അത്രയും നോമ്പിന് പകരമായി അത്രയും എണ്ണം ദരിദ്രരെ ക്ഷണിക്കുകയും, അവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുക. ഉദാഹരണത്തിന് മുപ്പത് നോമ്പ് നഷ്ടപ്പെട്ടെങ്കില്‍ മുപ്പത് ദരിദ്രരെ ക്ഷണിച്ചു വരുത്തുകയും, അവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുക.

മേല്‍ പറഞ്ഞതില്‍ ഏതു രൂപവും ഒരാള്‍ക്ക് സ്വീകരിക്കാവുന്നതാണ്. ഇപ്രകാരമാണ് നഷ്ടപ്പെട്ട നോമ്പുകള്‍ക്ക് ഫിദ്യ നല്‍കേണ്ടത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment