സൂര്യന്‍ അസ്തമിക്കുന്നതോടെ നോമ്പിന്റെ സമയം അവസാനിക്കും. സൂര്യന്‍ പൂര്‍ണ്ണമായി ചക്രവാളത്തില്‍ താഴ്ന്നു പോയി എന്ന് ഉറപ്പായി കഴിഞ്ഞാല്‍ നോമ്പിന്റെ സമയം അവസാനിച്ചു എന്നു മനസ്സിലാക്കാം. ഉയരമുള്ള എന്തെങ്കിലും വസ്തുവിന്റെ മറവിലോ, പര്‍വ്വതത്തിന്റെ പിന്നിലോ, കെട്ടിടങ്ങളുടെ മറവിലോ സൂര്യന്‍ മറഞ്ഞു പോയാല്‍ അത് അസ്തമയമായി പരിഗണിക്കപ്പെടുകയില്ല എന്ന് ഇതോടൊപ്പം മനസ്സിലാക്കേണ്ടതുണ്ട്.

സൂര്യന്‍ അസ്തമിച്ചുവോ ഇല്ലയോ എന്ന് മനസ്സിലാകാത്ത സന്ദര്‍ഭത്തില്‍ സൂര്യാസ്തമയം മനസ്സിലാക്കാന്‍ നബി -ﷺ- മറ്റൊരു വഴി പറഞ്ഞു തന്നിട്ടുണ്ട്. കിഴക്ക് ഭാഗത്ത് നിന്ന് ഇരുട്ട് വരുക എന്നതാണത്. നബി -ﷺ- പറഞ്ഞു:

إِذَا أَقْبَلَ اللَّيْلُ مِنْ هَا هُنَا وَأَدْبَرَ النَّهَارُ مِنْ هَا هُنَا وَغَرَبَتْ الشَّمْسُ فَقَدْ أَفْطَرَ الصَّائِمُ

“രാത്രി ഇവിടെ (കിഴക്ക്) നിന്ന് മുന്നിട്ടു വരികയും, പകല്‍ ഇവിടെ (പടിഞ്ഞാറ്) നിന്ന് പോവുകയും, സൂര്യന്‍ അസ്തമിക്കുകയും ചെയ്‌താല്‍ നോമ്പുകാരന്‍ നോമ്പ് മുറിച്ചു കഴിഞ്ഞു.” (ബുഖാരി: 1954, മുസ്‌ലിം: 1100)

ഈ ഹദീസില്‍ മൂന്ന് കാര്യങ്ങള്‍ നോമ്പിന്റെ സമയം അവസാനിക്കുന്നതിന്റെ അടയാളമായി നബി -ﷺ- അറിയിച്ചു.

ഒന്ന്: രാത്രിയുടെ ഇരുട്ട് കിഴക്ക് ഭാഗത്ത് നിന്ന് മുന്നോട്ട് വരിക.

രണ്ട്: പകലിന്റെ വെളിച്ചം പടിഞ്ഞാറ് ഭാഗത്ത് നിന്ന് പോവുക.

മൂന്ന്: സൂര്യന്‍ അസ്തമിക്കുക.

ഈ മൂന്ന് കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് സംഭവിച്ചാല്‍ മറ്റ് രണ്ട് കാര്യങ്ങളും സ്വാഭാവികമായി സംഭവിക്കും. അദാന്‍ കേള്‍ക്കാത്ത സ്ഥലങ്ങളിലോ, മുസ്‌ലിംകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിമിനോ ഇതിന് സമാനമായ അവസ്ഥകളില്‍ അകപ്പെട്ടവര്‍ക്കോ ഈ പറഞ്ഞ അടയാളങ്ങള്‍ നോമ്പ് തുറയുടെ സമയം മനസ്സിലാക്കാന്‍ സഹായകമാകും. അല്ലാഹു സഹായിക്കട്ടെ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment