പുലരി ഉദിച്ചു തുടങ്ങുന്നത് മുതലാണ്‌ നോമ്പുകാരന്റെ നോമ്പ് ആരംഭിക്കുക. പുലരി രണ്ടു രൂപത്തിലുണ്ട്.

ഒന്ന്: തെറ്റായ പുലരി. ചക്രവാളത്തില്‍ ഒരു തൂണു പോലെ നില്‍ക്കുന്ന പ്രകാശ രേഖയാണ് തെറ്റായ പുലരി. ഇത് ശരിയായ പുലരിയല്ല. ഇതോടു കൂടെ നോമ്പ് ആരംഭിക്കുകയോ, ഫജ്ര്‍ നിസ്കാരത്തിന്റെ സമയം തുടങ്ങുകയോ ചെയ്യുന്നില്ല. ഈ സമയം ആരെങ്കിലും ഫജ്റോ അതിന്റെ സുന്നത്തോ നിസ്കരിച്ചാല്‍ അത് ശരിയാവുകയില്ല.

രണ്ട്: ശരിയായ പുലരി. ചക്രവാളത്തില്‍ പരന്നു കാണപ്പെടുന്ന വെളിച്ചമാണ് ശരിയായ പുലരി. ഈ പുലരി തുടങ്ങുന്നതോടെ നോമ്പിന്റെ സമയം ആരംഭിച്ചു. ഫജ്ര്‍ നിസ്കാരത്തിന്റെ സമയവും ഇത് മുതല്‍ തന്നെയാണ് ആരംഭിക്കുക. ഈ രണ്ട് പുലരികളെ കുറിച്ച് നബി -ﷺ- യുടെ ഹദീസുകളിലും സലഫുകളുടെ വാക്കുകളിലും ധാരാളം വന്നിട്ടുണ്ട്.

لاَ يَمْنَعَنَّكُمْ مِنْ سُحُورِكُمْ أَذَانُ بِلاَلٍ، وَلاَ الفَجْرُ الْمُسْتَطِيلُ، وَلَكِنِ الفَجْرُ الْمُسْتَطِيرُ فِي الأُفُقِ

നബി -ﷺ- പറഞ്ഞു: “ബിലാലിന്റെ അദാനോ, നീണ്ടു കിടക്കുന്ന പുലരിയോ നിങ്ങളെ അത്താഴത്തില്‍ നിന്ന് തടയാതിരിക്കട്ടെ. എന്നാല്‍ ചക്രവാളത്തില്‍ പരന്നു കിടക്കുന്ന പുലരിയായാല്‍ (നിങ്ങള്‍ അത്താഴം നിര്‍ത്തുക.” (തിര്‍മിദി: 706)

ബിലാല്‍ -رَضِيَ اللَّهُ عَنْهُ- തെറ്റായ പുലരിയുടെ സമയത്ത് -ഉറങ്ങുന്നവരെ എഴുന്നേല്‍പ്പിക്കുന്നതിനും, രാത്രി നിസ്കരിക്കുന്നവര്‍ അത് നിര്‍ത്തി അത്താഴം കഴിക്കുന്നതിനും വേണ്ടി- അദാന്‍ കൊടുക്കാറുണ്ടായിരുന്നു. അത് കൊണ്ടാണ് ബിലാലിന്റെ അദാന്‍ നിങ്ങളെ അത്താഴത്തില്‍ നിന്ന് തടയേണ്ടതില്ല എന്ന് നബി -ﷺ- പറയാന്‍ കാരണം. ഫജ്റിന്റെ സമയം ആയാലുള്ള അദാന്‍ അബ്ദുല്ലാഹി ബ്നു ഉമ്മി മക്തൂം -رَضِيَ اللَّهُ عَنْهُ- ആണ് കൊടുത്തിരുന്നത് എന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്.

ശരിയായ പുലരിയും തെറ്റായ പുലരിയും തമ്മില്‍ പ്രധാനമായും മൂന്ന് വ്യത്യാസങ്ങള്‍ ഉണ്ട്. അവ താഴെ പറയാം:

ഒന്ന്: ആദ്യത്തെ പുലരി -തെറ്റായ പുലരി- തൂണ് പോലെ കുത്തനെയായിരിക്കും. രണ്ടാമത്തെ പുലരി -ശരിയായ പുലരി- പരന്നു കൊണ്ടായിരിക്കും.

രണ്ട്: ആദ്യത്തെ പുലരി സംഭവിച്ചതിന് ശേഷം ഇരുള്‍ പരക്കും. രണ്ടാമത്തെ പുലരി സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ പ്രകാശം വര്‍ദ്ധിക്കുകയാണ് ഉണ്ടാവുക.

മൂന്ന്: ആദ്യത്തെ പുലരി ചക്രവാളത്തോട് ചേര്‍ന്നു കൊണ്ടായിരിക്കും. ചക്രവാളത്തിനും പുലരിയുടെ വെളിച്ചത്തിനും ഇടയില്‍ ഇരുട്ട് ഉണ്ടാവുകയില്ല. എന്നാല്‍ രണ്ടാമത്തെ പുലരി ചക്രവാളത്തില്‍ നിന്ന് കുറച്ച് വിട്ടു കൊണ്ടായിരിക്കും. (ശര്‍ഹുല്‍ മുംതിഅ: 2/107-108)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment