നോമ്പുകാരനും അല്ലാത്തവര്‍ക്കും പല്ലു തേക്കല്‍ സുന്നത്താണ്. നബി -ﷺ- നോമ്പുകാരനായിരിക്കെ പല്ലു തേച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (തിര്‍മിദി:807, ഇബ്‌നു മാജ:1746, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

عَنْ عَائِشَةَ: عَنِ النَّبِيِّ -ﷺ- أَنَّهُ قَالَ « السِّوَاكُ مَطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ»

ആയിശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: “പല്ലു തേക്കല്‍ വായക്ക് ശുദ്ധിയും, രക്ഷിതാവിന് തൃപ്തികരവുമാണ്.” (നസാഈ:1934, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

ഈ ഹദീസ് ഇമാം ബുഖാരി -رَحِمَهُ اللَّهُ- അദ്ദേഹത്തിന്റെ സ്വഹീഹില്‍ നല്‍കിയത് ‘ഉണങ്ങിയതും നനഞ്ഞതുമായവ കൊണ്ട് നോമ്പുകാരന്‍ പല്ലു തേക്കുന്നതിനെ കുറിച്ച് സംസാരിക്കുന്ന’ അദ്ധ്യായത്തിലാണ്. നോമ്പുകാര്‍ നനഞ്ഞ വസ്തു കൊണ്ട് പല്ലു തേക്കുന്നത് വെറുക്കപ്പെട്ട കാര്യമാണെന്ന ചിലരുടെ അഭിപ്രായത്തിന് മറുപടിയായാണ്‌ ഇമാം ബുഖാരി ഈ ഹദീസ് പ്രസ്തുത അദ്ധ്യായത്തില്‍ കൊണ്ടു വന്നതെന്ന് ഹാഫിദ് ഇബ്‌നു ഹജര്‍ -رَحِمَهُ اللَّهُ- പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍, നോമ്പുകാരന്‍ പല്ലു തേക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് മാത്രമല്ല, നബി -ﷺ- പ്രോത്സാഹിപ്പിച്ച സുന്നത്തുകളില്‍ ഒന്നു കൂടിയാണ് അത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment