ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും നോമ്പുമായി ബന്ധപ്പെട്ട് ഇളവുകളുണ്ട്. അവളുടെയും അവളുടെ കുട്ടിയുടെയും ആരോഗ്യ സംരക്ഷണത്തിനും ജീവന്‍ നിലനില്‍ക്കുന്നതിനും -ചിലപ്പോള്‍- നോമ്പ് പ്രയാസം സൃഷ്ടിച്ചേക്കാം എന്നത് കൊണ്ടാണ് അത്. ഇത് കൊണ്ട് തന്നെ ഗര്‍ഭിണികളെയും മുലയൂട്ടുന്നവരെയും താരതമ്യം ചെയ്യാവുന്നത് രോഗികളോടാണ്. കാരണം രണ്ടു വിഭാഗവും തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയാണ് നോമ്പ് ഒഴിവാക്കുന്നത്. ചുരുക്കത്തില്‍, ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും നോമ്പ് എടുക്കുന്നത് കൊണ്ട് തങ്ങളുടെയോ തങ്ങളുടെ കുട്ടികളുടെയോ ആരോഗ്യത്തിന് പ്രയാസം ഉണ്ടാകുമെന്ന് ഭയപ്പെട്ടാല്‍ അവര്‍ക്ക് നോമ്പ് ഒഴിവാക്കാം.

മാതാവിന്റെയോ കുട്ടിയുടെയോ ആരോഗ്യത്തിനും ജീവനും വളരെ ബുദ്ധിമുട്ടുണ്ടാക്കും എന്ന് ഭയക്കുന്നെങ്കില്‍ അവള്‍ ഒരു കാരണവശാലും നോമ്പ് എടുക്കരുത്. അങ്ങനെ നോമ്പ് എടുത്താല്‍ അത് നിഷിദ്ധമാണ്. അല്ലാഹുവിങ്കല്‍ ശിക്ഷ ലഭിക്കാനാണ് അത് കാരണമാവുക. നഷ്ടപ്പെട്ട നോമ്പുകള്‍ പിന്നീട് ഇവര്‍ നോറ്റു വീട്ടേണ്ടതുണ്ട്. നോമ്പിന്റെ കടം വീട്ടുന്നതോടൊപ്പം കഫാറതായി ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ അത് വേണ്ടതില്ല എന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായി മനസ്സിലാകുന്നത്. വല്ലാഹു അഅലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment