റമദാനിൽ എന്തെങ്കിലും ഒഴിവുകഴിവുകൾ കാരണം നോമ്പ് നഷ്ടപ്പെട്ടവർക്ക് റമദാൻ അവസാനിച്ച ഉടൻ തന്നെ -പെരുന്നാൾ കഴിഞ്ഞാൽ- ഖദ്വാഅ് വീട്ടാൻ ആരംഭിക്കുന്നതാണ് കൂടുതൽ ശ്രേഷ്ഠം. കാരണം അതിലൂടെ തന്റെ മേലുള്ള ബാധ്യത പെട്ടെന്ന് തന്നെ തീർക്കാൻ സാധിക്കും. കൂടുതൽ സൂക്ഷ്മതയുള്ളതും ഇപ്രകാരം ചെയ്യുന്നത് തന്നെയാണ്. കാരണം നാളെ എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല. അടുത്ത ദിവസം  തന്നെ വല്ല അസുഖവും ബാധിക്കുകയോ, മറ്റെന്തെങ്കിലും തിരക്കുകൾ വന്നുപെടുകയോ ചെയ്തേക്കാം; അങ്ങനെ നോമ്പ് നോറ്റു വീട്ടാൻ കഴിയാതെ പോകുന്ന സ്ഥിതി വരുന്നതിനെക്കാൾ നല്ലത് ഇപ്പോൾ തന്നെ ബാധ്യതകൾ അവസാനിപ്പിക്കുന്നതാണ്.

റമദാൻ കഴിഞ്ഞ്, പെരുന്നാളിന് ശേഷമുള്ള ദിവസം തന്നെ ഒരാൾ ഖദ്വാഅ് വീട്ടിത്തീർക്കാൻ ആരംഭിക്കുന്നെങ്കിൽ അത് കൂടുതൽ ഉത്തമവും നന്മയിലേക്ക് ധൃതി കൂട്ടലുമാണ്. അപ്രകാരം നന്മയിലേക്ക് മത്സരിക്കുക എന്നത് അല്ലാഹുവിൽ വിശ്വസിക്കുന്നവരുടെ രീതികളിൽ പെട്ടതാണല്ലോ?! അതിനാൽ നഷ്ടപ്പെട്ട നോമ്പുകൾ സാധ്യമാകും വിധം വേഗത്തിൽ നോറ്റു വീട്ടുക എന്നത് വളരെ ശ്രേഷ്ഠമാണ്. ഇനി റമദാൻ കഴിഞ്ഞ ഉടനെ സാധിക്കുന്നില്ലെങ്കിൽ, സാധ്യമാകും വിധം നേരത്തെയാക്കാം; പരമാവധി വൈകിക്കാതിരിക്കാം.

എന്നാൽ പ്രത്യേകം ഓർമ്മപ്പെടുത്തട്ടെ; ഇങ്ങനെ റമദാൻ അവസാനിച്ച ഉടനെ ഖദ്വാഅ് ആരംഭിക്കുക എന്നത് നിർബന്ധമല്ല; മറിച്ച് കൂടുതൽ ശ്രേഷ്ഠകരമാണെന്നേ ഉള്ളൂ. അതിനാൽ ആരെങ്കിലും ഖദ്വാഅ് അടുത്ത ശഅ്ബാനിലേക്ക് (റമദാനിന് മുൻപുള്ള മാസം) വൈകിച്ചാൽ അത് തെറ്റാണെന്ന് പറയാൻ കഴിയില്ല. കാരണം അടുത്ത റമദാൻ വരുന്നതിന് മുൻപ് നോമ്പ് നോറ്റു വീട്ടുക എന്നത് അനുവദനീയമാണ്. ആയിശ -رَضِيَ اللَّهُ عَنْهَا- നബി -ﷺ- യുടെ കാര്യങ്ങളിൽ വ്യാപൃതയാകാറുണ്ടായതിനാൽ അടുത്ത റമദാനിന് തൊട്ടുമുൻപേ അവർക്ക് നോമ്പ് നോറ്റുവീട്ടാൻ സാധിക്കാറുണ്ടായിരുന്നുള്ളൂ എന്ന് ഹദീഥിൽ സ്ഥിരപ്പെട്ടിട്ടുമുണ്ട്.

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا تَقُولُ: «كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ، فَمَا أَسْتَطِيعُ أَنْ أَقْضِيَ إِلَّا فِي شَعْبَانَ»، قَالَ يَحْيَى: الشُّغْلُ مِنَ النَّبِيِّ أَوْ بِالنَّبِيِّ -ﷺ-.

ആയിശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: “റമദാനിലെ നഷ്ടപ്പെട്ട നോമ്പുകൾ എന്റെ മേൽ ബാധ്യതയായി നിൽക്കാറുണ്ട്. ശഅ്ബാനിലല്ലാതെ എനിക്കത് നോറ്റുവീട്ടാൻ സാധിക്കാറില്ലായിരുന്നു.” ഹദീഥിന്റെ നിവേദകരിൽ പെട്ട യഹ്‌യ പറയുന്നു: നബി -ﷺ- യുടെ കാര്യങ്ങളിൽ വ്യാപൃതയാകുന്നതിനാലായിരുന്നു അത്. (ബുഖാരി: 1950, മുസ്‌ലിം: 1146)

സ്വഹാബികളിൽ പെട്ട അനസുബ്നു മാലിക്, അബൂ ഹുറൈറ തുടങ്ങിയവരുടെയും അബൂ ഖിലാബ, മുജാഹിദ്, ഇമാം അബൂ ഹനീഫ, ഇമാം ശാഫിഈ, ഇമാം അഹ്മദ് തുടങ്ങിയവരുടെയും അഭിപ്രായം മേൽപറഞ്ഞതാണ്. വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment