ഒരാള്‍ തന്റെ അത്താഴം മുന്നില്‍ വെക്കുകയും, ഭക്ഷണം കഴിക്കാന്‍ ആരംഭിക്കുകയും ചെയ്യുമ്പോള്‍ മുഅദ്ദിന്‍ അദാന്‍ കൊടുത്തുവന്നു കരുതുക. പൊതുവെ ഈ മുഅദ്ദിന്‍ കൃത്യസമയത്താണ് അദാന്‍ കൊടുക്കാറുള്ളത് എങ്കില്‍ അയാള്‍ എന്തു ചെയ്യണം എന്നതാണ് ചോദ്യം. ഇതിനുള്ള ഉത്തരം വിശദമായി നല്‍കേണ്ടതുണ്ട്.

1. അത്താഴം കഴിക്കുന്നയാള്‍ തന്റെ ഭക്ഷണം മുന്നില്‍ വെക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെങ്കില്‍ അതില്‍ നിന്ന് അയാള്‍ കഴിക്കരുത്. കാരണം നബി -ﷺ- ഇബ്‌നു ഉമ്മി മക്തൂമിന്റെ അദാന്‍ കേട്ടാല്‍ -അതായത് രണ്ടാം അദാന്‍ കേട്ടാല്‍- ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കണം എന്ന് പറഞ്ഞിട്ടുണ്ട്.

2. എന്നാല്‍ അയാള്‍ ഭക്ഷണം കഴിക്കാന്‍ ആരംഭിച്ചു തുടങ്ങിയെങ്കില്‍ അയാള്‍ക്ക് താന്‍ തുടക്കം കുറിച്ചത് പൂര്‍ത്തീകരിക്കാം. എന്നാല്‍ പുതുതായി ഇനി തുടക്കം കുറിക്കാന്‍ പാടില്ല. ഇതിന് രണ്ട് രൂപങ്ങള്‍ ഉണ്ട്.

ഒന്ന്: അയാള്‍ ഗ്ലാസ് തന്റെ കയ്യില്‍ എടുക്കുകയും, വെള്ളം കുടിക്കാന്‍ വേണ്ടി കൈ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ മുഅദ്ദിന്‍ അദാന്‍ കൊടുത്താല്‍ അയാള്‍ക്ക് അത് പൂര്‍ത്തീകരിക്കാം.

രണ്ട്: അയാള്‍ ഭക്ഷണം കൈക്കുമ്പിളില്‍ വെക്കുകയും, അത് കഴിക്കാന്‍ തന്റെ വായിലേക്ക് ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. അപ്പോഴും തന്റെ കയ്യിലുള്ളത് അയാള്‍ക്ക് പൂര്‍ത്തീകരിക്കാം. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇപ്രകാരമാണ്. കാരണം ഒരു കാര്യം നേടിയെടുക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ അത് ലഭിക്കാന്‍ മനുഷ്യരുടെ മനസ്സ് സ്വാഭാവികമായും ആഗ്രഹിക്കും. അത് പൂര്‍ത്തീകരിക്കാന്‍ ശര്‍അ അനുവദിച്ചിട്ടുണ്ട്.

എന്നാല്‍ ഭക്ഷണം കഴിക്കലോ വെള്ളം കുടിക്കലോ പുതുതാതി തുടങ്ങുക എന്നത് പാടില്ല. കയ്യില്‍ എടുത്തിട്ടില്ലാത്ത ഭക്ഷണം എടുക്കുന്നതിനോ, പാത്രം ഉയര്‍ത്തുന്നതിനോ വേണ്ടി -അദാന്‍ കൊടുത്തു കഴിഞ്ഞാല്‍- അയാള്‍ കൈ നീട്ടാന്‍ പാടില്ല. കാരണം നബി -ﷺ- പറഞ്ഞു:

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: « إِذَا سَمِعَ أَحَدُكُمْ النِّدَاءَ وَالإِنَاءُ عَلَى يَدِهِ فَلَا يَضَعَهُ حَتَّى يَقْضِي حَاجَتَهُ مِنْهُ »

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “തന്റെ കയ്യില്‍ ഭക്ഷണപാത്രമിരിക്കെ ബാങ്ക് വിളിക്കുന്നത് കേട്ടു കഴിഞ്ഞാല്‍ തന്റെ ആവശ്യം കഴിയുന്നത് വരെ പാത്രം താഴെ വെക്കേണ്ടതില്ല.” (അബൂ ദാവൂദ്:2350, അഹ്മദ്:1029, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

(അവലംബം: ശര്‍ഹു കിതാബിസ്സ്വിയാം മിന്‍ മനാരിസ്സബീല്‍/ശൈഖ് സുലൈമാന്‍ റുഹൈലി: 77-78)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment