അല്ലാഹു നമുക്ക് നിയമമാക്കിയ എല്ലാ ഇബാദത്തുകളും ഈ ദിവസങ്ങളുടെ ശ്രേഷ്ഠതകൾ മനസ്സാലാക്കി അല്ലാഹുവിൽ നിന്നും പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ട് ചെയ്യാവുന്നതാണ്. കാരണം റസൂലുള്ളാഹി -ﷺ- പറഞ്ഞു :
عَنِ ابْنِ عَبَّاسٍ ، قَالَ رسول الله -ﷺ- : مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشْر
” ദുൽഹിജ്ജ ആദ്യ പത്ത് ദിനങ്ങളിലെ സൽകർമങ്ങളാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ട്ടമുള്ളത്. ഇത്രമേൽ അല്ലാഹു സൽകർമങ്ങൾ ഇഷ്ടപ്പെടുന്നതായ മറ്റു ദിവസങ്ങളില്ല.” (സുനനുത്തിർമിദി : 757)
അതു കൊണ്ടുതന്നെ ഈ ദിവസങ്ങളിൽ പരമാവധി സൽകർമങ്ങൾ ചെയ്ത് കൊണ്ട് അല്ലാഹുവിന്റെ പ്രീതി നേടിയെടുക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.
അല്ലാഹു പറഞ്ഞു :
وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ
“ആ നിശ്ചിത ദിവസങ്ങളിൽ അവർ അല്ലാഹുവിന്റെ നാമത്തെ സ്മരിക്കട്ടെ” [ഹജ്ജ്: 28]
അക്കൂട്ടത്തിൽ നാം ഏറെ ശ്രദ്ധ കാണിക്കേണ്ടതും മുൻഗണന നൽകേണ്ടതും അഞ്ചു നേരത്തെ നമസ്ക്കാരം പോലുള്ള അല്ലാഹു നമുക്ക് വാജിബാക്കിയ കർമ്മങ്ങളാണ്. അവ കൃത്യസമയത്ത് മുറപോലെ നിർവഹിക്കുകയും അതേതുടർന്ന് റവാത്തിബ്, തഹജ്ജുദ്, ദുഹാ പോലുള്ള സുന്നത്തായ കർമ്മങ്ങൾ നിർവഹിക്കാൻ ശ്രദ്ധകാണിക്കുകയും അവ സ്ഥിരമാക്കാൻ ശ്രമിക്കുകയുമാണ് വേണ്ടത്. കൂടാതെ തൗബ, ഇസ്തിഗ്ഫാർ, ദിക്റുകൾ, ദുആകൾ, സ്വദഖകൾ, ഖുർആൻ പാരായണം, കുടുംബ ബന്ധം ചേർക്കൽ, മാതാപിതാക്കൾക്ക് നന്മ ചെയ്യൽ എന്നീ സൽകർമങ്ങളും വർദ്ധിപ്പിക്കാൻ പ്രത്യേകം ശ്രദ്ധകാണിക്കണം.
ശൈഖ് ഉസൈമീൻ رَحِمَهُ اللَّهُ പറഞ്ഞു: “റമദാനിലെ അവസാനത്തെ പത്തിൽ സൽകർമങ്ങൾ പ്രവർത്തിക്കുന്നതിൽ ഏറെ പരിശ്രമിക്കുന്ന പലയാളുകളെയും ദുൽഹിജ്ജയിലെ ആദ്യപത്തിനെ സംബന്ധിച്ച് അശ്രദ്ധയിലാണ്. ഇത് വളരെ ആശ്ചര്യകരം തന്നെ..! അവർ ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളൾക്ക് മറ്റു ദിവസങ്ങളേക്കാൾ ശ്രേഷ്ഠത കാണുന്നില്ല എന്നതാണ് വാസ്തവം. പക്ഷെ ഒരാൾ റസൂലുള്ളാഹി -ﷺ- അറിയിച്ചു തന്നതനുസരിച്ച് ഈ ദിവസങ്ങളിൽ സൽകർമ്മങ്ങളിൽ നിരതനാവുകയാണെങ്കിൽ അവൻ വമ്പിച്ച നന്മയിലാണ്.” (മജ്മൂഉൽ ഫതാവ : 21/37)
അതു കൊണ്ട് റമദാനിൽ എത്രത്തോളം സൽകർമ്മങ്ങളുടെ വിഷയത്തിൽ നാം ശ്രദ്ധ കാണിച്ചിരുന്നോ അതു പോലെതന്നെ ഏറെ ശ്രേഷ്ഠതകളുള്ള ഈ ദിവസങ്ങളിലും സൽകർമ്മങ്ങളുടെ കാര്യത്തിൽ ഏറെ ശ്രദ്ധകാണിക്കേണ്ടതുണ്ട്.