അഥര്‍

عَنْ عُمَرَ بْنِ الْخَطَّابِ، قَالَ: «لَوْ نَادَى مُنَادٍ مِنَ السَّمَاءِ: أَيُّهَا النَّاسُ، إِنَّكُمْ دَاخِلُونَ الْجَنَّةَ كُلُّكُمْ أَجْمَعُونَ إِلَّا رَجُلًا وَاحِدًا، لَخِفْتُ أَنْ أَكُونَ هُوَ، وَلَوْ نَادَى مُنَادٍ: أَيُّهَا النَّاسُ، إِنَّكُمْ دَاخِلُونَ النَّارَ إِلَّا رَجُلًا وَاحِدًا، لَرَجَوْتُ أَنْ أَكُونَ هُوَ»

അര്‍ഥം

ഉമര്‍ -رضي الله عنه- പറഞ്ഞു: “ആകാശത്ത് നിന്ന് ഒരാള്‍: ‘ഹേ ജനങ്ങളേ! നിങ്ങളെല്ലാം സ്വര്‍ഗത്തില്‍ പ്രവേശിക്കും; ഒരാളൊഴികെ’ എന്നു പറഞ്ഞാല്‍ ആ ഒരാള്‍ ഞാനായിരിക്കുമോ എന്നെനിക്ക് പേടിയുണ്ടായിരിക്കും. ഒരാള്‍: ‘ഹേ ജനങ്ങളേ! നിങ്ങളെല്ലാം നരകത്തില്‍ പ്രവേശിക്കുന്നവരാണ്; ഒരാളൊഴികെ’ എന്നു പറഞ്ഞാല്‍ ആ ഒരാള്‍ ഞാനാകുമെന്ന പ്രതീക്ഷ എനിക്കുണ്ടായിരിക്കും.”

(ഹില്‍യതുല്‍ ഔലിയാ: 1/53)

വിശദീകരണം

الحمد لله، والصلاة والسلام على رسول الله، وعلى آله وصحبه أجمعين، أما بعد:

ഓരോ മുഅ്മിനും അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിച്ചും, അവന്റെ ശിക്ഷയെ ഭയപ്പെട്ടുമാണ് ജീവിക്കേണ്ടത്. തന്റെ നന്മകളെ കുറിച്ചോര്‍ക്കുമ്പോള്‍ അതവനില്‍ സ്വര്‍ഗത്തെ കുറിച്ചുള്ള പ്രതീക്ഷകളുണ്ടാക്കും. എന്നാല്‍ താന്‍ ചെയ്തു പോയ തിന്മകളെ കുറിച്ചും, തനിക്ക് സംഭവിച്ച അബദ്ധങ്ങളെ കുറിച്ചും ആലോചിക്കുമ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ താന്‍ അകപ്പെടുമോ എന്ന ഭയവും പേടിയും അവനെ വലയം ചെയ്യും.

ഈ രണ്ട് അവസ്ഥകള്‍ക്കിടയിലായിരിക്കും ഒരു മുഅ്മിന്‍. അവനൊരിക്കലും അങ്ങേയറ്റത്തെ നിരാശയില്‍ അകപ്പെട്ടു പോവുകയും, അല്ലാഹുവില്‍ തീര്‍ത്തും പ്രതീക്ഷയില്ലാത്തവനാവുകയും ചെയ്യില്ല. എന്നാല്‍ അല്ലാഹുവിനെ ഭയമില്ലാതെ, ഏതു തിന്മയെയും നിസ്സാരമാക്കി കാണുന്നവനുമായിരിക്കില്ല.

നബിമാരെ കുറിച്ച് വരെ അല്ലാഹു -تعالى- അറിയിച്ചത് ഇപ്രകാരമാണ്. ‘അവര്‍ പ്രതീക്ഷയോടും ഭയത്തോടും നമ്മെ വിളിച്ചു പ്രാര്‍ഥിക്കുന്നവരായിരുന്നുവെ’ന്നത് അല്ലാഹു അവരെ പുകഴ്ത്തിയ കാര്യങ്ങളിലൊന്നുമാണ്. പ്രാര്‍ഥനയുടെ മര്യാദകളിലൊന്നായി പണ്ഡിതന്മാര്‍ ഇക്കാര്യം പഠിപ്പിച്ചിട്ടുമുണ്ട്.

ഉമര്‍-رضي الله عنه-വിന്റെ മേല്‍ നല്‍കിയ വാക്കുകള്‍ ഈ വിഷയത്തില്‍ വളരെ ഉള്‍ക്കാഴ്ച്ച നല്‍കുന്നതാണ്. എല്ലാവരും സ്വര്‍ഗത്തില്‍ പോകും; ഒരാളൊഴികെ എന്ന് കേട്ടാല്‍ ഇക്കാണുന്ന മനുഷ്യന്മാര്‍ക്കെല്ലാമിടയില്‍ ഞാനെങ്ങനെ അതിലുള്‍പ്പെടാനാണ് എന്നല്ല; മറിച്ച്, അതെങ്ങാനും ഞാനായിരിക്കുമോ എന്ന ഭയമാണ് അവനുണ്ടാകേണ്ടത്. എല്ലാവരും നരകത്തിലാണ്; ഒരാള്‍ മാത്രമേ സ്വര്‍ഗത്തില്‍ പോകൂ എന്നറിഞ്ഞാലും ഇതു പോലെ തന്നെ. ഇക്കാണുന്ന മനുഷ്യന്മാരെല്ലാം നരകത്തിലാണെങ്കില്‍ പിന്നെ ഞാനായിട്ടെങ്ങനെ രക്ഷപ്പെടാനാണ്; എല്ലാവരോടുമൊപ്പം ഞാനുമതില്‍ അകപ്പെടും എന്ന നിരാശയല്ല അവനെ പിടികൂടേണ്ടത്. മറിച്ച്, പരിശ്രമിച്ചാല്‍ ആ ഒരാള്‍ ഞാന്‍ തന്നെയാകുമെന്ന പ്രതീക്ഷയോടെ മുന്നോട്ടു പോവുകയാണ് അവന്‍ ചെയ്യേണ്ടത്.

പലപ്പോഴും ഈ വിഷയത്തില്‍ അബദ്ധം സംഭവിക്കാറുണ്ട്. ചിലര്‍ തൗഹീദിന്റെ ശ്രേഷ്ഠതയും, ‘ലാ ഇലാഹ ഇല്ലല്ലാഹു’വിന്റെ മഹത്വവും, അത് ചൊല്ലിയവര്‍ സ്വര്‍ഗത്തിലാണെന്നുമൊക്കെ കേട്ടു കഴിഞ്ഞാല്‍ പിന്നെ ഇബാദത്തുകളില്‍ അലസത കാണിക്കുകയും, തിന്മകള്‍ വെടിയുന്നതില്‍ അലംബാവം നടിക്കുകയും ചെയ്യുന്നത് കാണാം. എന്തായാലും ഞാനൊക്കെ സ്വര്‍ഗത്തിലാണ്; ഞാനൊക്കെ സ്വര്‍ഗത്തില്‍ പോയില്ലെങ്കില്‍ പിന്നെയാര് പോകാനാണ്! എന്നിങ്ങനെയെല്ലാമാണ് ഇവരുടെ മനസ്ഥിതി. തങ്ങള്‍ക്ക് സംഭവിച്ചു പോകുന്ന അബദ്ധങ്ങളിലുള്ള ഭയമോ, തിന്മകള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന വേവലാതിയോ, ചെയ്ത നന്മകള്‍ സ്വീകരിക്കപ്പെടുമെന്ന ആശങ്കയോ ഇവര്‍ക്കില്ല.

മറ്റൊരു വിഭാഗം ഇതിന് നേര്‍വിപരീതമാണ്. തിന്മകളെ താക്കീത് ചെയ്തു കൊണ്ടുള്ള ആയത്തുകളോ ഹദീഥുകളോ കേട്ടുകഴിഞ്ഞാല്‍ അവര്‍ക്ക് അല്ലാഹുവിലുള്ള പ്രതീക്ഷയേ നശിച്ചതു പോലെയാണ്. ചിലരെല്ലാം ധരിച്ചിരിക്കുന്നത് തന്റെയൊന്നും തിന്മകള്‍ അല്ലാഹു പൊറുക്കുകയൊന്നുമില്ലെന്നാണ്. അല്ലാഹു അങ്ങേയറ്റം പാപങ്ങള്‍ പൊറുക്കുന്നവനും കാരുണ്യമുള്ളവനുമാണെന്നത് അവരുടെ മനസ്സില്‍ പതിച്ചിട്ടില്ല. അവസാന കാലത്ത് മനുഷ്യരില്‍ ബഹുഭൂരിപക്ഷവും തിന്മ ചെയ്യുന്നവരായിരിക്കുമെന്നും, നന്മയുടെ വക്താക്കള്‍ വളരെ കുറവായിരിക്കുമെന്നുമൊക്കെയുള്ള ഹദീഥുകള്‍ കേട്ടുകഴിഞ്ഞാല്‍ ഇത്തരക്കാര്‍ പറയും: ‘നാടെന്തായാലും നശിക്കും; പിന്നെ ഞാനായിട്ടെങ്ങനെ നന്നാകാനാണ്.”

ഈ രണ്ടു വിഭാഗക്കാര്‍ക്കുമുള്ള മറുപടി ഉമര്‍-رضي الله عنه-വിന്റെ വാക്കിലുണ്ട്. പ്രതീക്ഷയും ഭയവും ഇടകലര്‍ന്നായിരിക്കും മുഅ്മിനിന്റെ ജീവിതമെന്നതിനുള്ള മനോഹരമായ ഉദാഹരണമാണ് അദ്ദേഹം തന്റെ വാക്കുകളിലൂടെ വരച്ചു കാട്ടിയത്.

പ്രതീക്ഷയില്‍ അതിരു കവിഞ്ഞവരാണ് ഇസ്‌ലാമിലെ പിഴച്ച കക്ഷികളിലൊന്നായ മുര്‍ജിആക്കള്‍. അവര്‍ അല്ലാഹുവിന്റെ പാപമോചനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ അതിരു കവിയുകയും, എന്തെല്ലാം തിന്മകള്‍ ചെയ്താലും അതൊന്നും ഈമാനിന് യാതൊരു കോട്ടവുമുണ്ടാക്കില്ലെന്നും, കേവലം വിശ്വാസമുള്ളവരെല്ലാം -ഒരു പ്രവര്‍ത്തനവും ചെയ്തില്ലെങ്കിലും- സ്വര്‍ഗത്തില്‍ ഉറപ്പായും പ്രവേശിക്കുമെന്നും വാദിച്ചു.

എന്നാല്‍ ഭയത്തില്‍ അതിരു കവിഞ്ഞവരാണ് ഖവാരിജുകള്‍. അവരും ഇസ്‌ലാമിലെ പിഴച്ച കക്ഷികളിലൊന്ന് തന്നെ. വന്‍പാപങ്ങള്‍ ചെയ്തവരെല്ലാം ഇസ്‌ലാമില്‍ നിന്ന് തന്നെ പുറത്താണെന്നും, അല്ലാഹു അവര്‍ക്ക് -മരിക്കുന്നതിന് മുന്‍പ് തൗബ ചെയ്തില്ലെങ്കില്‍- പൊറുത്തു കൊടുക്കുകയോ, അവരെ എന്നെങ്കിലുമൊരിക്കല്‍ പോലും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയില്ലെന്നും ഇവര്‍ വാദിച്ചു. അല്ലാഹു അവനുദ്ദേശിക്കുന്ന തിന്മകള്‍ -ശിര്‍ക്കൊഴികെ- പൊറുത്തു നല്‍കുന്നവനാണ് എന്ന കാര്യം അവര്‍ ഓര്‍ത്തില്ല.

ചുരുക്കത്തില്‍, രണ്ടും പിഴവുകളാണ്. നന്മകളൊന്നും ചെയ്യാതെ സ്വര്‍ഗത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതും, തിന്മകളൊന്നും പൊറുത്തു തരില്ലെന്ന ഭയത്തില്‍ നരകത്തില്‍ പ്രവേശിക്കുമെന്നുറപ്പിക്കുന്നതും അബദ്ധമാണ്. പ്രവര്‍ത്തിക്കുക. അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് എളുപ്പമാക്കി നല്‍കാതിരിക്കില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment