ഇബ്‌നുൽ ജൗസി പറഞ്ഞു:

“ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കുന്നതിനായി ദുനിയാവിന്റെ വക്താക്കൾ ചെയ്തു കൂട്ടുന്ന അതിരു കവിയലുകളെ കുറിച്ച് ഞാൻ ചിന്തിച്ചു. യഥാർഥത്തിൽ അവ അവരുടെ ഉദ്ദേശ്യത്തെ തകിടം മറിക്കുകയാണ്. അവർക്ക് അത് കൊണ്ട് ലഭിക്കുന്നത് കേവല ആസ്വാദനം മാത്രമാണ്. വേദനകൾ സമ്മാനിക്കുന്ന ആസ്വാദനങ്ങളിൽ യാതൊരു നന്മയുമില്ല തന്നെ.

ചൂടുകാലത്ത് അവർ തണുപ്പിച്ച വെള്ളം കുടിക്കുന്നു. അങ്ങേയറ്റത്തെ ഉപദ്രവമാണത് ഉണ്ടാക്കുക. വാർദ്ധ്യക്യ കാലത്ത് അത് പ്രയാസമേറിയ അനേകം രോഗങ്ങൾ ഉണ്ടാക്കുമെന്നാണ് വൈദ്യരംഗത്തുള്ളവർ പറയുന്നത്.

തങ്ങളുടെ വർഷം മുഴുവൻ അവർ വസന്തമാക്കിയിരിക്കുന്നു. ഇതോടെ അല്ലാഹു എന്തൊരു യുക്തിക്ക് വേണ്ടിയാണോ ചൂടും തണുപ്പും നിശ്ചയിച്ചത്; അത് തകിടം മറിയുന്നു. ഇത് ശരീരത്തിന് രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

ചൂടും തണുപ്പും (വേണ്ടതിലധികം) കൊള്ളണമെന്നാണ് ഞാൻ ഈ പറഞ്ഞതിന്റെ ഉദ്ദേശം എന്ന് ആരും മനസ്സിലാക്കരുത്.

ഞാൻ പറയുന്നത് ഇത്ര മാത്രമാണ്:

ചൂടിൽ നിന്നും തണുപ്പിൽ നിന്നും പ്രതിരോധം സ്വീകരിക്കുന്നതിൽ അവൻ അതിരു കവിയരുത്. ശരീരത്തിന്റെ ശക്തിയെ ബാധിക്കാത്ത വിധമുള്ള ചൂട് അവൻ ഏൽക്കണം. ഉപദ്രവമുണ്ടാക്കാത്ത തരത്തിൽ തണുപ്പും അവൻ അനുഭവിക്കണം.

 ചൂടും തണുപ്പും ശരീരത്തിന്റെ നന്മകൾക്ക് വേണ്ടിയാണ്.

ചില ഭരണാധികാരികൾ ചൂടിൽ നിന്നും തണുപ്പിൽ നിന്നും ശരീരത്തെ അധികമായി സംരക്ഷിക്കുകയും, അയാളുടെ ആരോഗ്യസ്ഥിതി ആകെ മാറിമറിയുകയും, അയാൾ വളരെ പെട്ടെന്ന് മരണപ്പെടുകയും ചെയ്തിട്ടുണ്ട്.”

(സ്വയ്ദുൽ ഖാതിർ – ആശയവിവർത്തനം)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment