അഥര്‍

قَالَ الحَسَنُ البَصْرِيُّ: «إِنَّ المُؤْمِنَ يُصْبِحُ حَزِيناً وَيُمْسِي حَزِيناً، وَلَا يَسَعُهُ غَيْرُ ذَلِكَ، لِأَنَّهُ بَيْنَ مَخَافَتَيْنِ؛ بَيْنَ ذَنْبٍ قَدْ مَضَى لَا يَدْرِي مَا اللَّهُ يَصْنَعُ فِيهِ، وَبَيْنَ أَجَلٍ قَدْ بَقِيَ لَا يَدْرِي مَا يُصِيبُ فِيهِ مِنَ المَهَالِكِ»

അര്‍ഥം

ഹസനുല്‍ ബസ്വരി (رَحِمَهُ اللَّهُ)  പറഞ്ഞു: “ഒരു മുഅ്മിന്‍ രാവിലെയും വൈകുന്നേരവും ദുഖിതനായി തന്നെയിരിക്കും. അതല്ലാതെ അവന് മറ്റൊന്നും കഴിയില്ല. കാരണം രണ്ട് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യങ്ങള്‍ക്കിടയിലാണ് അവന്‍. (ഒന്ന്: അവന്റെ) ജീവിതത്തില്‍ സംഭവിച്ചു പോയ തിന്മകള്‍; അല്ലാഹു എന്താണ് അവയുടെ കാര്യത്തില്‍ ചെയ്യാന്‍ പോകുന്നതെന്നവനറിയില്ല. (രണ്ട്:) ബാക്കിയുള്ള അവന്റെ ആയുസ്സ്; എന്തെല്ലാം നാശകരങ്ങളായ കാര്യങ്ങളാണ് അതില്‍ സംഭവിക്കാന്‍ പോകുന്നതെന്നും അവനറിയില്ല.”

(മുഖ്തസ്വറുല്‍ ഹില്യ: 319)

വിശദീകരണം

സുബ്ഹാനല്ലാഹ്!

എന്തൊരു യാഥാര്‍ഥ്യമാണിത്! എത്ര പേര്‍ അത് തിരിച്ചറിഞ്ഞവരായുണ്ട്?! വേണ്ടത്ര പരിഗണന അവരുടെ ജീവിതത്തില്‍ ഈ ചിന്ത കൊണ്ടുണ്ടായിട്ടുണ്ട്?!

ജനങ്ങള്‍ സന്തോഷത്തിലാണ്. ആഹ്ലാദത്തിലും ആഘോഷത്തിലും. ജീവിതം ആസ്വദിച്ചു തീര്‍ക്കാനുള്ളതാണെന്നാണവരുടെ പക്ഷം. ദുഖവും സങ്കടവും അതിലില്ലേയില്ല!

എങ്ങനെ അവര്‍ക്ക് ചിരിക്കാന്‍ കഴിയുന്നു?! അട്ടഹസിക്കാനും പരിഹസിക്കാനും കഴിയുന്നു? പുണ്യങ്ങള്‍ നിറഞ്ഞ, നന്മകള്‍ മാത്രം ചെയ്ത, സച്ചരിതരും സല്‍ഗുണസമ്പന്നരുമാണോ അവര്‍?!

ജീവിതം നന്മകളില്‍ നിറച്ച, ഇന്നും മുസ്‌ലിം ഉമ്മത്തിന്റെ നേതൃനിരയില്‍ നില്‍ക്കുന്ന, മഹാപണ്ഡിതനായിരുന്നു ഒരു വ്യക്തിയുടെ വാക്കുകളാണ് നീ മേലെ കണ്ടത്. അവരുടെ ജീവിതം ആരംഭിച്ചത് ഖുര്‍ആനിന്റെയും റസൂലിന്റെയും മുറികള്‍ക്കുള്ളില്‍ നിന്നാണ്. അതവസാനിച്ചത്; അവയുടെ വൈജ്ഞാനിക സമുദ്യത്തില്‍ നീന്തിത്തുടിക്കുമ്പോഴും!

എന്നിട്ടുമവര്‍ ചിന്തിച്ചത് സംഭവിച്ചു പോയ അബദ്ധങ്ങളെ കുറിച്ചും, വേവലാതിപ്പെട്ടത് നാളെ എന്തു സംഭവിക്കുമെന്നോര്‍ത്തും! ചെയ്ത നന്മകളിലേക്കവര്‍ നോക്കിയില്ല. ഭാവിയില്‍ ചെയ്യുമെന്ന് പ്രതീക്ഷയുള്ള നന്മകളും സ്വപ്നം കണ്ടവരിരുന്നില്ല.

കഴിഞ്ഞു പോയ തിന്മകള്‍ക്ക് ആയിരം തവണ അവര്‍ പാപമോചനം തേടിക്കഴിഞ്ഞിരിക്കുന്നു. കണ്ണുകള്‍ അനേകം തവണ ഈറനണിഞ്ഞിരിക്കുന്നു. എത്രയോ സുജൂദുകളില്‍ അവരതിന്റെ വേദന തങ്ങളുടെ റബ്ബിനോടേറ്റു പറഞ്ഞിരിക്കുന്നു. എന്നിട്ടും കഴിഞ്ഞു പോയ തിന്മകളുടെ പ്രതിഫലം എന്തായിരിക്കുമെന്നവര്‍ ഭയക്കുന്നു!

നാമോ? ചെയ്തു പോയ തിന്മകളില്‍ പലതിനും ‘അലസമായെങ്കിലുമൊന്ന്’ അസ്തഗ്ഫിറുല്ലാഹ് -അല്ലാഹുവേ! പൊറുത്തു തരേണമേ- എന്ന് പറഞ്ഞിട്ടില്ല. അവയില്‍ പലതും അല്ലാഹുവെങ്ങനെ പൊറുത്തു തരാതിരിക്കും; ഞാന്‍ അഞ്ചു നേരം നിസ്കരിക്കുന്നവനാണല്ലോ എന്നാണ് നമ്മുടെ ചിന്ത!

എപ്പോഴെങ്കിലുമൊരിക്കല്‍ ചെറിയ കുറ്റബോധമെങ്കിലും തോന്നിയ തെറ്റുകളാകട്ടെ; ഇനിയൊരിക്കലും ചോദ്യം ചെയ്യപ്പെടില്ലെന്ന ഉറപ്പ് അവയില്‍ പലതിലും നമുക്കുള്ളത് പോലെ. ഇനിയൊരിക്കലും അതിനെ കുറിച്ച് നാമോര്‍മിപ്പിക്കപ്പെടില്ലെന്ന പോലെ. നമ്മുടെ ഏടുകളില്‍ വായിക്കില്ലെന്ന പോലെ.

ഭാവിയോ?

സലഫുകള്‍ അതിനെ കുറിച്ചോര്‍ത്ത് എത്ര തവണ വേവലാതിപ്പെട്ടിരിക്കുന്നു. അവരുടെ നേതാവ് -നമ്മുടെയും- റസൂലുല്ലാഹി -ﷺ- യുടെ പ്രാര്‍ഥനകളില്‍ പലപ്പോഴും അവിടുന്ന് പറഞ്ഞു കൊണ്ടിരുന്നു: ‘ഹൃദയങ്ങളെ മാറ്റിമറിക്കുന്ന അല്ലാഹുവേ! ഞങ്ങളുടെ ഹൃദയങ്ങളെ നിന്റെ ദീനില്‍ ഉറപ്പിച്ചു നിര്‍ത്തേണമേ!’

അവിടുത്തെ ജീവിതത്തില്‍ പൊട്ടിച്ചിരികളുണ്ടായില്ല. പുഞ്ചിരിക്കുമായിരുന്നു. എന്നാല്‍, അതിനെക്കാള്‍ അവിടുന്ന് കരഞ്ഞു. ചിലപ്പോള്‍ അവിടുത്തെ തിങ്ങിയ താടിരോമങ്ങള്‍ നനഞ്ഞു കുതിരുവോളം. നിന്ന് നിസ്കരിച്ച തറയില്‍ കണ്ണുനീര്‍ തളം കെട്ടുവോളം.

അവിടുന്ന് പറഞ്ഞു:

«وَاللَّهِ لَوْ تَعْلَمُونَ مَا أَعْلَمُ لَضَحِكْتُمْ قَلِيلًا وَلبَكَيْتُمْ كَثِيرًا»

“അല്ലാഹു സത്യം! ഞാനറിഞ്ഞത് നിങ്ങളറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ കുറച്ചു മാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു.”

പലരുടെയും മനസ്സ് തുടിക്കുന്നുണ്ടായിരിക്കാം. ‘ചിരിയും ഇസ്‌ലാമിലില്ലേ’ എന്ന് ചോദിക്കാന്‍. ‘മുസ്‌ലിമൊരിക്കലും സന്തോഷിക്കണ്ടേ’ എന്നാരായാന്‍. അവരോട് പറയട്ടെ:

സഹോദരാ! ചിരിയും ഇസ്‌ലാമിലുണ്ട്. അവര്‍ ചിരിച്ചിരുന്നു. നമുക്കും ചിരിക്കാം. എന്നാല്‍ കരച്ചിലോ? തേങ്ങലോ? അല്ലാഹുവിനെ ഭയന്നു കൊണ്ടുള്ള വിങ്ങലും വേദനയുമോ?

എത്ര നാളായി നമ്മുടെ നയനങ്ങള്‍ ഈറനണിഞ്ഞിട്ട്?

എത്ര വര്‍ഷങ്ങളായി നമ്മുടെ മുസ്വ്ഹഫിന്റെ പേജുകളില്‍ കണ്ണുനീര്‍ നനവ് തട്ടിയിട്ട്?

എത്രയെത്ര ദിനങ്ങള്‍.. മാസങ്ങള്‍.. വര്‍ഷങ്ങളും ആയുസ്സു മുഴുവന്‍ തന്നെയും..

അല്ലാഹ്..! അല്ലാഹ്…!

പരലോകം മറക്കേണ്ടതില്ല. കഴിഞ്ഞു പോയ തെറ്റുകളെയും വിസ്മരിക്കേണ്ടതില്ല. കാത്തിരിക്കുന്ന, കത്തിജ്വലിക്കുന്ന നരകാഗ്നികളെയും കണ്ടില്ലെന്ന് നടിക്കേണ്ട. നാമതിന് മുന്‍പില്‍ നില്‍ക്കുക തന്നെ ചെയ്യും. നമ്മുടെ റബ്ബിന് മുന്‍പില്‍ -ഇടയിലൊരു വിവര്‍ത്തകനില്ലാതെ; നേര്‍ക്കു നേര്‍- നാം സംസാരിക്കുക തന്നെ ചെയ്യും.

ആ ദിനങ്ങള്‍ക്ക് തയ്യാറെടുക്കുക!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment