അഥര്‍

قَالَ أَبُو مُسْلِمٍ الْخَوْلَانِيُّ: «أَرَأَيْتُمْ نَفْسًا إِنْ أَنَا أَكْرَمْتُهَا، وَنَعَّمْتُهَا، وَوَدَعْتُهَا، ذَمَّتْنِي غَدًا عِنْدَ اللَّهِ وَإِنْ أَنَا أَسْخَطْتُهَا وَأَنْصَبْتُهَا وَأَعْمَلْتُهَا رَضِيَتْ عَنِّي غَدًا» قَالُوا: مَنْ تِيكُمْ يَا أَبَا مُسْلِمٍ؟ قَالَ: «تِيكُمْ وَاللَّهِ نَفْسِي»

അര്‍ഥം

അബൂ മുസ്‌ലിം അല്‍-ഖൗലാനി -رَحِمَهُ اللَّهُ- പറഞ്ഞു: “ഒരാളെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? അയാളെ ഞാന്‍ ആദരിക്കുകയും, സുഖങ്ങള്‍ കൊണ്ട് മൂടുകയും, സ്വസ്ഥത നല്‍കുകയും ചെയ്താല്‍; നാളെ അല്ലാഹുവിന്റെ അടുക്കല്‍ അയാളെന്നെ കുറ്റപ്പെടുത്തും. എന്നാല്‍, അയാളെ ഞാന്‍ ദേഷ്യം പിടിപ്പിക്കുകയും, പ്രയാസപ്പെടുത്തുകയും, അയാളെ കൊണ്ട് പണിയെടുപ്പിക്കുകയും ചെയ്താലോ; നാളെ എന്നെ കുറിച്ച് അയാള്‍ തൃപ്തനായിരിക്കുകയും ചെയ്യും.”

കേട്ടവര്‍ ചോദിച്ചു: “അബൂ മുസ്‌ലിം! ആരാണ് ഇയാള്‍?!”

അദ്ദേഹം പറഞ്ഞു: “അത് -അല്ലാഹു സത്യം- എന്റെ മനസ്സ് തന്നെയാണ്.”

(മുഖ്തസ്വറുല്‍ ഹില്യ: 1/315)

വിശദീകരണം

അബൂ മുസ്‌ലിം അല്‍-ഖൗലാനി. താബിഈങ്ങളിലെ നേതാക്കന്മാരില്‍ എണ്ണപ്പെട്ട, ദുനിയാവിനോടുള്ള വിരക്തിയില്‍ അറിയപ്പെട്ട വ്യക്തിത്വങ്ങളില്‍ ഒരാള്‍.

സ്വന്തം മനസ്സിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ മനോഹരമായ വിലയിരുത്തലാണത്. അല്ല! നമ്മുടെ ഓരോരുത്തരുടെയും മനസ്സിന്റെ നേര്‍ചിത്രമാണിത്.

ഈ മനസ്സിന്റെ ആഗ്രഹങ്ങള്‍ക്ക് വേണ്ടിയാണ് നാം പലതും ചെയ്തു കൂട്ടുന്നത്. അതിക്രമങ്ങളും മ്ലേഛതകളും വൃത്തികേടുകളുമെല്ലാം മനസ്സിന്റെ കുറച്ചു നേരത്തേക്കുള്ള ആസ്വാദനത്തിനായി മാത്രം. അഹങ്കാരവും പൊങ്ങച്ചവും തന്‍പോരിമയുമെല്ലാം മനസ്സിന്റെ വിശപ്പു തീര്‍ക്കാനുള്ള ചില മാര്‍ഗങ്ങള്‍!

ഇബാദത്തുകളോട് അതിന് യാതൊരു താല്‍പര്യവുമില്ല. താഴ്ന്നു കൊടുക്കാനും പൊറുത്തു നല്‍കാനും വിനയം കാണിക്കാനും അത് ഏറെ പ്രയാസപ്പെടുന്നു. ബുദ്ധിമുട്ടുകളും വേദനകളും ഇസ്‌ലാമിന്റെ വഴിയില്‍ സഹിക്കുമ്പോഴേക്ക് അത് അസ്വസ്ഥമാവുകയും മടി കാണിക്കുകയും ചെയ്യുന്നു.

എന്നാല്‍, എത്ര മാത്രം മനസ്സിനെ വെറുപ്പിക്കുകയും, നന്മയുടെ വഴികളിലേക്ക് നിര്‍ബന്ധിച്ച്, ചാട്ട കൊണ്ടടിച്ച് തെളിക്കുന്നതു പോലെ അതിനെ നാം പറഞ്ഞയക്കുന്നോ; അത്ര മാത്രം നാളെ അത് നമ്മെ പുകഴ്ത്തും. പ്രശംസിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യും.

സ്വര്‍ഗത്തിന്റെ തണലുകളിലേക്ക് കാലുകള്‍ വെക്കുമ്പോഴെല്ലാം അത് ആശ്വാസം കൊണ്ട് നിറഞ്ഞു നില്‍ക്കുകയും, സന്തോഷത്തില്‍ മുഴുകി നില്‍ക്കുകയും ചെയ്യും. തന്നെ പ്രയാസപ്പെടുത്തിയതിന് മനസ്സ് -നാളെ- നല്‍കുന്ന സമ്മാനം!

എന്നാല്‍; അതിന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റി നല്‍കിയാലോ? വേണ്ടതെല്ലാം ഒരുക്കി വെച്ചാലോ? വേദനയും പ്രയാസങ്ങളും അറിയിക്കാതെ, ‘പൊന്നു പോലെ’ ലാളിച്ചാലോ? നാളെ! -അത്ഭുതം തന്നെ- അത് നമ്മെ കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്യും. നീയെന്തൊരു വിഡ്ഢിയായിരുന്നുവെന്ന് ആക്ഷേപിക്കുകയും വിലപിക്കുകയും ചെയ്യും!

അതിനാല്‍ -ഹേ ബുദ്ധിയുള്ള മനുഷ്യാ- നിന്റെ മനസ്സിന്റെ തേട്ടങ്ങളെ പൂര്‍ണമായി വിശ്വസിക്കാതിരിക്കുക! അത് നിന്നെ വഞ്ചിക്കുകയും കയ്യൊഴിയുകയും ചെയ്യുമെന്നറിയുക! നിന്നോടൊപ്പം കുറ്റങ്ങളേറ്റെടുക്കാന്‍ പോലും അവന്‍ നിന്നോടൊപ്പം നില്‍ക്കില്ലെന്നുമോര്‍ക്കുക!

നബി -ﷺ- യുടെ ഹദീഥ് ഓര്‍ക്കുക:

«حُجِبَتِ النَّارُ بِالشَّهَوَاتِ، وَحُجِبَتِ الجَنَّةُ بِالمَكَارِهِ»

“നരകം ദേഹേഛകള്‍ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു; സ്വര്‍ഗം വെറുക്കപ്പെട്ടവ കൊണ്ടും പൊതിയപ്പെട്ടിരിക്കുന്നു.”

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment