ഫിത്വര്‍ സകാത്ത് കുടുംബത്തില്‍ പെട്ട ദരിദ്രര്‍ക്ക് നല്‍കുന്നത് അനുവദനീയമാണ്. അല്ല! ഇത്തരം ദാനധര്‍മ്മങ്ങള്‍ കുടുംബബന്ധമില്ലാത്തവര്‍ക്ക് നല്‍കുന്നതിനെക്കാള്‍ ശ്രേഷ്ഠം ബന്ധമുള്ളവര്‍ക്ക് നല്‍കുന്നതാണ്. കാരണം അതില്‍ ദാനവും കുടുംബബന്ധം ചേര്‍ക്കലും ഉണ്ട്. എന്നാല്‍ ഈ പറഞ്ഞത് ഒരു നിബന്ധനയോട് കൂടെയാണ്. ഇങ്ങനെ ദാനം നല്‍കപ്പെടുന്ന കുടുംബക്കാര്‍ സകാത് നല്‍കുന്ന വ്യക്തിയുടെ മേല്‍ ചിലവ് ബാധ്യതയുള്ളവരില്‍ പെട്ടവരാകരുത്. അത് -ഒരു നിലക്ക്- സ്വന്തം സ്വത്ത് സംരക്ഷിക്കാനുള്ള തന്ത്രമായാണ് മാറുക.ചുരുക്കത്തില്‍ കുടുംബത്തിലുള്ളവര്‍ക്ക് -മേല്‍ പറഞ്ഞ നിബന്ധനകള്‍ പാലിച്ചു കൊണ്ടാണെങ്കില്‍ ഫിത്വര്‍ സകാത്ത് നല്‍കാവുന്നതാണ്.

എന്നാല്‍ സാന്ദര്‍ഭികമായി ഓര്‍മ്മപ്പെടുത്തട്ടെ: കുടുംബത്തില്‍ പെട്ടവര്‍ ഭക്ഷണത്തിനും മറ്റു പ്രാഥമിക ആവശ്യങ്ങള്‍ക്കും അര്‍ഹരാണ് എന്ന് അറിഞ്ഞതിന് ശേഷവും അവരെ ശ്രദ്ധിക്കുകയോ പരിഗണിക്കുകയോ ചെയ്യാതെ റമദാനിന്റെ അവസാനത്തില്‍ ഒരു സ്വാഅ ഭക്ഷണവുമായി അവരുടെ അടുക്കല്‍ ചെല്ലുക എന്നത് ഒരു മുസ്‌ലിമിന് യോജിച്ച കാര്യമല്ല. മറിച്ച്, റമദാനിന്റെ ആരംഭം മുതല്‍ -അല്ല! കഴിയുമെങ്കില്‍ അതിന് മുന്‍പ് മുതല്‍ തന്നെ- അവരെ സഹായിക്കാനും അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും അവന്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment