ഫിത്വര്‍ സകാത് ആര്‍ക്കാണ് നല്‍കേണ്ടത് എന്നതില്‍ രണ്ട് അഭിപ്രായമുണ്ട്.

ഒന്ന്: സകാത് അവകാശപ്പെട്ട ആര്‍ക്കും ഫിത്വര്‍ സകാതും നല്‍കാം. ദരിദ്രര്‍ക്ക് നല്‍കുന്നത് പോലെ തന്നെ അടിമകള്‍ക്കും ഇസ്‌ലാമിനോട് അടുപ്പം കാണിക്കുന്നവര്‍ക്കും അത് നല്‍കാം.

രണ്ട്: കഫാറതായി നല്‍കപ്പെടുന്ന ദാനം അവകാശപ്പെട്ട ദരിദ്രര്‍ക്ക് മാത്രമേ ഫിത്വര്‍ സകാത് നല്‍കാന്‍ പാടുള്ളൂ. ഉദാഹരണത്തിന് സത്യം ചെയ്ത ശേഷം ലംഘിച്ചാല്‍ നല്‍കുന്ന കഫാറത്; അത് ദരിദ്രര്‍ക്ക് മാത്രമാണ് നല്‍കേണ്ടത്. സകാത് അവകാശമുള്ള എല്ലാവര്‍ക്കും അതില്‍ അവകാശമില്ല. അതു പോലെ തന്നെയാണ് സകാതുല്‍ ഫിത്വറും.

ഈ അഭിപ്രായത്തിനാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം, ശൈഖ് ഇബ്‌നു ബാസ്, ഇബ്‌നു ഉസൈമീന്‍ -رَحِمَهُ اللَّهُ- തുടങ്ങിയവരെല്ലാം മുന്‍ഗണന നല്‍കിയിട്ടുള്ളത്.

ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “നബി -ﷺ- സകാതുല്‍ ഫിത്വര്‍ ദരിദ്രര്‍ക്ക് പ്രത്യേകമായി നല്‍കുകയാണ് ചെയ്തിരുന്നത്. സകാത്തിന് അവകാശമുള്ള എട്ടു വിഭാഗക്കാര്‍ക്കും അവിടുന്നു അത് വീതിച്ചു നല്‍കിയിരുന്നില്ല. അങ്ങനെ ചെയ്യാന്‍ അവിടുന്ന് കല്‍പ്പിക്കുകയുമുണ്ടായില്ല. സ്വഹാബികളില്‍ ആരെങ്കിലുമോ, അവര്‍ക്ക് ശേഷം വന്നവരോ അപ്രകാരം ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ദരിദ്രര്‍ക്ക് മാത്രമേ സകാതുല്‍ ഫിത്വര്‍ നല്‍കാന്‍ പാടുള്ളൂ എന്ന അഭിപ്രായമാണ് നമ്മുടെ പക്കല്‍ ഏറ്റവും ശക്തമായിട്ടുള്ളത്.” (സാദുല്‍ മആദ്: 2/22)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment