വലതു കൈ കൊണ്ട് മലമൂത്ര വിസർജനം വൃത്തിയാകുന്നതിന്റെ വിധി എന്താണെന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.
ഒന്നാമത്തെ അഭിപ്രായം: വലതു കൈ കൊണ്ട് മലമൂത്ര വിസർജനം ശുദ്ധീകരിക്കുന്നത് വെറുക്കപ്പെട്ട മക്റൂഹായ കാര്യമാണ്. നാല് മദ്‌ഹബുകളും ഈ അഭിപ്രായത്തിൽ ഒരുമിച്ചിരിക്കുന്നു. [1]
രണ്ടാമത്തെ അഭിപ്രായം: വലതു കൈ കൊണ്ട് മലമൂത്ര വിസർജനം ശുദ്ധീകരിക്കുന്നത് തീർത്തും ഉപേക്ഷിക്കേണ്ട നിഷിദ്ധമായ ഹറാമിൽ പെടുന്ന കാര്യമാണ്. ശാഫിഈ മദ്‌ഹബിലെ അഭിപ്രായങ്ങളിലൊന്ന് ഇപ്രകാരമാണ്. ഇമാം ഇബ്‌നു അബ്ദിൽ ബർറ്, ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ശൗകാനി, ഇബ്‌നു ബാസ് -رَحِمَهُ اللَّهُ- തുടങ്ങിയവർ ഈ അഭിപ്രായത്തിനാണ് മുൻഗണന നൽകിയിട്ടുള്ളത്. [2]
ഈ വിഷയത്തിൽ തെളിവായി പരിഗണിക്കപ്പെട്ട ഹദീഥുകൾ താഴെ നൽകാം.
عَنْ سَلْمَانَ رَضِيَ اللَّهُ عَنْهُ قَالَ: « … نَهَانَا أَنْ نَسْتَقْبِلَ القِبْلَةَ لِغَائِطٍ أَوْ بَوْلٍ، أَوْ أَنْ نَسْتَنْجِيَ بِاليَمِينِ، أَوْ أَنْ نَسْتَنْجِيَ بِأَقَلَّ مِنْ ثَلَاثَةِ أَحْجَارٍ، أَوْ أَنْ نَسْتَنْجِيَ بِرَجِيعٍ أَوْ بعَظْمٍ»
സൽമാൻ -رَضِيَ اللَّهُ عَنْهُ- പറയുന്നു: “മല മൂത്ര വിസർജന വേളയിൽ ഖിബ്‌ലക്ക് നേരെ തിരിഞ്ഞിരിക്കുന്നതും, വലതു കൈ കൊണ്ട് ശുദ്ധീകരിക്കുന്നതും, (മലമൂത്ര വിസർജനം) ശുദ്ധീകരിക്കാൻ മൂന്നിൽ കുറഞ്ഞ കല്ലുകൾ ഉപയോഗിക്കുന്നതും, എല്ലോ കാഷ്ഠമോ കൊണ്ട് ശുദ്ധീകരിക്കുന്നതും നബി -ﷺ- ഞങ്ങളോട് വിലക്കിയിരിക്കുന്നു.” (മുസ്‌ലിം: 262)
عَنْ أَبِي قَتَادَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِذَا بَالَ أَحَدُكُمْ فَلَا يَأْخُذَنَّ ذَكَرَهُ بِيَمِينِهِ، وَلَا يَسْتَنْجِيَ بِيَمِينِهِ، وَلَا يَتَنَفَّسْ فِي الإِنَاءِ»
അബൂ ഖതാദ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “മൂത്രമൊഴിച്ചാൽ തന്റെ ഗുഹ്യാവയവം നിങ്ങളാരും വലതു കൈ കൊണ്ട് പിടിക്കരുത്. തന്റെ വലതു കൈ കൊണ്ട് അവൻ (മലമൂത്ര വിസർജനം) ശുദ്ധീകരിക്കുകയുമരുത്.” (ബുഖാരി: 154, മുസ്‌ലിം: 267)
മേലെ നൽകിയ രണ്ട് ഹദീഥുകളിലും നബി -ﷺ- വലതു കൈ കൊണ്ട് ശുദ്ധീകരിക്കുന്നത് വിലക്കിയതായി കാണാം. ഹദീഥുകളിലെ വിലക്കിന്റെ പ്രയോഗം ഹറാമിനെയാണോ മക്റൂഹിനെയാണോ അറിയിക്കുന്നത് എന്നതിലുള്ള അഭിപ്രായവ്യത്യാസമാണ് രണ്ട് വ്യത്യസ്ത വീക്ഷണങ്ങൾ ഈ വിഷയത്തിൽ ഉടലെടുത്തതിന്റെ പിന്നിലെ കാരണം.
പൊതുവെ നബി -ﷺ- ഒരു കാര്യം വിലക്കിയാൽ അത് ഹറാമിനെയാണ് അറിയിക്കാറുള്ളത് എന്നതാണ് അടിസ്ഥാനം. അതിൽ വ്യത്യാസമുള്ളതായി അറിയിക്കുന്ന പ്രത്യേകിച്ചൊരു തെളിവും വേറെ വന്നിട്ടില്ലാത്തതിനാൽ വലതു കൈ കൊണ്ട് ശുദ്ധീകരിക്കുന്നത് ഹറാമാണെന്ന് തന്നെയാണ് മനസ്സിലാകുന്നത്. വല്ലാഹു അഅ്ലം. (മിർആതുൽ മഫാതീഹ് / മുബാറക്ഫൂരീ: 2/50)
സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ: ഒരാളുടെ ഇടതു കൈ ഒടിയുകയോ, അതിലെ എല്ലിന് പൊട്ടൽ സംഭവിക്കുകയോ, മറ്റെന്തെങ്കിലും രോഗം ബാധിക്കുകയോ ചെയ്താൽ വലതു കൈ കൊണ്ട് ശുദ്ധീകരിക്കുന്നത് അനുവദനീയമാകുന്നതാണ്. (മജ്മൂഉ ഫതാവാ / ഇബ്‌നു ബാസ്: 12/237)
[1] الحنفية: الهداية للميرغيناني (1/38)، وينظر: بدائع الصنائع للكاساني (1/19).
المالكية: الكافي لابن عبدِ البَرِّ (1/160)، وينظر: بداية المجتهد لابن رشد (1/87).
الشافعية: المجموع للنووي (2/ 109)، وينظر: الأم للشافعي (1/36)، الحاوي الكبير للماوردي (1/164).
الحنابلة: شرح منتهى الإرادات للبهوتي (1/34)، كشاف القناع للبهوتي (1/61).
[2] ابن عبد البر: الاستذكار (8/342)، الكافي في فقه أهل المدينة (1/160).
ابن تيمية: تقله الماوردي في الإنصاف (8/241).
الشوكاني: نيل الأوطار (1/79).
ابن باز: مجموع فتاوى ابن باز (12/237- 238).