മസ്ജിദിൽ മൂത്രമൊഴിക്കുകയോ മലവിസർജനം നടത്തുകയോ ചെയ്യുന്നത് ഹറാമാണ് എന്നതിൽ സംശയമില്ല. നാല് കർമ്മശാസ്ത്ര മദ്ഹബുകളും ഇക്കാര്യത്തിൽ ഏകോപിച്ചിരിക്കുന്നു. [1] ഇക്കാര്യത്തിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമാണ് ഉള്ളതെന്ന് ഇബ്നു ഹസ്മ് -رَحِمَهُ اللَّهُ- അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. [2]
«إِنَّ هَذِهِ الْمَسَاجِدَ لَا تَصْلُحُ لِشَيْءٍ مِنْ هَذَا الْبَوْلِ، وَلَا الْقَذَرِ إِنَّمَا هِيَ لِذِكْرِ اللَّهِ عَزَّ وَجَلَّ، وَالصَّلَاةِ وَقِرَاءَةِ الْقُرْآنِ»
നബി -ﷺ- യുടെ മസ്ജിദിൽ ഒരു ഗ്രാമീണനായ അറബി മൂത്രമൊഴിക്കുകയും, തുടർന്നുണ്ടാവുകയും ചെയ്ത സംഭവങ്ങൾ ഏറെ പ്രസിദ്ധമാണ്. അദ്ദേഹത്തെ ഉപദേശിച്ചു കൊണ്ട് നബി -ﷺ- പറഞ്ഞു: “മസ്ജിദുകൾ; ഇവിടങ്ങളിൽ ഇങ്ങനെ മൂത്രമോ മറ്റെന്തെങ്കിലും മാലിന്യമോ യോജിക്കുകയില്ല. അല്ലാഹുവിനെ സ്മരിക്കുന്നതിനും, നിസ്കാരത്തിനും, ഖുർആൻ പാരായണത്തിനും മാത്രമാണ് മസ്ജിദുകൾ.” ഇത്രയും പറഞ്ഞ ശേഷം നബി -ﷺ- ഒരാളോട് ആ മൂത്രത്തിന് മേൽ വെള്ളമൊഴിച്ച് കഴുകാൻ കൽപ്പിക്കുകയും ചെയ്തു. (ബുഖാരി: 6025, മുസ്ലിം: 284)
عَنْ أَنَسِ بْنِ مَالِكٍ قَالَ: قَالَ النَّبِيُّ -ﷺ-: «البُزَاقُ فِي المَسْجِدِ خَطِيئَةٌ وَكَفَّارَتُهَا دَفْنُهَا»
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “മസ്ജിദിൽ കഫം ആക്കുക എന്നത് തിന്മയാണ്. അത് (മണ്ണു കൊണ്ട്) മൂടുക എന്നതാണ് അതിനുള്ള പ്രായശ്ചിത്തം.)” (ബുഖാരി: 415, മുസ്ലിം: 552)
കഫം എന്നത് നജസായ വസ്തുവല്ല; എങ്കിൽ കൂടി അത് മസ്ജിദിൽ നിന്ന് നീക്കം ചെയ്യുക എന്നത് നിർബന്ധമാണെന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. എങ്കിൽ നജസായ മൂത്രവും മലവുമെല്ലാം മസ്ജിദിൽ നിന്ന് തീർത്തും മാറ്റിനിർത്താൻ ശ്രദ്ധിക്കുകയും സൂക്ഷിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ബോധ്യപ്പെടാവുന്നതേയുള്ളൂ.
ഇത്രയും പറഞ്ഞത് മസ്ജിദുകളിൽ മൂത്രമൊഴിക്കുകയോ മല വിസർജനം നടത്തുകയോ പാടില്ലെന്ന് അറിയിക്കുന്നതിനാണ്. ഇനി ചോദ്യത്തിൽ പരാമർശിക്കപ്പെട്ട കാര്യത്തിലേക്ക് വരാം. തുടർച്ചയായി മൂത്രം വന്നു കൊണ്ടിരിക്കുന്ന രോഗം ബാധിച്ചവർക്ക് മസ്ജിദിൽ പ്രവേശിക്കുന്നത് അനുവദനീയമാണ്. എന്നാൽ തന്റെ ശരീരത്തിലോ വസ്ത്രത്തിലോ മൂത്രം പരക്കുന്നത് തടയുന്ന രൂപത്തിൽ എന്തെങ്കിലും കോട്ടണോ മറ്റോ ധരിച്ച ശേഷമേ അവർ മസ്ജിദിലേക്ക് പ്രവേശിക്കാവൂ. തുടർച്ചയായ രക്തസ്രാവമുള്ള (ആർത്തവമല്ല രക്തസ്രാവം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക) സ്ത്രീകളും മസ്ജിദിൽ പ്രവേശിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം.
[1] الحنفية: حاشية ابن عابدين (2/445)، وينظر: بدائع الصنائع للكاساني (2/115).
المالكية: مواهب الجليل للحطاب (3/408)، التاج والإكليل للمواق (1/317).
الشافعية: المجموع للنووي (2/92)، مغني المحتاج للشربيني (1/42).
الحنابلة: الفروع لابن مفلح (5/163)، كشاف القناع للبهوتي (1/107).
[2] المحلى: 3/428.