മറ്റുള്ളവരുടെ കാഴ്ച്ചയിൽ നിന്ന് മറക്കേണ്ട ഭാഗങ്ങളായ ഔറതുകൾ മറക്കുക എന്നത് നിർബന്ധമാണ്. ഇക്കാര്യം പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രായമുള്ള കാര്യമാണെന്ന് ജസാസ്, ഇബ്‌നു അബ്ദിൽ ബർറ്, ഇബ്‌നു റുശ്ദ്, ഇബ്‌നു റജബ് തുടങ്ങിയ അനേകം പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. [1] ഇതിനുള്ള തെളിവ് വിശുദ്ധ ഖുർആനിലെ ആയത്തുകളും നബി -ﷺ- യുടെ ഹദീഥുകളുമാണ്.

അല്ലാഹു പറയുന്നു:

قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ

“(നബിയേ,) നീ വിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക.” (നൂർ: 30)

ആയത്തിൽ പരാമർശിക്കപ്പെട്ട, ഗുഹ്യാവയം സംരക്ഷിക്കുക എന്നതിന്റെ ഭാഗമാണ് ഗുഹ്യസ്ഥാനത്തേക്ക് മറ്റുള്ളവർ നോക്കുന്നതിൽ നിന്ന് അതിനെ സംരക്ഷിക്കുക എന്നത്. (തഫ്സീർ ഇബ്നി കഥീർ: 6/42)

عَنْ أَبِي سَعِيدٍ الْخُدْرِيِّ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «لَا يَنْظُرُ الرَّجُلُ إِلَى عَوْرَةِ الرَّجُلِ، وَلَا الْمَرْأَةُ إِلَى عَوْرَةِ الْمَرْأَةِ»

അബൂ സഈദ് അൽ ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ഒരു പുരുഷന്റെ ഗുഹ്യസ്ഥാനത്തേക്ക് മറ്റൊരു പുരുഷൻ നോക്കിക്കൂടാ. ഒരു സ്ത്രീയുടെ ഗുഹ്യസ്ഥാനത്തേക്ക് മറ്റൊരു സ്ത്രീയും നോക്കിക്കൂടാ.” (മുസ്‌ലിം: 338)

[1]  أحكام القرآن للجصاص: 4/203، الاستذكار لابن عبد البر: 2/196، بداية المجتهد لابن رشد: 1/114، فتح الباري لابن رجب: 2/171.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: