വിസർജനസ്ഥലത്ത് നിന്ന് പുറത്തു വരുമ്പോൾ ഇപ്രകാരമാണ് പറയേണ്ടത്.

«غُفْرَانَكَ»

(അർത്ഥം: (അല്ലാഹുവേ!) നിന്നോട് ഞാൻ പൊറുക്കൽ തേടുന്നു.)

عَنْ عَائِشَةَ قَالَتْ: كَانَ النَّبِيُّ -ﷺ- إِذَا خَرَجَ مِنَ الْخَلَاءِ، قَالَ: «غُفْرَانَكَ»

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- വിസർജനസ്ഥലത്ത് നിന്ന് പുറത്തു വന്നാൽ ഇപ്രകാരം പറയുമായിരുന്നു:

«غُفْرَانَكَ»

ശൈഖ് ഇബ്‌നു ഉഥൈമീൻ -رَحِمَهُ اللَّهُ- പറയുന്നു: “വിസർജന സ്ഥലത്ത് നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് ഇത് ചൊല്ലേണ്ടത്. വെളിപ്രദേശത്താണെങ്കിൽ അവൻ ഇരുന്ന് മൂത്രമൊഴിച്ച സ്ഥലത്ത് നിന്ന് മാറിയാൽ ഈ പ്രാർത്ഥന ചൊല്ലുകയാണ് വേണ്ടത്.” (ശർഹുൽ മുംതിഅ്: 1/104-105)

മല മൂത്ര വിസർജനം കഴിഞ്ഞ ശേഷം അല്ലാഹുവിനോട് പൊറുക്കൽ തേടുന്നതിന്റെ പിന്നിലുള്ള യുക്തിയെന്താണ് എന്നതിൽ പണ്ഡിതന്മാർക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ചിലർ പറഞ്ഞു: ഭക്ഷണവും വെള്ളവും കഴിക്കാൻ അല്ലാഹു സൗകര്യം നൽകിയതിനൊപ്പം, അതിന്റെ അവിശിഷ്ടങ്ങൾ പുറത്തു പോകുന്നത് വരെ ആ ഭക്ഷണപാനീയങ്ങൾ ശരീരത്തിന് ശക്തി പകർന്നു കൊണ്ട് അല്ലാഹു നിലനിർത്തി. ഇതിനെല്ലാം പൂർണ്ണമായ രൂപത്തിൽ നന്ദിയർപ്പിക്കാൻ മനുഷ്യർക്ക് സാധ്യമേയല്ല. അല്ലാഹുവിന്റെ ഈ അനുഗ്രഹത്തിന് അനുയോജ്യമായ നിലക്ക് നന്ദിയർപ്പിക്കാൻ കഴിയുന്നില്ല എന്ന കുറവ് തിരിച്ചറിഞ്ഞു കൊണ്ടെന്നോണമാണ് ഈ സന്ദർഭത്തിൽ അല്ലാഹുവിനോട് പൊറുക്കൽ ചോദിക്കുന്നത്. വല്ലാഹു അഅ്ലം. (ശർഹു ഹിസ്വ് നിൽ മുസ്‌ലിം: 65)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: