മല വിസർജനം നടത്തുകയോ, മൂത്രമൊഴിക്കുകയോ ചെയ്ത ശേഷം അവ ശുദ്ധീകരിക്കുന്നതിന് മുൻപ് വുദു എടുക്കുന്നത് അനുവദനീയമാണ്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇപ്രകാരമാകുന്നു. ഹനഫീ മദ്ഹബിലെയും, മാലികീ മദ്ഹബിലെയും, ശാഫിഈ മദ്ഹബിലെയും അഭിപ്രായം ഇപ്രകാരമാണ്. ഇമാം അഹ്മദിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട അഭിപ്രായങ്ങളിൽ ഒന്നും ഇപ്രകാരമാണ്. [1] എന്നാൽ വുദു എടുക്കുന്നതിന് മുൻപ്, ആദ്യം മല മൂത്ര വിസർജ്യങ്ങൾ ശുദ്ധീകരിക്കുന്നതാണ് കൂടുതൽ നല്ലതും സൂക്ഷ്മതയുള്ളതും എന്നതിൽ സംശയമില്ല.
വുദുവിന് മുൻപ് മല മൂത്ര വിസർജ്യം ശുദ്ധീകരിക്കുന്നത് നിർബന്ധമില്ല എന്ന അഭിപ്രായമാണ് ശരി എന്ന് പറയുന്നതിനുള്ള കാരണങ്ങൾ ഇവയാണ്:
1- വുദുവിന് മുൻപ് മല മൂത്ര വിസർജ്യങ്ങൾ ശുദ്ധീകരിക്കുക എന്നത് നിർബന്ധമാണ് എന്നറിയിക്കുന്ന തെളിവുകളുടെ അഭാവം.
2- നിസ്കാരം ശരിയാകാനുള്ള നിബന്ധനകളിൽ (ശുറൂത്വുസ്വലാത്) നജസ് ശുദ്ധീകരിക്കണം എന്നത് ഉണ്ടെങ്കിലും, അത് വുദുവിന് മുൻപായിരിക്കണം എന്നില്ല.
3- നജസ് നീങ്ങുക എന്നതാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്. നിസ്കാരത്തിന് മുൻപ് എപ്പോൾ നജസ് ശുദ്ധീകരിച്ചാലും അത് ശരിയാകുന്നതാണ്. ഉദാഹരണത്തിന് വുദുവെടുത്ത ശേഷം ഒരാളുടെ വയറ്റിന് മുകളിൽ നജസ് കാണപ്പെടുകയും, അത് അയാൾ വുദുവിന് ശേഷം ശുദ്ധീകരിക്കുകയും ചെയ്താൽ അയാളുടെ നിസ്കാരം ശരിയാണ്. ഇതു പോലെ തന്നെയാണ് ഗുഹ്യസ്ഥാനങ്ങളിലൂടെ വന്ന നജസിന്റെ കാര്യവും.
[1] الحنفية: حاشية ابن عابدين: 1/108، وينظر: المحيط البرهاني لابن مازة: 1/43.
المالكية: حاشية العدوي على كفاية الطالب الرباني: 1/172.
الشافعية: المجموع للنووي: 2/97.
رواية عن أحمد: المغني لابن قدامة: 1/82، الشرح الكبير لشمس الدين ابن قدامة: 1/99، وقالا: إنَّها الأصحُّ.