വുദൂവിൽ തല തടവേണ്ട സുന്നത്തായ രൂപം താഴെ പറയുന്നതാണ്.
1- രണ്ട് കൈകളും വെള്ളം കൊണ്ട് നനച്ച ശേഷം തലയുടെ ആരംഭത്തിൽ വെക്കുക.
2- ശേഷം അവിടെ നിന്ന് തലയുടെ പിൻഭാഗം വരെ -പിരടി വരെ- കൊണ്ടു പോവുക.
3- അതിന് ശേഷം അവിടെ നിന്ന് തല തടവൽ ആരംഭിച്ച സ്ഥലം വരെ തിരിച്ചു കൊണ്ടു പോവുക.
4- ഇത് ഒരു തവണ മാത്രം ചെയ്യുക.
ഈ പറഞ്ഞതിനുള്ള തെളിവ് അബ്ദുല്ലാഹി ബ്നു സൈദ് -رَضِيَ اللَّهُ عَنْهُ- വിന്റെ വുദൂഅ് വിശദീകരിക്കുന്ന ഹദീഥാണ്.
عَنْ عَبْدِ اللَّهِ بْنِ زَيْدٍ قَالَ: «أَتَى رَسُولُ اللَّهِ -ﷺ-، فَأَخْرَجْنَا لَهُ مَاءً فِي تَوْرٍ مِنْ صُفْرٍ فَتَوَضَّأَ، فَغَسَلَ وَجْهَهُ ثَلاَثًا، وَيَدَيْهِ مَرَّتَيْنِ مَرَّتَيْنِ، وَمَسَحَ بِرَأْسِهِ، فَأَقْبَلَ بِهِ وَأَدْبَرَ، وَغَسَلَ رِجْلَيْهِ» وَفِي رِوَايَةٍ: «فَأَقْبَلَ بِهِمَا وَأَدْبَرَ، بَدَأَ بِمُقَدَّمِ رَأْسِهِ حَتَّى ذَهَبَ بِهِمَا إِلَى قَفَاهُ، ثُمَّ رَدَّهُمَا إِلَى المَكَانِ الَّذِي بَدَأَ مِنْهُ، ثُمَّ غَسَلَ رِجْلَيْهِ»
അബ്ദുല്ലാഹി ബ്നു സൈദ് -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ വുദൂഅ് വിശദീകരിച്ചു കൊണ്ട് പറയുന്നു: ” … ശേഷം അവിടുന്ന് തന്റെ തല തടവുകയും, (തന്റെ കൈ തലയുടെ) മുന്നോട്ടും പിന്നോട്ടും കൊണ്ടുവരികയും ചെയ്തു.” (ബുഖാരി: 197, മുസ്ലിം: 235)
ചില നിവേദനങ്ങളിൽ ഇപ്രകാരമാണുള്ളത്: “ശേഷം നബി -ﷺ- തന്റെ രണ്ട് കൈകളും (തലയുടെ) മുന്നോട്ടും പിന്നോട്ടും കൊണ്ടുവന്നു. അവിടുന്ന് തന്റെ തലയുടെ മുൻഭാഗം മുതൽ ആരംഭിക്കുകയും, ശേഷം തന്റെ പിരടി വരെ രണ്ട് കൈകളും കൊണ്ടു പോവുകയും, പിന്നീട് അവ രണ്ടും ആരംഭിച്ച ഇടത്തേക്ക് തന്നെ തിരിച്ചു കൊണ്ടു വരികയും ചെയ്തു.” (ബുഖാരി: 185, മുസ്ലിം: 235)
ഇമാം നവവി -رَحِمَهُ اللَّهُ- പറയുന്നു: “ഇത് (മേലെ വിവരിക്കപ്പെട്ട രൂപം) സുന്നത്താണെന്നതിൽ പണ്ഡിതന്മാർക്കിടയിൽ പൊതുവെ യോജിപ്പുണ്ട്. തല മുഴുവൻ തടവാൻ സാധിക്കുന്ന -വെള്ളം മുഴുവൻ തലമുടിയിലേക്കും എത്താൻ സഹായിക്കുന്ന- രൂപമാണിത്.” (ശർഹുന്നവവി: 3/123)