ശുദ്ധിയുമായി ബന്ധപ്പെട്ട നിയമങ്ങൾ പ്രതിപാദിച്ചു കൊണ്ടാണ് ഇസ്ലാമിക കർമ്മശാസ്ത്രം ആരംഭിക്കുന്നതെന്ന് നാം പറഞ്ഞു കഴിഞ്ഞു. എന്നാൽ കേവലം കർമ്മപരമായ ശുദ്ധി മാത്രമേ ഇസ്ലാം പഠിപ്പിക്കുന്നുള്ളൂ എന്ന് ആരും അതിൽ നിന്ന് തെറ്റിദ്ധരിച്ചു കൂടാ.
ഒരു മുസ്ലിമിന് ഉണ്ടായിരിക്കേണ്ട ശുദ്ധിയെ രണ്ടായി തിരിക്കാം.
ഒന്ന്: ആന്തരികമായ ശുദ്ധി (الطَّهَارَةُ البَاطِنَةُ).
അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളിൽ നിന്നെല്ലാം ഹൃദയത്തെ ശുദ്ധീകരിക്കുകയും, അതിലൂടെ തന്റെ വ്യക്തിജീവിതം പരിശുദ്ധമാക്കുകയും ചെയ്യുക എന്നതാണ് ആന്തരികമായ ശുദ്ധി എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഇസ്ലാമിലെ ഏറ്റവും ഗുരുതരമായ തിന്മ ശിർകാണ്; അല്ലാഹുവിനോട് അവന്റെ സൃഷ്ടികളെ പങ്കുകാരാക്കുക എന്ന ഈ തിന്മയിൽ നിന്ന് ശുദ്ധിയാകാത്ത ഹൃദയത്തിൽ നിന്ന് ഒരു നന്മയും അല്ലാഹു സ്വീകരിക്കുന്നതല്ല. ഇക്കാരണത്താലാണ് അല്ലാഹു ബഹുദൈവാരാധകരെ നജസ് (മാലിന്യം) എന്ന് വിശേഷിപ്പിച്ചത്.
അല്ലാഹു പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْمُشْرِكُونَ نَجَسٌ
“(അല്ലാഹുവിൽ) വിശ്വസിച്ചവരേ! ബഹുദൈവാരാധകർ അശുദ്ധര് തന്നെയാകുന്നു.” (തൗബ: 28)
അല്ലാഹുവിലുള്ള വിശ്വാസം നിറഞ്ഞു നിൽക്കുകയും, അവന്റെ ഏകത്വം ദൃഢതയോടെ ഉൾക്കൊള്ളുകയും ചെയ്ത മുഅ്മിനാകട്ടെ, ഒരിക്കലും മാലിന്യമാവുകയുമില്ല.
عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- أَنَّ النَّبِيَّ -ﷺ- قَالَ: «إنَّ المؤمِنَ لا يَنجُسُ»
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “തീർച്ചയായും മുഅ്മിൻ മലിനമാവുകയില്ല.” (ബുഖാരി: 285, മുസ്ലിം: 371)
ഇതോടൊപ്പം അല്ലാഹു വിലക്കിയ മറ്റെല്ലാ തിന്മകളിൽ നിന്നും അവൻ തന്റെ മനസ്സിനെ ശുദ്ധീകരിക്കേണ്ടതുണ്ട്. അല്ലാഹുവിനോടും റസൂലിനോടുമുള്ള ധിക്കാരമനോഭാവവും, അല്ലാഹുവിന്റെ ദാസന്മാരോട് പകയും അസൂയയും മനസ്സിൽ സൂക്ഷിക്കുന്നതും വെടിഞ്ഞാൽ മാത്രമേ ഹൃദയം ശുദ്ധിയോടെ നിലകൊള്ളുകയുള്ളൂ. വഞ്ചനയും അഹങ്കാരവും ലോകമാന്യവും പ്രശസ്തിയോടുള്ള ആഗ്രഹവുമെല്ലാം ഹൃദയത്തെ മലിനമാക്കുന്ന മാലിന്യങ്ങളത്രെ.
ഇവയെല്ലാം ശുദ്ധീകരിക്കാൻ ഏറ്റവും എളുപ്പമുള്ള വഴി അല്ലാഹുവിലേക്ക് നിഷ്കളങ്കമായി പശ്ചാത്തപിച്ചു മടങ്ങുക എന്നതാണ്. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയും, അവന്റെ ഗ്രന്ഥമായ ഖുർആൻ പഠിക്കുന്നതും, നന്മകൾ അധികരിപ്പിക്കുന്നതുമെല്ലാം ഹൃദയത്തിന്റെ ശുദ്ധി വർദ്ധിപ്പിക്കുന്നതാണ്.
രണ്ട്: ബാഹ്യമായ ശുദ്ധി (الطَّهَارَةُ الحِسِّيَّةُ)
കർമ്മശാസ്ത്ര അദ്ധ്യായങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ശുദ്ധി ബാഹ്യമായ ശുദ്ധിയാണ്. വുദുവെടുക്കുന്നതും, കുളിക്കുന്നതും, തയമ്മും ചെയ്യുന്നതുമെല്ലാം ബാഹ്യമായ ശുദ്ധി നേടുന്നതിനാണ്. ശരീരവും വസ്ത്രവും നിസ്കാരസ്ഥലവും നജസിൽ നിന്ന് ശുദ്ധീകരിക്കുന്നതും ഇതിന്റെ ഭാഗം തന്നെ. [1]
[1] الشرح الممتع: 1/25، صلاة المؤمن: 1/6-7.