ഈമാനുണ്ടായിരിക്കണം എന്നത് സ്വർഗത്തിൽ പ്രവേശിക്കാനുള്ള ഒന്നാമത്തെ നിബന്ധനയാണ്. കടുകുമണിയോളം ഈമാൻ ഒരാളുടെ ഹൃദയത്തിലുണ്ടെങ്കിൽ അയാൾ നരകത്തിൽ ശാശ്വതനാവില്ല എന്ന് നബി -ﷺ- അറിയിച്ചിട്ടുമുണ്ട്.
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «لَا يَدْخُلُ النَّارَ مَنْ كَانَ فِي قَلْبِهِ مِثْقَالُ حَبَّةٍ مِنْ خَرْدَلٍ مِنْ إِيمَانٍ»
നബി -ﷺ- പറഞ്ഞു: “ഹൃദയത്തിൽ ഒരു കടുകു മണിയോളം ഈമാനുള്ളവൻ നരകത്തിൽ (ശാശ്വതനായി) പ്രവേശിക്കുകയില്ല.” (ഇബ്നു മാജ: 4173, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)
ഈമാനിന്റെ ആദ്യത്തെ ഭാഗവും ഏറ്റവും സുപ്രധാനമായ അടിസ്ഥാനവും അല്ലാഹുവിലുള്ള വിശ്വാസവും, അവന്റെ ഏകത്വം അംഗീകരിക്കലുമാണ്. അല്ലാഹുവിലുള്ള വിശ്വാസമില്ലാതെ ഈമാൻ നിലനിൽക്കുകയേ ഇല്ല. ആറ് ഈമാൻ കാര്യങ്ങൾ എണ്ണിപ്പറയുന്ന, ജിബ്രീലിന്റെ ഹദീഥ് എന്ന പേരിൽ പ്രസിദ്ധമായ, നബി -ﷺ- യുടെ സുദീർഘമായ ഹദീഥുകളിലൊന്നിൽ അവിടുന്ന് പറഞ്ഞു:
«الإِيمَانُ أَنْ تُؤْمِنَ بِاللهِ، وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ»
“ഈമാൻ എന്നാൽ നീ അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ റസൂലുകളിലും, അന്ത്യനാളിലും വിശ്വസിക്കലാണ്. അവന്റെ വിധിനിർണ്ണയത്തിലും, അതിന്റെ നന്മയിലും തിന്മയിലും വിശ്വസിക്കലാണ്.” (മുസ്ലിം: 1)
ഈ ഹദീഥിൽ നബി -ﷺ- ഈമാനിന്റെ ആദ്യത്തെ അടിസ്ഥാനമായി എണ്ണിയത് അല്ലാഹുവിലുള്ള വിശ്വാസമാണ്. അതിന് ശേഷം അവിടുന്ന് പറഞ്ഞ ഓരോ കാര്യവും അല്ലാഹുവിലുള്ള വിശ്വാസവുമായി നേരിട്ട് ബന്ധപ്പെട്ടു നിൽക്കുന്ന കാര്യങ്ങളുമാണ്. മലക്കുകളിലും നബിമാരിലും വേദഗ്രന്ഥങ്ങളിലും പരലോകത്തിലും വിധിനിർണ്ണയത്തിലുമുള്ള വിശ്വാസം അല്ലാഹുവിലുള്ള വിശ്വാസമില്ലാതെ നിലനിൽക്കുകയില്ല.
“ഈമാനിന്റെ അടിസ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് അല്ലാഹുവിലുള്ള വിശ്വാസമാണ്. അവയിൽ ഏറ്റവും ഗൗരവമുള്ളതും, ഏറ്റവും ഉന്നതമായ സ്ഥാനമുള്ളതും അതിന് തന്നെ. അല്ല! ഈമാൻ കാര്യങ്ങളെല്ലാം നിലകൊള്ളുന്നത് അതിന് മേലാണ്. അല്ലാഹുവിലുള്ള വിശ്വാസത്തിൽ നിന്നാണ് ബാക്കിയുള്ള വിശ്വാസകാര്യങ്ങളെല്ലാം ഉടലെടുക്കുന്നതും, അതിലേക്കാണ് അവയെല്ലാം മടങ്ങിച്ചെല്ലുന്നതും.” (ഉസ്വൂലുൽ ഈമാൻ: 9)
ഈമാനിന്റെ ഏറ്റവും ഉന്നതമായ ശാഖ അല്ലാഹുവിനെ ഏകനാക്കലാണ്. ദീൻ എന്നത് ഒരു വൃക്ഷമാണെങ്കിൽ അതിന്റെ ഏറ്റവും ഉയരമുള്ള ശാഖ തൗഹീദാണ്.
عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «الْإِيمَانُ بِضْعٌ وَسَبْعُونَ -أَوْ بِضْعٌ وَسِتُّونَ- شُعْبَةً، فَأَفْضَلُهَا قَوْلُ لَا إِلَهَ إِلَّا اللهُ، وَأَدْنَاهَا إِمَاطَةُ الْأَذَى عَنِ الطَّرِيقِ، وَالْحَيَاءُ شُعْبَةٌ مِنَ الْإِيمَانِ»
നബി -ﷺ- പറഞ്ഞു: “ഈമാൻ എഴുപതിൽ പരം -അല്ലെങ്കിൽ അറുപതിൽ പരം- ശാഖകളാണ്. അതിൽ ഏറ്റവും ശ്രേഷ്ഠമായുള്ളത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്കാണ്. അതിൽ ഏറ്റവും താഴെയുള്ളത് വഴിയിൽ നിന്ന് ഉപദ്രവം നീക്കംചെയ്യലാണ്. ലജ്ജ ഈമാനിന്റെ ശാഖകളിൽ ഒന്നാണ്.” (മുസ്ലിം: 58)
അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും, അവന് പുറമെയുള്ള ആരാധ്യവസ്തുക്കളെ അകറ്റിനിർത്തണമെന്നും പഠിപ്പിക്കുന്ന ശഹാദത് കലിമയിലെ ആദ്യഭാഗം ഈമാനിന്റെ ഏറ്റവും ഉന്നതമായ ശാഖയാണെന്നാണ് നബി -ﷺ- അറിയിച്ചത്. വഴിയിൽ നിന്ന് ഉപദ്രവം എടുത്തു നീക്കുക എന്നതാകട്ടെ, ഈമാനിന്റെ ഏറ്റവും ചെറിയ ശാഖയും. വഴിയിലെ ഉപദ്രവം നീക്കുന്നത് മനുഷ്യരുടെ ജീവൻ വരെ രക്ഷപ്പെടാൻ കാരണമായേക്കാവുന്ന ഒരു മഹത്തായ പ്രവൃത്തിയാണ് എന്നിരിക്കെ, അതിനേക്കാൾ എത്രയോ ഉയരത്തിൽ നിലകൊള്ളുന്ന തൗഹീദിന്റെ ശാഖയുടെ പ്രാധാന്യം എത്ര വലുതായിരിക്കും?!