തൗഹീദ് പഠിക്കേണ്ടതിന്റെ പ്രാധാന്യവും, തൗഹീദീ പഠനത്തിൽ ഉൾപ്പെടുന്ന പ്രധാനപ്പെട്ട വിഷയങ്ങളുമാണ് കഴിഞ്ഞ കുറിപ്പിൽ വിശദീകരിച്ചത്. പഠിച്ചറിയുന്ന തൗഹീദ് പ്രാവർത്തികമാക്കുക എന്നത് അടുത്ത ഘട്ടമാണ്. പഠിച്ചത് പ്രവർത്തിച്ചില്ലെങ്കിൽ അത് കൊണ്ട് യാതൊരു ഉപകാരവും പരലോകത്ത് ഉണ്ടാകുന്നതല്ല.

തൗഹീദ് പ്രാവർത്തികമാക്കുക എന്നതിനെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം.

ഒന്ന്: തൗഹീദിന്റെ അടിത്തറ പൂർത്തീകരിക്കുക.

അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവന് പുറമെയുള്ളവരെ ആരാധിക്കുന്നത് പൂർണ്ണമായും ഉപേക്ഷിക്കുക എന്നതാണ് തൗഹീദിന്റെ അടിത്തറ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇസ്‌ലാമിലേക്ക് പ്രവേശിക്കുന്ന ഏതൊരു വ്യക്തിയും ഒന്നാമതായി ഈ അടിത്തറ അംഗീകരിച്ചും പാലിച്ചും കൊണ്ടാണ് ഈ ദീനിനെ പുൽകുന്നത്.

وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ ۖ

“തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ഇബാദത് ചെയ്യുകയും, ത്വാഗൂതുകളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.)” (നഹ്ല്‍: 36)

രണ്ട് കാര്യങ്ങളുമായാണ് അല്ലാഹു നബിമാരെ നിയോഗിച്ചത് എന്ന് ഈ ആയത്ത് അറിയിക്കുന്നു. ഒന്ന്: അല്ലാഹുവിനെ മാത്രം ആരാധിക്കുക. രണ്ട്: അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ ഉപേക്ഷിക്കുക. ഈ രണ്ട് അടിസ്ഥാനങ്ങൾ തന്നെയാണ് തൗഹീദിന്റെ അടിത്തറ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ദീനിന്റെ പരപ്രധാനമായ അടിസ്ഥാനമാണിത്. ഇക്കാര്യത്തിൽ സംഭവിക്കുന്ന അബദ്ധം ദീനിൽ ഒരാളെ ബാധിക്കാവുന്ന ഏറ്റവും ഗുരുതരമായ പിഴവാണ്. അല്ലാഹുവിനെ ആരാധിക്കുന്നത് ആരെങ്കിലും ഉപേക്ഷിക്കുകയോ, അല്ലാഹുവല്ലാത്തവർക്ക് ആരാധന നൽകുന്നത് അനുവദനീയമാണെന്ന് വിശ്വസിക്കുകയോ, അവന് പുറമെയുള്ളവർക്ക് ആരാധനകളിൽ ഏതെങ്കിലും ചിലത് സമർപ്പിക്കുകയോ ചെയ്താൽ അതോടെ അയാൾ ഇസ്‌ലാമിൽ നിന്ന് പുറത്തു പോയിരിക്കുന്നു.

തൗഹീദിന്റെ ഈ അടിസ്ഥാനം പൂർത്തീകരിച്ചവർക്കുള്ള പ്രതിഫലം മഹത്തരമാണ്. അവർ ഒരിക്കലും നരകത്തിൽ ശാശ്വതരാകില്ല എന്നതാണത്. തൗഹീദിന്റെ ഈ അടിത്തറയെ നശിപ്പിക്കുന്ന ശിർകോ (ബഹുദൈവാരാധന) കുഫ്‌റോ (നിഷേധം) പോലുള്ളതിൽ താഴെയുള്ള തിന്മകൾ അവർ ചെയ്തിട്ടുണ്ടെങ്കിൽ ഒന്നല്ലെങ്കിൽ അല്ലാഹു അവർക്ക് പൊറുത്തു നൽകിയേക്കാം -റഹ്മാനായ റബ്ബ് അവന്റെ കാരുണ്യം നമുക്ക് മേൽ വർഷിക്കട്ടെ-. അല്ലെങ്കിൽ അവരെ നിശ്ചിത കാലാവധി വരെ നരകത്തിൽ ശിക്ഷിച്ചതിന് ശേഷം പിന്നീട് അവന്റെ കാരുണ്യത്താൽ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്. -അല്ലാഹു നാമേവരെയും നരകത്തിൽ നിന്ന് കാത്തുരക്ഷിക്കട്ടെ-.

عَنْ أَنَسٍ، عَنِ النَّبِيِّ -ﷺ- قَالَ: «يَخْرُجُ مِنَ النَّارِ مَنْ قَالَ لاَ إِلَهَ إِلَّا اللَّهُ، وَفِي قَلْبِهِ وَزْنُ شَعِيرَةٍ مِنْ خَيْرٍ، وَيَخْرُجُ مِنَ النَّارِ مَنْ قَالَ لاَ إِلَهَ إِلَّا اللَّهُ، وَفِي قَلْبِهِ وَزْنُ بُرَّةٍ مِنْ خَيْرٍ، وَيَخْرُجُ مِنَ النَّارِ مَنْ قَالَ لاَ إِلَهَ إِلَّا اللَّهُ، وَفِي قَلْبِهِ وَزْنُ ذَرَّةٍ مِنْ خَيْرٍ»

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞവർ നരകത്തിൽ നിന്ന് പുറത്തു വരുന്നതാണ്; അവന്റെ ഹൃദയത്തിൽ ഒരു ഗോതമ്പ് മണിയോളം നന്മയെങ്കിലും ഉണ്ടെങ്കിൽ. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞവർ നരകത്തിൽ നിന്ന് പുറത്തു വരുന്നതാണ്; അവന്റെ ഹൃദയത്തിൽ ഒരു ചോളമണിയോളം നന്മയുണ്ടെങ്കിൽ. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞവർ നരകത്തിൽ നിന്ന് പുറത്തു വരുന്നതാണ്; അവന്റെ ഹൃദയത്തിൽ ഒരു ചെറിയ ഉറുമ്പിനോളം നന്മയുണ്ടെങ്കിൽ.” (ബുഖാരി: 44, മുസ്‌ലിം: 193)

തൗഹീദിന്റെ അടിത്തറയെ കുറിച്ചാണ് ഈ ഹദീഥിൽ പരാമർശിച്ചിരിക്കുന്നത് എന്നതിൽ സംശയമില്ല. ശിർക് ചെയ്തവർ നരകത്തിൽ ശാശ്വതരാണെന്ന് ഖുർആനിൽ വ്യക്തമായി വന്നിട്ടുണ്ട്. എന്നാൽ ശിർകിൽ താഴെയുള്ള തിന്മ ചെയ്തവർ -തൗഹീദിന്റെ അടിസ്ഥാനം അവർ പൂർത്തീകരിച്ചിട്ടുണ്ടെങ്കിൽ- അവർ നരകത്തിൽ പ്രവേശിച്ചാലും -എന്നെങ്കിലുമൊരിക്കൽ- സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് എന്ന് ഈ ഹദീഥ് ബോധ്യപ്പെടുത്തുന്നു.

തൗഹീദിന്റെ ഈ അടിത്തറ ശരിയായാൽ അതോടെ അവസാനിക്കുന്നില്ല തൗഹീദുമായുള്ള ബന്ധം. മറിച്ച് ഈ ഘട്ടം പൂർത്തീകരിച്ച ശേഷം തൗഹീദിനെ വളർത്തുകയും പരിപോശിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഒരു വടവൃക്ഷം അതിന്റെ വേരിൽ നിന്ന് വളർന്നുയർന്നതു പോലെ, തൗഹീദ് അതിന്റെ ശാഖകളും ഫലങ്ങളുമായി ഉയർന്നു നിൽക്കണം. അതാണ് തൗഹീദിന്റെ പ്രാവർത്തികരൂപം മൂന്ന് ഘട്ടങ്ങളാണെന്ന് തുടക്കത്തിൽ നാം പറഞ്ഞു വെച്ചത്.

രണ്ട്: നിർബന്ധമായ തൗഹീദ് പൂർത്തീകരിക്കുക.

അല്ലാഹു നിർബന്ധമാക്കിയ കൽപ്പനകൾ പ്രവർത്തിക്കുകയും, അവൻ നിഷിദ്ധമാക്കിയ (ഹറാമായ) കാര്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ് നിർബന്ധമായ തൗഹീദ് (التَّوْحِيدُ الوَاجِبُ) എന്നതിന്റെ ഉദ്ദേശം.

അഞ്ചു നേരത്തെ നിസ്കാരവും സകാത്തും റമദാനിലെ നോമ്പുമെല്ലാം നിർബന്ധമായ കൽപ്പനകളിൽ പെട്ടതാണ്; അവയെല്ലാം അല്ലാഹു കൽപ്പിച്ചതു പോലെ പ്രാവർത്തികമാക്കുക. നിഷിദ്ധമാക്കിയ (ഹറാമായ) കാര്യങ്ങളിൽ പെട്ടതാണ് വ്യഭിചാരവും കൊലപാതകവും മോഷണവും പരദൂഷണവും പോലുള്ള തിന്മകൾ. അവ പൂർണ്ണമായും ഉപേക്ഷിക്കുക. ഇതോടെ നിർബന്ധമായ തൗഹീദ് പൂർത്തിയായിരിക്കുന്നു.

തൗഹീദിന്റെ ഈ ഘട്ടം നിറവേറ്റിയവർക്കുള്ള പ്രതിഫലം അതിമഹത്തരമായ സ്വർഗമാണ്. അയാൾ ഒരിക്കലും നരകത്തിൽ പ്രവേശിക്കപ്പെടുകയില്ല. നരകത്തിൽ കടക്കേണ്ടി വരില്ല എന്ന നിർഭയത്വം അന്ത്യനാളിൽ അല്ലാഹു അയാൾക്ക് നൽകുന്നതാണ്.

عَنْ طَلْحَةَ بْنَ عُبَيْدِ اللَّهِ قَالَ: جَاءَ رَجُلٌ إِلَى رَسُولِ اللَّهِ -ﷺ- مِنْ أَهْلِ نَجْدٍ ثَائِرَ الرَّأْسِ، يُسْمَعُ دَوِيُّ صَوْتِهِ وَلاَ يُفْقَهُ مَا يَقُولُ، حَتَّى دَنَا، فَإِذَا هُوَ يَسْأَلُ عَنِ الإِسْلاَمِ، فَقَالَ رَسُولُ اللَّهِ -ﷺ-: «خَمْسُ صَلَوَاتٍ فِي اليَوْمِ وَاللَّيْلَةِ» فَقَالَ: هَلْ عَلَيَّ غَيْرُهَا؟ قَالَ: «لاَ، إِلَّا أَنْ تَطَوَّعَ» قَالَ رَسُولُ اللَّهِ -ﷺ-: «وَصِيَامُ رَمَضَانَ» قَالَ: هَلْ عَلَيَّ غَيْرُهُ؟ قَالَ: «لاَ، إِلَّا أَنْ تَطَوَّعَ» قَالَ: وَذَكَرَ لَهُ رَسُولُ اللَّهِ -ﷺ- الزَّكَاةَ، قَالَ: هَلْ عَلَيَّ غَيْرُهَا؟ قَالَ: «لاَ، إِلَّا أَنْ تَطَوَّعَ» قَالَ: فَأَدْبَرَ الرَّجُلُ وَهُوَ يَقُولُ: وَاللَّهِ لاَ أَزِيدُ عَلَى هَذَا وَلاَ أَنْقُصُ، قَالَ رَسُولُ اللَّهِ -ﷺ-: «أَفْلَحَ إِنْ صَدَقَ»

ഒരിക്കൽ നബി -ﷺ- യുടെ അരികിൽ ഒരു മനുഷ്യൻ വന്നു. ഇസ്‌ലാമിനെ കുറിച്ച് അയാൾ ചോദിച്ചറിഞ്ഞു. നിർബന്ധ നിസ്കാരവും സകാത്തും നോമ്പുമെല്ലാം നബി -ﷺ- അയാൾക്ക് പറഞ്ഞു കൊടുത്തു. ഉദ്ദേശിക്കുന്നെങ്കിൽ സുന്നത്തായ കർമ്മങ്ങൾ പ്രവർത്തിക്കാം എന്നോർമ്മപ്പെടുത്തി. തിരിച്ചു പോകുമ്പോൾ അയാൾ പറഞ്ഞു കൊണ്ടിരുന്നു: “ഈ പറഞ്ഞതിൽ ഞാൻ അധികരിപ്പിക്കുകയോ കുറക്കുകയോ ഇല്ല.” അയാളെ നോക്കിക്കൊണ്ട് നബി -ﷺ- പറഞ്ഞു: “അവൻ സത്യമാണ് പറഞ്ഞതെങ്കിൽ വിജയിച്ചിരിക്കുന്നു.” (ബുഖാരി: 46, മുസ്‌ലിം: 11 [ആശയവിവർത്തനം])

നിര്‍ബന്ധ കര്‍മ്മങ്ങള്‍ പ്രവർത്തിക്കുകയും, നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്താൽ ഒരാൾ വിജയിച്ചിരിക്കുന്നു എന്ന് നബി -ﷺ- പറഞ്ഞതിൽ നിന്ന് അയാൾക്ക് സ്വർഗം ലഭിക്കും എന്ന് മനസ്സിലാക്കാവുന്നതാണ്. അതോടൊപ്പം നരകത്തിൽ അയാൾ തീർത്തും പ്രവേശിക്കുന്നതല്ലെന്നും മനസ്സിലാക്കാം; കാരണം നരകത്തിൽ പ്രവേശിക്കപ്പെട്ടാൽ അത് പൂർണ്ണവിജയമാണെന്ന് പറയുക സാധ്യമല്ലല്ലോ?

ഖുർആനിൽ പലയിടത്തും സ്വർഗപ്രവേശനത്തെ കുറിച്ച് വിജയം എന്ന് വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നു:

فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ

“ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌.” (ആലു ഇംറാൻ: 185)

നിർബന്ധമായ തൗഹീദ് പൂർത്തീകരിച്ചാലും തൗഹീദ് അവസാനിക്കുന്നില്ല. മൂന്നാമത്തെയും അവസാനത്തെയും ഘട്ടം തൗഹീദിന്റെ സമ്പൂർണ്ണമായ പൂർത്തീകരണമാണ്.

മൂന്ന്: സുന്നത്തായ തൗഹീദ് പൂർത്തീകരിക്കുക.

മേലെ വിശദീകരിച്ച നിർബന്ധമായ തൗഹീദ് പൂർത്തീകരിച്ചതിനൊപ്പം സുന്നത്തായ കർമ്മങ്ങൾ ഒരാൾ പ്രാവർത്തികമാക്കുകയും, അതിൽ ശക്തമായി പരിശ്രമിക്കുകയും, ഇസ്‌ലാം നിരുത്സാഹപ്പെടുത്തിയ (മക്രൂഹായ) കാര്യങ്ങൾ ഉപേക്ഷിക്കുകയും, അല്ലാഹുവിനോടുള്ള അയാളുടെ ഭരമേൽപ്പിക്കൽ അങ്ങേയറ്റം പൂർണ്ണമാവുകയും ചെയ്താൽ അത് സുന്നത്തായ (ഐഛികമായ) തൗഹീദിന്റെ (التَّوْحِيدُ المُسْتَحَبُّ) പൂർത്തീകരണമാണ്.

ഈ പറഞ്ഞത് പൂർത്തീകരിക്കാൻ ശക്തമായ പരിശ്രമം ആവശ്യമാണ്. തൗഹീദിന്റെ ഈ ഘട്ടത്തിലേക്ക് ഒരാൾ എത്തുന്നതോടെ അവൻ അല്ലാഹുവിന്റെ പരിപൂർണ്ണ അടിമയായി മാറുന്നത് കാണാം. അയാളുടെ ഹൃദയം അല്ലാഹുവിൽ മാത്രം ഭരമേൽപ്പിക്കുകയും, അവന്റെ കൽപ്പനകൾ ഒന്നു പോലും വിട്ടൊഴിയാതെ നിറവേറ്റാൻ അയാൾ ശ്രമിക്കുകയും ചെയ്യുന്നത് കാണാം.

സുന്നത്തായ തൗഹീദ് പൂർത്തീകരിച്ചവർക്കുള്ള പ്രതിഫലമാകട്ടെ, സമാനതകളില്ലാത്തതാണ്.

عَنْ ابْنِ عَبَّاسٍ: أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «يَدْخُلُ الجَنَّةَ مِنْ أُمَّتِي سَبْعُونَ أَلْفًا بِغَيْرِ حِسَابٍ، هُمُ الَّذِينَ لاَ يَسْتَرْقُونَ، وَلاَ يَتَطَيَّرُونَ، وَعَلَى رَبِّهِمْ يَتَوَكَّلُونَ»

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: ‘എന്റെ ഉമ്മത്തിൽ നിന്ന് എഴുപതിനായിരം പേർ വിചാരണയോ ശിക്ഷയോ കൂടാതെ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. (തനിക്ക് വേണ്ടി) മന്ത്രിച്ചു തരാൻ (മറ്റുള്ളവരോട്) ആവശ്യപ്പെടുകയോ, ശകുനം നോക്കുകയോ ചെയ്യാത്ത, തങ്ങളുടെ റബ്ബായ അല്ലാഹുവിൽ ഭരമേൽപ്പിച്ചവരാണ് അവർ.” (ബുഖാരി: 6472)

അന്ത്യനാളിൽ സ്വർഗത്തിൽ ഉന്നതമായ പദവി ലഭിക്കുക എന്നതിനെല്ലാം പുറമെ, മനുഷ്യരെല്ലാം അല്ലാഹുവിന്റെ വിചാരണയെ ഭയക്കുന്ന വേളയിൽ യാതൊരു വിചാരണയോ എന്തെങ്കിലുമൊരു ശിക്ഷയോ ഭയപ്പെടേണ്ടതില്ലാതെ പരിപൂർണ്ണ നിർഭയത്വത്തോടെ അവർ സ്വർഗത്തിലേക്ക് ആനയിക്കപ്പെടുന്നതാണ്. മഹത്തരമായ ആ പ്രതിഫലം ലഭിക്കുന്ന ഭാഗ്യവാന്മാരിൽ അല്ലാഹു നാമേവരെയും ഉൾപ്പെടുത്തട്ടെ. (ആമീൻ)

തൗഹീദിന്റെ പ്രധാനപ്പെട്ട മൂന്ന് ഘട്ടങ്ങളെ കുറിച്ചാണ് നാം ചുരുങ്ങിയ രൂപത്തിൽ ഇവിടെ വിവരിച്ചത്. തൗഹീദിന്റെ വിശാലതയും, ദീൻ മുഴുവൻ തൗഹീദിൽ ഉൾപ്പെടുന്നുവെന്നും ബോധ്യമാകുന്നതിനാണ് ഇത്രയും എഴുതിയത്. മേലെ നാം വായിച്ച തൗഹീദിന്റെ ഓരോ ഘട്ടവും വിശദമായ വിശദീകരണം ആവശ്യമുള്ള കാര്യങ്ങളാണ്. അവയെ കുറിച്ച് അടുത്ത കുറിപ്പുകളിൽ വായിക്കാം. ഇൻശാ അല്ലാഹ്.

[/mks_toggle]
നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: