അല്ലാഹുവിനെ ഏകനാക്കേണ്ട മൂന്ന് അടിസ്ഥാനവിഷയങ്ങളെ കുറിച്ചാണ് കഴിഞ്ഞ കുറിപ്പിൽ വിശദീകരിച്ചത്. ‘അല്ലാഹു മാത്രമാണ് എന്റെ റബ്ബ്’ (റുബൂബിയ്യഃ), ‘അല്ലാഹു മാത്രമാണ് എന്റെ ഇലാഹ്’ (ഉലൂഹിയ്യഃ), ‘അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങളിൽ അവൻ ഏകനാണ്’ (അസ്മാഉ വ സ്വിഫാത്) എന്നീ മൂന്ന് അടിസ്ഥാനപരമായ വിശ്വാസങ്ങളാണ് അവ.
ഈ മൂന്ന് അടിസ്ഥാനങ്ങളെ തൗഹീദിന്റെ മൂന്ന് ഇനങ്ങളായി പണ്ഡിതന്മാർ എണ്ണിയിട്ടുണ്ട്. റുബൂബിയ്യതിലെ തൗഹീദ് (تَوْحِيدُ الرُّبُوبِيَّةِ), ഉലൂഹിയ്യഃതിലെ തൗഹീദ് (تَوْحِيدُ الأُلُوهِيَّةِ), അസ്മാഉ വ സ്വിഫാതിലെ തൗഹീദ് (تَوْحِيدُ الأَسْمَاءِ وَالصِّفَاتِ) എന്നിപ്രകാരമാണ് തൗഹീദിന്റെ മൂന്നിനങ്ങൾ എണ്ണാറുള്ളത്.
ഇപ്രകാരം തൗഹീദ് മൂന്ന് ഇനങ്ങളായി വിഭജിച്ചു പറയുന്നത് വളരെ വിശാലമായ ഈ വിഷയത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ എളുപ്പത്തിൽ പഠിക്കാൻ കഴിയുന്നതിനും, മനസ്സിൽ ഉറക്കുന്നതിനും വേണ്ടി മാത്രമാണ്. വിശുദ്ധ ഖുർആനും തിരുസുന്നത്തും മുഴുവൻ പരതിയാലും ഈ മൂന്ന് ഇനങ്ങളിലേക്ക് ചേർക്കാൻ സാധ്യമല്ലാത്ത, തൗഹീദുമായി ബന്ധപ്പെട്ട ഒരു വിഷയവും കണ്ടെത്താൻ കഴിയില്ല. കാരണം മുൻഗാമികളും പിൽക്കാലക്കാരുമായ പണ്ഡിതന്മാർ ഖുർആനിൽ നിന്നും, സുന്നത്തിൽ നിന്നും സ്വാംശീകരിച്ചെടുത്തവയാണ് ഈ മൂന്ന് അടിസ്ഥാനങ്ങളും.
‘നബി -ﷺ- തൗഹീദിന് മൂന്ന് ഇനങ്ങളുണ്ട് എന്ന് എണ്ണിപ്പറഞ്ഞിട്ടുണ്ടോ? അവിടുന്ന് ചെയ്യാത്ത ഒരു കാര്യം ദീനിൽ പുതുതായി നിർമ്മിക്കാൻ പാടുണ്ടോ?’ എന്ന് ചിലർ ചോദിച്ചേക്കാം.
ഉത്തരമായി പറയട്ടെ: ഈ മൂന്ന് ഇനങ്ങൾ എണ്ണിപ്പറയുക എന്നത് നിർബന്ധമാണെന്നോ, അതല്ലെങ്കിൽ ഈ എണ്ണം പറയുന്നത് പ്രത്യേകം പുണ്യാർഹമായ ആരാധനയിൽ പെട്ടതാണെന്നോ ആരും പറയുന്നില്ല. ഇസ്‌ലാമിലെ ഏറെ പ്രധാനപ്പെട്ട ഒരു വിജ്ഞാനം എളുപ്പത്തിൽ മനസ്സിലാകുന്നതിന് വേണ്ടി മാത്രമാണ് ഇപ്രകാരം വേർതിരിച്ചു പഠിപ്പിക്കുന്നത്. അതല്ലാതെ, ഈ എണ്ണത്തിനോ ഈ പേരുകൾക്കോ എന്തെങ്കിലും പ്രത്യേകതയോ മഹത്വമോ പുണ്യമോ കരുതപ്പെടുന്നില്ല.
ഉദാഹരണം പറയുമ്പോൾ കാര്യം കൂടുതൽ വ്യക്തമാകും. നിസ്കാരത്തിന്റെ ശർത്വും (നിബന്ധനകൾ) ഫർദ്വും (നിർബന്ധകർമ്മങ്ങൾ) റുക്‌നുമെല്ലാം (സ്തംഭങ്ങൾ) ചെറുപ്പം മുതൽ നാം പഠിക്കുന്നു. ഇവയൊന്നും നബി -ﷺ- എണ്ണിപ്പറഞ്ഞതല്ല. മറിച്ച്, ഖുർആനിലെ ആയത്തുകളിൽ നിന്നും നബി -ﷺ- യുടെ ഹദീഥുകളിൽ നിന്നും പണ്ഡിതന്മാർ അവ കണ്ടെത്തുകയും, ജനങ്ങൾക്ക് എളുപ്പത്തിൽ പഠിച്ചെടുക്കാൻ കഴിയുന്നതിന് വേണ്ടി പ്രത്യേകം എണ്ണിപ്പറയുകയും ചെയ്തുവെന്ന് മാത്രം. വുദുവിന്റെയും സകാതിന്റെയും നോമ്പിന്റെയും ഹജ്ജിന്റെയും മറ്റു പല ഇബാദതുകളുടെയും ശർത്വും ഫർദ്വുമെല്ലാം ഇതു പോലെ തന്നെ. ഇത് തന്നെയാണ് തൗഹീദിനെ വ്യത്യസ്ത ഇനങ്ങളാക്കി വിശദീകരിക്കുന്നതിന്റെ പിന്നിലും.
ചുരുക്കത്തിൽ, തൗഹീദ് പഠിക്കാനുള്ള എളുപ്പത്തിന് വേണ്ടി മാത്രമാണ് ഈ വിഭജനവും വേർതിരിവും. ഒരാൾക്ക് അവ എണ്ണിപ്പറയാൻ കഴിയില്ലെങ്കിലും, അയാൾ അല്ലാഹുവിനെ ഏകനാക്കേണ്ട വിഷയങ്ങളിലെല്ലാം അവനെ ഏകനാക്കിയിട്ടുണ്ടെങ്കിൽ ഈ മൂന്ന് ഇനങ്ങൾ പ്രത്യേകമായി എണ്ണിപ്പറയാൻ കഴിയുന്നില്ല എന്നത് അയാളുടെ സ്വർഗപ്രവേശനത്തെ ബാധിക്കുന്നേയില്ല. ഒരാൾ ഇവ എണ്ണിപ്പറയുകയും, അതിന്റെ തെളിവുകൾ മുഴുവൻ മനപാഠമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ജീവിതത്തിൽ തൗഹീദ് പാലിച്ചില്ലെങ്കിൽ അയാളുടെ അറിവ് പരലോകത്ത് യാതൊരു ഉപകാരവും ചെയ്യുന്നതുമല്ല.
എന്നാൽ സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ; തൗഹീദിനെ വിഭജിച്ചത് പഠനത്തിന്റെ എളുപ്പത്തിന് വേണ്ടിയാണെങ്കിലും ഓരോരുത്തരും അവരവർക്ക് തോന്നിയ രൂപത്തിൽ വിഭജനങ്ങൾ സൃഷ്ടിക്കുകയോ, തൗഹീദിന്റെ ഇനങ്ങൾ എണ്ണിപ്പറയുകയോ ചെയ്യരുത്. നിസ്കാരത്തിന്റെ നിബന്ധനകൾ എണ്ണിപ്പറയുന്നതിനുള്ള അടിസ്ഥാനം ഖുർആനും ഹദീഥുമാണ് എന്നത് പോലെ, തൗഹീദിന്റെ ഇനങ്ങൾ എണ്ണിപ്പറയുന്നതിന്റെ അടിസ്ഥാനവും ഖുർആനും സുന്നത്തുമാണ്.
തൗഹീദിന്റെ ഓരോ ഇനങ്ങളിലേക്കും സൂചന നൽകുന്ന ആയത്തുകൾ കഴിഞ്ഞ കുറിപ്പിൽ നാം നൽകിയിരുന്നു. അല്ലാഹുവിനെ ഏകനാക്കേണ്ട ഈ മൂന്ന് അടിസ്ഥാനങ്ങളിലേക്കും ഒരേ സ്ഥലത്ത് സൂചന നൽകുന്ന തെളിവുകൾ ഈ ലേഖനത്തിൽ വായിക്കാം.
1- അല്ലാഹു പറയുന്നു:
رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ ۚ هَلْ تَعْلَمُ لَهُ سَمِيًّا ﴿٦٥﴾
“ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും റബ്ബാകുന്നു അവന്‍ (അല്ലാഹു). അതിനാല്‍ അവനെ മാത്രം താങ്കള്‍ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ?” (മർയം: 65)
ഈ ആയതിൽ തൗഹീദിന്റെ മൂന്ന് ഇനങ്ങളിലേക്കുമുള്ള സൂചന കാണാം.
ആയത്തിന്റെ ആദ്യഭാഗം -“ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും റബ്ബാകുന്നു അവന്‍” എന്ന ഭാഗം- അല്ലാഹു മാത്രമാണ് റബ്ബ് എന്നറിയിക്കുന്ന റുബൂബിയ്യതിലെ തൗഹീദിലേക്ക് വ്യക്തമായ സൂചന നൽകുന്നു. കാരണം ആകാശഭൂമികളും അവക്കിടയിലുള്ളതും എന്ന് പറഞ്ഞതിൽ സർവ്വപ്രപഞ്ചവും ഉൾപ്പെട്ടു കഴിഞ്ഞു. അവയുടെയെല്ലാം റബ്ബ് അല്ലാഹു മാത്രമാണെന്ന് അംഗീകരിച്ചാൽ അവയെ മുഴുവൻ സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മറ്റൊരാളുമില്ലെന്ന വിശ്വാസമായി. അത് തന്നെയാണ് റുബൂബിയ്യതിലെ തൗഹീദിന്റെ ഉദ്ദേശം.
രണ്ടാം ഭാഗം -“അവനെ മാത്രം താങ്കള്‍ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക” എന്ന ഭാഗം- അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നറിയിക്കുന്ന ഉലൂഹിയ്യതിലെ തൗഹീദിലേക്ക് സൂചന നൽകുന്നു. ഇബാദതുകൾ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന് മാത്രം നൽകുകയും, അവന് പുറമെയുള്ളവരെ ആരാധിക്കാൻ എന്തെല്ലാം ബാഹ്യപ്രേരണകളുണ്ടായാലും ക്ഷമയോടെ തൗഹീദിൽ ഉറച്ചു നിൽക്കുകയും ചെയ്യണമെന്നാണല്ലോ ഈ ആയത് അറിയിക്കുന്നത്. അത് തന്നെയാണ് ഉലൂഹിയ്യതിലെ തൗഹീദ്.
ആയത്തിന്റെ അവസാനഭാഗം -അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ? എന്ന ചോദ്യം- അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലുമുള്ള തൗഹീദിലേക്ക് സൂചന നൽകുന്നു. അല്ലാഹുവിനെ പോലെ മഹത്തരമായ നാമമോ, അവനുള്ളത് പോലെ പൂർണ്ണതയുടെയും ആദരവിന്റെയും വിശേഷണങ്ങൾ ഉള്ളവരോ ആയി ഒരാളുമില്ല എന്നാണ് ആ ചോദ്യത്തിനുള്ള ഉത്തരം. അക്കാര്യം ഒരാൾ അംഗീകരിച്ചാൽ അല്ലാഹുവിന്റെ നാമങ്ങളിലും ഗുണവിശേഷണങ്ങളിലും അവൻ അല്ലാഹുവിനെ ഏകനാക്കിയിരിക്കുന്നു. (പരിശോധിക്കുക: അൽ -മവാഹിബുറബ്ബാനിയ്യഃ / സഅ്ദി: 44, 45)
2- അല്ലാഹു പറയുന്നു:
الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾
“ലോകങ്ങളുടെ റബ്ബായ അല്ലാഹുവിന് സർവ്വ സ്തുതികളും.” (ഫാതിഹ: 1)
ഖുർആനിലെ ഏറ്റവും മഹത്തരമായ സൂറതും, ഖുർആനിന്റെ പ്രാരംഭവുമായ സൂറതുൽ ഫാതിഹ ആരംഭിക്കുന്നത് തൗഹീദിന്റെ മൂന്ന് ഇനങ്ങളിലേക്കും സൂചന നൽകിക്കൊണ്ടാണ്.
ഒന്നാമത്തെ വാക്ക് ‘അൽ ഹംദ്’ എന്നതാണ്.
സർവ്വസ്തുതികളും എന്നാണല്ലോ ഹംദിന്റെ അർത്ഥം. അല്ലാഹുവിനെ അവന്റെ മഹത്തരമായ നാമങ്ങളും വിശേഷണങ്ങളും കൊണ്ട് സ്തുതിക്കുന്നതിനാണ് ഹംദ് എന്ന് പറയുക. സർവ്വസ്തുതികളും അല്ലാഹുവിന് മാത്രം എന്ന് പറയുന്നതിൽ അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങളിലെ തൗഹീദിലേക്കുള്ള സൂചനയുണ്ട്. കാരണം സ്തുതിക്കപ്പെടാൻ അർഹമായ നാമഗുണവിശേഷണങ്ങൾ അവന് മാത്രമേയുള്ളൂ എന്ന് ഈ പദം അറിയിക്കുന്നു.
രണ്ടാമത്തെ വാക്ക്: ‘അല്ലാഹ്’ എന്നതാണ്.
അല്ലാഹു എന്ന നാമത്തിന്റെ അർത്ഥോദ്ദേശം സർവ്വ സൃഷ്ടികളുടെയും ഉടമസ്ഥനായ, ആരാധിക്കപ്പെടാൻ അർഹതയുള്ളവൻ എന്നാണ്. ആരാധിക്കപ്പെടാൻ അർഹതയുള്ളവൻ അല്ലാഹു മാത്രമാണ് എന്ന ഉലൂഹിയ്യതിലെ തൗഹീദിലേക്ക് അത് സൂചന നൽകുന്നു.
മൂന്നാമത്തെ വാക്ക്: ‘റബ്ബുൽ ആലമീൻ’ എന്നതാണ്.
റബ്ബ് എന്ന പദം റുബൂബിയ്യതുമായി നേരിട്ടു ബന്ധമുള്ള പദമാണെന്ന് കഴിഞ്ഞ കുറിപ്പിൽ നാം വിശദീകരിച്ചിട്ടുണ്ട്. സർവ്വ ലോകങ്ങളുടെയും റബ്ബ് (സ്രഷ്ടാവും ഉടമസ്ഥനും നിയന്താവും) അല്ലാഹു മാത്രമാണെന്ന റുബൂബിയ്യതിലെ തൗഹീദിലേക്ക് വ്യക്തമായ സൂചനയാണ് ഈ പദം.
ചുരുക്കത്തിൽ തൗഹീദിന്റെ മൂന്ന് ഇനങ്ങളിലേക്കും സൂറ. ഫാതിഹഃയിലെ ആദ്യത്തെ ആയത്ത് സൂചന നൽകുന്നുണ്ട്. എന്നാൽ ഈ ആയത്തിൽ തൗഹീദിന്റെ മൂന്ന് ഇനങ്ങളും ഉൾക്കൊണ്ടിരിക്കുന്നത് സൂചനകളിലൂടെയാണ് എങ്കിൽ സൂറ. ഫാതിഹ തൗഹീദിന്റെ മൂന്ന് ഇനങ്ങളും വ്യക്തമായ രൂപത്തിൽ തന്നെ അറിയിക്കുന്നുണ്ട്. അത് വഴിയെ വിശദീകരിക്കാം. ഇൻശാ അല്ലാഹ്.
3- അല്ലാഹു പറയുന്നു:
اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ
“അല്ലാഹു – അവനല്ലാതെ ആരാധനക്ക് അർഹനായി ഒരാളുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവൻ്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം.” (ബഖറ: 255)
ഖുർആനിലെ ഏറ്റവും മഹത്തരമായ വചനമാണ് ആയതുൽ കുർസിയ്യ്. തൗഹീദിന്റെ മൂന്ന് ഇനങ്ങളിലേക്കും ഈ ആയത്ത് സൂചന നൽകുന്നുണ്ട്.
ആയത്തിന്റെ ആരംഭത്തിൽ അല്ലാഹു പറയുന്നു: “അല്ലാഹു – അവനല്ലാതെ ആരാധനക്ക് അർഹനായി ഒരാളുമില്ല.” അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നറിയിക്കുന്ന ഉലൂഹിയ്യതിലെ തൗഹീദിലേക്കാണ് ഈ ആയത്ത് സൂചന നൽകുന്നത്.
ശേഷം അല്ലാഹു പറയുന്നു: “എന്നെന്നും ജീവിച്ചിരിക്കുന്നവൻ (അൽ-ഹയ്യ്). എല്ലാം നിയന്ത്രിക്കുന്നവൻ (അൽ-ഖയ്യൂം). മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല.” അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും ഈ വചനം ഉൾക്കൊള്ളുന്നു. അവ അസ്മാഉ വ സ്വിഫാതിലെ തൗഹീദിലേക്ക് സൂചന നൽകുന്നു.
ശേഷം അല്ലാഹു പറയുന്നു: “അവൻ്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം.” സർവ്വ പ്രപഞ്ചവും അല്ലാഹുവിന്റെ ഉടമസ്ഥതക്ക് കീഴിലാണെന്നത് റുബൂബിയ്യതിലെ തൗഹീദിലേക്ക് സൂചന നൽകുന്നു.
തൗഹീദിന്റെ ഇനങ്ങൾ ഉൾക്കൊണ്ടിരിക്കുന്ന മൂന്ന് ആയത്തുകളാണ് മേലെ നൽകിയത്. ഇതിന് പുറമെ അല്ലാഹുവിന്റെ ഏകത്വം ബോധ്യപ്പെടുത്തുന്ന സൂറതുകളുമുണ്ട് ഖുർആനിൽ.